2021 ആഗസ്റ്റിൽ ‘മാധ്യമം കുടുംബ’ത്തിനു വേണ്ടി സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനയുമായി സംസാരിച്ച് കെ.പി.എം. റിയാസ് തയാറാക്കിയ കുറിപ്പ്
10 മാസം മുമ്പ് ഒരു ഒക്ടോബർ അഞ്ചിനാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലാവുന്നത്. അറസ്റ്റിലായി എന്ന് പിന്നീടാണ് അറിയുന്നത്. കാണാതായി എന്നു പറയുന്നതാണ് ശരി. ഒരു പകലും രാത്രിയും ആളുടെ ഒരു വിവരവും ഇല്ല. പിറ്റേന്നാണ് ഹാഥറസിലേക്കുള്ള യാത്രാമധ്യേ അദ്ദേഹത്തെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തെന്ന വാർത്ത പുറത്തുവരുന്നത്. രണ്ടു ദിവസത്തിനുള്ളിൽ കരിനിയമമായ യു.എ.പി.എ സിദ്ദീഖിന്റെ മേൽ ചുമത്തി. രാജ്യദ്രോഹപ്രവർത്തനങ്ങൾക്കുവേണ്ടിയാണ് വാർത്തകൊടുക്കാനെന്ന പേരിൽ പോയതെന്ന് പൊലീസ് കഥയുണ്ടാക്കി.
മക്കളെയും ഭർത്താവിനെയും പ്രായമായ ഭർതൃമാതാവിനെയും നോക്കി ഒതുങ്ങിക്കഴിഞ്ഞിരുന്ന സാധാരണ വീട്ടമ്മയായിരുന്നു ഞാൻ. പക്ഷേ, ഇപ്പോൾ സങ്കടങ്ങളും പ്രയാസങ്ങളും ദുരിതങ്ങളുമായി അനുഭവങ്ങൾക്കുമേലെ അനുഭവങ്ങളുമായി ദിവസങ്ങൾ തള്ളിനീക്കുന്നു. എത്ര തവണയാണ് ജാമ്യത്തിനുവേണ്ടി നീതിപീഠത്തോട് യാചിച്ചത്. അകത്തിടാൻ ഒരു തെളിവുമില്ല. കുറെ ആരോപണങ്ങൾ മാത്രം. ഒന്നുപോലും തെളിയിക്കാൻ പൊലീസിന് കഴിയുന്നില്ല. ആദ്യത്തെ ഒന്നരമാസത്തോളം ഇക്കയുടെ അവസ്ഥയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു ഞങ്ങൾക്ക്. ജീവിച്ചിരിക്കുന്നുണ്ടോയെന്നുപോലും. ഞാനും മക്കളും അദ്ദേഹത്തിന്റെ മറ്റു കുടുംബാംഗങ്ങളും തീതിന്ന നാളുകളായിരുന്നു. അനുഭവിച്ചുതീർത്തതൊന്നും പറഞ്ഞു ഫലിപ്പിക്കാൻ കഴിയില്ല.
45 ദിവസങ്ങൾക്കുശേഷമാണ് കടുത്ത വേനലിലൊരു മഴ കിട്ടിയപോലെ മഥുര ജയിലിൽനിന്ന് ഇക്കയുടെ ഫോൺ കാൾ വരുന്നത്. ആ ഒരു നിമിഷത്തിനുവേണ്ടിയായിരുന്നു ഞാൻ അത്രയും നാൾ ജീവിച്ചത് എന്നുവരെ തോന്നി. സ്വാതന്ത്ര്യമാണല്ലോ ചർച്ച. 2020 ഒക്ടോബറിൽനിന്ന് 2021 ആഗസ്റ്റിലെത്തുമ്പോൾ എന്താണ് സ്വാതന്ത്ര്യം എന്ന വാക്കിന്റെ അർഥമെന്നുപോലും മനസ്സിലാവുന്നില്ല.
അനീതി റിപ്പോർട്ട് ചെയ്യാൻ, സ്വന്തം ജോലിയാവശ്യാർഥം പോയ മനുഷ്യനെയാണ് 300 ദിവസത്തോളമായി മുഴുവൻ സ്വാതന്ത്ര്യവും ഇല്ലാതാക്കി ഇരുട്ടറയിൽ കെട്ടിയിട്ടിരിക്കുന്നത്. ചിരിക്കണ്ട, ചിന്തിക്കണ്ട, ജോലി ചെയ്യണ്ട, കുടുംബത്തെ കാണണ്ട. ആ ആളുടെ മാനസികാവസ്ഥ, കുടുംബം അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകൾ ആർക്കാണ് മനസ്സിലാവുക? 90 കഴിഞ്ഞ ഒരു മാതാവ് മകനെ ചോദിച്ച് ചോദിച്ച് ഹൃദയം നീറി നീറി ഖബറിലേക്ക് മടങ്ങി. എന്റെയും മക്കളുടെയും സ്വാതന്ത്ര്യമെവിടെ? മനസ്സറിഞ്ഞ് ചിരിച്ചിട്ടുപോലും മാസങ്ങളായി.
പ്ലസ് ടുവിനും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് ആൺമക്കൾ, മൂന്നാം ക്ലാസുകാരി മകൾ... എന്റെ കുഞ്ഞുങ്ങൾക്കും വേണ്ടേ സ്വാതന്ത്ര്യം. ഈ സമൂഹത്തിൽ പാറിനടക്കേണ്ട പ്രായമല്ലേ അവരുടേത്. കളിയില്ല, ചിരിയില്ല... മൂന്നുപേരുടെയും മുഖത്തെ തിളക്കം എങ്ങോ പോയി. ഇന്നല്ലെങ്കിൽ നാളെ തിരിച്ചുവരും എന്ന പ്രതീക്ഷ മാത്രമാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. എങ്കിലും പലരുടെയും അനുഭവങ്ങൾ കേൾക്കുമ്പോൾ പേടിയുണ്ട്.
തെറ്റു ചെയ്തിരുന്നെങ്കിൽ ഇത്ര വേദന ഉണ്ടാവുമായിരുന്നില്ല. കരഞ്ഞിരുന്നിട്ട് കാര്യമില്ലെന്നറിയാം. പിന്നാലെ ഓടാൻ ശ്രമിക്കുകയാണ് ഞാൻ. എത്ര ആഞ്ഞുപിടിച്ചിട്ടും ലക്ഷ്യസ്ഥാനത്ത് എത്തുന്നില്ല. പലപ്പോഴും നിരാശ തോന്നും. മക്കൾക്കും സിദ്ദീഖ് ഇക്കക്കും ധൈര്യം കൊടുക്കാനുള്ളത് ഞാൻ മാത്രമാണ്. ഞാൻ തളരാൻ പാടില്ല. സ്വാതന്ത്ര്യം വേണം, എനിക്കു മാത്രമല്ല ഒരു തെറ്റും ചെയ്യാതെ ജയിലഴികൾക്കകത്ത് കഴിയുന്ന മുഴുവൻ നിരപരാധികൾക്കും അവരുടെ കുടുംബത്തിനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.