ഇസ്രായേൽ ആക്രമണം: ചാനലുകൾ മേക്കപ്പ് ചെയ്ത് വന്നപ്പോഴേക്കും കളം നിറഞ്ഞ് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയുടെ അതിദ്രുതവും അനുകമ്പാരഹിതവുമായ ആക്രമണത്തിന് മുന്നിൽ ടെലിവിഷൻ മലർന്നടിച്ച് വീഴുന്ന കാഴ്ചയാണ് ഇസ്രയേലിൽ കണ്ടുകൊണ്ടിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ, ചാനലുകൾ ഉണർന്ന് മേക്കപ്പ് ചെയ്ത് വന്നപ്പോഴേക്കും സോഷ്യൽ മീഡിയ കളം പിടിച്ചു കഴിഞ്ഞിരുന്നു.

അന്ന് രാവിലെ പ്രാദേശിക സമയം 6.30 ഓടെ ഹമാസിന്റെ ആക്രമണം ഉണ്ടാകുേമ്പാൾ ദേശീയ ചാനലുകളിലൊന്നും തുടക്ക മണിക്കൂറുകളിൽ വാർത്തയുണ്ടായിരുന്നില്ല. മിനിറ്റുകൾ കൊണ്ട് സമീപത്തെ ജനവാസ മേഖലകളിലെത്തിയ ഹമാസ് പ്രവർത്തകരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറയാൻ തുടങ്ങിയിട്ടും തെക്കൻ നഗരങ്ങളിൽ എയർ റെയ്ഡ് സൈറൻ മുഴങ്ങുന്നുവെന്ന തണുപ്പൻ മട്ടിലുള്ള റിപ്പോർട്ടുകളായിരുന്നു ടി.വിയിൽ.

നിരത്തുകളിൽ ഹമാസിന്റെ വാഹനങ്ങളുടെയും സായുധ സംഘങ്ങളുടെയും തുടർന്ന് വെടിവെപ്പിന്റെയും വീഡിയോകൾ എക്സിലും (ട്വിറ്റർ), ടെലഗ്രാം ചാനലുകളിലും പ്രവഹിച്ചുതുടങ്ങുമ്പോഴും മുഖ്യധാര ചാനലുകൾ പകച്ചുനിൽക്കുകയായിരുന്നു. ഈ കാണുന്നതൊക്കെ സത്യമോ, അതോ വല്ല പരിശീലനമോ എന്ന മട്ടിലുളള സന്ദേഹമായിരുന്നു ചാനൽഡെസ്കുകളിൽ.

ആക്രമണമേഖലക്ക് പുറത്തുനിന്ന് ടി.വി കാണുന്നവർക്ക് ആ പ്രഭാതവും മറ്റേതൊരു അവധി ദിവസവും പോലെ അലസമായിരുന്നു. പക്ഷേ, അവരുടെ മൊബൈൽ ഫോണുകൾ മറ്റൊരു കഥയാണ് പറയുന്നത്. ഏതുവിശ്വസിക്കണമെന്ന് അറിയാതെ ഇസ്രയേലികൾ കുഴങ്ങി.

കർട്ടനുകൾക്കും ജനാലകൾക്കും പിന്നിൽ ഒളിച്ചുനിന്ന് എടുത്ത വീഡിയോകൾ അതിനകം പലരുടെയും ശ്രദ്ധയിൽപ്പെട്ടു തുടങ്ങിയിരുന്നു. എന്നിട്ടും ചാനലുകൾക്ക് നേരം വെളുത്തില്ല. മെല്ലെ മെല്ലെ തെക്ക് എന്തോ സംഭവിക്കുന്നുവെന്ന സൂചനകൾ ചാനലുകളിൽ വരാൻ തുടങ്ങി. അപ്പോഴേക്കും സമീപത്തെ മരണങ്ങളുടെ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ എത്തിക്കഴിഞ്ഞിരുന്നു. മൊബൈലിൽ കാണുന്നതിനെ കുറിച്ച് ചാനലുകളോ ഭരണകൂടമോ ഒന്നും പറയാതായതോടെ ഇസ്രയേലിനെ ഭയം കീഴടക്കാൻ തുടങ്ങി.

തെക്കൻ നഗരങ്ങളിൽ വലിയ വെടിയൊച്ച കേൾക്കുന്നുവെന്ന് ചാനലുകൾ റിപ്പോർട്ട് ചെയ്തുതുടങ്ങിയപ്പോഴേക്കും ഇസ്രയേലിനെതിരെ തങ്ങൾ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഹമാസിെൻറ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രസ്താവനയെത്തി. അതോടെയാണ് ഇതൊരു സാധാരണ സംഭവമല്ലെന്ന ബോധ്യം ഇസ്രയേലി ചാനലുകൾക്കും അന്താരാഷ്ട്ര മാധ്യമങ്ങൾക്കും വന്നത്. പക്ഷേ, പിന്നെയും മണിക്കൂറുകളെടുത്തു, ഇസ്രയേലി സർക്കാരിന് ഔദ്യോഗികമായി പ്രതികരിക്കാൻ.

പ്രഭാതത്തിൽ തുടങ്ങിയ ആക്രമണത്തിന് അഞ്ചുമണിക്കൂറിന്ശേഷം ഉച്ചയോടെയാണ് പ്രധാനമന്ത്രി നെതന്യാഹു മാധ്യമങ്ങളെ കണ്ടത്. കാമറകൾക്ക് മുന്നിലെത്തി WE ARE AT WAR എന്ന പ്രഖ്യാപനം നടത്തുേമ്പാൾ മേക്കപ്പ് ചെയ്യാൻ നെതന്യാഹു മറന്നിരുന്നില്ലെന്ന് പ്രമുഖ ഇസ്രയേലി മാധ്യമമായ ഹാരറ്റ്സിന്റെ ലേഖകൻ യോനാതൻ എങ്ലെൻഡർ പറയുന്നു. ‘ഞാൻ നിർദേശിച്ചു’, ‘ഞാൻ ഉത്തരവിട്ടു’, ‘ഒരിക്കലും മറക്കാത്ത വില ശത്രുവിന് നൽകേണ്ടിവരും’ എന്നൊക്കെയുള്ള പൊള്ളയായ സിനിമാറ്റിക് ഡയലോഗുകളുടെ പിന്നിലെ യഥാർഥ അർഥം ‘എനിക്കിതിനെകുറിച്ച് ഇപ്പോഴും വലിയ ധാരണ’ ഇല്ല എന്ന പ്രഖ്യാപനമായിരുന്നുവെന്നും യോനാതൻ എങ്ലെൻഡർ കൂട്ടിച്ചേർത്തു. കാര്യങ്ങൾ അവിടെയും നിന്നില്ല.

ഔദ്യോഗിക സംവിധാനവും ചാനലുകളും ഒരടി പിന്നിൽ നിന്നപ്പോൾ സോഷ്യൽ മീഡിയ കയറിക്കളിച്ചു. നിയന്ത്രണമേതുമില്ലാത്ത, സെൻസറിങില്ലാത്ത സോഷ്യൽ മീഡിയ ഭൂമികയിൽ മനുഷ്യനൊരിക്കലും കാണാൻ ആഗ്രഹിക്കാത്ത വീഡിയോകളും ചിത്രങ്ങളും പ്രവഹിച്ചു. മുഖ്യധാരാ മാധ്യമങ്ങളെ ബഹുദൂരം പിന്നിലാക്കി സോഷ്യൽ മീഡിയ അടിച്ചുമുന്നേറുകയായിരുന്നു.

ഞായറാഴ്ചയോടെ സംഘർഷ മേഖല ഇസ്രയേലി സൈന്യത്തിെൻറ നിയന്ത്രണത്തിലായതോടെയും സിവിലിയൻ ഇൻറർനെറ്റിന് നിയന്ത്രണം വരികയും ചെയ്തതോടെ വാർത്തയുടെ കുത്തൊഴുക്കിന് നേരിയ ശമനം. പഴയ ദൃശ്യങ്ങൾ വീണ്ടും വീണ്ടും കണ്ട് തൃപ്തിയടഞ്ഞു. ചാനലുകളും മറ്റുസാമ്പ്രദായിക മാധ്യമങ്ങളും അതോടെ വീണ്ടും ഇരുട്ടിലായി. വിവരങ്ങൾ ഒന്നും വരാതായി. ആ ദിവസങ്ങളിൽ അനുമാനങ്ങളിലും അവലോകനങ്ങളിലുമായിരുന്നു എല്ലാവരുടെയും ശ്രദ്ധ.

ചൊവ്വാഴ്ചയോടെ മേഖലയുടെ നിയന്ത്രണം പൂർണമായും തിരിച്ചുപിടിച്ചശേഷം ഇസ്രയേലി സൈന്യം അവരുടെ പ്രിയ മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും അവിടേക്ക് ടൂറിന് കൊണ്ടുപോയി. കഫർ അസയെന്ന പട്ടണത്തിലേക്കുള്ള അങ്ങനെയൊരു ടൂറിനിടയിലാണ് ഇപ്പോൾ വിവാദമായ ‘40 കുട്ടികളെ കഴുത്തറുത്ത് കൊന്നു’വെന്ന വാർത്ത പൊട്ടിമുളയ്ക്കുന്നത്. സർക്കാരിനോട് ആഭിമുഖ്യമുള്ള i24 എന്ന ചാനലിെൻറ ലേഖിക നികോൾ സദേക് ആണ് ആദ്യം ഇൗ വിവരം പറയുന്നത്. കഫർ അസയിൽ ലൈവായി നടന്ന് റിപ്പോർട്ട് ചെയ്യുന്നതിനിടെ 40 കുട്ടികളെ കഴുത്തറുത്ത് ഇവിടെ കൊന്നുവെന്ന് അവർ പറയുന്നു. പിന്നാലെ ചാനലിന്റെ ഇംഗ്ലീഷ് ട്വിറ്റർ ഹാൻഡ്ലിൽ ഇത് ട്വീറ്റ് ചെയ്യപ്പെട്ടു. വാർത്ത കേട്ട് ലോകം നടുങ്ങി. മറ്റുചാനലുകളും ഇസ്രയേൽ സൈന്യവും ഭരണകൂടവും ഏറ്റെടുത്തു. പക്ഷേ, പിന്നാലെ ഈ വാർത്തയുടെ ആധികാരികതയിൽ സംശയമുയർന്നു. അപ്പോഴേക്കും നികോൾ സദേക് തെൻറ ട്വിറ്റർ ഹാൻഡിലിൽ നേരിയ ഭേദഗതിയോടെ മറ്റൊരു കുറിപ്പിട്ടു. അതിൽ ഈ വിവരം ‘സൈനികരാണ് തന്നോട് പറഞ്ഞതെ’ന്ന് നിർദോഷകരമെന്ന മട്ടിൽ വിശദീകരിച്ചു.

പിന്നാലെ അന്ന് രാത്രി തുർക്കിയിലെ അനദോലു വാർത്ത ഏജൻസി ഐ.ഡി.എഫിനെ (ഇസ്രയേലി ഡിഫൻസ് ഫോഴ്സ്) ബന്ധപ്പെട്ടു. പക്ഷേ, ഈ വാർത്ത സംബന്ധിച്ച് തങ്ങൾക്ക് വിവരമൊന്നും ഇല്ലെന്നായിരുന്നു അവരുടെ പക്ഷം. ഫലസ്തീനികൾക്കെതിരെ നിരന്തരം വംശീയ അധിക്ഷേപം നടത്തുന്ന ഒരു സൈനികനാണ് തെറ്റായ പ്രചാരണത്തിന് പിന്നിലെന്നും സൂചനകൾ വന്നു. വാർത്തക്ക് വിശ്വാസ്യത ഇല്ലാത്തതിനാൽ തങ്ങളീ വാർത്ത നൽകുന്നില്ലെന്ന് യു.എസിലെ സ്കൈ ന്യൂസ് നിലപാടെടുത്തു. ഇസ്രയേൽ സൈന്യം സ്ഥിരീകരിക്കുന്നില്ലെന്ന് പിന്നീട് സി.എൻ.എന്നും പറഞ്ഞു.

പക്ഷേ, ബുധനാഴ്ച ബ്രിട്ടനിലിറങ്ങിയ പ്രധാന ടാബ്ലോയ്ഡുകളിലെല്ലാം ഇത് വലിയ വാർത്തയായി. എന്തിനേറെ, യു.എസ് പ്രസിഡൻറ് ജോ ബൈഡൻ ബുധനാഴ്ച നടത്തിയ പ്രസ് മീറ്റിൽ ഈ സംഭവത്തിന്റെ ചിത്രങ്ങൾ കണ്ടുവെന്ന മട്ടിൽ പ്രതികരിച്ചു. ഒരുമണിക്കൂറിനുള്ളിൽ വൈറ്റ് ഹൗസ് പക്ഷേ, തിരുത്തൽ കുറിപ്പിറക്കി. പ്രസിഡൻറ് കണ്ടിട്ടില്ലെന്നായിരുന്നു തിരുത്ത്. പക്ഷേ, ഈയൊരു കൊടിയ പ്രചാരണത്തിന്റെ പ്രഹരശേഷി നന്നായി അറിയാവുന്നവർ ഇപ്പോഴും ഇതിനെ കത്തിച്ചുനിർത്താനുള്ള ശ്രമത്തിലാണ്.

വാർ ന്യൂസ് ബ്രീഫിങിനായി എഫ്.ബി, ഇൻസ്റ്റ ലൈവിൽ സ്ഥിരമായി വരുന്ന ഐ.ഡി.എഫ് വക്താവ് ജോനാതൻ കോൺറികസ് വ്യാഴാഴ്ച രാവിലെ പതിവ് ബ്രീഫിങിനിടെ ഈ വാർത്ത ആധികാരികം തന്നെയെന്ന മട്ടിൽ വീണ്ടും അവതരിപ്പിച്ചു.

വ്യാഴാഴ്ച വൈകുന്നേരം സിറിയയിലെ ദമാസ്കസ്, ആലെപ്പോ വിമാനത്താവളങ്ങൾക്ക് നേരെ ഉണ്ടായ ഇസ്രയേൽ ആക്രമണവും സോഷ്യൽ മീഡിയ ആണ് ആദ്യം ബ്രേക്ക് ചെയ്തത്. ചാനലുകളിൽ വാർത്ത വരാൻ തുടങ്ങുമ്പോഴേക്ക് അവിടെ ഇറാൻ മന്ത്രിയുടെ വിമാനം ഇറങ്ങാനിരിക്കുകയായിരുന്നുവെന്ന അധിക വിവരം സോഷ്യൽ മീഡിയയിൽ എത്തി. ഇറാൻ വിമാനം തിരികെ തെഹ്റാനിലേക്ക് പറക്കുകയാണെന്ന വിവരം ഫ്ലൈറ്റ് റൂട്ട് ഡാറ്റ ഉപയോഗിച്ച് നിരീക്ഷകർ പുറത്തുവിട്ടു.

Tags:    
News Summary - israel -palestine war: social media and television media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.