ഇന്ന് ഞാന്‍ നജീബിന്‍െറ ഉമ്മക്ക് സലാം പറയട്ടെ. മകനെവിടെയെന്ന് ചോദിച്ച് തിരഞ്ഞുനടക്കുന്ന ഉമ്മാ, ഞങ്ങള്‍ ഗുജറാത്തിലുള്ളവര്‍ക്ക് ഇത് പുതിയതല്ല. നജീബ് താങ്കള്‍ക്കൊപ്പമാണെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ ഞാന്‍ പലപ്പോഴും പോസ്റ്റുകള്‍ കാണാറുണ്ട്. എനിക്കറിയാം നജീബിന്‍െറ ഉമ്മ എന്തു മാത്രം വേദനയാണ് അനുഭവിക്കുന്നതെന്ന്. നിങ്ങള്‍ക്കറിയുമോ, രൂപ മോദി ഇന്നും തന്‍െറ മകനെ കാത്തിരിക്കുകയാണ്. ഞങ്ങളുടെ വീട്ടില്‍നിന്ന് കേവലം രണ്ടു മിനിറ്റ് ദൂരത്തായിരുന്നു അവര്‍. ഏതു തരത്തിലാണോ നിങ്ങള്‍ മകനുവേണ്ടി പോരാടുന്നത്, ആ പോരാട്ടം നിങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നതാണ് നജീബിന്‍െറ ഉമ്മയോടുള്ള അഭ്യര്‍ഥന.

1969ല്‍ നാലര വയസ്സുള്ളപ്പോള്‍ അഭയാര്‍ഥി ക്യാമ്പില്‍ ഭക്ഷണം കഴിക്കാനായി വരിനില്‍ക്കുകയായിരുന്നു. എനിക്കിപ്പോള്‍ ആ റെയില്‍വേ ട്രാക്കാണ് ഓര്‍മയില്‍  വരുന്നത്. എന്‍െറ ഉപ്പ കൈപിടിച്ച് റെയില്‍വേ ട്രാക്കിനരികില്‍ നില്‍ക്കുമ്പോള്‍ കൂരിരുട്ടായിരുന്നു. എവിടേക്കാണ് കൊണ്ടുപോകുന്നതെന്നുകൂടി എനിക്കറിയില്ലായിരുന്നു. ആ രാത്രി മുഴുവന്‍ കല്‍ക്കരി കൊണ്ടുപോകുന്ന വണ്ടിയില്‍ കയറി അതിന് മുകളിലിരുന്നു. ഒരു അഭയാര്‍ഥി ക്യാമ്പിലാണ് രാവിലെയത്തെിയത്. ഒരു വര്‍ഷം ഞങ്ങള്‍ ആ ക്യാമ്പില്‍ കഴിച്ചുകൂട്ടിയത് മറക്കാന്‍ കഴിയില്ല. ഒരു വര്‍ഷത്തിനുശേഷം ഞാനുമൊരു ഇന്ത്യന്‍ പൗരനാണെന്നും എന്‍െറ മണ്ണില്‍നിന്ന് എന്നെ ആര്‍ക്കും വേര്‍പെടുത്താന്‍ കഴിയില്ളെന്നും അവിടെതന്നെ ഞാന്‍ വീടുണ്ടാക്കുമെന്നും പറഞ്ഞ് എന്‍െറ ഉപ്പ ഞങ്ങളെയും കൂട്ടി അവിടേക്കുതന്നെ തിരിച്ചുവന്നു. എന്‍െറ ഉമ്മ അന്ന് വളരെ ചെറുപ്പമായിരുന്നു. ഉപ്പ ഈ പറയുന്നത് ഉമ്മക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല്ള. ഒരു വര്‍ഷം മുമ്പ് കത്തിച്ച വീടിന്‍െറ സ്ഥാനത്ത് 1970ല്‍ രണ്ടാമതും വീടുണ്ടാക്കി. അന്ന് കത്തിച്ച വീട്ടില്‍നിന്നിറങ്ങിയോടുമ്പോള്‍ ഒന്നുമെടുക്കാന്‍ സാധിച്ചിരുന്നില്ല. എത്ര പെട്ടെന്നാണ് വീട്ടില്‍ തീപടര്‍ന്നതെന്നറിയുമോ? ചുവരില്‍ തൂക്കിയ ഒരു വിവാഹഫോട്ടോ എടുക്കാന്‍ പോലും അന്നെന്‍െറ ഉമ്മക്ക് കഴിഞ്ഞില്ല. 1969ല്‍ കൂട്ടക്കൊലയാണ് നടന്നത്.  ഒരു കോളനിക്ക് പിറകെ മറ്റൊരു കോളനി എന്ന നിലയില്‍ തീവെച്ച് അവ തുടച്ചുനീക്കിക്കൊണ്ടിരുന്നു. 1969ല്‍ ശാഹ് ആലം ക്യാമ്പില്‍ എത്ര പേരാണുണ്ടായിരുന്നത്. പലരെയും വെട്ടിവീഴ്ത്തി. സ്വത്തുക്കള്‍ക്ക് തീവെച്ചു. ഇത് ആരാണ് ചെയ്തത്? എന്തിനാണ് ചെയ്തത്? ഇതിന് പിന്നിലുള്ള രാഷ്ട്രീയമെന്താണ്? എന്നൊക്കെ നിങ്ങള്‍ക്കാലോചിക്കാം. കൊച്ചുന്നാളിലെ ആ ഓര്‍മയുമായാണ് വീണ്ടും ശാഹ് ആലം ക്യാമ്പില്‍നിന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്നത്. കലാപം കഴിഞ്ഞ സ്ഥലത്ത് അത്രയും നല്ളൊരു വീടുണ്ടാക്കിയതെന്തിനാണെന്ന് ഉമ്മ ഉപ്പയോട് പിന്നീട് ചോദിച്ചതോര്‍ക്കുന്നു. കാലമൊക്കെ മാറുകയല്ളേ, ലോകം മാറുകയല്ളേ, ആളുകളൊക്കെ നന്നായിക്കൊണ്ടിരിക്കുകയല്ളേ എന്നൊക്കെയായിരുന്നു ഉപ്പയുടെ മറുപടി. ആ നല്ല വീടാണ് 2002ല്‍ മൂന്ന് ദിവസം നിന്ന് കത്തിയത്. അത്രമാത്രം തീവ്രമായിരുന്നു തീവെപ്പ്. ഇന്നും ഞാന്‍ ആ വീട്ടില്‍ പോയിനോക്കാറുണ്ട്. ഞാനിരുന്നിരുന്ന സ്ഥലവും എന്‍െറ മക്കള്‍ പഠിക്കാനിരുന്നിരുന്ന മുറിയും കണ്‍മുന്നില്‍ വന്നുനില്‍ക്കും. ഉപ്പയുടെ പുസ്തകങ്ങള്‍വെച്ച മുറിയിലേക്ക് പോകുമ്പോള്‍ ഉപ്പയെ മാനിച്ച് ഇപ്പോഴും ഞാനെന്‍െറ ചെരിപ്പുകള്‍ ഊരിവെക്കും. 

ഇഹ്സാന്‍ ജാഫരിയോടൊപ്പം മകള്‍ നിശ്റീന്‍ ജാഫരി
 

എല്ലാവരും പറയുന്നു, ഇതെല്ലാം മറന്ന് മുന്നോട്ടുപോകൂ എന്ന്. എങ്ങനെയാണ് മറക്കാന്‍ കഴിയുക. ആയിരക്കണക്കിന് വീടുകളാണ് കത്തിച്ചത്. എന്‍െറ അടുത്ത കൂട്ടുകാരിയുണ്ടായിരുന്നു. കത്തിച്ചാമ്പലായ വീട്ടില്‍ സ്വന്തം ഉപ്പയെ തിരഞ്ഞുനടന്ന അവള്‍ക്ക് മയ്യിത്തുപോലും കിട്ടിയില്ല. നിരവധി ഗലികളിലും ആശുപത്രികളിലും അവള്‍ കയറിയിറങ്ങി. ആംബുലന്‍സുകളത്തൊന്‍ കഴിയാത്ത, അധികാരികള്‍ വിദൂരത്തുള്ള ഏതെങ്കിലും ഗ്രാമത്തില്‍ കൂരിരുട്ടില്‍ സംഭവിച്ചതല്ല ഇത്. അഹ്മദാബാദിലാണ് ഞാന്‍ പറയുന്നത്. അവിടെനിന്ന് ഗാന്ധിനഗറിലേക്ക് 10 കിലോമീറ്ററേയുള്ളൂ. ഗാന്ധി ആശ്രമത്തിലേക്ക് അഞ്ചു കിലോമീറ്ററേയുള്ളൂ. കുട്ടിയായിരിക്കുമ്പോള്‍ സൈക്കിളിലാണ് ഗാന്ധി ആശ്രമത്തിലേക്ക് പോയിരുന്നത്. 
എന്തു മാത്രം ആസൂത്രണമാണ് നടന്നതെന്നറിയണം. പൊലീസ് കണ്‍ട്രോള്‍റൂമിലേക്ക് ഉപ്പ നിരന്തരം ഫോണ്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ബന്ധമുള്ള ഓരോരുത്തരെയും മാറിമാറി വിളിച്ചു. സഹായത്തിനാരും വരാന്‍ പോകുന്നില്ളെന്ന് വൈകി അദ്ദേഹത്തിനുതന്നെ മനസ്സിലായി. ഒരു കറുത്ത ചട്ടയുള്ള ഡയറിയുണ്ടായിരുന്നു ഉപ്പയുടെ പക്കല്‍. അതിലെല്ലാവരുടെയും നമ്പറുണ്ടായിരുന്നു. എല്ലാവര്‍ക്കും വിളിച്ചു. പലരും ഫോണെടുത്തില്ല. ഒരാള്‍പോലും സഹായത്തിനായി വന്നില്ല. ഒടുവില്‍ ചെയ്ത വിളിയും അതിന് കിട്ടിയ മറുപടിയും വളരെ പ്രസിദ്ധമാണ്. ‘‘പുറത്തിതാ പെണ്‍കുട്ടികളുടെ വസ്ത്രങ്ങളുരിഞ്ഞ് മാനഭംഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വീടുകളുടെ ജനലുകള്‍ അടിച്ചുതകര്‍ത്തുകൊണ്ടിരിക്കുകയാണ്. ചെറിയ കുട്ടികളെയടക്കം മൃഗീയമായി ആക്രമിക്കുകയാണ്, ഗ്യാസ് സിലിണ്ടറുകള്‍ വീടിനകത്തേക്കിട്ട് തീയെറിഞ്ഞുകൊണ്ടിരിക്കുകയാണ് എന്നൊക്കെ പറഞ്ഞ് അവസാനത്തെ വിളി വിളിച്ചത് ആരെയായിരുന്നു എന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം. ജാഫരി, താങ്കള്‍ സ്വന്തം വീട്ടിലാണെന്ന മറുപടിയാണതിന് അയാളില്‍നിന്ന് ലഭിച്ചത്. 
1969ലെ കലാപത്തിന് ആസൂത്രണമില്ലായിരുന്നുവെന്ന് പറഞ്ഞാല്‍ നമുക്ക് മനസ്സിലാക്കാം. എന്നാല്‍, 2002ല്‍ ഫോണും എല്ലാ സൗകര്യങ്ങളുമുള്ള കാലത്ത് മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടല്ലാതെ ഇങ്ങനെ ചെയ്യാന്‍ പറ്റില്ല. ഭൂരിപക്ഷ സമുദായത്തിനിടയില്‍ ജീവിച്ച  ഉപ്പ  വലിയ ആത്മവിശ്വാസത്തിലായിരുന്നു. ദൂരെയെവിടേക്കും പോകില്ല. ഇവര്‍ക്കിടയില്‍ ജീവിച്ച് ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കും. ഇവിടെ ജീവിച്ച് ജനങ്ങള്‍ക്കിടയില്‍ പാലം പണിയുമെന്നും സ്നേഹമുണ്ടാക്കുമെന്നും പറയാറുണ്ടായിരുന്നു. രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഓരോ വീട്ടുകാര്‍ക്കും ഉപ്പയെ അറിയാമായിരുന്നു. പക്ഷേ,  73 വയസ്സുള്ള ഉപ്പയെ ഒരാള്‍പോലും സഹായിക്കാനത്തെിയില്ല. 

അതിനുശേഷം ഇപ്പോഴും ഗുല്‍ബര്‍ഗ് സൊസൈറ്റിയിലേക്ക് ഒരാളും തിരിച്ചുവന്നിട്ടില്ല. രണ്ടു പ്രാവശ്യം ഇതേ അനുഭവമുണ്ടായാല്‍ ഇനിയുമെങ്ങനെ ഭയക്കാതിരിക്കും? എന്നിട്ടെല്ലാവരുംകൂടി അഹ്മദാബാദിലെ ജുഹാപുരയിലേക്ക് പോയി. നേരത്തേ തന്നെ വീടുകള്‍ നിറഞ്ഞ അവിടെ ജനവാസമെത്രയോ ഇരട്ടിയായി. അതൊരു മുസ്ലിം ഗെറ്റോ ആയി. ഇപ്പോള്‍ പറയുന്നു ജുഹാപുര പാകിസ്താനായെന്ന്. അതൊക്കെ കേട്ടപ്പോള്‍ ഉപ്പയുടെ വാക്കോര്‍ത്ത് വീണ്ടുമൊരു ശ്രമം നടത്തി. അഹ്മദാബാദില്‍ ഭൂമി വാങ്ങി ഒരു വീടുവെക്കാമെന്ന് കരുതി. എന്‍.ആര്‍.ഐക്കാര്‍ക്കായി പ്ളോട്ട് വില്‍ക്കുന്ന വലിയ കമ്പനിയെ കണ്ട് ഗാന്ധിനഗര്‍ റോഡില്‍ പോയി ഒരു സ്ഥലം കണ്ട് ഇഷ്ടപ്പെട്ട് ഉറപ്പിച്ചു. അഡ്വാന്‍സ് കൊടുക്കാന്‍ നേരത്ത് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു. അത് കൊടുത്തപ്പോള്‍ അകത്ത് പോയി വന്ന് ചില കാര്യങ്ങള്‍കൂടി ഞങ്ങള്‍ക്ക് പരിശോധിക്കാനുണ്ടെന്നും പിന്നെ വിളിക്കാമെന്നും പറഞ്ഞു. പിന്നെയൊരിക്കലും അവര്‍ വിളിച്ചില്ല. 10 തവണയാണ് അവര്‍ക്ക് മെയിലയച്ചത്. അതിനും ഇന്നുവരെ മറുപടി ലഭിച്ചിട്ടില്ല. ഞങ്ങള്‍ ഗെറ്റോയിലാണെന്ന് പറയുന്നവര്‍ വ്യക്തമാക്കണം. എത്ര സ്ഥലങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി മാറ്റിവെച്ചിട്ടുണ്ടെന്ന്? ഞങ്ങള്‍ എങ്ങോട്ടുപോകണമെന്ന്?

(തയാറാക്കിയത്: ഹസനുല്‍ ബന്ന)

Tags:    
News Summary - justice for najeeb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.