കുഷ്​നറുടെ പശ്​ചിമേഷ്യൻ പദ്ധതിയും ട്രംപി​െൻറ സ്വപ്​നങ്ങളും

അടുത്തെങ്ങും അവസാനിക്കുമെന്ന്​ പ്രതീക്ഷയില്ലാത്ത ഫലസ്​തീൻ പ്രശ്​നം അടിയന്തരമായി പരിഹരിച്ചേ അടങ്ങൂ എന്ന്​ തീരുമാനിച്ചുറച്ച്​​ വൈറ്റ്​ഹൗസ്​ ഉപദേശകനും സർവോപരി യു.എസ്​ പ്രസിഡൻറ്​ ട്രംപി​​​െൻറ മരുമകനുമായ ജാരെദ്​ കുഷ ്​നർ തയാറാക്കിയ 136 പേജ്​ വരുന്ന ‘മിഡിലീസ്​റ്റ്​ പ്ലാ​ൻ ഒന്നാം പർവ’മായിരുന്നു മനാമയിൽ ബുധനാഴ്​ച സമാപിച്ച അന്താ രാഷ്​ട്ര സമ്മേളനത്തി​​​െൻറ പ്രമേയം. യു.എസും ബഹ്​റൈനും ചേർന്ന്​ ആഘോഷപൂർവം ഒരുക്കിയ സമ്മേളനത്തി​ൽ സൗദിയും യു. എ.ഇയും കഴിഞ്ഞാൽ പങ്കാളികളുടെ സാന്നിധ്യത്തേക്കാൾ അസാന്നിധ്യമായിരുന്നു ലോകമറിഞ്ഞത്​. വിഷയം ഫലസ്​തീനും ഇസ്രാ യേലുമായിട്ടും ഇവരിൽ ഒരാൾ ബഹിഷ്​കരിച്ചും മറ്റൊരാൾ വിളിക്കപ്പെടാതെയും വിട്ടുനിന്നു. ജോർദാൻ പോലെ ചില രാജ്യങ ്ങൾ പാവം ഗുമസ്​തരെ വിട്ട്​ കടപ്പാട്​ തീർത്തു. അങ്ങനെ, നിസ്സഹകരണം പറയാതെ പറഞ്ഞു. എന്നിട്ടും, രണ്ടു ദിവസത്തെ പരിപ ാടിയുടെ തുടക്കത്തിൽ കുഷ്​നർ പറഞ്ഞത്​, ഇത്​ നൂറ്റാണ്ടി​​​െൻറ പദ്ധതിയെന്നായിരുന്നു. സത്യത്തിൽ എന്താണാവോ അദ്ദ േഹം ഉദ്ദേശിച്ചത്​?

വാഗ്​ദാനം മോഹനം; യാഥാർഥ്യം ഭീതിദം
പതിറ്റാണ്ടുകളായി ഭീതിദമായ നീതിനിഷേധത്തി​​​െൻറ ഇരകളാണ്​ ഫലസ്​തീ നികൾ. യു.എസി​​​െൻറ നിർലോഭ പിന്തുണയോടെ ഇസ്രയേൽ ഇടവിട്ട്​ നടത്തിയ അധിനിവേശങ്ങൾ വഴി അവന്​ നഷ്​ടപ്പെട്ടത്​ വില പ്പെട്ട അനേകായിരം ജീവനുകൾ മാത്രമല്ല, കാലങ്ങളായി കൈവശം വെച്ച മണ്ണുകൂടിയാണ്​. ഒാരോ ദിനവും പ്രഖ്യാപിക്കപ്പെടുന ്ന പുതിയ ജൂത പാർപ്പിടങ്ങൾ കൊണ്ടുപോയത്​ അവൻ പിറന്ന, ജീവിച്ച ഭൂമിയാണ്​. ആശുപത്രികളിൽ അവശ്യ മരുന്നുകൾ പോലും നി ഷേധിക്കപ്പെട്ടവർ. ഏതുസമയവും ആകാശത്തുനിന്ന്​ പതിക്കാവുന്ന മിസൈലുകളും നിരത്തുഭരിക്കുന്ന പട്ടാളവും നീട്ടിനൽക ുന്ന ആയുസ്സി​​​െൻറ ബലത്തിൽ കഴിയുന്നവർ. രാജ്യമായി അംഗീകരിക്കപ്പെട്ടിട്ടും സ്വന്തമായി സുരക്ഷാ സേന ഫലസ്​തീനിക ്ക്​​ ആർഭാടമാണ്​. വിമാനത്താവളം പേരിന്​ പോലും ഇസ്രായേൽ അനുവദിച്ചിട്ടില്ല. സാമ്പത്തിക സ്രോതസ്സുകൾ എന്നേ തകർ ന്നു തരിപ്പണമായ നാടിന്​ പുറത്തുനിന്ന്​ എത്തുന്ന ഫണ്ട്​ ഇസ്രായേൽ കൊണ്ടുപോകുക കൂടി ചെയ്യുന്നതോടെ എന്താകും അവസ്​ഥയെന്ന്​ ഉൗഹിക്കാവുന്നതേയുള്ളൂ. ജറൂസലം ആസ്​ഥാനമായി ജൂത രാഷ്​ട്രം ഉഗ്രപ്രതാപത്തോടെ വാഴുന്നത്​ കാണാൻ വഴിയൊരുക്കി തലസ്​ഥാനമാറ്റത്തിന്​ ട്രംപ്​ പച്ചക്കൊടി കാട്ടിയിട്ട്​ ഏറെയായില്ല. എന്നു വെച്ചാൽ, ഫലസ്​തീൻ പ്രശ്​നത്തി​​​െൻറ ഭീകരത ട്രംപിനോ പുന്നാര മരുമകനോ അറിയാഞ്ഞല്ല.

ലോകത്തെ ഏറ്റവും വലിയ ‘ഘെറ്റോകളി’ൽ രാപ്പാർക്കുന്നവർക്ക്​ തുല്യതയില്ലാത്ത സൗകര്യങ്ങളും സംവിധാനങ്ങളും അടിസ്​ഥാന മേഖലയിൽ വാഗ്​ദാനം ചെയ്​താണ്​ ജൂൺ 22ന്​ കുഷ്​നർ ‘മിഡിലീസ്​റ്റ്​ പ്ലാ​ൻ’ അവതരിപ്പിക്കുന്നത്​. സ്വകാര്യ മേഖലയെ പ്രോൽസാഹിപ്പിക്കുക (മഹാദാരി​ദ്ര്യം വേട്ടയാടുന്ന നാട്ടിൽ ഉള്ളത്​ കൂടി ഉൗറ്റിയെടുക്കാൻ ഇസ്രായേലി ദല്ലാളുമാരെ ഇറക്കുമതി ​െചയ്യാൻ പുത്തൻ വഴികൾ തേടുകയാകണം), 5ജി, എൽ.ടി.ഇ ​സൗകര്യങ്ങൾ ​െമാ​ൈബൽ സേവനങ്ങൾക്ക്​ നടപ്പാക്കുക (3ജി സേവനം പോലും 2018ലാണ്​ ഇസ്രായേൽ അനുവദിച്ചത്​), ഗസ്സയെയും വെസ്​റ്റ്​ ബാങ്കിനെയും ദുബൈ, സിംഗപ്പൂർ നഗരങ്ങൾ പോലെ ആഗോള ടൂറിസം ആസ്​ഥാനങ്ങളായി വികസിപ്പിക്കുക (അവിടങ്ങളിൽ എയർപോർട്ടുകൾ ഒന്നിലേറെയുണ്ട്​^ ഇവിടെ അടുത്തെങ്ങും ഒരു ചെറുത്​ പോലും ഉണ്ടാകാനിടയില്ല), വിദ്യാഭ്യാസ രംഗം നവീകരിക്കാൻ ഒാൺലൈൻ പ്ലാറ്റ്​ഫോമുകൾ പ്രോൽസാഹിപ്പിക്കുക (ഉള്ള വിദ്യാലയങ്ങളിലേറെയും അഭയാർഥി ക്യാമ്പുകളാണിവിടം), ആരോഗ്യ രംഗം ആധുനികവത്​കരിക്കുക (ആശുപത്രികളിലേറെയും തകർത്ത ​ഇസ്രായേലീ ബോംബുകളിൽ ചിലത്​ യൂറോപും അമേരിക്കയും ദാനം ചെയ്​തവയാണ്​), സാംസ്​കാരിക സ്​ഥാപനങ്ങൾ തുടങ്ങുക.... എണ്ണമറ്റ നിർദേശങ്ങളിൽ പലതും ചിരിയും ചിന്തയും ഒന്നിച്ച്​ നൽകുന്നവ​.

5000 കോടി ഡോളർ ചെലവിട്ട്​ 10 കൊല്ലം കൊണ്ട്​ ഗസ്സയുടെയും വെസ്​റ്റ്​ ബാങ്കി​​​െൻറയും എല്ലാ പ്രശ്​നങ്ങളും ഞാൻ തീർത്തുതരാമെന്നാണ്​ കുഷ്​നറുടെ അവകാശവാദം. അസ്​തിത്വപരമായി ഒരു സമൂഹം പതിറ്റാണ്ടുകളായി എരിതീയിൽ ഉരുകുന്നതല്ല പ്രശ്​നം, മറിച്ച്​, ലോകത്തെ ഏതു ദരിദ്ര രാജ്യവും അനുഭവിക്കുന്ന വികസന രാഹിത്യം മാത്രമാണെന്ന കാഴ്​ചപ്പാട്​ എങ്ങനെയുണ്ടായെന്നറിയണമെങ്കിൽ ട്രംപും വൈറ്റ്​ഹൗസും അടുത്തിടെ സ്വീകരിച്ച ചില നടപടികൾ കൂടി ചേർത്തുവായിക്കണം.


എല്ലാം രാഷ്​ട്രീയമാണ്​, ​പക്ഷേ, രാഷ്​ട്രീയം മിണ്ടരുത്​
അമേരിക്ക പുതിയൊരു ​പ്രസിഡൻറ്​ തെരഞ്ഞെടുപ്പിനരികെയാണ്​. രണ്ടാമൂഴത്തിന്​ ട്രംപ്​ മൽസര രംഗത്തുണ്ട്​ താനും. നാട്ടുകാർക്കും അയൽക്കാർക്കും​ ചെയ്​തുകൊടുക്കാത്തതാണ്​​ ചുരുങ്ങിയ കാലയളവിൽ ഇസ്രായേലിനായി ട്രംപ്​ ഭരണകൂടം ചെയ്​തുകൊടുത്തത്​​. ഭരണമേറി 18 മാസം തികയും മുമ്പ്​​ അവിഭക്​ത ജറൂസലം ഇസ്രായേലി​​​െൻറ തലസ്​ഥാനമായി യു.എസ്​ അംഗീകരിച്ചു​, യുദ്ധകാലാടിസ്​ഥാനത്തിൽ നിർമാണം പൂർത്തിയാക്കി എംബസി മാറ്റവും പൂർത്തിയാക്കി​. മറുവശത്ത്​, ഇസ്രായേലി​​​െൻറ താൽപര്യാർഥം ഗസ്സയിലും റാമല്ലയിലുമുണ്ടായിരുന്ന യു.എസ്​ നയതന്ത്രകാര്യാലയങ്ങൾ അടച്ചുപൂട്ടി. യു.എസ്​ കാലങ്ങളായി ഫലസ്​തീനികൾക്ക്​ നൽകിവന്ന സാമ്പത്തിക സഹായവും നിർത്തലാക്കി. അധിനിവിഷ്​ട ഭൂമിയായ ജൂലാൻ കുന്നുകളിൽ (52 വർഷം മുമ്പ്​ സിറിയയിൽനിന്ന്​ പിട​ിച്ചെടുത്തത്​) പുതിയതായി ബിൻയമിൻ നെതന്യാഹു ഉദ്​ഘാടനം ചെയ്​ത കുടിയേറ്റ ഭവന പദ്ധതികളിലൊന്നിന്​ ട്രംപി​​​െൻറ പേര്​​ (ട്രംപ്​ ഹൈറ്റ്​സ്​) കിട്ടിയത്​ ഉപകാര സ്​മരണ​യെന്ന നിലക്കാണ്​. ഇസ്രായേലിലെ തീവ്ര വലതുപക്ഷം സ്വപ്​നം കാണുന്നതെന്തും നടപ്പാക്കുമെന്ന സന്ദേശമാണ്​ ട്രംപ്​ ഭരിക്കുന്ന വൈറ്റ്​ഹൗസ്​ നൽകിക്കൊണ്ടിരിക്കുന്നതെന്ന്​ ചുരുക്കം.

അതിനിടെയാണ്​ പശ്​ചിമേഷ്യയിൽ സമാധാനത്തി​​​െൻറ പൂക്കാലം പുലരുമെന്ന വാഗ്​ദാനത്തോടെ മരുമകൻ എത്തുന്നത്​. ഫലസ്​തീനി കാലങ്ങളായി മുന്നോട്ടുവെക്കുന്ന ‘ഭൂമി വിട്ടുനൽകി സമാധാനം’ എന്ന ആശയത്തിനു പകരം ‘വികസനം വഴി സമാധാന’ത്തിലേക്ക്​ മാറണമെന്ന്​ അദ്ദേഹത്തി​​​െൻറ പുതിയ തിട്ടൂരം. ഇതുകൂടി സ്വീകരിക്കാനില്ലെങ്കിൽ ഇനിയൊരു സമാധാനമില്ലെന്ന ഭീഷണി കൂടി ഇതിലുണ്ടോ എന്ന ആശങ്കയുമുണ്ട്​.

സമാധാന പദ്ധതിയുടെ ഒന്നാം ഘട്ടമേ ആയുള്ളൂവെന്നും രാഷ്​ട്രീയ പരിഹാരം രണ്ടാം പർവമായിരിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്​. അതാക​െട്ട, വൈകുമെന്നുറപ്പാണ്​. ഇസ്രായേലിൽ നെതന്യാഹു തെരഞ്ഞെടുപ്പ്​ ജയിച്ചിട്ടും ഇനിയും സർക്കാർ രൂപവത്​കരണം സാധ്യമായിട്ടില്ല. സെപ്​റ്റംബറിൽ വീണ്ടും തെരഞ്ഞെടുപ്പ്​ പൂർത്തിയായി പുതിയ സർക്കാർ അധികാരമേറണം. അതും കഴിഞ്ഞ്​ ആ സർക്കാറി​​​െൻറ അനുഗ്രഹാശിസ്സുകൾ​ നേടിയ ശേഷമേ കുഷ്​നർ രാഷ്​ട്രീയം മിണ്ടുന്ന രണ്ടാം ഭാഗം ഉണ്ടാകൂ എന്ന്​ ചുരുക്കം.
പശ്​ചിമേഷ്യയിൽ ഏതുതരം പദ്ധതികളും യു.എസ്​ അവതരിപ്പിച്ചത്​ ആവശ്യക്കാർ പണം മുടക്കണം എന്ന നിലക്കാണ്​. പുതിയ സമാധാന കരാറിനും പണം മുടക്കേണ്ടത്​ മറ്റാരുമാകില്ല. ശതകോടികളുടെ പദ്ധതി പ്രഖ്യാപിച്ച്​ സമയക്രമം പറഞ്ഞുകൊടുത്ത്​ കുഷ്​നർ പോകുമെന്നുറപ്പാണ്​. ഇത്രയും ഭീമമായ തുക കലാപത്തീയൊടുങ്ങാത്ത ഫലസ്​തീനിലും അയൽമേഖലകളിലും മുടക്കാൻ ആരു​ണ്ടാകുമെന്നതാണ്​ ചോദ്യം. ചില അറബ്​ രാജ്യങ്ങളും അത്യപൂർവം ചില വ്യവസായികളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അത്​ മുന്നോട്ടുപോകുമോ എന്ന ആശങ്ക സ്വാഭാവികം.

ഫലസ്​തീൻ പ്രശ്​നത്തിന്​ ഏഴു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്​. കൃത്യമായി പറഞ്ഞാൽ 1948 വരെ. അന്നും പിറകെയുമായി​ പുറത്താക്കപ്പെട്ട അര​ക്കോടിയോളം ഫലസ്​തീനികൾ അടുത്തും അകലെയുമായി വിവിധ രാജ്യങ്ങളിൽ അഭയാർഥികളായുണ്ട്​. മറുവശത്ത്​, വാഗ്​ദത്ത ഭൂമിയെന്നു മോഹിപ്പിച്ച്​​ ഇരട്ടപൗരത്വം നൽകി ഇസ്രായേൽ ഇപ്പോഴും ഫലസ്​തീൻ മണ്ണിൽ അന്യനാട്ടുകാരെ വിളിച്ചുവരുത്തി പാർപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. 1967നു ശേഷമുള്ള എല്ലാ അധിനിവിഷ്​ട ഭൂമികളും തിരിച്ചുനൽകണമെന്ന്​ യു.എസ്​ ഒഴികെ അന്താരാഷ്​ട്ര സമൂഹം നിരന്തരം ഇസ്രായേലിനോട്​ ആഹ്വാനം നടത്തുന്നുണ്ടെങ്കിലും അവർ ചെവികൊള്ളുമെന്ന്​ തോന്നുന്നില്ല.

‘അധിനിവേശത്തിന്​ പരിഹാരം പണമല്ല’
‘ഇസ്രായേൽ അധിനിവേശമെന്ന മുറിയിലെ ആനയെ കണ്ടില്ലെന്നു നടിക്കുന്ന പദ്ധതിയാണിതെന്ന്​ പി.എൽ.ഒ വക്​താവ്​ ഹനാൻ അഷ്​റാവി പറയുന്നത്​ കൂടുതൽ വിശദീകരണം തേടുന്നുണ്ട്​. 1948ൽ യു.എൻ അംഗീകാരത്തോടെ ഇസ്രായേൽ നിലവിൽവന്ന ശേഷം അതിവേഗമാണ്​ ഇസ്രായേൽ ഭൂമി വളർന്നുകൊണ്ടിരുന്നത്​. ഭൂമിശാസ്​ത്രപരമായ അതിർത്തി സംബന്ധിച്ച്​ ലോകത്തിന്​ ചട്ടങ്ങളുണ്ട്​. അനുദിനം ഭൂമി വളച്ചെടുക്കാൻ ഒരു നിയമവും ഒരു രാജ്യത്തെയും അനുവദിക്കുന്നില്ല. എന്നിട്ടും, 160 ലേറെ കുടി​േയറ്റ മേഖലകളാണ്​ 1967നു ശേഷം ഇസ്ര​ായേലിനോട്​ ചേർക്കപ്പെട്ടത്​. അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള മുന്തിയ ഭവന സമുച്ചയങ്ങൾ. പൂർണമായോ ഭാഗികമായോ ഫലസ്​തീനികൾക്ക്​ അവകാശപ്പെട്ട ഭൂമികളിലായിരുന്നു ഇവ പണിതത്​. ഇവിടങ്ങളിൽ മാത്രം ഏഴു ലക്ഷത്തോളം അധിക താസമക്കാരെത്തി. വെസ്​റ്റ്​ ബാങ്കിലെ ‘മുദീൻ ഇല്ലിറ്റി’ൽ മാത്രം 64,000 ഒാളം പേരുണ്ട്​. സ്വന്തമായി യൂനിവേഴ്​സിറ്റികളുള്ള കുടിയേറ്റ മേഖലകൾ വരെ ഇതിലുണ്ട്​. ഫലസ്​തീനിക്ക്​ വിട്ടുനൽകിയ വെസ്​റ്റ്​ ബാങ്കി​​​െൻറ 42 ശതമാനവും ആർക്കും അധികാരം നൽകാത്ത ജറൂസലമി​​​െൻറ 86 ശതമാനവും കൈവശം വെക്കുന്നതും ഇസ്രായേലാണ്​.

അൽപം പഴങ്കഥ കൂടി കേട്ടാലേ, ഇൗ ചിത്രം പൂർത്തിയാകൂ. 1880കളിൽ ഫലസ്​തീനിലുണ്ടായ ‘യിഷുവ്​’ എന്ന ജൂത സമൂഹം ജനസംഖ്യയുടെ മൂന്ന്​ ശതമാനം മാത്രമായിരുന്നു. സയണിസ്​റ്റ്​ പ്രസ്​ഥാനത്തി​​​െൻറ ബലത്തിൽ കുടിയേറ്റം തുടങ്ങിയതോടെ പണം കൊടുത്തും നയത്തിലും അറബ്​ മണ്ണ്​ വാരിക്കൂട്ടുന്നത്​ തുടർന്നതിന്​ ആനുപാതികമായി ജനസംഖ്യയും ഉയർന്നുകൊണ്ടിരുന്നു. 1948ൽ ഫലസ്​തീനികളെ ‘നഖ്​ബ’യുടെ നാളിലും തുടർന്നും ആട്ടിപ്പായിക്കും മുമ്പ്​ ആറു ശതമാനം മാത്രമായിരുന്നു അവരുടെ ഭൂമി. പക്ഷേ, യു.എൻ ഭൂമി നൽകിയപ്പോൾ മൊത്തം ഫലസ്​തീ​​​െൻറ 55 ശതമാനം അവർക്കും അവശേഷിച്ച 45 ശതമാനം ഫലസ്​തീനികൾക്കുമായി. പരമാവധി 27 ശതമാനം മാത്രമായിരുന്ന ജൂതർക്ക്​ അവർ അർഹിച്ചതി​​​െൻറ ഇരട്ടിയും നാലിൽ മൂന്ന്​ ജനസംഖ്യയുള്ള ഫലസ്​തീനികൾക്ക്​ പകുതിയിൽ താഴെയും.

എന്നു മാത്രമല്ല, ഹൈഫ മുതൽ ജാഫ വരെ തീരപ്രദേശങ്ങളിലേറെയും പ്രധാന അറബ്​ പട്ടണങ്ങളും ഇസ്രായേലി​നു പതിച്ചുനൽകി. കാർഷിക ഭൂമിയും തുറമുഖങ്ങളും നഷ്​ടമായ ഫലസ്​തീനികൾക്ക്​ ഒരു വർഷം കഴിഞ്ഞ്​ 1949 അവസാനമാകു​േമ്പാഴേക്ക്​​ മൊത്തം ഭൂമിയുടെ 78 ശതമാനവും വിനഷ്​ടമായിരുന്നു. അന്ന്​ തുടങ്ങിയ അനീതിയാണ്​ ആരുടെയൊക്കെയോ മൗനാനുമതി​േയാടെ ഇസ്രായേൽ പിന്നെയും യുദ്ധങ്ങളെന്നു പേരുനൽകി വെട്ടിപ്പിടിക്കൽ യജ്​ഞമായി ഇന്നും തുടരുന്നത്​. 1967ലെ രണ്ടാം യുദ്ധത്തിൽ വെസ്​റ്റ്​ ബാങ്ക്​, ഗസ്സ, പടിഞ്ഞാറൻ ജറൂസലം എന്നിവയും പിടിച്ചടക്കിയവർ ഏറെ വൈകാതെ കിഴക്കൻ ജറൂസലമും വരുതിയിലാക്കി അവിഭക്​ത ജറൂസലമിനെ തലസ്​ഥാനമായി പ്രഖ്യാപിച്ചു.

അതിനിടെ, 2004ൽ കൂറ്റൻ മതിൽ കെട്ടി ഇരു മേഖലകളെയും രണ്ടായി പകുത്തവർ വളച്ചുകെട്ടലിന്​ ഇതുകൂടി ഒരവസരമായി ഉപയോഗപ്പെടുത്തി. അതിർത്തിയിൽനിന്ന്​ ഏറെ മാറി നിർമിക്കുന്ന മതിലുകൾ വന്നതോടെ ഇടക്കുള്ള ഭൂമിയൊക്കെയും ഇസ്രായേൽ പിന്നെയും സ്വന്തമാക്കി.

സൗകര്യപൂർവം തരിശിട്ടുകിടന്ന ഗസ്സയും വെസ്​റ്റ്​ ബാങ്കിലെ ചില ഭാഗങ്ങളും ഫലസ്​തീനികൾക്ക്​ നൽകിയിട്ടുണ്ടെങ്കിലും ​രാജ്യത്തെ മൊത്തം ജല വിഭവത്തി​​​െൻറ 90 ശതമാനവും കൈവശം വെക്കുന്നത്​ ഇസ്രായേലാണ്​. ഇതെല്ലാം ചരിത്രത്തി​​​െൻറ ഒരു വശം മാത്രം....
ഇവയെല്ലാം മാറ്റിനിർത്തിയിട്ടുവേണം കുഷ്​നറുടെ പുതിയ പദ്ധതി പ്രയോഗത്തിൽ വരുത്താൻ. ഒാസ്​ലോ കരാർ അംഗീകരിച്ച ദ്വിരാഷ്​ട്ര സമീപനം പോലും ഇതുവരെ ഇസ്രായേൽ അംഗീകരിച്ചിട്ടില്ല, യു.എസും. എന്നല്ല, അക്ഷരാർഥത്തിൽ അടിമകളെ പോലെ കഴിയുന്ന രണ്ടാം തരം പൗരൻമാരായി അറബികൾ തുടരണമെന്നാണ്​ ഇസ്രായേലി​​​െൻറ മോഹം. അവർക്ക്​ ഏതുതരം സൗകര്യവും അനുവദിക്കുന്നത്​ ഇസ്രായേലി​​​െൻറ ഒൗദാര്യം പോലെയാണ്​. എത്രയെത്ര ഫലസ്​തീനി ഭവനങ്ങളാണ്​ വർഷങ്ങൾക്കിടെ പൊളിച്ചുനീക്കപ്പെട്ടത്​, നാട്ടിലും മറുനാട്ടിലും അവരുടെ എത്രയെത്ര നേതാക്കളെ അരും കൊല ചെയ്​തത്​.. വിശദീകരണമർഹിക്കാത്ത ഇൗ ക്രൂരതക​ളെ വെള്ള പൂശിയും വികസനം നടക്കാത്തത്​ നാടി​​​െൻറ ശാപമായെന്ന്​ വരുത്തിയും അവതരിപ്പിച്ച ഇൗ പദ്ധതി ഒട്ടും നീതീകരണമർഹിക്കുന്നില്ല.

അതുകൊണ്ടു തന്നെയാകണം, ഫലസ്​തീനികൾ ഇത്​ സമ്പൂർണമായി തള്ളിക്കളഞ്ഞത്​. മറുവശത്ത്​, ഇറാനുമായി ഒരു യുദ്ധത്തി​​​െൻറ വക്കിലാണ്​ യു.എസും സഖ്യകക്ഷികളും. നേരിട്ട്​ പങ്കാളികളല്ലെങ്കിലും പശ്​ചിമേഷ്യയിൽ നടക്കുന്ന ഒാരോ വലിയ തീരുമാനത്തിനും പിന്നിൽ എന്നും വിധാതാവായി നിലയുറപ്പിക്കുന്ന ഇസ്രായേലിനും ചില അർഥത്തിൽ ഫലസ്​തീനിൽ സമാധാനം പുലരണമായിരിക്കും. അത്​ കുഷ്​നറുടെ ചെലവിൽ നടന്നുകിട്ടിയാൽ ആർക്കാണ്​ നഷ്​ടം? എന്നുവെച്ചാൽ, ഇൗ പദ്ധതിയുടെ ഗുണഭോക്​താക്കൾ ഫലസ്​തീനികളല്ല, ഇസ്രായേലും യു.എസും തന്നെ​. പണം പിന്നെ, സ്വാഭാവികമായും ഗൾഫ്​ രാജ്യങ്ങളുടെ ഖജനാവുകളിൽനിന്ന്​ ഒഴു​കിയെത്തുകയും ചെയ്യും.


Tags:    
News Summary - Jared Kushner calls Trump's peace plan 'opportunity of the century'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.