തമിൾ എങ്കള്‍ അടയാളം; ജെല്ലിക്കെട്ട് എങ്കള്‍ കലാചാരം

'തമിൾ എങ്കള്‍ അടയാളം; ജെല്ലിക്കെട്ട് എങ്കള്‍ കലാചാരം (തമിഴ് ഞങ്ങളുടെ അടയാളം , ജെല്ലിക്കെട്ട് ഞങ്ങളുടെ കലാചാരം), ഞങ്ങള്‍ ഏഴായിരം ആണ്ടായി തമിഴര്‍ , ഇന്ത്യാക്കാരായിട്ട് വെറും 70 ആണ്ട്'

ജെല്ലിക്കെട്ട് വിലക്ക് നീക്കണമെന്നാവശ്യവുമായി ചെന്നൈ മറീനയില്‍  അലയടിച്ച ജനസാഗരങ്ങളില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്ന ഒരേ വികാരത്തോടുള്ള മുദ്രാവാക്യങ്ങളാണിത്‍. ദ്രാവിഡ സംസ്കൃതിയും തമിഴ് ദേശീയതയും ഇടകലര്‍ന്ന് കാര്‍ഷിക സംസ്കാരം  അഭിമാനത്തോടെ നെഞ്ചേറ്റി ജനസഹസ്രങ്ങള്‍ സംസ്ഥാനമെങ്ങും സമരവേദികളിലേക്ക് ഒഴുകുകയാണ്. ഇത് അവസാന പോരാട്ടമാണെന്നും വിജയം കണ്ടെ അടങ്ങൂവെന്നും പ്രതിജഞ ചൊല്ലിയാണ് പോരാട്ട വീഥികള്‍ നിറയുന്നത്. ഇനി തങ്ങളെ കബളിപ്പിക്കാനാകില്ലെന്ന എട്ടു വയസ്സുകാരന്‍ നിതിന്‍െറ ഏറ്റുവിളികൾ തമിഴ് വ്യക്തിത്വം  വരും തലമുറയിലേക്കും പകര്‍ന്നുനല്‍കുന്നതിന്‍െറ നേര്‍ കാഴ്ച്ചയായി. പ്രതിഷേധം അറബ് വസന്തം പോലെ തമിഴ് വസന്തത്തിന്‍െറ പുനര്‍ജനിക്കലായി മാറിയിരിക്കുന്നു. നേതാക്കളില്ല, പ്രത്യേക സംഘാടകരില്ല, സങ്കുചിത രാഷ്ട്രീയ - ജാതി- മത- ഗോത്ര - ലിംഗ വ്യത്യാസമില്ല. പാരമ്പര്യ രാഷ്ട്രീയ പാര്‍ട്ടികളോ, തീവ്ര തമിഴ് ഈഴം നേതാക്കളോ ഇല്ല. സ്മാര്‍ട്ട്ഫോണുകള്‍ മാത്രമാണ് പോരാട്ടത്തിന് തുടക്കമിട്ടവരുടെ കൈവശമുള്ളത്.

യുവജനങ്ങളും വിദ്യാര്‍ഥികളും തുടക്കമിട്ട ജെല്ലിക്കെട്ടിനായുള്ള പ്രക്ഷോഭം വെള്ളിയാഴ്ച്ചയോടെ പൊതുജനങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.  ‘മക്കള്‍ പോരാട്ടം’ ഒറ്റദിവസം കൊണ്ട് 1960 കളിലെ ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിന് സമാനമായെന്ന് സാമൂഹ്യ ശാസ്ത്രജഞ്നായ മണിവര്‍ണന്‍ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളുടെ വളര്‍ച്ചക്ക് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ യുവജന - വിദ്യാര്‍ഥി മുന്നേറ്റമായി ചരിത്രം ഇതിനെ രേഖപ്പെടുത്തും.  ഇത്തരം ജനമുന്നേറ്റങ്ങളില്‍  വൈകാരിക പെരുമാറ്റങ്ങളും സംഘര്‍ഷങ്ങളും  സാധാരണമാണ്. പരസ്പര ബഹുമാനവും അച്ചടക്കവും ഈ സമരത്തിന്‍റെ വ്യതിരിക്തതായണെന്ന് എഴുത്തുകാരിയായ ലക്ഷ്മി ശരവണകുമാര്‍ പറയുന്നു. സമരഭൂമിയില്‍ സ്ത്രീകളെ പതിവ്രതമായാണ് കാണുന്നത്. കങ്കന്‍ എന്ന നോവലിന്‍െറ രചയിതാവാണ് അവർ. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ലക്ഷ്മി തന്‍റെ നോവലിന് ലഭിച്ച 'യുവ പുരസ്കാര്‍' അവാര്‍ഡ് സര്‍ക്കാരിന് തിരികെ നൽകാനും തീരുമാനിച്ചു കഴിഞ്ഞു.  സമരത്തിന്‍െറ ദേശീയ കേന്ദ്രമായി ചെന്നൈ മറീനാ ബീച്ചും മധുര അളങ്കാനെല്ലൂരും മാറി കഴിഞ്ഞു. തലസ്ഥാനമെന്ന നിലക്കാണ്  മറീനാ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ ജെല്ലിക്കെട്ടിന്‍െറ ഉത്ഭാവ സ്ഥാനമാണ് അളങ്കാനെല്ലൂരിനുള്ളത്.

വെള്ളിയാഴ്ച്ച വൈകുന്നേരം രണ്ട് ലക്ഷത്തോളം പേരാണ് മറീനയില്‍ ഒഴുകിയത്തെിയത്. ഉച്ചയോടെ എല്ലാ റോഡുകളുടെയും ലക്ഷ്യം സമരഭൂമിയിലേക്കായി മാറി. മൗണ്ട് റോഡ്, രാധാകൃഷ്ണ ശാല, ചെപ്പോക്ക്, നേപ്പിയര്‍ ബ്രിഡ്ജ്, സാന്തോം ചര്‍ച്ച് തുടങ്ങിയ പ്രധാന റോഡുകളില്‍ രാത്രി വൈകിയും വാഹനങ്ങള്‍ കടന്ന്പോകാന്‍ കഴിയാത്ത വിധം ആളുകൾ തിങ്ങിനിറഞ്ഞു. ബീച്ചില്‍ ആണ്‍ പെണ്‍ വ്യാത്യസമില്ലാതെ ആട്ടും പാട്ടുമായി ഒരൊറ്റ വികാരത്തില്‍ അവര്‍ കോര്‍ത്തിണക്ക പെട്ടിരുന്നു.  നാടന്‍ പാട്ടുകളും സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങളും ഉയരുന്നുണ്ട്.  പിഞ്ചു കുഞ്ഞുമുതല്‍ പടു വൃദ്ധരെ വരെ ഇതില്‍ കാണാം. വിജയം കണ്ടെ പോരാട്ട ഭൂമിയില്‍ നിന്ന് മടങ്ങുകയുള്ളൂ എന്ന് അവര്‍ അധികാരികളെ അറിയിച്ച് കഴിച്ചു.

രണ്ട് ദിവസത്തിനുള്ളില്‍ അനുമതി ലഭിക്കുമെന്നും പിരിഞ്ഞ്പോകണമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സമരക്കാരെ മൈക്കിലൂടെ അറിയിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായ അധികാരികള്‍ വാഗ്ദാനം നല്‍കുന്നുണ്ടെങ്കിലും തങ്ങളുടെ ഉയിരായ വീരവിളയാട്ടിന് അനുമതി ലഭിച്ചതിന്‍െറ  തെളിവെവിടെയെന്ന് ജനം വിളിച്ചുചോദിച്ചു. രക്ഷയില്ളെന്ന് കണ്ട ഇയാള്‍ പിന്‍വലിഞ്ഞതിന് പിന്നാലെ പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മധുര സ്വദേശിയായ യുവ പൊലീസ് കോണ്‍സ്റ്റബിള്‍ വേദിയിലത്തെി മൈക്കെടുത്തു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനെന്ന നിയന്ത്രണങ്ങള്‍ മറികടന്ന് ഇയാള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു ഏവരെയും ഞെട്ടിച്ചു.  കാളകളെ ദൈവത്തെപോലെ കാണുന്ന തമിഴന് അവയെ ഉപദ്രവിക്കാന്‍ കഴിയില്ളെന്നും വെള്ളത്തിനായി അന്യസംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ കൈയും നീട്ടിനില്‍ക്കുന്ന തമിഴന്‍െറ പരിതാപകരമായ അവസ്ഥയും പത്ത് മിനിറ്റോളം നീണ്ട പ്രസംഗത്തില്‍ ഇയാള്‍ ചൂണ്ടിക്കാട്ടി. യുവതീ യുവാക്കള്‍ ഇയാളെ മുത്തമിട്ട് ആകാശത്തിലേക്ക് ഉയര്‍ത്തി എറിഞ്ഞു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇയാളെ സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടെ വന്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.

ആരുടെയും നിര്‍ദേശമില്ലാതെ സമരഭൂമിയിലത്തെുന്ന ഓരോ വീട്ടമ്മമാരുടെ കൈയിലും നിറയെ ഭക്ഷണപ്പൊതികള്‍ കാണാം. കഴിഞ്ഞ അഞ്ച്ദിവസങ്ങളായി വോളന്‍റിയര്‍മാര്‍ക്ക് ഭക്ഷണവും വെള്ളവും  വലിയ പെട്ടികളിലായാണ് ചിലര്‍ എത്തിക്കുന്നത്. പോരാട്ട ഭൂമിയില്‍ സ്ത്രീകളുടെ സജീവ സാന്നിധ്യമുണ്ട്. വീട്ടുകാരുടെ പൂര്‍ണ്ണസമ്മതത്തോടെയാണ് തങ്ങള്‍ എത്തിയതെന്ന് മദ്രാസ് സര്‍വകാലശാല ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളായ മഹേശ്വരിയും മോണിക്കയും സവിതയും ഒരേ പോലെ പറയുന്നു. വൈദ്യുതി നിര്‍ത്തിവെച്ചും മൊബൈല്‍ ഫോണ്‍ ടവറുകള്‍ സ്തംഭിപ്പിച്ചും സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചിട്ടും ഒരോ തടസ്സങ്ങളെയും അവര്‍ മറികടക്കുകയായരുന്നു.

മധുര, വെല്ലൂര്‍, കൃഷ്ണഗിരി, തിരുച്ചിറപ്പള്ളി, ദിണ്ഡികല്‍, പുതുക്കോട്ടൈ, തിരുപ്പൂര്‍, നാമക്കല്‍ , സേലം , കോയമ്പത്തൂര്‍ , കാഞ്ചീപുരം, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം പതിനായിരങ്ങളാണ് പിരിഞ്ഞുപോകാതെ തമ്പടിച്ചിരിക്കുന്നത്. സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. 'പെറ്റ' എന്ന മൃഗ സ്നേഹി സംഘടന വൈദേശിക സംസ്കാരം രാജ്യത്ത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണമുണ്ട്. നാട്ടിന്‍ പുറത്തെ കന്നുകാലികളെ ഇല്ലാതാക്കി വിദേശ ഇനങ്ങള്‍ക്ക് വേണ്ടിയാണ് പെറ്റ പ്രവര്‍ത്തിക്കുന്നതത്രെ. പെപ്സി, കൊക്കാകോള തുടങ്ങിയ കൂള്‍ ഡ്രിങ്സുകള്‍ക്കെതിരെ മറീനയില്‍ പോസ്റ്ററകള്‍ ഉയര്‍ന്നിട്ടുണ്ട്.  ജെല്ലിക്കെട്ട് ക്യാമ്പയിനുമായി മുന്‍ നിര വാര്‍ത്താചാനലുകളും മത്സരിക്കുകയാണ്. പുതിയ തലൈമുറൈ ചാനല്‍ പരസ്യവും മറ്റ് പരിപാടികളും ഒഴിവാക്കിയാണ് സമര വാര്‍ത്തകള്‍ ഇരുപത്തിനാലും മണിക്കൂറും ജനങ്ങളിലത്തെിക്കുന്നത്. , സണ്‍ ടി.വി ന്യൂസ്, പോളിമര്‍, തന്തി, ന്യൂസ് 7 ചാനലുകള്‍ തുടങ്ങിയ ചാനലുകളും ജെല്ലിക്കെട്ട് ക്യാമ്പയിനിലുണ്ട്.  മറീനയിലെ വിവേകാനന്ദാ ഹൗസിനു സമീപം അഞ്ച് ദിവസം മുമ്പ് തുടങ്ങിയ ഈസമരം ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന് ഇതിന്‍െറ പിന്നണിയില്‍ പ്രവര്‍ത്തിച്ച യുവാക്കള്‍ പോലും ചിന്തിച്ച് കാണിച്ചില്ല.

പ്രതിഷേധ പ്രകടനത്തിന് പിന്തുണയുമായെത്തിയ താരങ്ങളായ അജിത്, ശാലിനി,തൃഷ എന്നിവർ
 

സമരത്തില്‍ നിന്ന് വൈകാരിക ആവേശം ഉള്‍ക്കൊണ്ട് പരമോന്നത കോടതിയുടെ വിധിയെ വെല്ലുവിളിച്ച് തമിഴ്നാട്ടിലെ ചില ഗ്രാമങ്ങളില്‍ ജെല്ലിക്കെട്ട്  മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. കാളപ്പോര് മത്സരങ്ങളുടെ കേന്ദ്രമായ മധുര, പളനി, നാഗപട്ടിണം, കോയമ്പത്തൂര്‍ മേഖലകളിലാണ് തീവ്ര തമിഴ ്അനുകൂല സംഘടനകളുടെ പിന്‍ബലത്തോടെ യുവാക്കള്‍ കാള കൂറ്റന്‍മാരുമായി  രംഗത്തത്തെുന്നത്.

 

 

Tags:    
News Summary - jellikkettu marina beach protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.