ലാർസൻ ആൻഡ് ട്യൂബ്രോയിൽ നിന്ന് വിരമിച്ച ജോയന്റ് ജനറൽ മാനേജർ തൻവീർ ജാഫരി എന്നു പറഞ്ഞാൽ പലർക്കും അറിയണമെന്നില്ല. എന്നാൽ, ഗുജറാത്തിൽ വർഗീയ ശക്തികൾ അറുകൊല ചെയ്ത മുൻ പാർലമെന്റ് അംഗം ഇഹ്സാൻ ജാഫരിയുടെ മകൻ തൻവീറിനെ ലോകമറിയും. പിതാവിന്റെയും അയൽവാസികളുടെയും കൊലപാതകികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വയോധികയായ ഉമ്മയുടെ കൈപിടിച്ച് ഒന്നരപ്പതിറ്റാണ്ടായി ആ മനുഷ്യൻ നടന്നു കയറിയ കോടതിപ്പടവുകൾ എണ്ണിത്തിട്ടപ്പെടുത്താനാവില്ല. ഇക്കാലമത്രയും കാത്തിരുന്ന നീതിയുടെ പ്രകാശം ഇനിയുമകലെയാണെന്നറിയുമ്പോഴും അദ്ദേഹം പ്രതീക്ഷ കൈവിടുന്നുമില്ല. പരിശുദ്ധ ഹജ്ജ് നിർവഹിക്കാൻ മക്കയിലെത്തിയ തൻവീർ ജാഫരി 'മാധ്യമ'ത്തിന് അനുവദിച്ച അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ
നരേന്ദ്ര മോദിക്ക് എസ്.ഐ.ടി നൽകിയ ക്ലീൻചിറ്റ് ശരിവെച്ച് സകിയ ജാഫരിയുടെ കേസ് സുപ്രീംകോടതി തള്ളിയെന്നറിഞ്ഞപ്പോൾ എന്തു തോന്നി?
ഞങ്ങളനുഭവിച്ച, ഈ രാജ്യം നേരിട്ട വേദനകൾക്കും മുറിവുകൾക്കും നീതിപീഠം സാന്ത്വന ലേപനം പുരട്ടുമെന്ന ശുഭപ്രതീക്ഷയോടെ നാം കാത്തുവെച്ച വിശ്വാസത്തിന്റെ പളുങ്കുപാത്രമാണ് ഉടച്ചുകളഞ്ഞത്. വ്യക്തമായ രേഖകളും സത്യസന്ധരായ സാക്ഷികളും കൃത്യമായ വാദമുഖങ്ങളുമൊക്കെ ഉണ്ടായിരിക്കെ കുറ്റാരോപിതർക്കെതിരായ നടപടിക്ക് കോടതി ഗുജറാത്ത് പൊലീസിന് ഉത്തരവ് നൽകുമെന്നായിരുന്നു എന്റെ പ്രതീക്ഷ. എന്നാൽ, സംഭവിച്ചത് മറിച്ചാണ്. സത്യം തിരസ്കരിക്കപ്പെട്ടു. സത്യവാങ്മൂലം നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയായി ആക്ഷേപം. അവർ വ്യാജ ആരോപണങ്ങളും നുണകളുമായി ദുരുദ്ദേശ്യത്തോടെ വരുന്നുവെന്നും അവരെ ശിക്ഷിക്കണമെന്നുമായി തീരുമാനം. വിധി വന്നതിന്റെ പിറ്റേന്നാൾ തന്നെ ടീസ്റ്റ സെറ്റൽവാദിനെയും ആർ.ബി. ശ്രീകുമാറിനെയും അറസ്റ്റിലാക്കുകയും ചെയ്തിരിക്കുന്നു.
ഗുജറാത്ത് സർക്കാറിനെതിരെ വിഷയം കത്തിച്ചു നിർത്താൻ തൽപര കക്ഷികൾ സകിയ ജാഫരിയെക്കൊണ്ട് കേസ് കൊടുപ്പിക്കുകയായിരുന്നു എന്നാണ് കോടതി നടത്തിയ നിരീക്ഷണം- അതേക്കുറിച്ച് എന്തു പറയുന്നു?
450ലേറെ പേജ് വരുന്ന വിധിന്യായം ഞാൻ വായിച്ചിട്ടില്ല. പക്ഷേ, ഞങ്ങളെന്തിന് മറ്റുള്ളവരുടെ പ്രേരണക്ക് വഴങ്ങി കേസ് നൽകണം?. ഒരാളെയും ദ്രോഹിക്കാത്ത, സ്നേഹത്തെക്കുറിച്ച് പറയുകയും എഴുതുകയും ചെയ്ത് ജീവിച്ച പിതാവിനെ നിഷ്ഠുരമായി കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നത് ഞങ്ങളുടെ മാത്രമല്ല, മനസ്സാക്ഷി മരവിക്കാത്ത ഓരോ മനുഷ്യരുടെയും താൽപര്യമാണ്. നീതിക്കായി വാദിക്കുന്നതിൽ സന്നദ്ധ സംഘടനകൾ വഹിച്ച പങ്ക് നിസ്തുലമാണ്, നിസ്തർക്കമാണ്. വംശഹത്യയിൽ ഗുൽബർഗ് സൊസൈറ്റി, നരോദ, നരോദ പാട്യ, സർദാർപുര, ലൂനാവാഡ, പഞ്ച്മഹൽ എന്നിവിടങ്ങളിലായി നൂറുകണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ജീവനും സ്വത്തും നഷ്ടപ്പെട്ട ഇരകളിലധികവും വലിയ ശേഷിയുള്ളവരൊന്നുമായിരുന്നില്ല. റിക്ഷക്കാർ, തയ്യൽക്കാർ തുടങ്ങി അസംഘടിത തൊഴിലുകളിലെങ്കിലും മാന്യമായി ജീവിച്ചുപോന്നിരുന്ന കുടുംബങ്ങളായിരുന്നു ഏറെയും. വംശഹത്യക്കാലത്തും അതിനുശേഷവും അക്രമികൾക്ക് കൈയയച്ച് പിന്തുണ നൽകുകയായിരുന്നു പൊലീസ്. ശരിയായ എഫ്.ഐ.ആർ തയാറാക്കാനോ കേസെടുക്കാനോ അവർ തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് എൻ.ജി.ഒകളും ടീസ്റ്റ സെറ്റൽവാദ്, ഫാ. സെഡ്രിക് പ്രകാശ് തുടങ്ങിയ വ്യക്തികളും വിഷയത്തിൽ ഇടപെടലുമായി രംഗത്തുവന്നത്. ഇവരുടെ സഹായത്തോടെ ഇരകൾക്ക് ശരിയായ രീതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യിക്കാൻ കഴിഞ്ഞു. വക്കീൽമാരും പൊലീസുകാരും തമ്മിലാണല്ലോ ദൈനംദിനം കേസുമായി ബന്ധപ്പെടുന്നത്. സർക്കാറിനു വേണ്ടി വാദിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടർമാർ ബി.ജെ.പി/ആർ.എസ്.എസുകാരായിരിക്കും. ഇവർ കുറ്റവാളികൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു പതിവ്. എന്നാൽ ഇതു തടയാനായി എൻ.ജി.ഒകൾ ഒന്നിച്ചുനിന്നു. വർഗീയകലാപങ്ങളും അതുമായി ബന്ധപ്പെട്ട കേസുകളും സംബന്ധിച്ചൊക്കെ കൃത്യവും കണിശവുമായ ധാരണയുള്ള മികച്ച അഭിഭാഷകരാണ് സന്നദ്ധ സംഘടനകൾ മുഖേന രംഗത്തുവന്നത്. അത് കൊല്ലപ്പെട്ടവരുടെ ഉറ്റവർക്കും ഉടയവർക്കും ആത്മവിശ്വാസമേകി, അവരെല്ലാം സാക്ഷിമൊഴി കൊടുക്കാൻ മുന്നോട്ടുവന്നു; കുറ്റവാളികളുടെ നേരെ വിരൽചൂണ്ടി. ബാബു ബജ്റംഗിയും മായ കോട്നാനിയുമൊക്കെ ജയിലിലാകുന്നത് അങ്ങനെയാണ്. മോദിയുടെ ഇടപെടലിൽ അവർ ജാമ്യത്തിൽ പുറത്തുവന്നു എന്നതു മറ്റൊരു കാര്യം. ആദ്യപടിയെന്നോണം 2005 വരെ ഈ പ്രഥമവിവര റിപ്പോർട്ട് ശരിയാക്കി കേസുകൾ നേരാംവണ്ണം കോടതിയിലെത്തിക്കുന്ന പരിപാടിയായിരുന്നു. 2006ൽ നാനാവതി ഷാ കമീഷൻ വന്നു. സർവിസിലിരിക്കുന്ന ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ തന്നെ കമീഷനെ കണ്ട് സത്യവാങ്മൂലം നൽകി. സംഭവദിവസം പൊലീസുദ്യോഗസ്ഥർ എവിടെ, എന്തെടുക്കുകയായിരുന്നുവെന്ന വിശദമായ സത്യവാങ്മൂലം സമർപ്പിച്ചത് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്..
സന്നദ്ധസംഘടനകളാണ് കേസും കുഴപ്പങ്ങളുമുണ്ടാക്കിയത് എന്ന നിഗമനത്തിൽ കോടതി എത്തിയത് എന്തു കൊണ്ടാവും?
വിധിയിൽ ഇതേക്കുറിച്ച് എഴുതിയിരിക്കുന്നതെന്തെന്ന് കൃത്യമായി ഞാൻ വായിച്ചിട്ടില്ല, മാധ്യമങ്ങളിൽ നിന്നാണ് ഇക്കാര്യം കേട്ടത്. ഒരു കാര്യം മനസ്സിലാക്കണം- ഞങ്ങൾ ദുരന്തത്തിന്റെ ഇരകളാണ്, അഭിഭാഷകരല്ല. ഞങ്ങൾക്ക് നിയമജ്ഞരുടെയും ആക്ടിവിസ്റ്റുകളുടെയും പിന്തുണയില്ലാതെ നിയമപോരാട്ടത്തിനു കഴിയില്ല. സംഭവവുമായി ബന്ധപ്പെട്ട് ലഭ്യമായ രേഖകൾ പരിശോധിക്കുകയും നീതിന്യായ വ്യവഹാരങ്ങൾക്ക് സാധ്യതയുണ്ടോ എന്നു കണ്ടെത്താനും നിയമവിദഗ്ധർക്കേ കഴിയൂ. നേരത്തേ പുറത്തുവന്ന രേഖകളും നാനാവതി കമീഷന് മുന്നിൽ സമർപ്പിച്ച തെളിവുകളും ഉമ്മ സകിയ അവർക്കു കാണിച്ചുകൊടുത്തു. അത് ഓരോന്നും പരിശോധിച്ച ശേഷമാണ് ഈ നിയമയുദ്ധം തുടങ്ങുന്നത്. പൊലീസിന്റെ നിഷ്ക്രിയത്വത്തെക്കുറിച്ച്, നിരന്തരം വിളിച്ചിട്ടും അവർ വരാത്തതിനെക്കുറിച്ച്, അവർ വന്നിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന കൂട്ടക്കൊലയെക്കുറിച്ച്, എല്ലാ ആധികാരിക രേഖകളും കൊണ്ടാണ് സുപ്രീംകോടതി വരെ പോയത്. ഇതു സാധാരണക്കാരായ നമുക്ക് കഴിയുന്ന കാര്യമല്ല. അതിനു മിടുക്കരായ അഭിഭാഷകരുടെ സഹായം വേണം. അങ്ങനെയാണ് ഉമ്മ ടീസ്റ്റയുടെ കൂടെ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. അതു തള്ളിയപ്പോൾ കീഴ്കോടതിയെ സമീപിച്ചു. അവർ കൈവിട്ടപ്പോൾ സുപ്രീംകോടതിയിലേക്കും. അവിടെയും തള്ളിപ്പോയപ്പോൾ അക്ഷരാർഥത്തിൽ നിരാശരായി. ഒരു നിസ്സഹായയായ പൗര. നാട്ടിൽ സൃഷ്ടിക്കപ്പെട്ട ദുരന്തത്തിന് ഉത്തരവാദികളായവരുടെ നേരെ വിരൽചൂണ്ടി അവർ നിയമവ്യവഹാരത്തിനെത്തുന്നു. അതു തള്ളിക്കളയുമ്പോൾ ഉള്ള സങ്കടം ഓർത്തുനോക്കൂ.
നീതിപീഠങ്ങളെക്കുറിച്ച് തികഞ്ഞ വിശ്വാസം വെച്ചുപുലർത്തിയിരുന്ന ഒരാളാണ് താങ്കൾ, ഇപ്പോൾ എന്താണ് നിലപാട്?
പ്രധാനമന്ത്രിപദത്തിലിരിക്കുന്ന ഒരാൾക്കെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കുക എളുപ്പമല്ല. നോക്കൂ, ഇന്ത്യയിൽ ഒട്ടേറെ വർഗീയകലാപങ്ങളുണ്ടായിട്ടുണ്ട്. കലാപങ്ങൾക്കു പിറകെ സർക്കാർ അന്വേഷണ കമീഷനുകളെ നിയോഗിക്കുന്നു. അവർക്ക്, അഭിഭാഷകർക്ക് ഒക്കെ ശമ്പളം നൽകുന്നത് ഗവൺമെന്റാണ്. ബോംബെ കലാപം അന്വേഷിച്ച ശ്രീകൃഷ്ണ കമീഷന് എന്തു സംഭവിച്ചു എന്നു നമ്മൾ കണ്ടതാണല്ലോ. കമീഷനുകൾക്ക് എന്തു നടന്നുവെന്ന് റിപ്പോർട്ട് നൽകാനെ കഴിയൂ. അതേത്തുടർന്ന് നിയമനടപടികളൊന്നുമുണ്ടാകുന്നില്ല. ബാബരിധ്വംസനം അന്വേഷിച്ച ലിബർഹാൻ കമീഷനില്ലേ? അവർ കുറ്റവാളിയായി കണ്ടെത്തിയ ഒരാളും അഴികൾക്കുള്ളിലായിട്ടില്ല. ഈ ഭൂതകാലാനുഭവം മുന്നിൽവെച്ച് തന്നെയാണ് മോദിയടക്കമുള്ളവരുടെ ഗൂഢാലോചനയിലേക്കു ചൂണ്ടി ഞങ്ങൾ കേസിനു പോയത്. ഇന്നല്ലെങ്കിൽ നാളെ നീതി പുലർന്നേ തീരൂ.
മതേതര പക്ഷത്തെ പടയാളിയായിരുന്ന താങ്കളുടെ പിതാവിനു സംഭവിച്ച ഈ ദുരന്തം അത്തരം പാർട്ടികളിലുള്ള വിശ്വാസത്തിൽ ഇടിവുവരുത്തിയോ?
ഉപ്പയുടെ മികച്ച സവിശേഷത അദ്ദേഹത്തിന്റെ കറയറ്റ സ്വഭാവമായിരുന്നു. തികഞ്ഞ മതേതരനും ശാസ്ത്രബോധമുള്ളയാളും സത്യസന്ധനും കവിയും ഗ്രന്ഥകാരനുമെന്ന നിലക്ക് സർവാദരണീയനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സ്വീകാര്യത തങ്ങൾക്കും സുരക്ഷിതത്വം നൽകും എന്ന വിശ്വാസത്തോടെയാണ് പാവപ്പെട്ട നൂറുകണക്കിന് മനുഷ്യർ ഞങ്ങളുടെ വീട്ടിൽ ഒത്തുകൂടിയതും വർഗീയ വാദികൾ അവരുടെ ജീവനെടുത്തതും.
നമ്മൾ മതേതരത്വം മുറുകെപ്പിടിക്കുക തന്നെ വേണം. മതേതരപാർട്ടികളെ എനിക്കിപ്പോഴും വിശ്വാസമാണ്. എന്നാൽ, ചിലപ്പോൾ വരുന്ന നേതൃത്വങ്ങൾ അവരുടെയും നാടിന്റെയും പരാജയത്തിന് നിമിത്തമായേക്കും. ആ പാർട്ടി മതേതരത്വം കൈയൊഴിഞ്ഞു എന്ന് അതിന് അർഥമില്ല. രാജ്യത്തിന് മതേതരമായ ശക്തമായ ഒരു ഭരണഘടനയുണ്ട്. അതില്ലായിരുന്നെങ്കിൽ രാജ്യം എന്നോ മുരടിച്ചുപോയേനെ. സ്വാതന്ത്ര്യലബ്ധിയിലെ നമ്മുടെ രാജ്യത്തെക്കുറിച്ച് ഓർക്കുക. വിഭജനവും ഹിന്ദു-മുസ്ലിം വിഭജനവും കത്തിനിൽക്കുമ്പോഴാണ് ജവഹർ ലാൽ നെഹ്റു മതേതരത്വ പ്രതിബദ്ധതയുമായി എഴുന്നേറ്റുനിന്നത്. അങ്ങനെ രാജ്യം മുന്നോട്ടുപോയി. കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ വോട്ടിനും മറ്റുമായി മതേതരത്വം കൈയൊഴിയുന്നത് പതിവായി. എന്നാൽ ഭരണസംവിധാനം, കോടതി, സി.ബി.ഐ, എൻ.ഐ.എ തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങൾ എല്ലാം മതേതരമായിരുന്നു. ഇപ്പോൾ അതിനു മാറ്റം വരുന്നോ എന്നു സംശയിക്കേണ്ട നിലയായി. മതേതരത്വത്തെ പഴിക്കുകയല്ല, അതിനെ തിരിച്ചുകൊണ്ടു വരുകയാണ് വേണ്ടത്. 1969 ലെ അഹ്മദാബാദ് കലാപത്തിൽ ഞങ്ങളുടെ വീടിനു തീവെക്കപ്പെട്ടു. കുഞ്ഞായിരുന്ന എന്റെ കണ്ണിൽ ഇപ്പോഴും ആ ദൃശ്യമുണ്ട്. എന്നാൽ, വീട് നന്നാക്കി അവിടെ തന്നെ ഞങ്ങൾ താമസമാക്കി. എവിടെ നിന്നോ വന്ന ആർ.എസ്.എസുകാരാണ് അത് ചെയ്തത്. എന്നാൽ, സ്വന്തം അയൽക്കാർക്ക് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. ഇന്നിപ്പോൾ ഞങ്ങൾക്കു തിരിച്ചുപോകാനാവില്ല. അയൽവാസികൾ ഞങ്ങളെ സ്വീകരിക്കാൻ തയാറല്ല. വെറുപ്പ് അത്രയും ആഴത്തിൽ വേരോടിയിരിക്കുന്നു.
എന്താണ് ഭാവി പരിപാടികൾ?
ഹജ്ജ് കഴിഞ്ഞ് നാട്ടിലെത്തിയാലുടൻ അഭിഭാഷകരുമായി ആലോചിച്ച് പുനഃപരിശോധന ഹരജിയുടെ സാധ്യത പരിശോധിക്കും. ടീസ്റ്റയുടെയും ശ്രീകുമാറിന്റെയും ജാമ്യത്തിനു ശ്രമിക്കുകയാണ് ഇപ്പോൾ അടിയന്തരമായി ചെയ്യേണ്ടത്. ഈ കേസുമായി ബന്ധപ്പെട്ട് ഞങ്ങൾ ഹാജരാക്കിയ രേഖകളും തെളിവുകളുമൊക്കെ പരസ്യമാണ്, പൊതുസ്വത്താണ്. അതുവെച്ച് ചരിത്രം വിധിപറയും, ആരാണ് കുറ്റവാളി, എന്താണ് നടന്നത് എന്നൊക്കെ. ഇരുപതു വർഷത്തിനു ശേഷവും നാം ഗുജറാത്ത് വംശഹത്യയെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു എന്നതു തന്നെ നിസ്സാരമല്ലല്ലോ. ഇനിയുമൊരു കലാപമുണ്ടായാൽ കുറ്റവാളികളെ എങ്ങനെ നിയമത്തിനു മുന്നിൽ കൊണ്ടുവരാം എന്നതിന് ഞങ്ങളുടെ ഈ പോരാട്ടം വഴികാട്ടും. ഭാവിതലമുറക്ക് ഇതു നിത്യപ്രചോദനമായിരിക്കും.
ഉമ്മയുമായി വിധിയെക്കുറിച്ച് സംസാരിച്ചിരുന്നുവോ? എന്തായിരുന്നു പ്രതികരണം?
ഉമ്മക്ക് 85 ആയി പ്രായം; ഓർമകൾ മങ്ങിത്തുടങ്ങുന്നുണ്ട്. ഞങ്ങളുടെ ഒരു ബന്ധുവിന്റെ കൂടെയാണ് അവർ താമസം. കോടതിവിധിയുടെ കാര്യം ഉമ്മക്കറിയാം. ഞാൻ വിളിച്ചപ്പോൾ വീണ്ടും ഹരജിയുമായി ഡൽഹിക്ക് പോകുന്നതിനെക്കുറിച്ചാണ് ഉമ്മ പറഞ്ഞത്. കേസ് തള്ളിയതിലല്ല, ടീസ്റ്റയെ അറസ്റ്റ് ചെയ്തതാണ് ഉമ്മയെ ഏറെ അമ്പരപ്പിച്ചത്. വേദനയുടെ നാളുകളിൽ ഒപ്പം നിന്ന ടീസ്റ്റയുടെയും ശ്രീകുമാറിന്റെയും സഞ്ജീവ് ഭട്ടിന്റെയും ജയിൽവാസം അവരെ വേദനിപ്പിക്കുന്നു. ഹറമിലും മദീനയിലും ചെന്നപ്പോഴൊക്കെ ടീസ്റ്റ, ഭട്ട്, ശ്രീകുമാർ, ലോക്കൽ അഭിഭാഷകനായ സുഹൈൽ തർമീസി തുടങ്ങി ഞങ്ങൾക്ക് നീതി ലഭ്യമാക്കാൻ പ്രയത്നിച്ചവർക്കു കരുത്തും പോരാട്ടത്തിൽ വിജയവും നൽകണേ എന്നായിരുന്നു എന്റെ പ്രാർഥന. വിധി കേട്ടയുടൻ രണ്ടു ത്വവാഫ് നിർവഹിച്ച് പ്രാർഥിച്ചതും അതുതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.