സിംഹത്തിനും കടുവക്കും പുലിക്കുമൊപ്പം ഇന്ത്യൻ വനപ്രദേശങ്ങളിൽ വിഹരിച്ചിരുന്നവരാണ് ചീറ്റപ്പുലികളും. മുഗൾ ചക്രവർത്തിയായ അക്ബർ ആയിരത്തോളം ചീറ്റപ്പുലികളെ കൊട്ടാരത്തിൽ സംരക്ഷിച്ചിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തും ഇന്ത്യയിൽ ചീറ്റകൾ അധിവസിച്ചിരുന്നു. എന്നാൽ, ഒരു നൂറ്റാണ്ടിനിടെ കരയിൽ ഏറ്റവും വേഗത്തിൽ സഞ്ചരിക്കാൻ കഴിവുള്ള ജീവിയായ ചീറ്റപ്പുലിയെ ഇന്ത്യക്ക് നഷ്ടമായി. 1952ൽ ഇന്ത്യൻ ചീറ്റക്ക് വംശനാശം സംഭവിച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ വീണ്ടെടുക്കുന്നതിനായി പ്രോജക്ട് ചീറ്റയുടെ ഭാഗമായി സെപ്റ്റംബർ 17ന് രാജ്യത്ത് എട്ടു ചീറ്റപ്പുലികൾ വീണ്ടുമെത്തി.
85 ലക്ഷം വർഷങ്ങൾക്ക് മുമ്പുതന്നെ മാർജാര വിഭാഗത്തിൽപെട്ട ചീറ്റപ്പുലികൾ ജീവിച്ചിരുന്നതായി കണക്കാക്കുന്നു. ആഫ്രിക്ക, അറേബ്യ, ഏഷ്യ എന്നിവയായിരുന്നു ഇവയുടെ പ്രധാന വാസകേന്ദ്രം. നിലവിൽ ആഫ്രിക്കയിലും ഇറാനിലുമാണ് ഇവയെ കാണാൻ സാധിക്കുക. കഴിഞ്ഞ നാലു പതിറ്റാണ്ടായി ചീറ്റകളുടെ എണ്ണം ഭൂമുഖത്ത് 7000ത്തിൽ താഴെയായതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഇറാനിൽ വെറും 12 ചീറ്റപ്പുലികൾ മാത്രം അവശേഷിക്കുന്നതായാണ് കണക്ക്.
70 വർഷത്തിനുശേഷം എട്ടു ചീറ്റപ്പുലികളാണ് ഇന്ത്യയിലെത്തിയത്. ആഫ്രിക്കൻ രാജ്യമായ നമീബിയയിൽനിന്നാണ് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് ഇവയെ എത്തിച്ചത്. കേന്ദ്രസർക്കാറിന്റെ പ്രോജക്ട് ചീറ്റ ദൗത്യത്തിന്റെ ഭാഗമായാണ് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. ഇതിൽ രണ്ട് -അഞ്ച് വയസ്സുവരുന്ന അഞ്ച് പെൺചീറ്റകളും നാലര -അഞ്ചര വയസ്സുവരുന്ന മൂന്ന് ആൺചീറ്റകളും ഉൾപ്പെടും.
വംശനാശം സംഭവിച്ച് ഏഷ്യൻ ചീറ്റക്ക് പകരം ആഫ്രിക്കൻ ചീറ്റയാണ് ഇനി കുനോ വന്യജീവിസങ്കേതത്തിൽ വിഹരിക്കുക. ഇന്ത്യയിലുണ്ടായിരുന്ന ഏഷ്യൻ ചീറ്റകൾ ഇപ്പോൾ ഇറാനിൽ മാത്രമാണുള്ളത്. 1970കളിൽ ഇറാനിൽനിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും അവ പരാജയപ്പെട്ടു. ചീറ്റകളുടെ എണ്ണത്തിൽ അവിടെയും വൻ കുറവുവന്നതാണ് ഇതിന്റെ പ്രധാന കാരണം. ഇതിനുശേഷമാണ് ആഫ്രിക്കൻ ചീറ്റകളെ നമീബിയയിൽനിന്ന് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചത്. ഒരുകാലത്ത് ഇന്ത്യൻ വനപ്രദേശങ്ങളിൽ വിഹരിച്ചിരുന്ന ചീറ്റകളെ തിരിച്ചെത്തിച്ച് ആവാസവ്യവസ്ഥ തിരികെ കൊണ്ടുവരുകയാണ് ലക്ഷ്യം. ഒപ്പം ചീറ്റകളുടെ സംരക്ഷണവും.
മുഗൾ ഭരണകാലത്ത് മധ്യേന്ത്യയിലെ വനങ്ങളിൽ ചീറ്റപ്പുലികൾ അധിവസിച്ചതായി പറയുന്നു. അക്ബറിന്റെയും ജഹാംഗീറിന്റെയും ഭരണകാലത്ത് ചീറ്റപ്പുലികളെ വൻതോതിൽ വേട്ടയാടാനായി ഉപയോഗിച്ചിരുന്നു. കൊട്ടാരത്തിൽ മറ്റു വളർത്തുമൃഗങ്ങളെപ്പോലെയായിരുന്നു അവയുടെ പരിപാലനം. ടിപ്പു സുൽത്താൻ 16 ചീറ്റകളെ വളർത്തിയിരുന്നതായാണ് രേഖകൾ. ടിപ്പുവിന്റെ പതനത്തിനുശേഷം ഇതിൽ മൂന്നെണ്ണത്തിനെ ഇംഗ്ലണ്ടിലേക്ക് കയറ്റിയയച്ചു. പിന്നീട് ബ്രിട്ടീഷുകാരുടെ ഭരണകാലത്തും ചീറ്റകൾ വൻതോതിൽ വേട്ടയാടപ്പെട്ടിരുന്നു. ചീറ്റകളെ കൊല്ലുന്നവർക്ക് ബ്രിട്ടീഷ് സർക്കാർ പ്രതിഫലമായി പണവും നൽകിപ്പോന്നു. ഇപ്പോഴത്തെ ഛത്തിസ്ഗഢിലെ കൊറിയ എന്ന ചെറുരാജ്യത്തെ രാജാവായിരുന്ന രാമാനുജ് പ്രതാപ് സിങ് ദേവാണ് ഇന്ത്യയിൽ അവസാനമായി ചീറ്റകളെ വേട്ടയാടി കൊന്നത്. 1947ലാണ് സംഭവം. അവശേഷിച്ചിരുന്ന മൂന്ന് ചീറ്റപ്പുലികളെ വെടിവെച്ചുവെച്ചുവീഴ്ത്തിയതിന് ശേഷമുള്ള ചിത്രവും പുറത്തുവന്നിരുന്നു. മൂന്നുചീറ്റകളെ വെടിവെച്ചുകൊന്നശേഷം ഫോട്ടോക്ക് പോസ് ചെയ്യുന്ന രാജാവിന്റെ ചിത്രം രാമാനുജിന്റെ പ്രൈവറ്റ് സെക്രട്ടറിയിൽനിന്നാണ് വന്യജീവി ഗവേഷണ സംഘടനയായ ബോംബെ നാചുറൽ ഹിസ്റ്ററി സൊസൈറ്റിക്ക് ലഭിക്കുന്നത്. പിന്നീട് 1952ൽ ഇന്ത്യൻചീറ്റക്ക് വംശനാശം സംഭവിച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
കൊളോണിയൽ ഇന്ത്യയിൽ ചീറ്റകളെ വേട്ടയാടുന്നത് ഒരു കായികവിനോദമായിരുന്നു. ഇതുതന്നെയാണ് ചീറ്റകളുടെ വംശനാശത്തിലേക്ക് നയിച്ചതിന്റെ പ്രധാന കാരണവും. അതിനൊപ്പം വനപ്രദേശങ്ങളോട് ചേർന്ന ഗ്രാമങ്ങളിലെ കന്നുകാലികളെ ചീറ്റകൾ ഇരയാക്കിയിരുന്നു. പ്രധാനമായും ആടിനെയും ചെമ്മരിയാടിനെയുമാണ് ഇവ ഇരയാക്കിയിരുന്നത്.ഇതോടെ ഗ്രാമവാസികളും ചീറ്റകളെ വൻതോതിൽ കൊലപ്പെടുത്താൻ തുടങ്ങി. ഇത്തരത്തിൽ ഇന്ത്യയിൽ 200ഓളം ചീറ്റകൾ കൊല്ലപ്പെട്ടതായാണ് കണക്ക്. കൂടാതെ ആവാസവ്യവസ്ഥയും ചീറ്റകൾക്ക് പ്രതികൂലമായി. ഇടതൂർന്ന ഉൾവനങ്ങളായിരുന്നില്ല ചീറ്റകളുടെ ആവാസകേന്ദ്രം. പുൽമേടുകളും കുറ്റിച്ചെടികൾ നിറഞ്ഞ നിരപ്പുകളും പാറപ്രദേശങ്ങളും കുന്നിൻപുറങ്ങളുമായിരുന്നു ഇവയുടെ വാസസ്ഥലം. മണിക്കൂറിൽ 70 മൈൽ വേഗത്തിൽ ഓടിച്ചിട്ട് ഇരയെ പിടിക്കാൻ സാധിക്കുന്നവയായതിനാൽ തുറസ്സായ സ്ഥലങ്ങളായിരുന്നു ഇവക്ക് ആവശ്യം. ഇത്തരം തുറസ്സായ സ്ഥലങ്ങൾ കൃഷിയിടങ്ങളായി മാറ്റിയതും മനുഷ്യൻ വാസത്തിനായി തിരഞ്ഞെടുത്തതും ഇവയുടെ ആവാസകേന്ദ്രം തകർക്കപ്പെടാനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.