കാശി ഗ്യാൻവാപി, മഥുര ഷാഹി മസ്ജിദ് വിഷയങ്ങളെ മറുപക്ഷം ആഗ്രഹിക്കുന്ന വിധത്തിലേക്ക് പരിവർത്തിപ്പിക്കാൻ ഇറങ്ങിയിരിക്കുന്ന മുസ്‍ലിംകൾ ദ ഇക്കണോമിസ്റ്റ് മേയ് 20 ലക്കത്തിന്റെ മുഖചിത്രം നോക്കുക. ഒരു ഇലക്ട്രിക് മുച്ചക്ര വാഹനത്തിൽ പറക്കുന്ന മോദിയുടെ ചിത്രത്തിനൊപ്പം 'ഇന്ത്യയുടെ നിമിഷം' എന്ന് വലിയ തലക്കെട്ട് നൽകിയിരിക്കുന്നു. പിന്നെ ചെറിയ അക്ഷരങ്ങളിലായി ഒരു സംശയവും ഉന്നയിക്കുന്നുണ്ട്- 'മോദിയത് കളഞ്ഞുകുളിക്കുമോ'?
രണ്ടു പള്ളികളെക്കുറിച്ചുള്ള നിങ്ങളുടെ വിലാപങ്ങൾ ആകാശത്തെ പിളർത്തിയേക്കാം, പക്ഷേ, കൃത്യാന്തരത്തിൽ മുഴുകിയിരിക്കുന്ന ലോകത്തിന്റെ ദിശമാറ്റാൻ അതിനാവില്ല. ഒരു പുതിയ ലോകക്രമം രൂപപ്പെട്ടുവരുകയാണ്. ഈ പ്രക്രിയ നടക്കുമ്പോൾ, ഇന്ത്യ ഏറെ സുന്ദരമായ ഒരു സ്ഥാനത്താണ്. ലോകത്ത് മറ്റൊരു രാജ്യവും ഇത്രയധികം ശുഷ്കാന്തിയോടെ ഒരുക്കങ്ങൾ നടത്തുന്നില്ല. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കാര്യങ്ങൾ നല്ല വെടിപ്പായി നീക്കുന്നുണ്ട്. യുക്രെയ്ൻ യുദ്ധാനന്തര ലോകത്തെ ഇന്ത്യയുടെ സ്ഥാനം ഉയർത്തുംവിധത്തിലെ തിരുത്തലുകൾ വരുത്താൻ അദ്ദേഹത്തിന് സാധിച്ചു.
പള്ളികളുടെ വിഷയം ഉയർത്തുന്ന മുസ്‍ലിംകൾക്ക് നല്ല സമയമല്ല ഇത്. ലോകം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് മറ്റൊരു കാര്യത്തിലാണ്. 'ഇന്ത്യക്ക് ഈ വർഷം അതിവേഗ വളർച്ച പ്രാപിക്കുന്ന ആഗോള സമ്പദ് വ്യവസ്ഥയാകാനുള്ള സാധ്യതയുണ്ട്' എന്ന് പടിഞ്ഞാറൻ മുതലാളിത്തത്തിന്റെ കോളാമ്പിയായ ദ ഇക്കണോമിസ്റ്റ് താരകക്കണ്ണാളെപ്പോലെ നോക്കി പറയുന്നു. അങ്ങനെയൊരു ഏറുകളി നടക്കുന്നയിടത്ത് രണ്ട് ന്യൂനപക്ഷ ആരാധനാലയങ്ങൾക്ക് ഇടമെവിടെ?
പ്രതീക്ഷകളുടെ പെരുമഴ പെയ്ത്ത് ഇന്ത്യയോടുള്ള സ്നേഹം കൊണ്ടു മാത്രമല്ല. "ഇനിയും മനസ്സിലാക്കിയിട്ടില്ലെങ്കിൽ ചൈനയുടെ ഉയർച്ച ഒരു അദ്വിതീയ സംഭവമാണെന്ന് ലോകം തിരിച്ചറിയും; ഇന്ത്യൻ വളർച്ച ലോകത്തെ മാറ്റിമറിക്കും.''
കരുതലോടെ, ഞെരിച്ചമർക്കുന്നതിന് മുമ്പ് മോദി തടയിടേണ്ട രാഷ്ട്രീയവും സാമൂഹികവുമായ അപചയത്തിന് മാഗസിൻ വേണ്ടത്ര ഇടം നൽകിയിട്ടുണ്ട്. ഹിന്ദുത്വയുടെ പ്രധാന സന്ദേശം, 'ഹിന്ദുക്കൾ അപകടത്തെ നേരിടാൻ ഒന്നിക്കണം' എന്നതാണെന്ന് ദി ഇക്കണോമിസ്റ്റ് പറയുന്നു. 'ചോദ്യം ചെയ്യാനാവാത്ത ഹിന്ദു ആധിപത്യമുള്ള ഒരു രാജ്യത്ത് അസംബന്ധമായി തോന്നാവുന്ന കാര്യമാണത്.'
എന്നാൽ, നൂറ്റാണ്ടുകൾ നീണ്ട മുസ്‍ലിം, യൂറോപ്യൻ ഭരണശേഷം ഭാരതാംബക്കു മേൽ ഹിന്ദു സമഗ്രാധിപത്യം പുനഃസ്ഥാപിക്കാനുള്ള തിടുക്കപ്പെട്ട ആഹ്വാനവും അതിനായുള്ള ആഖ്യാനവും പലരുടെയും ക്ഷമ നഷ്ടപ്പെടുത്തുന്നു.
ഹിന്ദു റികോൺക്വിസ്റ്റ ( Hindu Reconquista) എന്നാണ് മാഗസിൻ പ്രയോഗിച്ചിരിക്കുന്നത്. ഗ്യാൻവാപി, ഷാഹി മസ്ജിദ് ആവേശക്കാർ ഈ ഖണ്ഡികയിലെ രണ്ടു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. മുസ്‍ലിം വിഭാഗങ്ങളിൽനിന്ന് ക്രൈസ്തവർ സ്‍പെയിൻ തിരിച്ചുപിടിച്ചതിന്റെ ഓർമകൾ ഉണർത്തുംവിധമാണ് 'Reconquista' എന്ന പ്രയോഗം.
അകലങ്ങളിൽനിന്നുള്ള ആ ചിത്രം ഇന്ത്യയുമായി ചേർന്നുനിൽക്കുന്നു. പക്ഷേ, മുസ്‍ലിംകളെ ഒരു പ്രദേശത്തെ താമസക്കാരായി എണ്ണുന്നതുപോലെ യൂറോപ്പിനും ഒരു മതമുണ്ട്. തുർക്കിയിൽ മുസ്‍ലിംകളാണെന്നും യൂറോപ്യൻ നാഗരികത ക്രൈസ്തവം ആണെന്നും പറഞ്ഞാണ് പണ്ടത്തെ ഫ്രഞ്ച് പ്രസിഡന്റ് വലേരി ഗിസ്‌കാര്‍ഡ് ഡി എസ്തേങ് യൂറോപ്പിലേക്കുള്ള തുർക്കിയുടെ വരവിനെ എതിർത്തത്.
വെറുതേ ദ ഇക്കണോമിസ്റ്റിനെ പഴിപറഞ്ഞിട്ട് കാര്യമില്ല, ഇത് സംസ്ഥാപിതമായ പടിഞ്ഞാറൻ കൈയടക്ക വിദ്യയാണ്. ബോസ്നിയൻ യുദ്ധകാലത്ത് സെർബുകളും ക്രോട്ടുകളും ബോസ്നിയൻ മുസ്‍ലിംകളുമായി സംഘർഷത്തിലാണെന്ന്, അതായത് ഉണ്മയാർന്ന രണ്ട് നരവംശ സമൂഹങ്ങൾ ഒരു മതവിഭാഗവുമായി സംഘർഷത്തിലാണ് എന്നാണ് അവർ വ്യാഖ്യാനിച്ചിരുന്നത്.
കാശിയിലെയും മഥുരയിലെയും പള്ളികളുടെ അരമതിലുകൾ സംരക്ഷിക്കാൻ നോക്കുന്നവർക്ക് മറുഭാഗത്തുള്ളവർ ആരെന്നറിഞ്ഞിരിക്കുന്നത് ഗുണകരമാവും. 'എതിർവശ'ത്തുള്ള ജനസഞ്ചയം താളത്തിൽ മകുടിയൂതി ഭാരതാംബയെ മാസ്മരികതയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നവരാണ്. ഇന്ത്യ ഒരുവട്ടം ഉണർന്നെണീറ്റുകഴിഞ്ഞാൽ അത് പിന്നീട് ചൈനക്കു നേരെയുള്ള 'അവരുടെ' പുറങ്കോട്ടയായിമാറും.
മാഗസിൻ നടത്തിയ "reconquista" പ്രയോഗം ഭാരിച്ചതാണ്. അന്ദലൂഷ്യയിലെ ക്രൈസ്തവ ആധിപത്യത്തിന്റെ തിരിച്ചുവരവ് അതിൽ പ്രതിധ്വനിക്കുന്നുണ്ട്. സ്പെയിനിൽ എട്ടു നൂറ്റാണ്ട് നീണ്ട മുസ്‍ലിം ഭരണത്തിന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുസ്‍ലിം കാലഘട്ടവുമായി തീരെ ചെറിയ സാമ്യം മാത്രമാണുള്ളത്. എന്നാലും, സ്‍പെയിനിലെ ക്രൈസ്തവ ഭരണത്തിന്റെ തിരിച്ചുവരവിനെത്തുടർന്ന് യഹൂദരെയും മുസ്‍ലിംകളെയും ദ്രോഹിക്കുകയും കൊള്ളയടിക്കുകയും പീഡിപ്പിക്കുകയും ചെയ്തതിൽനിന്ന് ഹിന്ദുത്വ രചയിതാക്കൾ പ്രചോദനം ഉൾക്കൊള്ളുന്നുണ്ടാവാം.
യഹൂദർക്കെതിരായ ദ്രോഹം അതികഠിനമായിരുന്നു. അവർ മുസ്‍ലിം രാജഭരണമുള്ള മൊറോക്കോയുടെയും പിന്നീട് ഓട്ടോമൻ സാമ്രാജ്യത്വത്തിന്റെയും ആതിഥേയത്വം സ്വീകരിച്ചു. മൊറോക്കൻ രാജാവിനോടുള്ള അവരുടെ കടപ്പാട് തലമുറകളോളം തുടർന്നു. ജറൂസലമിലെ സെഫാഡിക് ജൂതരുടെ (1492നു ശേഷം സ്പെയിനിൽനിന്ന് വിട്ടോടിപോകേണ്ടി വന്ന യഹൂദർ) സ്വീകരണ മുറികളിൽ മൊറോക്കയിലെ ഹസ്സൻ രണ്ടാമൻ രാജാവിന്റെ ചിത്രങ്ങൾ നിറഞ്ഞുനിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
ഗ്യാൻവാപി, ഷാഹി മസ്ജിദ് സ്നേഹികൾ അറിയണം ലോകത്തിലെ ഏറ്റവും മഹത്തായ പള്ളികളിലൊന്നിന്റെ കഥ. അവിടം സന്ദർശിച്ച് മഹാകവി ഇക്ബാൽ കുറിച്ചിട്ട വരികൾ ആധ്യാത്മികവും നാഗരികവുമായ വീക്ഷണത്തെ സംഗ്രഹിക്കുന്നുണ്ട്. കൊറദോവയിലെ മഹാസ്മാരകം (കൊറദോവ മസ്ജിദ്) കണ്ട് അദ്ദേഹം ഇങ്ങനെ കണ്ടു:
''സിൽസിലായെ റോസ് ഒ ശബ്
അസ് ലെ മൗത്ത് ഒ ഹയാത്ത്
(പകലിൽനിന്ന് രാത്രിയിലേക്കുള്ള തുടർച്ചയായുള്ള പരസ്പര മാറ്റം, ജീവിതത്തിനും മരണത്തിനുമുള്ള രൂപകമാണ്).
രണ്ടു പള്ളികളിലേക്കുതന്നെ മടങ്ങിവരാം: കാര്യങ്ങളെല്ലാം ന്യായയുക്തമാവാം, പക്ഷേ ഇതൊരു മോശം സമയമാണ്.
2005ലെ സച്ചാർ സമിതി റിപ്പോർട്ട് പ്രകാരം സകല സാമൂഹിക സൂചകങ്ങളിലും മുസ്‍ലിംകൾ ദയനീയമായ പതിതാവസ്ഥയിലായിരുന്നു. എന്നാൽ, അതുപോലും സമകാലിക യാഥാർഥ്യംപോലെ വേദനജനകമായിരുന്നില്ല. അതിൽ മുസ്‍ലിംകളെ അടിയേറ്റ് മുറിവുപറ്റുന്നവരായി കാണിക്കുന്നുണ്ടായിരുന്നില്ല. ഒരു ജനവിഭാഗം കീഴടങ്ങുകയും പുറത്തുപോകുകയും ചെയ്യുമ്പോൾ, പള്ളികൾ മധ്യകാല അധിനിവേശത്തിന്റെ അവശിഷ്ടങ്ങളാണെന്നും കാശിയും മഥുരയും ഹിന്ദുക്കൾക്ക് മക്കയും മദീനയും പോലെയാണെന്നും നിങ്ങൾ അവരോട് എങ്ങനെ പറയും. മൗലാനാ ഹസ്രത്ത് മൊഹാനി മഥുരയിലെ 'പള്ളിയിലല്ല' മഥുര 'നഗരി'യിലാണ് 'കൃഷ്ണന്റെ ആലിംഗനത്തിൽ' മരണം പുൽകണമെന്ന് ആഗ്രഹിച്ചത്.
വലി ദഖിനി എഴുതി
''കൂച്ചാ ഏ യാർ ഐൻ കാശി ഹേ
ജോഗിയാ ദിൽ വഹാ കാ വാസി ഹേ
(എനിക്കെത്രയും പ്രിയമുള്ളയാൾ
പാർക്കുന്നിടം കാശിപോലാണ്
എന്റെ ഹൃദയത്തിലെ യോഗി അവിടെയല്ലോ കുടികൊള്ളുന്നത്)
മുറിവേറ്റ മനുഷ്യരെ വലിയെക്കുറിച്ച് ഓർമിപ്പിക്കേണ്ട നേരമല്ലിത്. എന്നാലും വിരോധാഭാസമെന്നുപറയട്ടെ അഹ്മദാബാദിലെ പ്രധാന പൊലീസ് സ്റ്റേഷന് പുറത്ത് സ്ഥിതിചെയ്തിരുന്ന വലിയുടെ മസാർ (ഖബറിടം) 2002ലെ വംശഹത്യാകാലത്ത് അതിക്രമകാരികൾ ഇടിച്ച് മണ്ണോടുചേർത്തു; ആരുടെ ഖബറിടമാണെന്നൊന്നും നശിപ്പിച്ചവർക്ക് ഒരു പക്ഷേ അറിയുകപോലുമുണ്ടാവില്ല.
ഇല്ല, ഇത് അക്കാര്യങ്ങളൊന്നും പറയേണ്ട സമയമല്ല, ഈ വിഷയങ്ങളെല്ലാം ഇപ്പോൾ പൊക്കിക്കൊണ്ടുവരുന്നത് 2024ലെ പൊതുതെരഞ്ഞെടുപ്പിനും 2025ലെ ആർ.എസ്.എസ് ശതാബ്ദിയാചരണത്തിനുമുള്ള മുന്നൊരുക്കമാണെന്ന കാര്യംപോലും. ഇത് മുസ്‍ലിംകളെ വിഷയത്തിലേക്ക് ഇറക്കിക്കൊണ്ടുവരുവാനുള്ള ഒരു ക്ഷണപ്രക്രിയ മാത്രമാണ്, എന്നിട്ടു വേണം ബി.ജെ.പിക്ക് ധ്രുവീകരണമുണ്ടാക്കാൻ.
ഒപ്പം ഒരു കാര്യത്തിൽകൂടി മുന്നറിയിപ്പ് നൽകാനുണ്ട്, ദ ഇക്കണോമിസ്റ്റ് ഇതിനകംതന്നെ നിങ്ങളോടിക്കാര്യം പറഞ്ഞു കഴിഞ്ഞു: കഷ്ടമാണെങ്കിലും നിങ്ങളുടെ ദുരന്തങ്ങൾ ലോകത്തിന്റെ പരിധിക്ക് പുറത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.