മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളും പ്രവാസികളും

‘ഗുജറാത്തിലെ ഗിര്‍ വനത്തില്‍ എത്ര സിംഹങ്ങളുണ്ട് എന്നതിന് കൃത്യമായ കണക്കുണ്ട്. ഇരവികുളത്ത് എത്ര വരയാടുകളുണ്ട് എന്നറിയാനും പ്രയാസമില്ല. എന്നാല്‍, ഇന്ത്യക്ക് പുറത്തുകഴിയുന്ന മലയാളികളുടെ കൃത്യമായ എണ്ണം ആര്‍ക്കുമറിയില്ല. മൃഗങ്ങള്‍ക്ക് നല്‍കുന്ന വിലപോലും കോടിക്കണക്കിന് വിദേശനാണ്യം രാജ്യത്തേക്ക് അയക്കുന്ന പ്രവാസിക്ക് അധികാരികള്‍ നല്‍കുന്നില്ല എന്നല്ളേ ഇത് കാണിക്കുന്നത്?’’ -ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘ഗള്‍ഫ് മാധ്യമം’ നടത്തിയ പ്രവാസി അവകാശപത്രിക കാമ്പയിനില്‍ ഒരു വായനക്കാരന്‍ എഴുതിയ കത്തില്‍നിന്നാണിത്. പ്രവാസികള്‍ നേരിടുന്ന അവഗണനയുടെ ആഴം ഇതില്‍ വ്യക്തം. കേരള സര്‍ക്കാറിനും കേന്ദ്ര സര്‍ക്കാറിനുമെല്ലാം വിദേശമലയാളികളുടെ എണ്ണത്തില്‍ വേറെ വേറെ കണക്കാണ്.  

അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയവരുടെ എണ്ണമല്ല ചോദിക്കുന്നത്. ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ ജീവിതമാര്‍ഗം തേടി പോയവരുടെ കണക്കുപോലും കൃത്യമായില്ലാതെ അവര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ എങ്ങനെ ഫലപ്രദമായി നടപ്പാക്കാനാകും?
മുഖ്യമന്ത്രി പിണറായി വിജയന്‍െറ യു.എ.ഇ സന്ദര്‍ശനമാണ് ഇക്കാര്യം മനസ്സിലത്തെിച്ചത്. മുഖ്യമന്ത്രിപദം ഏറ്റെടുത്ത ശേഷം ആദ്യമായി നടത്തിയ വിദേശസന്ദര്‍ശനം ഏറ്റവും കൂടുതല്‍ മലയാളികളുള്ള യു.എ.ഇയിലേക്കായത് നന്നായി. പ്രവാസികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും ഏറ്റവുമധികം അറിയുകയും പഠിക്കുകയും ചെയ്ത മറ്റൊരു രാഷ്ട്രീയ നേതാവ് കേരളത്തിലുണ്ടാകില്ല. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി  കഴിഞ്ഞവര്‍ഷം ഡിസംബറിലും ഒരു വര്‍ഷം കഴിഞ്ഞ്  മുഖ്യമന്ത്രിയായ ശേഷവും അദ്ദേഹം യു.എ.ഇയില്‍ വന്നപ്പോള്‍ നടത്തിയ പ്രസംഗങ്ങള്‍ കേട്ടവര്‍ അതു സമ്മതിക്കും. താമസം, ശമ്പളം, ബാധ്യതകള്‍, തൊഴില്‍ പ്രശ്നങ്ങള്‍, ചൂഷണരീതികള്‍, സാമ്പത്തിക കെണികള്‍, സാമ്പത്തിക ആസൂത്രണമില്ലായ്മ, യാത്രാപ്രശ്നം, മക്കളുടെ വിദ്യാഭ്യാസം, ആരോഗ്യപ്രശ്നങ്ങള്‍, സമ്പാദ്യം, നിക്ഷേപ സാധ്യതകള്‍ തുടങ്ങി പ്രവാസി മലയാളികളും കുടുംബങ്ങളുമായി ബന്ധപ്പെട്ട മിക്ക വിഷയങ്ങളിലും അദ്ദേഹം നന്നായി ഗൃഹപാഠം നടത്തിയിട്ടുണ്ടെന്ന് വ്യക്തം. അതുകൊണ്ടുതന്നെയായിരിക്കണം പ്രവാസി കാര്യ വകുപ്പിന്‍െറ ചുമതല അദ്ദേഹം സ്വയം ഏറ്റെടുത്തതും അതറിഞ്ഞ് പ്രവാസലോകം സന്തോഷിച്ചതും.

ഡിസംബര്‍ 21ന് ദുബൈയിലത്തെിയ അദ്ദേഹത്തെ കേള്‍ക്കാന്‍ ഗള്‍ഫ് മലയാളികള്‍ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടെയുമാണ് കാത്തിരുന്നത്. പ്രവാസികളെക്കുറിച്ച് കരുതലുള്ള സര്‍ക്കാറാണ് കേരളത്തിലുള്ളതെന്ന് പറഞ്ഞായിരുന്നു പര്യടനത്തിന്‍െറ തുടക്കം. പിന്നീട് വിവിധ ചടങ്ങുകളിലായി പല പ്രഖ്യാപനങ്ങള്‍ അദ്ദേഹം നടത്തി. ഇവ പ്രവാസികളുടെ പ്രതീക്ഷക്കൊത്തുയര്‍ന്നോ എന്നു ചോദിച്ചാല്‍ പ്രഖ്യാപനങ്ങള്‍ മുമ്പും ഒരുപാട് കേട്ടുമടുത്ത പ്രവാസലോകത്തിന് അസന്ദിഗ്ധമായി ഒരു മറുപടി പറയാനാകുന്നില്ല. വെറും ജല്‍പനങ്ങളെന്നു പറഞ്ഞ് തള്ളാനും പറ്റുന്നില്ല. കഴിഞ്ഞ വരവില്‍ വിശദീകരിച്ച പ്രവാസി പ്രശ്നങ്ങള്‍ക്ക് ഓരോന്നിനും ഭരണാധികാരിയെന്ന നിലയില്‍ മനസ്സിലുള്ള പരിഹാരമാര്‍ഗങ്ങള്‍ മുന്നോട്ടുവെക്കുകയായിരുന്നു ഇത്തവണ പിണറായി ചെയ്തതെന്ന് പറയുന്നതാകും ശരി. പ്രായോഗികമായി നടപ്പാക്കാന്‍ പ്രയാസമുള്ളതും സര്‍ക്കാറിന് ഏറെ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതുമായ വാഗ്ദാനങ്ങളുണ്ടായിരുന്നു അതില്‍. ചിലതെല്ലാം അവിശ്വസനീയവും അവ്യക്തവുമായിരുന്നു. ഉദാഹരണത്തിന് ഗള്‍ഫില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ബദല്‍ തൊഴില്‍ കിട്ടുന്നതുവരെ താല്‍ക്കാലിക സഹായമായി ആറുമാസത്തെ ശമ്പളം, തൊഴില്‍ നഷ്ട സുരക്ഷ എന്ന നിലക്ക് നല്‍കാന്‍ ശ്രമിക്കുമെന്ന വാഗ്ദാനം. അതോടൊപ്പം ഇതര ആനുകൂല്യമൊന്നുമില്ലാത്ത വ്യക്തിയാണെങ്കില്‍ ഗള്‍ഫില്‍ ജോലി ചെയ്ത ഓരോ വര്‍ഷത്തിനും ഒരു മാസത്തെ ശമ്പളം എന്ന രീതിയില്‍ നല്‍കാനാകുമോ എന്നു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിതാഖാത് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കുള്ള പുനരധിവാസ നടപടികളായിട്ടാണ് അദ്ദേഹം ഇത് വിവരിച്ചത്. എന്നാല്‍, നടപ്പാക്കാന്‍ സാധിക്കുന്ന ചില കാര്യങ്ങളും യുക്തിഭദ്രമായി അദ്ദേഹം അവതരിപ്പിച്ചു. മടങ്ങിവരുന്നവര്‍ക്ക് വിദഗ്ധ തൊഴില്‍ പരിശീലനം, പ്രവാസികള്‍ക്കു മാത്രമായി  പൂര്‍ണതോതിലുള്ള  ജോബ് പോര്‍ട്ടല്‍ തുടങ്ങിയവ. പരിശീലനവും  പോര്‍ട്ടലുമാകുന്നതോടെ ജോലി കണ്ടത്തൊന്‍ എളുപ്പമാകും. തൊഴിലവസരം സൃഷ്ടിക്കാന്‍ പിണറായി കണ്ട മാര്‍ഗം കൂടുതല്‍ നിക്ഷേപം ഗള്‍ഫ് മേഖലയില്‍നിന്ന് കേരളത്തിലത്തെിക്കുകയാണ്. അതുവഴി ചെറുതും വലുതുമായ വ്യവസായ, ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാം. അതില്‍ മണലാരണ്യത്തില്‍നിന്ന് കഷ്ടപ്പെട്ടുണ്ടാക്കിയ സാധാരണ പ്രവാസികളുടേതുള്‍പ്പെടെയുള്ള സമ്പാദ്യം ഫലപ്രദമായി വിനിയോഗിക്കാം. അതിന് സംരംഭകര്‍ക്ക് ആത്മവിശ്വാസം പകരുന്ന നിരവധി പ്രഖ്യാപനങ്ങളും അദ്ദേഹം നടത്തി. പ്രവാസി നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍തന്നെയാണ് ഗാരന്‍റി. വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ പ്രവാസി നിക്ഷേപ കൗണ്‍സിലും സഹായ സെല്ലും തുടങ്ങും. എന്തു തടസ്സമുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസിനെ സമീപിക്കാം. നടപടികളെല്ലാം ഓണ്‍ലൈനാക്കും.
 

പ്രശ്നങ്ങളും പ്രതിവിധികളും
പ്രവാസികളിലെ ഉപരിവര്‍ഗത്തെയും ഇടത്തരക്കാരെയും 80 ശതമാനത്തോളം വരുന്ന സാധാരണക്കാരെയും തരംതിരിച്ച് അവര്‍ നേരിടുന്ന ഏതാണ്ട് മുഴുവന്‍ പ്രശ്നങ്ങളും അദ്ദേഹം വിശദീകരിച്ചു. ചില പ്രതിവിധികളും പറഞ്ഞു. തൊഴിലുടമകളുടെയും  റിക്രൂട്ട്മെന്‍റ് ഏജന്‍സികളുടെയും ചൂഷണം ഇല്ലാതാക്കാന്‍  കേന്ദ്ര സര്‍ക്കാറുമായി ചേര്‍ന്ന് നടപടി സ്വീകരിക്കും. തൊഴിലാളികളെ കബളിപ്പിക്കുന്ന കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തും. റിക്രൂട്ട്മെന്‍റ് ഏജന്‍സികളെ പ്രവര്‍ത്തന മികവിന്‍െറ  അടിസ്ഥാനത്തില്‍  ഗ്രേഡ് ചെയ്യും. ഈ പട്ടിക നോര്‍ക്കയുടെ പോര്‍ട്ടലില്‍ പരസ്യപ്പെടുത്തും. തിരിച്ചുവരുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് നാട്ടില്‍ സ്കൂള്‍ പ്രവേശനം ഉറപ്പാക്കുമെന്നും പ്രവാസി കുടുംബങ്ങളുടെ സമ്പാദ്യത്തില്‍ വലിയൊരു ഭാഗം കവരുന്ന ഗള്‍ഫിലെ വിദ്യാഭ്യാസ ചെലവ് കുറക്കാനായി കേരള പബ്ളിക് സ്കൂളുകള്‍ തുടങ്ങുമെന്നും പിണറായി പറയുമ്പോള്‍ പ്രവാസി പ്രശ്നത്തിന്‍െറ സൂക്ഷ്മതലത്തിലേക്ക് അദ്ദേഹം കടക്കുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. അതുകൊണ്ടാണ് പിണറായിയുടെ വാക്കുകളെ നടക്കാത്ത സ്വപ്നം എന്നുപറഞ്ഞ് തള്ളാന്‍ അവര്‍ക്കാവാത്തത്.

മുന്‍ഗാമികളെപ്പോലെ കൈയടി നേടുകയായിരുന്നില്ല പിണറായി ലക്ഷ്യമിട്ടതെന്ന് വ്യക്തം. അതിനാണെങ്കില്‍ എളുപ്പവിദ്യയുണ്ടായിരുന്നു. പ്രവാസികള്‍ വര്‍ഷങ്ങളായി കൊതിക്കുന്ന  ഒരു  പ്രഖ്യാപനമുണ്ട്, പ്രവാസി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ തുക  1,000 രൂപയില്‍നിന്ന് വര്‍ധിപ്പിക്കുമെന്നത്. അതിനോട് പിണറായി പ്രതികരിച്ചതേയില്ല. അതുണ്ടാക്കിയ നിരാശ ചെറുതല്ല. അതുപോലെ എയര്‍ കേരള പദ്ധതിയെക്കുറിച്ച് ഇനി പ്രതീക്ഷ വേണ്ടെന്നാണ് അദ്ദേഹത്തിന്‍െറ നിലപാട്. പ്രവാസിയായിരിക്കെ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലത്തെിക്കാന്‍  ധനസഹായം  നല്‍കുമെന്ന വാഗ്ദാനവും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ദീര്‍ഘകാല ആവശ്യമാണ്. യു.എ.ഇയില്‍നിന്ന് മാത്രം മാസം ശരാശരി 40 മൃതദേഹങ്ങളെങ്കിലും നാട്ടിലേക്കയക്കുന്നുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകനും പ്രവാസി ഭാരതീയ ദിവസ് അവാര്‍ഡ് ജേതാവുമായ അശ്റഫ് താമരശ്ശേരി പറയുന്നു. 75,000 രൂപയാണ് ഒരു മൃതദേഹം നാട്ടിലത്തെിക്കാനുള്ള ചുരുങ്ങിയ ചെലവ്. മറ്റു രാജ്യങ്ങളില്‍നിന്നുള്ള എണ്ണം കൂടി പരിഗണിക്കുമ്പോള്‍ ഈ ചെലവ് സര്‍ക്കാറിന് വഹിക്കാനാകുമോ എന്ന സന്ദേഹം സ്വാഭാവികം.

യു.എ.ഇ ബന്ധം
കേരളവും യു.എ.ഇയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം സഹായിച്ചു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനെയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയെയും കേരളത്തിലേക്ക് ഒൗദ്യോഗികമായിതന്നെ അദ്ദേഹം ക്ഷണിച്ചു. ഷാര്‍ജ ഭരണാധികാരിയുമായുള്ള ഹൃദ്യമായ കൂടിക്കാഴ്ചയെക്കുറിച്ച് പിന്നീടുള്ള പ്രസംഗങ്ങളിലെല്ലാം പിണറായി ഏറെ ആഹ്ളാദത്തോടെയാണ് പറഞ്ഞത്. അടുത്ത സെപ്റ്റംബറില്‍ കേരളത്തില്‍ വരാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. മലയാളികള്‍ ഏറെ തിങ്ങിത്താമസിക്കുന്ന ഷാര്‍ജയുമായി ബന്ധം പുതിയ തലത്തിലേക്കുയരുന്നത് തീര്‍ച്ചയായും പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യും.
ഷാര്‍ജയില്‍ മലയാളി സാംസ്കാരിക നിലയം പണിയാനും മലയാളികള്‍ക്ക് താങ്ങാവുന്ന ചെലവില്‍ താമസസൗകര്യമൊരുക്കാനുദ്ദേശിച്ചുള്ള കുടുംബനഗരം എന്ന ടൗണ്‍ഷിപ് പദ്ധതിക്കും മുഖ്യമന്ത്രി സ്ഥലം ചോദിച്ച് കത്തുകൊടുത്തിട്ടുണ്ട്. ദുബൈ ഭരണാധികാരിയെ നേരില്‍ കണ്ടില്ളെങ്കിലും അദ്ദേഹത്തിന് കീഴിലുള്ള ദുബൈ ഹോള്‍ഡിങ്സും അതിന്‍െറ സഹ സംരംഭമായ സ്മാര്‍ട്ട്സിറ്റിയുമാണ് പിണറായിക്ക് ദുബൈയില്‍ ആതിഥ്യമരുളിയത്. സ്മാര്‍ട്ട് സിറ്റിക്ക് പിന്നാലെ വിനോദസഞ്ചാര മേഖലയില്‍ കൂടി നിക്ഷേപം നടത്താന്‍ അവര്‍ താല്‍പര്യം കാണിച്ചത് കേരളത്തിന് ഈ മേഖലയില്‍ കുതിച്ചുചാട്ടത്തിനുതന്നെ വഴിവെക്കും. ആയുര്‍വേദമാണ് ദുബൈ താല്‍പര്യം കാണിച്ച മറ്റൊരു വിഷയം. നിങ്ങള്‍ക്ക് താങ്ങായി നില്‍ക്കുന്ന സര്‍ക്കാറാണ് കേരളത്തിലുള്ളതെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പ്രവാസികളെ സന്തോഷിപ്പിക്കില്ല. പറഞ്ഞകാര്യങ്ങളിലെ ആത്മാര്‍ഥത അവ ഇച്ഛാശക്തിയോടെ നടപ്പാക്കുമ്പോള്‍ മാത്രമേ അവര്‍ക്ക് ബോധ്യപ്പെടൂ. ഇത$പര്യന്തമുള്ള അനുഭവങ്ങള്‍ അവരെ ശുഭാപ്തി വിശ്വാസികളല്ലാതാക്കിയിരിക്കുന്നു. അതിനെ മറികടക്കുന്ന പ്രവര്‍ത്തനങ്ങളാണ് പിണറായി വിജയന്‍ സര്‍ക്കാറിന്‍െറ മുന്നിലെ വെല്ലുവിളി.

 

Tags:    
News Summary - kerala chief mininster pinarayi vijayan's uae visit and gulf expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.