ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ചരിത്രത്തിലെ ഏറ്റവും വലിയ യുവജന - വിദ്യാര്‍ഥി പ്രക്ഷോഭത്തിന് തമിഴകം സാക്ഷിയാകുന്നു. ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിന് ശേഷം അമ്പത് വര്‍ഷത്തിനിടെ തമിഴകം കണ്ട മുന്നേറ്റത്തില്‍ പരമ്പരാഗത ദ്രാവിഡ പ്രസ്ഥാനങ്ങളെ മറികടന്ന് നിശ്ചിത നേതൃത്വമില്ലാതെ സാമൂഹ്യ മാധ്യമ കൂട്ടായ്മകളിലൂടെയാണ് യുവജനങ്ങള്‍ സംഘടിച്ചിരിക്കുന്നത്. തമിഴനെന്നു സൊല്ലെടാ... തലയുയർത്തി നില്ലെടാ...’ തുടങ്ങി മറീനയിൽ അലയടിക്കുന്നത് യുവാക്കളുടെ ഉശിരുള്ള മുദ്രാവാക്യങ്ങളാണ്.
പൊങ്കലിന് മുമ്പായി ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്ന് സംസ്ഥാന സര്‍ക്കാരിൻെറ ഹര്‍ജി സുപ്രീംകോടതി തള്ളിക്കളഞ്ഞതോടെ ഇക്കഴിഞ്ഞ പത്താം തീയതി മുതല്‍ തുടങ്ങിയ വിദ്യാര്‍ഥി പ്രക്ഷോഭം ഇന്നലെ സംസ്ഥാനത്തെങ്ങും കത്തി പടരുകയായിരുന്നു. ക്ളാസുകള്‍ ബഹിഷ്കരിച്ച് കോളജ് വിദ്യാര്‍ഥികളാണ് സമര രംഗത്തുള്ളത്. ബുധനാഴ്ച്ച രാവിലെ മുതല്‍ ചെറു ജങ്ഷനുകളില്‍ സംഘടിച്ച് ധര്‍ണ്ണ നടത്തിയ സമരക്കാര്‍ വൈകുന്നേരത്തോടെ ഒരുമിച്ച് കൂടുകയായിരുന്നു. അക്രമത്തിലേക്ക് നീങ്ങാതെയും ജനജീവിതത്തെ ബാധിക്കാതെയും സമാധാനപരമായാണ് സമരം മുന്നോട്ട്പോകുന്നത്. മദ്രാസ്, അണ്ണാ, സത്യഭാമ, ഡോ.എം.ജി.ആര്‍, സവിതാ സര്‍വകാശാശാലകളിലെ വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തില്‍ സജീവമാണ്. ജെല്ലിക്കെട്ടിന്‍െറ കേന്ദ്രമായ മധുര അളകാനെല്ലൂരില്‍ ഉള്‍പ്പെടെ തമിഴകത്തിന്‍െറ തെക്കന്‍ ജില്ലകളില്‍ തുടങ്ങിയ സമരം പിന്നീട് യുവജനങ്ങളും വിദ്യാര്‍ഥികളും ഏറ്റെടുക്കുകയായിരുന്നു.
ചെന്നൈ മറീനാ ബീച്ചില്‍ രാത്രി വൈകിയും പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന പ്രക്ഷോഭകര്‍ തമ്പടിച്ചിരിക്കുകയാണ്. അമ്പതിനായിരം പേരോളം ഇവിടെ തടിച്ചുകൂടിയിട്ടുണ്ട്. സംസ്ഥാനത്തിന്‍െറ വിവിധ കേന്ദ്രങ്ങളില്‍ പ്രക്ഷോഭകര്‍ രാത്രി വൈകിയും തെരുവുകളില്‍ തമ്പടിച്ചിരിക്കുകയാണ്. മധുര അളകാനല്ലൂരില്‍ നാലുദിവസമായി നിരാഹാര സമരം തുടരുകയാണ്. വെല്ലൂര്‍, കൃഷ്ണഗിരി, തിരുച്ചിറപ്പള്ളി, ദിണ്ഡികല്‍, പുതുക്കോട്ടൈ, തിരുപ്പൂര്‍, നാമക്കല്‍ , സേലം , കോയമ്പത്തൂര്‍ , കാഞ്ചീപുരം, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി തുടങ്ങിയ പ്രദേശങ്ങളിലും സമരം വ്യാപിച്ചിട്ടുണ്ട്. ജെല്ലിക്കെട്ടിന് അനുമതി നല്‍കും വരെ പിരിഞ്ഞുപോകില്ലെന്നാണ് സംസ്ഥാനമെങ്ങും സംഘടിച്ചിരിക്കുന്ന പ്രക്ഷോഭകരുടെ നിലപാട്. ജെല്ലിക്കെട്ട് നിരോധനത്തിലേക്ക് എത്തിയ കേസ് നയിച്ച മൃഗസ്നേഹി സംഘടനായായ പെറ്റയെ നിരോധിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനം ചൂണ്ടിക്കാട്ടി പിരിഞ്ഞുപോകണമെന്ന് പൊലീസിന്‍െറ അഭ്യര്‍ഥന സമരക്കാര്‍ തള്ളികളഞ്ഞിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ഡി.ജയകുമാറും മാഫോയ് കെ.പാണ്ഡ്യരാജനും സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. സമരം അക്രമത്തിലേക്ക് നീങ്ങാതിരിക്കാന്‍ പൊലീസ് മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നും തമിഴ്നാട്ടിലേക്കുള്ള വാഹനങ്ങള്‍ക്ക് അതിര്‍ത്തികളില്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിവരുന്നു.
അതേ സമയം സമരത്തിന് സംസ്ഥാന സര്‍ക്കാരിന്‍െറ മൗനാനുവാദമുണ്ട്. വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി പൊതു ജനങ്ങളും രംഗത്തുണ്ട്. ഡി.എം.കെ ഉള്‍പ്പെടെ വിവിധ പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സിനിമാ നടന്‍മാരുടെ സംഘടനയായ തെന്നിന്ത്യന്‍ നടികര്‍ സംഘം , അഭിഭാഷക , സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്.
സംസ്ഥാന പ്രതിപക്ഷ നേതാവും ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്‍റുമായ എം.കെ സ്റ്റാലിന്‍, സമത്വമക്കള്‍ കക്ഷി നേതാവും സിനിമാ നടനുമായ ശരത് കുമാര്‍ തുടങ്ങിയവര്‍ മറീനാബീച്ചില്‍ നേരിട്ടത്തെി പിന്തുണ അറിയിച്ചിട്ടുണ്ട്. നടന്‍മാരായ രജനീകാന്ത്, കമല്‍ഹാസന്‍, രാഷ്ട്രീയ പാര്‍ട്ടി നേതാവ് കൂടിയായ വിജയകാന്ത്, വിജയ്, ആര്യ തുടങ്ങിയവര്‍ മുമ്പ് തന്നെ ജെല്ലിക്കെട്ടിനായി രംഗത്തുണ്ട്.
മത–രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം തമിഴ് വംശീയത ഉയർത്തിപ്പിടിക്കുന്ന രീതിയിലാണ് പ്രക്ഷോഭം മുന്നോട്ട് നീങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.