ഒക്ടോബർ ഏഴിന് ഇസ്രായേൽ അധിനിവേശത്തിനെതിരെ ഫലസ്തീൻ വിമോചനത്തിനായി പ്രവർത്തിക്കുന്ന ഹമാസ് മറ്റു ഫലസ്തീൻ സംഘടനകളുമായിച്ചുചേർന്നു നടത്തിയ മിസൈൽ ആക്രമണം ഇസ്രയേലിനെയും പൊതുവിൽ സിയോണിസ്റ്റ് പ്രചാരകരെയും ഞെട്ടിച്ചിരുന്നു. ഇസ്രായേലിന്റെ നിരന്തരമായ മേൽനോട്ടമുള്ള ഗസ്സയിൽനിന്നു ജനകീയമായ പിന്തുണയില്ലാതെ ഇത്തരമൊരു രഹസ്യ ആക്രമണം ആലോചിക്കാൻപോലും ഹമാസിനോ മറ്റാർക്കെങ്കിലുമോ കഴിയുമായിരുന്നില്ല. ഇതിന്റെ തയാറെടുപ്പുകളെക്കുറിച്ചു ഒരു വിവരവും, സദാ സുസജ്ജവും ലോകം ഭീതിയോടെ ഉറ്റുനോക്കുന്നതുമായ ഇസ്രായേൽ ഇന്റലിജൻസിന് ലഭിച്ചില്ല എന്നത് ആ ഭരണകൂടത്തിന്റെ ഇമേജിനേൽപിച്ച പരിക്ക് ചെറുതായിരുന്നില്ല.
ഇസ്രായേൽ പ്രതികരണം തീർച്ചയായും ഗസ്സയിൽ നിലക്കാതെ തീ വർഷിക്കുക ആയിരിക്കും എന്ന കാര്യത്തിൽ നിരീക്ഷകർക്കും ഹമാസിന് തന്നെയും സംശയിക്കാൻ ഇടയുണ്ടായിരുന്നില്ല. എന്നാൽ, യുദ്ധത്തിൽ പകരംവീട്ടാൻ കഴിഞ്ഞാലും വിജയം ഉറപ്പിക്കുന്നത് മന:ശാസ്ത്രപരമായാണ്. ഹമാസിന്റെ ആക്രമണം അത്തരത്തിലുള്ള ഒന്നായിരുന്നു. ശക്തിദുർഗം എന്ന് കരുതപ്പെട്ട ഇസ്രായേലിന്റെ ഘാതസാധ്യതകൾ അത് ലോകത്തിനുമുന്നിൽ തുറന്നുകാട്ടി. ഹമാസിന്റേത് കേവലമൊരു ഭീരാക്രമണമാണെന്ന ആദ്യറൗണ്ട് പ്രോപഗണ്ട ലോകമെങ്ങുമുള്ള ഇസ്രായേൽ പ്രേമികൾ അഴിച്ചുവിട്ടത് ഈ അപമാനത്തിൽനിന്ന് രക്ഷപ്പെടാനും മനഃശാസ്ത്രപരമായ മേൽക്കൈ നേടാനുമായിരുന്നു.
ആദ്യഘട്ടത്തിൽ അത് വിജയിക്കുകയും ചെയ്തു. നിരവധി നിഷ്കളങ്കർ, ഹമാസിനെ ഭീകരസംഘടനയായി മുദ്രകുത്തുന്ന അമേരിക്കൻ സമീപനത്തെ ഇപ്പോഴും അംഗീകരിച്ചിട്ടില്ലാത്ത ഇന്ത്യയിൽപോലും, ‘അതാ ഭീകരാക്രമണം’ എന്ന് ഫലസ്തീൻ ചരിത്രം മുഴുവൻ വിസ്മരിച്ചുകൊണ്ട് ആക്രോശിക്കുകയുണ്ടായി. സാമ്രാജ്യത്വത്തിന്റെ കൂലിയെഴുത്തുകാരുടെ വാക്കുകളാണ് തങ്ങൾ കടംവാങ്ങുന്നതെന്ന സാമാന്യബോധംപോലുമില്ലാതെയാണ് ചിലർ ഈ ആഖ്യാനം ഏറ്റെടുത്തത്. റഷ്യൻ ടെലിവിഷൻ ചാനലുകൾപോലും ആദ്യദിവസങ്ങളിൽ അങ്ങനെയൊരു വ്യവഹാരമാണ് സ്വീകരിച്ചത്. എന്നാൽ, രണ്ടുദിവസത്തിനുള്ളിൽ അവർ യാഥാർഥ്യത്തിലേക്ക് മടങ്ങിവരുകയായിരുന്നു. ഇന്ത്യൻ സർക്കാർതന്നെയും, ആദ്യത്തെ ഹമാസ് അപലപന പ്രസ്താവനക്കുശേഷം ഫലസ്തീൻ ജനതക്ക് അടിയന്തര സഹായം എത്തിക്കുക എന്ന രാജ്യാന്തര ഉത്തരവാദിത്തമാണ് ഏറ്റെടുത്തത്.
ഹമാസിന്റെ ആക്രമണത്തെ ലോകം മനസ്സിലാക്കിയത് ഇസ്രായേലിന്റെ തോൽവിയായിട്ടാണ് എന്നത് അമേരിക്കയെയും ഇസ്രായേലിനെയും അമ്പരപ്പിച്ചിരുന്നു. ഹമാസിനെ ഡിസ്ക്രെഡിറ്റ് ചെയ്യുക എന്ന ദൗത്യം മാത്രമേ പിടിച്ചുനിൽക്കാനുള്ള സാധ്യത നൽകുന്നുള്ളൂ എന്ന നിഗമനത്തിലേക്കു അതുകൊണ്ടാണ് അവർ അത്രവേഗം എത്തിച്ചേർന്നത്. വിവിധ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും ഓൺലൈൻ ഫോറങ്ങളിലും തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ കപടവാർത്തകളുടെ സത്യാനന്തര പ്രളയംതന്നെ സൃഷ്ടിക്കപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്. ഈ തെറ്റായ വിവരങ്ങൾ, ഫലസ്തീൻ വിമോചന സംഘടനകൾക്കെതിരെ ആഗോളതലത്തിൽ ഭയവും ജുഗുപ്സയും സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമംതന്നെയായിരുന്നു.
ഒരുകൂട്ടം ആളുകൾ ഒരു യുവതിയെ മർദിക്കുന്നതും തുടർന്ന് തീ കൊളുത്തുന്നതും കാണിക്കുന്ന ക്ലിപ് ഫേസ്ബുക്കിൽ ഷെയർ ചെയ്തുകൊണ്ട്, ‘ഇതിലും വൃത്തികെട്ട, വെറുപ്പുള്ള, കാട്ടാളന്മാർ നമുക്കുണ്ടോ? ഇസ്രായേലിൽ പിടിക്കപ്പെട്ട 14 വയസ്സുകാരിയെ അവർ ജീവനോടെ ചുട്ടെരിച്ചു’ എന്നാണ് ഫേസ്ബുക്കിൽ പ്രചരിപ്പിച്ചത്. 2015ൽ ഗ്വാട്ടിമാലയിൽ 16 വയസ്സുള്ള പെൺകുട്ടിയെ തല്ലിക്കൊന്നതിന്റെ വിഡിയോയാണ്, ഇസ്രായേലി യുവതിയെ ‘ഫലസ്തീൻ ജനക്കൂട്ടം’ ചുട്ടുകൊന്നതായി ഓൺലൈനിൽ തെറ്റായി പ്രചരിപ്പിച്ചത്. മിഡിൽ ഈസ്റ്റിൽ നടന്ന സംഘർഷങ്ങൾക്കിടയിൽ, ഇസ്ലാമിക് സ്റ്റേറ്റ് അക്രമികൾ രണ്ട് തുർക്കിയ സൈനികരെ ചുട്ടുകൊന്ന 2016ലെ അസ്വസ്ഥജനകമായ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്, ഹമാസ് ഇസ്രായേൽ സൈനികരെ ചുട്ടുകൊല്ലുന്നു എന്ന അടിക്കുറിപ്പോടെ ആയിരുന്നു.
അൽജസീറ ജേണലിസ്റ്റിന്റെ പേരിലുള്ള എക്സ് (പഴയ ട്വിറ്റർ) വ്യാജ അക്കൗണ്ട് (ഫരീദ ഖാൻ) മുഖേന, ഗസ്സയിലെ ആശുപത്രി ആക്രമണം ഗസ്സയുടെ മിസൈൽകൊണ്ട് ഉണ്ടായതാണെന്ന് പ്രചരിപ്പിക്കാൻ ശ്രമിച്ചതും ഇതേ തന്ത്രത്തിന്റെ ഭാഗമായാണ്: “ഞാൻ ഖാൻ യൂനിസിൽ ജോലി ചെയ്യുന്നു, എന്റെ സ്വന്തം കണ്ണുകൊണ്ട് കണ്ടതാണ്. ഹമാസിന്റെ അയ്യാഷ് 250 റോക്കറ്റായിരുന്നു അത്. അൽജസീറ കള്ളം പറയുകയാണ്. ഹമാസ് മിസൈൽ ആശുപത്രിയിൽ പതിക്കുന്നതിന്റെ വിഡിയോ എന്റെ പക്കലുണ്ട്” എന്നായിരുന്നു അവകാശവാദം. ഇങ്ങനെയൊരു ജീവനക്കാരി തങ്ങൾക്കില്ലെന്നു അൽജസീറ വെളിപ്പെടുത്തിയതോടെ എക്സ് ഈ അക്കൗണ്ട് എടുത്തുകളയുകയായിരുന്നു.
നിരവധി വ്യാജ വിഡിയോ ഗെയിം ക്ലിപ്പുകൾ ഹമാസ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്നത് നീക്കുമെന്ന് എക്സ് ഉടമ ഇലോൺ മസ്കിനു നേരിട്ട് പ്രസ്താവിക്കേണ്ടിവന്നിട്ടുണ്ട്. അതുപോലെ, തുർക്കിയ പ്രസിഡന്റ് ഉർദുഗാൻ, ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ സൈനിക ഇടപെടൽ നിർദേശിക്കുന്നതായ വ്യാജ വിഡിയോയും പ്രചരിപ്പിക്കപ്പെട്ടു. ‘ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽനിന്ന് വിട്ടുനിൽക്കാൻ തുർക്കിയ പ്രസിഡന്റ് ഉർദുഗാൻ അമേരിക്കക്കാർക്ക് മുന്നറിയിപ്പ് നൽകുന്നു, “ഞങ്ങൾ എന്ത് വിലകൊടുത്തും ഫലസ്തീനെ സംരക്ഷിക്കും”, എന്നായിരുന്നു ആ വിഡിയോയുടെ അടിക്കുറിപ്പായി നൽകിയത്. യഥാർഥത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഉർദുഗാൻ 2023 ജൂലൈയിൽ ഫലസ്തീനിയൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തുന്നതിന് മുമ്പ് നടത്തിയ ടെലിവിഷൻ കോൺഫറൻസിന്റെ ക്ലിപ്പായിരുന്നു അത്. അദ്ദേഹം യഥാർഥത്തിൽ പറഞ്ഞത്, കുടിയേറ്റക്കാരുടെ അക്രമത്തിൽ താൻ ആശങ്കാകുലനാണെന്നും ജീവൻ നഷ്ടപ്പെട്ട ഫലസ്തീൻ സഹോദരങ്ങൾക്ക് ദൈവത്തിന്റെ കരുണ ഉണ്ടാവട്ടെ എന്നുമായിരുന്നു.
ഖത്തർ അമീറിനെക്കുറിച്ചുള്ള തെറ്റായ വിഡിയോ രണ്ടു രീതിയിലാണ് പ്രചരിപ്പിക്കപ്പെട്ടത്. ഇന്ത്യയിൽ അത്, ഇന്ത്യൻ മുസ്ലിംകൾ യഥാർഥ മുസ്ലിംകൾ അല്ലെന്നു അദ്ദേഹം പറയുന്നു എന്ന രീതിയിലായിരുന്നു. ഇന്ത്യക്കുപുറത്ത് അത് പ്രചരിപ്പിച്ചത്, ലോകത്തിലെ പ്രകൃതിവാതക വിതരണം നിർത്തലാക്കുമെന്ന് ഖത്തർ അമീർ ഭീഷണിപ്പെടുത്തിയതായി പറഞ്ഞുകൊണ്ടായിരുന്നു. ദോഹ ഫോറത്തിൽ 2017ൽ അദ്ദേഹം യഥാർഥത്തിൽ പറയുന്നത്, ‘ഫലസ്തീൻ പ്രശ്നം വേരോടെ പിഴുതെറിയപ്പെട്ട ഒരു ജനതയുടെ പ്രശ്നമാണ്’ എന്നും ‘അവർ അവരുടെ ഭൂമിയിൽനിന്നും അവരുടെ ജന്മനാട്ടിൽനിന്നും കുടിയിറക്കപ്പെട്ടവരാണ്’ എന്നുമായിരുന്നു. യുക്രെയ്ൻ ഹമാസിന് ആയുധങ്ങൾ നൽകുന്നുവെന്ന ഫാബ്രിക്കേറ്റഡ് ബി.ബി.സി ന്യൂസ് റിപ്പോർട്ട് ഉണ്ടാക്കിയത് റഷ്യ ഫലസ്തീൻ വിമോചനത്തിനുനൽകുന്ന പിന്തുണക്ക് വിള്ളലുണ്ടാക്കുക എന്ന പ്രത്യേക ലക്ഷ്യം മുൻനിർത്തിയായിരുന്നു. അതുപോലെ ഹമാസ് പോരാളികൾ പാരാഗ്ലൈഡറുകൾ ഉപയോഗിക്കുന്നത് തെറ്റായി ചിത്രീകരിച്ച വിഡിയോ പഴയൊരു ഈജിപ്ഷ്യൻ സ്പോർട്സ് ക്ലിപ്പായിരുന്നു. ഹമാസിന്റെ ‘ക്രൂരത’ വെളിവാക്കാനാണ് ഇത് വ്യാപകമായി ഉപയോഗിച്ചത്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ആണവയുദ്ധത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു പഴയ വിഡിയോ, ഇസ്രായേൽ-ഹമാസ് സംഘർഷത്തിനിടയിൽ ഫലസ്തീന് തന്റെ പിന്തുണ പ്രഖ്യാപിക്കുന്നതായി പ്രചരിപ്പിച്ചത് യൂറോപ്പിലെ റഷ്യൻ വിരുദ്ധതയിൽനിന്ന് മുതലെടുക്കാനായിരുന്നു. സംഘർഷത്തിൽ ഇടപെടരുതെന്ന് അമേരിക്കക്ക് പുടിൻ മുന്നറിയിപ്പ് നൽകുന്നു എന്ന് അവകാശപ്പെട്ട വിഡിയോ 2022 ഡിസംബറിൽ ആണവയുദ്ധത്തിന്റെ ഭീഷണിയെക്കുറിച്ച് പുടിൻ സംസാരിക്കുന്നതാണ്. ഇതിലദ്ദേഹം ഇസ്രായേലിനെയോ ഫലസ്തീനിനെയോ പരാമർശിക്കുന്നു പോലുമില്ല. ഇരുഭാഗത്തുനിന്നും വ്യാജ പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് സത്യമാവുമ്പോൾപോലും, ഫലസ്തീനും ഹമാസിനുമെതിരെ നടക്കുന്ന സത്യാനന്തരയുദ്ധം സമാന്തരങ്ങളില്ലാത്ത അപവാദ വ്യവസായം തന്നെയാണെന്നു മനസ്സിലാക്കാൻ വിഷമമില്ല.
അമേരിക്ക ഇറാഖിനെ ആക്രമിച്ചപ്പോൾ ആ യുദ്ധം യഥാർഥത്തിൽ യുദ്ധമല്ല, മറിച്ച് യുദ്ധമായി തെറ്റിദ്ധരിപ്പിക്കപ്പെടുന്ന അമേരിക്കൻ ക്രൂരത മാത്രമാണെന്ന് ഫ്രഞ്ച് ചിന്തകനായ ബദ്രിയാർ വാദിച്ചിരുന്നു. ‘The Gulf War Did Not Take Place’ എന്ന് 1991ൽ അദ്ദേഹമെഴുതി. അതിശക്തമായ വ്യോമശക്തി ഉപയോഗിച്ച്, അമേരിക്കൻ സൈന്യം ഇറാഖി സൈന്യവുമായി നേരിട്ട് യുദ്ധംചെയ്യാതെ, ഇറാഖി മരണങ്ങളെക്കുറിച്ചുള്ള വാർത്തകൾ ലോകത്തിനുനൽകാതെ, ‘‘യഥാർഥത്തിൽ ഒരു യുദ്ധം നടക്കുന്നില്ല’’ എന്ന തോന്നൽ ഉളവാക്കാൻ പര്യാപ്തമായ രീതിയിൽ പ്രചാരണ ചിത്രങ്ങളുടെ രൂപത്തിൽ യുദ്ധത്തിന്റെ ഒരു പ്രതിനിധാനം നിർമിക്കാൻ ശ്രമിച്ചതിനെക്കുറിച്ചായിരുന്നു അദ്ദേഹം എഴുതിയത്. യഥാർഥ സംഭവങ്ങൾക്കു പകരം, അവയുടെ തെറ്റായ പ്രതിനിധാനങ്ങൾ പ്രതിഷ്ഠിക്കാനാണ് അമേരിക്ക ശ്രമിച്ചത്. ഇപ്പോൾ നടക്കുന്ന ഹമാസ്-ഇസ്രായേൽ യുദ്ധത്തിൽ ഇസ്രായേൽ ശ്രമിക്കുന്നതും ഇതിനുതന്നെയാണ്. സത്യാനന്തര വാർത്തകളുടെ കുത്തൊഴുക്കിൽ തങ്ങളുടെ ചോരക്കളിക്കു മറതീർക്കാനാണ് ഇസ്രായേൽ ഹതാശമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.