ഗുജറാത്ത് വാഴ്ത്തുപാട്ടിൽ കെ-റെയിൽ സാധ്യമാകുമോ?

''നമ്മൾ ഈ പദ്ധതിയിൽ പങ്കാളികളാണ്. നിങ്ങളുടെ മന്ത്രിസഭ ഒരു തീരുമാനമെടുത്തതു കൊണ്ടാണ് നമ്മൾ ഈ സംയുക്ത സംരംഭത്തിനിറങ്ങിയത്. എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ നമുക്ക് ഒരുമിച്ചിരിക്കാം. നിങ്ങൾ വഴി കാണിക്കൂ. ഞങ്ങളെ പരിഹസിക്കുകയും മുടക്കാൻ നടക്കുന്നവരുമായി സഹകരിക്കുകയും ചെയ്യുന്നതിന് പകരം നിങ്ങൾ ഞങ്ങൾക്കൊപ്പമിരിക്കൂ. ഞങ്ങൾക്ക് വഴികാട്ടൂ. നമുക്കൊരുമിച്ച് ആലോചിക്കാം.'' രാജ്യസഭയിൽ കെ-റെയിൽ വിവാദം സി.പി.എമ്മും കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള തർക്കമായി മാറിയതിനിടയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് സി.പി.എം എം.പി ജോൺ ബ്രിട്ടാസ് നടത്തിയ അഭ്യർഥനയാണിത്.

സിൽവർ റെയിലിനുള്ള തടസ്സങ്ങൾ നീക്കിക്കിട്ടാൻ ചീഫ് സെക്രട്ടറി വി.പി. ജോയിയെ കൂട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒരുമിച്ചിരുന്ന അതേ ദിവസമായിരുന്നു ഈയൊരു കാര്യത്തിനായി എത്ര തവണ ഇരിക്കാനും തയാറായുള്ള ജോൺ ബ്രിട്ടാസിന്‍റെ വിനീതമായ അഭ്യർഥന. അന്നായിരുന്നു റെയിൽവേ മന്ത്രാലയത്തെക്കുറിച്ചുള്ള രാജ്യസഭാ ചർച്ചയിൽ കെ-റെയിൽ ചൂടേറിയ വിഷയമായതും ജോൺ ബ്രിട്ടാസ് അഭ്യർഥന നടത്തിയതും.

മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം തകർത്ത മന്ത്രിയുടെ പ്രഖ്യാപനം

മോദിയെ കണ്ടപ്പോൾ കാര്യങ്ങൾ അതീവ താൽപര്യത്തോടെ പ്രധാനമന്ത്രി കേട്ടെന്നും പ്രതികരണങ്ങൾ ആരോഗ്യകരമായിരുന്നുവെന്നും പൊതുവെ നല്ല ചർച്ചയാണ് അതുമായി ബന്ധപ്പെട്ട് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. റെയിൽവേ മന്ത്രിയുമായി കാര്യങ്ങൾ സംസാരിക്കാമെന്നും എന്താണ് ചെയ്യാൻ പറ്റുകയെന്ന് ആലോചിക്കാമെന്നും നരേന്ദ്ര മോദി തന്നോട് പറഞ്ഞെന്നുമാണ് പിണറായി കേരള ഹൗസിൽ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കേന്ദ്രാനുമതി വേഗത്തിൽ ലഭ്യമാക്കുന്നതിന് ഇടയാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


എന്നാൽ, അന്നേദിവസംതന്നെ റെയിൽവേ മന്ത്രി സിൽവർ ലൈനിനെ കുറിച്ചുള്ള കേന്ദ്ര സർക്കാർ നിലപാട് അർഥശങ്കക്കിടയില്ലാത്ത വിധം രാജ്യസഭയിൽ പ്രഖ്യാപിച്ചു. നേരത്തേ ലോക്സഭയിൽ പറഞ്ഞതിലും കടുപ്പിച്ചായിരുന്നു മന്ത്രിയുടെ പറച്ചിൽ. കേരള സർക്കാർ കണക്കാക്കിയ പദ്ധതി ചെലവ് തള്ളി അതിന്‍റെ ഇരട്ടിയിലേറെ വരുമെന്ന് ഓർമിപ്പിച്ച മന്ത്രി ജനകീയ സമരത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു.

ഗുജറാത്ത് മോഡൽ മഹാശ്ചര്യം! ഞങ്ങൾക്കു വേണം കെ -റെയിൽ

ഭരണനിർവഹണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരു മോണിറ്ററിൽ കാണാൻ കഴിയുന്ന കേരളത്തിലെ ഏതൊരു സ്റ്റാർട്ട്അപ്പിനും ചെയ്യാവുന്ന ലളിതമായ ഡാഷ്ബോർഡ് സംവിധാനം ഗുജറാത്ത് മോഡൽ എന്നനിലയിൽ പഠിക്കാൻ കേരളം പ്രതിനിധിസംഘത്തെ അയക്കുന്നത് ഈ സാഹചര്യത്തിലാണ്. കെ-റെയിൽ തടസ്സം നീക്കാൻ മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ഡൽഹിയിലേക്ക് കൊണ്ടുവന്ന സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയിയെ തന്നെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുന്ന ഗുജറാത്തിലേക്ക് അയച്ചത് ബോധപൂർവം തന്നെ.

ഗുജറാത്തിനെ ഉയർത്തിക്കാണിക്കാനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കി കൊടുത്തി​ട്ടെങ്കിലും സ്വന്തം കെ-റെയിൽ അജണ്ട നടപ്പാക്കാമെന്ന കണക്കുകൂട്ടലിന്റെ ഭാഗമാണത്. കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ഗുജറാത്തിൽ വികസന പദ്ധതികൾ നടപ്പാക്കാനും സദ്ഭരണത്തിനുമുള്ള ടൂളായി നടപ്പാക്കിയ ഡാഷ്ബോർഡ് മോണിറ്ററിങ് സംവിധാനത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും അത് പഠിച്ച് കഴിയുമെങ്കിൽ കേരളത്തിൽ നടപ്പാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും ഗുജറാത്ത് മുഖ്യമന്ത്രിയെ അറിയിച്ചായിരുന്നു ജോയിയുടെയും സംഘത്തിന്‍റെയും യാത്ര. നമുക്കൊരുമിച്ചിരിക്കാമെന്നും അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാമെന്നും ജോൺ ബ്രിട്ടാസ് റെയിൽവേ മന്ത്രിയോട് പറഞ്ഞത് പ്രയോഗതലത്തിൽ കാണിച്ചുകൊടുക്കുകയാണ് പിണറായി വിജയൻ.


കേരള മുഖ്യമന്ത്രി പിണറായി വിജയന് തന്‍റെ ചീഫ് സെക്രട്ടറി വി.പി. ജോയിയെക്കുറിച്ച് ഒരു ധാരണയുമില്ലെന്നും ഉണ്ടായിരുന്നെങ്കിൽ കമ്പ്യൂട്ടറിൽ പ്രാവീണ്യമുള്ള എൻജിനീയറിങ് ബിരുദധാരിയായ അദ്ദേഹത്തെ ഗുജറാത്തിലേക്ക് അയക്കുന്നതിന് പകരം ഗുജറാത്ത് ചീഫ് സെക്രട്ടറിയെ തിരുവനന്തപുരത്തേക്ക് അയക്കാൻ പ്രധാനമന്ത്രിയോട് പറയുമായിരുന്നുവെന്ന് പറഞ്ഞത് ഡൽഹിയിലെ മുതിർന്ന മാധ്യമപ്രവർത്തകനായ എ.ജെ. ഫിലിപ്പാണ്. ഇതൊരു നല്ല ഡിജിറ്റൽ പ്ലാറ്റ് ഫോമാണെന്ന് അറിയാനും പറയാനും കേരളം പോലൊരു സംസ്ഥാനത്തിന്‍റെ ചീഫ് സെക്രട്ടറിയുടെ പദവിയിലിരിക്കുന്ന വി.പി. ജോയിയെ മുഖ്യമന്ത്രി അയക്കേണ്ടിയിരുന്നില്ല എന്ന് പറയുന്നവർ ഏറെയാണ്. അതേസമയം, പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റിൽ പ്രവർത്തിച്ച, ഉപനിഷത്തുക്കൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ജോയിയെ മോദിക്ക് നന്നായി അറിയാമെന്നും എ.ജെ. ഫിലിപ് ചൂണ്ടിക്കാട്ടുന്നുണ്ട്.

ഏതായാലും മോദി ആഗ്രഹിച്ചതുപോലെ പിണറായി വിജയൻ തന്‍റെ ചീഫ് സെക്രട്ടറിയെ ഗുജറാത്തിലേക്ക് അയക്കുകയും അദ്ദേഹം തന്‍റെ കർത്തവ്യം ഭംഗിയായി നിർവഹിക്കുകയും ചെയ്തു. മാധ്യമങ്ങളുടെ മുന്നിൽനിന്ന് ഡാഷ്ബോർഡ് സംവിധാനം ആശ്ചര്യപ്പെടുത്തുന്ന സമഗ്രമായ സംവിധാനമാണെന്നും സദ്ഭരണത്തിന്‍റെ ഈ ഗുജറാത്ത് മോഡൽ കേരളത്തിൽ നടപ്പാക്കുമെന്നും ജോയി പ്രഖ്യാപിച്ചു.

കേരളത്തിലെ ഏതെങ്കിലുമൊരു സ്റ്റാർട്ട്അപ്പിന് അനായാസം ഉണ്ടാക്കാവുന്ന ഡാഷ്ബോർഡ് മോണിറ്ററിങ് സംവിധാനത്തെ ഗുജറാത്ത് വികസന മോഡൽ ആക്കി വാഴ്ത്തി മടങ്ങിയില്ല കേരള ചീഫ് സെക്രട്ടറി. ഗുജറാത്ത് സർക്കാറിന്‍റെ ഡാഷ്ബോർഡ് മോണിറ്ററിങ് സംവിധാനം അത്ഭുതപ്പെടുത്തുന്ന സമഗ്രമായ ഒന്നാണെന്ന് വാഴ്ത്തിയതിൽ ഒതുങ്ങിയില്ല പിണറായി വിജയൻ അയച്ച കേരള പ്രതിനിധി സംഘത്തിന്‍റെ ദൗത്യം.

ഗുജറാത്തിലെ സ്കൂളുകളുടെ കൺട്രോൾ സെൻറർ എന്ന നിലയിൽ ഗാന്ധി നഗറിൽ പ്രവർത്തിക്കുന്ന 'വിദ്യാസമീക്ഷ കേന്ദ്ര'യിലേക്ക് വിദ്യാഭ്യാസ രംഗത്തെ ഗുജറാത്ത് മോഡലിനെയും ജോയി മുക്തകണ്ഠം പ്രശംസിച്ചു. ഇവിടെയിരുന്ന് അധ്യാപകരോട് വിഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയും ചെയ്തു.

'വിദ്യാസമീക്ഷ കേന്ദ്ര' പോലൊന്ന് തങ്ങൾക്ക് കേരളത്തിൽ ഉണ്ടാക്കണമെന്ന് കൂടി ആഗ്രഹം പ്രകടിപ്പിച്ചാണ് ജോയി ഗുജറാത്തിൽനിന്ന് മടങ്ങിയത്. തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബി.ജെ.പി സർക്കാറിന് ആനന്ദലബ്ധിക്കിനിയെന്തു വേണം? അതിനുള്ള സോഫ്റ്റ്വെയറും സാങ്കേതികവിദ്യയുമെല്ലാം കേരളത്തിന് നൽകാമെന്ന് ബി.ജെ.പി സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഗുജറാത്തിന്‍റെ പി.ആറിന് കേരളത്തിന്‍റെ സംഭാവന

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പി.ആർ പ്രവർത്തനങ്ങളിലേക്ക് കേരളത്തിൽനിന്നുള്ള പ്രതിനിധി സംഘത്തെ അയച്ച് സംസ്ഥാന സർക്കാർ കേരളത്തിലെ മതനിരപേക്ഷ വിശ്വാസികളെയൊക്കെ അപമാനിച്ചിരിക്കുകയാണെന്നും കേരളത്തിന്‍റെ പാരമ്പര്യത്തിന് ഈ സർക്കാർ കളങ്കമായി മാറിയിരിക്കുകയാണെന്നും മുൻ ധനമന്ത്രിയും സി.പി.എം നേതാവുമായ തോമസ് ഐസക് പറഞ്ഞതു കേട്ട് ആരും തെറ്റിദ്ധരിക്കേണ്ട.



നരേന്ദ്ര മോദി ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ ഗുജറാത്ത് മോഡൽ പഠിക്കാൻ വി.പി. ജോയിയെയും സംഘത്തെയും പറഞ്ഞയച്ചപ്പോൾ നടത്തിയ പ്രതികരണമല്ല ഇത്. 2013ൽ യു.ഡി.എഫ് മന്ത്രിയായി ഗുജറാത്ത് മോഡൽ പഠിക്കാൻ പോയ ഷിബു ബേബിജോണിനെതിരെ നടത്തിയ പ്രതികരണമാണ്. ഷിബു ചെയ്തത് വലിയൊരു രാഷ്ട്രീയക്കളിയാണെന്നും വളരെ അപമാനകരമായ അവസ്ഥ അത് കേരളത്തിനുണ്ടാക്കിയെന്നും പറഞ്ഞ തോമസ് ഐസകിന് പുറമെ സാക്ഷാൽ പിണറായി വിജയനും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും അടക്കമുള്ള മുതിർന്ന സി.പി.എം നേതാക്കളെല്ലാം അതിന്‍റെ പേരിൽ ഷിബുവിനെയും യു.ഡി.എഫിനെയും രാഷ്ട്രീയമായി ആക്രമിച്ചു.

ഗുജറാത്ത് പോലെയാക്കാനാണോ കേരളത്തിൽനിന്ന് പ്രതിനിധിസംഘത്തെ അങ്ങോട്ടയച്ചത് എന്ന തോമസ് ഐസകിന്‍റെ ചോദ്യത്തിന് അതെ എന്ന് മറുപടി നൽകിയിരിക്കുന്നത് സ്വന്തം നേതാവ് പിണറായി വിജയനും ചീഫ് സെക്രട്ടറി ജോയിയുമാണ്. ഇതുകൊണ്ടെങ്കിലും മനസ്സലിഞ്ഞ് കെ-റെയിലിന് മോദി അനുമതിതന്നെങ്കിലോ?

Tags:    
News Summary - K rail and Gujarat model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.