നയതന്ത്ര ചലനങ്ങളും, അനുനയ ശ്രമങ്ങളും മധ്യസ്ഥർ എന്ന പേരിൽ പ്രത്യക്ഷപ്പെടുന്നവർ ഒരു പക്ഷത്തിന്റെ ഭാഗം ചേരുന്നതുമെല്ലാം യുദ്ധത്തിന്റെ തന്നെ ഭാഗമായിരിക്കുന്നു. യുദ്ധത്തെ ന്യായീകരിക്കാനും, അനന്തരഫലങ്ങൾ ലഘൂകരിക്കാനും ഒരുപക്ഷേ, ഇത് സഹായകമാവാം. എന്നാൽ, നയതന്ത്രത്തെ പേശീബലമാക്കി തിരുത്തിക്കുറിക്കുന്നതിനെ സാംസ്കാരിക പാപ്പരത്വം എന്നല്ലാതെ വിലയിരുത്താനാവില്ല.
ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ കടന്നാക്രമണത്തിന്റെ രണ്ടാമത്തെ ആഴ്ച അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്തണി ബ്ലിങ്കൻ ആറ് അറബ് തലസ്ഥാനങ്ങളിൽ തിരക്കിട്ട് സഞ്ചരിച്ചു. അറബ് നേതൃത്വത്തെക്കൊണ്ട് സംഭവത്തെ അപലപിപ്പിച്ച് അമേരിക്കൻ നിലപാടിനൊപ്പം നിർത്തുക എന്നതായിരുന്നു ബ്ലിങ്കൻ പ്രഥമമായും ലക്ഷ്യമിട്ടത്.
എന്നാൽ അതു സംഭവിച്ചില്ലെന്ന് മാത്രമല്ല ആദ്യദിവസം ബ്ലിങ്കനെ കാണാൻ പോലും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തയാറായില്ല. ഇതിനെ ‘വാഷിങ്ടൺ പോസ്റ്റ്’ അമേരിക്കയുടെ നയതന്ത്ര പരാജയമെന്നാണ് വിശേഷിപ്പിച്ചത്. ഹമാസിന്റെ ഓപറേഷനും ഇസ്രായേൽ തുടരുന്ന ഭീകരാക്രമണവും ഒരു മാസമാകുന്ന വേളയിൽ വീണ്ടും ബ്ലിങ്കൻ പശ്ചിമേഷ്യയിലേക്ക് യാത്ര നടത്തി.
ഇസ്രായേൽ, ജോർഡൻ, അധിനിവിഷ്ട വെസ്റ്റ് ബാങ്ക്, സൈപ്രസ്, ഇറാഖ്, തുർക്കിയ എന്നിവിടങ്ങളാണ് സന്ദർശിച്ചത്. ഇസ്രായേൽ ഒഴിച്ചുള്ള രാജ്യങ്ങളെല്ലാം വെടിനിർത്തൽ അടിയന്തരമായി പ്രഖ്യാപിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. അതിന് അനുകൂലമായ ഒരു പ്രതികരണം ബ്ലിങ്കന്റെ ഭാഗത്തുനിന്നുണ്ടായില്ല.
സിവിലിയന്മാർക്ക് സഹായമെത്തിക്കാൻ മാനുഷിക ഇടവേളകൾ വേണമെന്നും അതിനായി ഇസ്രായേലുമായി ചർച്ചയിലാണെന്നും തുർക്കിയയിൽ നിന്ന് മടങ്ങും മുമ്പ് ബ്ലിങ്കൻ വെളിപ്പെടുത്തിയിരുന്നു. ആ പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ ആ ദൗത്യവും പരാജയപ്പെട്ടു എന്നുതന്നെ മനസ്സിലാക്കണം.
ഫലസ്തീന് അതോറിറ്റി പ്രസിഡന്റ് മുഹമ്മദ് അബ്ബാസും വെടിനിർത്തൽ ആവശ്യം ഉന്നയിച്ചു, അതും തള്ളി ബ്ലിങ്കൻ. മാനുഷികതയുടെ കണികകൾ പോലും അവശേഷിപ്പില്ല എന്ന് ബോധ്യപ്പെടുത്തും വിധം അടിയന്തര സഹായ ട്രക്കുകളിലെത്തിയ അവശ്യ വസ്തുക്കൾ പോലും നശിപ്പിച്ചു കൊണ്ടിരിക്കുന്നു സയണിസ്റ്റ് സൈന്യം.
ഗർഭിണികളും കുഞ്ഞുങ്ങളുമുൾപ്പെടെ നൂറുകണക്കിനാളുകൾ അകത്തുള്ള നേരത്ത് ആശുപത്രികളെ ലാക്കാക്കി തൊടുത്തുവിടാനുള്ള മിസൈലുകൾ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണവർ. ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ സൈനികാക്രമണം ആരും പ്രതീക്ഷിച്ചതല്ല.
ലോകത്ത് ഏറ്റവും മികച്ച ചാരസംഘമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘മൊസാദി’ന്റെ കണ്ണുവെട്ടിച്ച് ഹമാസ് നടത്തിയ ഓപറേഷൻ ഇസ്രായേലിനെക്കാൾ അമ്പരപ്പിച്ചത് അമേരിക്കയെയാണ്. അതുകൊണ്ടാണ് അടുത്ത നിമിഷം തന്നെ ഫലസ്തീൻ ജനതയെ ശിക്ഷിക്കാനുള്ള ഭീകരാക്രമണങ്ങൾക്ക് ബൈഡനും കൂട്ടാളികളും കൊടിവീശിയത്. അധിനിവേശകർക്ക് പിന്തുണ ഉറപ്പിക്കാനുള്ള ദൂതുമായി വിദേശകാര്യ സെക്രട്ടറി ഇറങ്ങിപ്പുറപ്പെട്ടത്.
ഗസ്സയിലെ ജനങ്ങളെ കൊന്നൊടുക്കുന്ന ഭീകരാക്രമണങ്ങൾക്ക് ലോകത്തിന്റെ അനുമതിയുണ്ട് എന്നൊരു ധാരണ സൃഷ്ടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് ബ്ലിങ്കനെ ഇറക്കിക്കളിച്ച് ബൈഡൻ നടത്തിയത്. എന്നാൽ അത് ഫലിച്ചില്ല.
ജിദ്ദയിൽ നടന്ന ഓർഗനൈേസഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷന്റെ സമ്മേളനത്തിൽ സംഘടന സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹാ ശക്തമായ ഭാഷയിൽ തന്നെ ബാപ്റ്റിസ്റ്റ് ആശുപത്രി ബോംബിട്ട് തകർത്ത ഇസ്രായേൽ നടപടിയെ അപലപിക്കുകയുണ്ടായി. ആശുപത്രികളും സ്കൂളുകളും, ചർച്ചുകളും, പള്ളികളുമെല്ലാം തകർക്കുന്ന, കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന ഇസ്രായേൽ നടപടിക്കെതിരെ യൂറോപ്യൻ തലസ്ഥാനങ്ങളിലെല്ലാം പ്രതിഷേധങ്ങളുയർന്നു.
ബ്ലിങ്കൻ തന്റെ സന്ദർശനത്തെ സ്വയം വിശേഷിപ്പിച്ചത് ‘ഞാനൊരു ജൂതനെന്ന നിലക്ക്’ ഇസ്രായേലിൽ വന്നുവെന്നാണ്. നെതന്യാഹുവിനെ ആലിംഗനം ചെയ്യാനായി പറന്നുവന്ന ബൈഡൻ വാഷിങ്ടണിൽ തിരിച്ചെത്തിയ ശേഷം ‘ഞാനൊരു സയണിസ്റ്റ് വക്താവാണെ’ന്നും പ്രസ്താവിച്ചു.
അതായത്, യുദ്ധമുഖത്തെ വസ്തുതകൾ നിഷ്പക്ഷതയോടെ വിലയിരുത്താൻ ഇരുവർക്കും സാധ്യമല്ലെന്നർഥം. ഗസ്സയിലേക്ക് വെള്ളവും, വെളിച്ചവും, ഭക്ഷ്യവസ്തുക്കളും, ഇന്ധനവും വിതരണം ചെയ്യുന്നത് പുനഃസ്ഥാപിക്കാൻ ബൈഡൻ ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തുമെന്ന് കരുതിയിരുന്നു. എന്നാൽ, ബൈഡൻ വാഷിങ്ടണിലെത്തി താമസംവിനാ ചെയ്ത കാര്യം THAAD, പേട്രിയറ്റ് മിസൈലുകൾ മിഡിലീസ്റ്റിൽ എത്തിക്കുന്നതിനുള്ള ഉത്തരവിടുകയായിരുന്നു.
പിന്നാലെ അമേരിക്കയുടെ വിമാനവാഹിനിക്കപ്പലുകളും മിഡിലീസ്റ്റിലേക്ക് കുതിച്ചു. കുട്ടികൾ കൊല്ലപ്പെടുന്നതോ ചർച്ചുകളും ആശുപത്രികളും തകർക്കപ്പെടുന്നതോ ഒന്നും ബൈഡന് വിഷയമല്ല. ബൈഡന്റെ ഉള്ളിലിരിപ്പ് ലളിതമാണ്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്നു, ജൂതലോബിയുടെ പണവും, വോട്ടും വേണം. അത്ര തന്നെ!
ഇസ്രായേലിന്റെ ആക്രമണങ്ങൾക്ക് കൂട്ടുനിൽക്കുന്ന അമേരിക്കയുടെ നടപടി ആ മണ്ണിൽ തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഞങ്ങളുടെ പേരിൽ അതിക്രമം വേണ്ട, ലോകം ഇതെല്ലാം കാണുന്നുണ്ട് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് അമേരിക്കയിലെ യഹൂദ സമൂഹം സ്റ്റാച്ചു ഓഫ് ലിബർട്ടിയുടെ ചുറ്റും സംഘടിച്ചു, യുദ്ധ വിരുദ്ധ പ്രകടനങ്ങളിൽ ഫലസ്തീൻ അനുകൂല ഗാനങ്ങൾ ആലപിച്ച്, കഫിയ പുതച്ച് സർവകലാശാല വിദ്യാർഥികളും യുവജനങ്ങളും അണിനിരന്നു.
ചാത്തം ഹൗസിലെ അമേരിക്കൻ പ്രോഗ്രാമുകളുടെ ഡയറക്ടർ ഡോ: ലസ്ലി വിഞ്ചാമുറിയുടെ അഭിപ്രായത്തിൽ, മിഡിലീസ്റ്റിലെ സംഭവവികാസങ്ങൾ അമേരിക്കയുടെ മേൽ വമ്പിച്ച ഉത്തരവാദിത്തങ്ങൾ അർപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ, വാഷിങ്ടണിന്റെ ഇടപെടൽ സന്തുലിതവും, മേഖലയിലെ ഭരണകൂടങ്ങളെ സ്വാധീനിക്കാൻ പര്യാപ്തവും ആകേണ്ടതായിരുന്നു.
ഇരു പക്ഷത്തുമുള്ള സാധാരണ പൗരന്മാർക്ക് സംരക്ഷണം നൽകുന്നതിന് അത് ഉതകേണ്ടതായിരുന്നു. ഇസ്രായേലിനെ പക്ഷപാതപരമായി പിന്തുണക്കുന്നതിന് പകരം, മേഖലയിലെ വിവിധ രാഷ്ട്രത്തലവന്മാരെയും, പ്രസ്ഥാന നേതൃത്വങ്ങളെയും ഒത്തുചേർത്ത് മനുഷ്യരെ യുദ്ധത്തിന്റെ കെടുതികളിൽനിന്നും അകറ്റി നിർത്താൻ അതു സഹായകമാകേണ്ടതായിരുന്നു. വോട്ടും വാണിജ്യ താൽപര്യങ്ങളും മറുവശത്ത് നിൽക്കുമ്പോൾ ഇതൊക്കെ ആര് ഗൗനിക്കുന്നു?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.