മിഡിലീസ്റ്റിലെ രണ്ട് പ്രമുഖ ശക്തികളും പ്രഖ്യാപിത ശത്രുക്കളുമാണ് ഇറാനും ഇസ്രായേലും. പുറമെ വീമ്പുപറയുന്നുണ്ടെങ്കിലും രണ്ടു രാജ്യങ്ങളും ആഭ്യന്തരവും ബാഹ്യവുമായ ഒട്ടനവധി പ്രശ്നങ്ങളാൽ വീർപ്പുമുട്ടുകയാണെന്നതാണ് സത്യം!ഇസ്രായേൽ, അതിന്റെ ചരിത്രത്തിൽ, ഏറ്റവും കുടുസ്സായ വലതുപക്ഷ തീവ്രവാദ ശക്തികേന്ദ്രമായി മാറിയിരിക്കുന്നു. 2022 അവസാനം നടന്ന തെരഞ്ഞെടുപ്പുവഴി വീണ്ടും അധികാരത്തിലെത്തിയ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്, തനിക്കൊപ്പമുള്ള തന്നേക്കാൾ കടുത്ത, തീവ്രവാദികളെ നിയന്ത്രിക്കാനും ജനാധിപത്യ സംവിധാനം നിലനിർത്താനും സാധിക്കുമോ എന്നതാണ് പ്രശ്നം. നെതന്യാഹു അധികാരത്തിലേറിയതിന്റെ അടുത്തയാഴ്ചതന്നെ 80,000ത്തിലേറെ ഇസ്രായേലിയർ പ്രക്ഷോഭവുമായി തെരുവിലിറങ്ങി.
രാജ്യത്തെ നീതിന്യായവ്യവസ്ഥ അട്ടിമറിക്കാനുള്ള ശ്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച അവർ കോടതികളുടെ മേൽനോട്ടവും നിയമ നടപടികളും രാഷ്ട്രീയ നേതാക്കൾ നിയന്ത്രിക്കാൻ തുടങ്ങിയാൽ അത് ജനാധിപത്യവിരുദ്ധമായിരിക്കുമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. എന്നാൽ, ഇതൊന്നും ഒരു ഫലവും ചെയ്തില്ല. ഫാഷിസ്റ്റ് ഭരണകൂടങ്ങൾ തീട്ടൂരങ്ങൾ നടപ്പാക്കുന്നത് നീതിന്യായ- രാജ്യസുരക്ഷ വകുപ്പുകൾ ചൊൽപടിയിലാക്കിക്കൊണ്ടാണല്ലോ.
ഫെബ്രുവരി 21ന് നടന്ന രാത്രികാല സമ്മേളനത്തിൽ ഇസ്രായേലി പാർലമെന്റ് (നെസറ്റ്) 47നെതിരെ 63 വോട്ടുകൾ നേടി, നീതിന്യായ കോടതികളിലെ നിയമനങ്ങൾ ഭരണകൂട നിയന്ത്രണത്തിലാക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നാണ് വിവരം. നിയമനിർമാണം പൂർത്തിയാകണമെങ്കിൽ പ്രമേയം രണ്ടുതവണ വിശദമായി ചര്‍ച്ച ചെയ്ത് വോട്ടിനിട്ടശേഷം അത് ‘ലീഗൽ കമ്മിറ്റി’യുടെ പരിശോധനക്ക് വിധേയമാകേണ്ടതുണ്ട്.
വോട്ടെടുപ്പ് നടക്കുമ്പോൾ പാർലമെന്റ് മന്ദിരത്തിനുചുറ്റും പതിനായിരങ്ങൾ പ്രതിഷേധ പ്രകടനം നടത്തി. നീതിന്യായ വകുപ്പു മന്ത്രി യറിവ് ലവിൻ (Yariv Levin) ചര്‍ച്ചകൾക്കായി പ്രതിപക്ഷത്തെ ക്ഷണിച്ചിട്ടുണ്ട്. എന്തു സംഭവിക്കുമെന്നറിയില്ല. പ്രതിപക്ഷ നേതാവ് യാർ ലാപിഡ് ആരോപിക്കുന്നത്: നെതന്യാഹു ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് നാടിനെ നയിക്കുകയാണെന്നാണ്. ഇതൊക്കെ പരിഗണിച്ചുകൊണ്ടാകണം യു.എസ് സുരക്ഷ ഉപദേഷ്ടാവ് ജാക് സുല്ലിവൻ, ബൈഡന് പുതിയ ഇസ്രായേൽ ഭരണകൂടവുമായി ചേര്‍ന്നുപോകാൻ പ്രയാസമാകുമെന്ന് അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇസ്രായേൽ സാക്ഷ്യപ്പെടുത്തിയത്, ജനാധിപത്യ സമൂഹം എത്രമേൽ ഫാഷിസ്റ്റ് വർഗീയതയിലേക്ക് കൂപ്പുകുത്തിയെന്നതാണ്. 14 സീറ്റുകൾ നേടി ഇത്മാർ ബെൻഗീറിന്റെ (Itmar Ben Gvir) ജൂയിഷ് പവർ പാർട്ടി നെസറ്റിൽ കയറിപ്പറ്റിയത് ഇതിന്റെ തെളിവാണ്. ബെൻഗീർ ഫലസ്തീനെ അംഗീകരിക്കുന്നില്ലെന്നു മാത്രമല്ല, ഇസ്രായേലിലെ അറബ് വംശജരെ നാട്ടില്‍നിന്ന് പുറത്താക്കിവംശശുദ്ധി വരുത്തണമെന്ന അഭിപ്രായക്കാരനാണ്. ഫലസ്തീന്റെ അസ്തിത്വം തന്നെ
അംഗീകരിക്കാത്ത കടുത്ത യാഥാസ്ഥിതികരായ ‘ഹരേദി’കളും അധിനിവിഷ്ട പ്രദേശങ്ങളിൽ ശക്തിയാർജിക്കുകയാണ്. നെതന്യാഹുവും ഇത്മാർ ബെൻഗീറും ഒരുക്കുന്ന ഭരണകൂടത്തെയാണ് ഹാരെറ്റ്സ് ഉൾപ്പെടെയുള്ള പത്രങ്ങൾ, ഇസ്രായേലിൽ ‘ഒരു തീവ്ര വലതുപക്ഷത്തിന്റെ സ്വേച്ഛാധിപത്യ വിപ്ലവം’ നടക്കുന്നതായും ഇത് എല്ലാ ജനാധിപത്യ മൂല്യങ്ങളെയും തൂത്തെറിയുമെന്നും വിലയിരുത്തിയത്.2020ൽ ജെറാഡ് കുഷ്നറുടെ കാർമികത്വത്തിൽ ഒപ്പുവെക്കപ്പെട്ട ‘അബ്രഹാം കരാർ’ ഇസ്രായേലിനെ അറബ് രാഷ്ട്രങ്ങളുമായി ഇണക്കുന്നതിനുള്ള ശ്രമമെന്ന നിലക്ക് ശ്രദ്ധേയമായിരുന്നു.
എന്നാൽ, ഫലസ്തീനെ പൂര്‍ണമായും അവഗണിക്കുന്ന ഇസ്രായേലിനെ കൂടെ നിർത്താൻ അറബ് രാഷ്ട്രങ്ങളിൽ പലർക്കും ആശങ്കയുണ്ട്. നെതന്യാഹു മുന്നോട്ടുവെക്കുന്ന മറ്റൊരു ആവശ്യം, ഇറാനെ ആണവ സാങ്കേതികവിദ്യ കൈവരിക്കുന്നതിൽനിന്ന് തടയുകയാണ്. പക്ഷേ, അമേരിക്ക പെട്ടെന്നു ഒരു യുദ്ധത്തിലേർപ്പെടാൻ സന്നദ്ധമല്ലെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. എന്നാൽ, എങ്ങനെയെങ്കിലും ഇറാനുമായി ഒരു സൈനിക സംഘട്ടനത്തിന് തയാറാവണമെന്നും അതുവഴി ഇറാന്റെ ആണവ സാങ്കേതികവിദ്യ തകര്‍ക്കണമെന്നുമാണ് ഇസ്രായേലിന്റെ പക്ഷം. ഈ വർഷം ജനുവരി 28ന് ഇറാൻ ഖുമൈനിയുടെ വിപ്ലവ വിജയം ആഘോഷിക്കുന്ന വേളയിൽ ഇസ്ഫഹാനിലെ യുദ്ധോപകരണ നിർമാണ ശാലക്കുനേരെ ഇസ്രായേൽ മൂന്നു മിസൈലുകൾ തൊടുത്തുവിട്ടു. അമേരിക്ക ആഗ്രഹിക്കുന്നത്, നയതന്ത്ര ശ്രമങ്ങളിലൂടെയും ഉപരോധം വഴിയും ഇറാനെ വരുതിയിലാക്കാമെന്നാണ്.
ഇറാന്റെ സ്ഥിതി ഒട്ടും മെച്ചമല്ലെന്ന് മാത്രമല്ല, കൂടുതൽ ദുഷ്കരവും പ്രശ്ന സങ്കീര്‍ണവുമാണെന്ന് പറയുന്നതാകും ശരി. അന്താരാഷ്ട്ര രംഗത്ത് ഒറ്റപ്പെട്ട അവസ്ഥ. ഉപരോധം കാരണം നടുവൊടിഞ്ഞ സാമ്പത്തിക നില. പോരാത്തതിന് യൂറോപ്യൻ യൂനിയൻ പുതിയ നിയന്ത്രണങ്ങളും ചുമത്തുന്നു. റഷ്യ, ചൈന, ഇറാഖ്, തുർക്കിയ തുടങ്ങിയ അയൽരാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്തുന്നതിൽ വിജയം കാണുന്നുവെന്നതൊഴിച്ചാൽ ബാക്കിയെല്ലാം കഷ്ടം തന്നെ. ഒരേസമയം ഇറാനെ പല പ്രധാന പ്രശ്നങ്ങളും വരിഞ്ഞുമുറുക്കുന്നതായി നിരീക്ഷിക്കാം. ഏറ്റവും പ്രധാനം സാമ്പത്തിക ബാധ്യതകൾ തന്നെ. അതിന്റെ ഉപോൽപന്നമായി പിറകെ വരുന്നതാണ് സാമൂഹിക അസ്വസ്ഥതയും പ്രതിപക്ഷ പ്രതിഷേധങ്ങളും. ജനങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കങ്ങൾക്ക് എന്തെങ്കിലും പ്രതിവിധി നൽകാൻ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.
പ്രതിഷേധ പ്രകടനങ്ങൾ താൽക്കാലികമായി ശമിച്ചിട്ടുണ്ടെങ്കിലും നിലച്ചിട്ടുണ്ടെങ്കിലും അത് ഏതുനിമിഷവും പൂർവാധികം ശക്തിയോടെ തിരിച്ചുവരും. അതിലുപരി ഭരണത്തെ അസ്വസ്ഥമാക്കുന്നത് നേതൃത്വത്തിനിടയിലെ അസ്വാരസ്യമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇറാനെതിരെ ആണവാക്രമണം നടത്തണമെന്നതാണ് നെതന്യാഹുവിന്റെ മനസ്സിലിരിപ്പ്. തൽക്കാലം, അമേരിക്ക അതിന് തടയിട്ടിട്ടുണ്ടെന്നുപറയാം.
വാഷിങ്ടൺ ദേശീയ സുരക്ഷ ഉപദേശകനായ ജാക് സുല്ലിവനെ അയച്ച് കാര്യങ്ങൾ വിശദമാക്കി. തുടർന്ന് സി.ഐ.എ തലവൻ വില്യം ബേൺസും, അവസാനം വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കൻ തന്നെയും ഇസ്രായേലിലെത്തി സ്ഥിതിവിവരങ്ങൾ അവലോകനം ചെയ്തു. ഒരു യുദ്ധം നയിക്കാവുന്ന സാഹചര്യമല്ല യു.എസിനും യൂറോപ്യൻ യൂനിയനുമുള്ളത്. എങ്ങനെയെങ്കിലും യുക്രെയ്ൻ യുദ്ധം അവസാനിച്ചുകണ്ടാൽ മതിയെന്നാണവർക്ക്. യുദ്ധം മൂലം യൂറോപ്യൻ രാഷ്ട്രങ്ങളെല്ലാം തകര്‍ച്ച നേരിടുകയാണ്.
തെഹ്റാനും മോസ്കോയും സഹകരിച്ച് വർഷം 6000 ഡ്രോണുകൾ നിർമിക്കാൻ ശേഷിയുള്ള ആയുധ നിര്‍മാണശാല റഷ്യയിൽ തുടങ്ങുന്നുവെന്നും ഇറാനും ചൈനയും ചേർന്ന് സമഗ്ര യുദ്ധതന്ത്ര പങ്കാളിത്തം മുന്നോട്ടു കൊണ്ടുപോകുന്നുവെന്നതുമാണ് ഇതിന്റെ മറുപുറ വാർത്ത. സിംഹവും വ്യാളിയും തമ്മിലെ ഉടമ്പടി (Lion and Dragon Pact) എന്നാണ് ചൈനയുമായുള്ള വർധിത ചങ്ങാത്ത പദ്ധതികളെ ഇറാനിയൻ പത്രങ്ങൾ ഓമനിച്ചുവിളിക്കുന്നത്. അതുവഴി ഇറാന് പുതിയ സൈനിക സജ്ജീകരണങ്ങളും പരിശീലനവും ലഭ്യമായേക്കും. കൂടുതൽ രാഷ്ട്രങ്ങളെ സ്വപക്ഷത്തേക്ക് ആകര്‍ഷിക്കാനും ഏഷ്യയിലെ വൻ ശക്തിയാവാനുമാണ് ചൈന ഇവ്വിധത്തിൽ കൈയയച്ച് സഹായിക്കുന്നത്.
ഇനിയുമൊരു യുദ്ധമുണ്ടായാൽ, അതിന്റെ ഭവിഷ്യത്ത് ഭയാനകമായിരിക്കും. വാഷിങ്ടൺ ഇൻസ്റ്റിറ്റ്യൂട്ടിലെ രാജ്യസുരക്ഷ വിദഗ്ധൻ ഫർസീൻ നദീമിയുടെ അഭിപ്രായത്തിൽ, 2023ൽ ക്രമേണയായി ഇസ്രായേൽ ആക്രമണം തുടരാനും 2025ൽ അത് ഒരു വിപുലമായ യുദ്ധമായി മാറാനും സാധ്യതയുണ്ട്. ഇതിനാവശ്യമായ മുൻകരുതലുകൾ എടുക്കാനും, ഇത് സംഭവിക്കാതിരിക്കട്ടെ എന്നു പ്രാർഥിക്കാനുമേ ലോകത്തിന് സാധിക്കു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.