പാൻഡമിക്കിൽ ബിസിനസെല്ലാം പണ്ടാരമടങ്ങിയ കേരളത്തിലെ പരസ്യ വ്യവസായ മേഖലക്ക് റെസിലിയൻസിനുള്ള പിടിവള്ളിയായി വന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ അഡ്വർടൈസിങ് ഇൻഡസ്ട്രി ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇൻഡസ്ട്രി പ്രാക്ടീസായ 15 ശതമാനം പോയിട്ട് ഒരു ശതമാനം പോലും കമീഷൻ കിട്ടാതെ വട്ടടിച്ചു നിൽക്കുന്ന സമയത്ത് പരിധിയില്ലാത്ത ബജറ്റുമായി എത്തിയ രാഷ്ട്രീയ പാർട്ടികൾക്ക് ഏറ്റവും മികച്ച സേവനം തന്നെ അവർ ഓഫർ ചെയ്തു. അതുകൊണ്ടുതന്നെ കാമ്പയിനുകൾക്കൊക്കെ മികച്ച നിലവാരം. പ്രഫഷണൽ ഏജൻസികളുടെ മികച്ച റിലീസിങ്ങുകൾ കണ്ട്, പ്രചാരണ രംഗത്ത് സന്നദ്ധസേവനം നടത്തുന്ന പാർട്ടി അണികളുടെ വർക്കുകളുടെ വരെ നിലവാരം ഉയർന്നു.( ഇതുകേട്ട്, ഇടതു പക്ഷത്തിനു വേണ്ടി പു.ക.സ ഇറക്കിയ അഡാറ് വീഡിയോ പോയി കണ്ട് കിളി പോയാൽ കമ്പനി ഉത്തരവാദിയല്ല).
സംസ്ഥാനത്തെ മൂന്നു മുന്നണികളും പ്രചാരണത്തിന് പ്രഫഷണൽ ഏജൻസികളുടെ സേവനം തേടിയിട്ടുണ്ട്.എൽ.ഡി.എഫിെൻറ 'ഉറപ്പാണ് എൽ.ഡി.എഫ്', യു.ഡി.എഫിെൻറ 'നാടു നന്നാവാൻ യു.ഡി.എഫ്', എൻ.ഡി.എയുടെ 'പുതിയ കേരളം മോദിക്കൊപ്പം' എന്നീ മുദ്രാവാക്യങ്ങളോടെ തങ്ങളുടെ സന്ദേശം ക്ലാസായി ജനങ്ങളിലെത്തിക്കാമെന്ന വാക്കാണ് ഏജൻസികളെല്ലാം മുന്നണികൾക്ക് കൊടുത്തിരിക്കുന്നത്. ആ ഉറപ്പിെൻറ ഉറപ്പ് ഫലം വരുേമ്പാൾ അറിയാമെങ്കിലും വാക്കു കൊടുക്കുന്നതിൽ ഏജൻസികളൊന്നും പിന്നോട്ടു പോയിട്ടില്ല.
2016ൽ 'എൽ.ഡി.എഫ് വരും എല്ലാം ശരിയാകും...' എന്ന ഇടതു പക്ഷത്തിെൻറ കാമ്പയിൻ ലീഡ് ചെയ്ത 'മൈത്രി' തന്നെയാണ് ഇത്തവണയും എൽ.ഡി.എഫിെൻറ ഏജൻസി. അഹ്മദാബാദിൽനിന്നുള്ള ഒരു ഏജൻസിയാണ് യു.ഡി.എഫ് കാമ്പയിെൻറ ചുമതല എന്നാണ് പരസ്യ ഇൻഡസ്ട്രിയിലെ സംസാരം. ഡൽഹി, ചെന്നൈ കേന്ദ്രമായുള്ള രണ്ട് ഏജൻസികൾ എൻ.ഡി.എയുടെ കാമ്പയിനും നിർവഹിക്കുന്നു. സംഗതികൾക്കെല്ലാം അൽപം സീക്രസി ഉള്ളതിനാൽ ബജറ്റൊന്നും പുറത്തറിയുകയുമില്ല.
ആ 'ഉറപ്പി'നു പിന്നിൽ
''എല്ലാം ശരിയാകു'മെന്ന കഴിഞ്ഞ തവണത്തെ കാമ്പയിൻ ടൈറ്റിലിനപ്പുറം, 'എല്ലാം ഡെലിവർ ചെയ്തു, തിരിച്ചുവന്ന് ഇനിയും ചെയ്യും' എന്ന ആശയം ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുന്ന ഒന്നായിരിക്കണം ഇത്തവണത്തെ സ്ലോഗൻ എന്നതായിരുന്നു ക്ലയൻറിെൻറ ആവശ്യം. ഈ ആവശ്യം മുന്നിൽ വെച്ച് 25 ഓളം ടൈറ്റിലുകളുമായി ഞങ്ങൾ ക്ലയൻറുമായി ഇരുന്നു. ആ ഡിസ്കഷനിടയിൽ ക്ലയൻറ് പക്ഷത്തു നിന്നുതന്നെ വന്ന ഒരു നിർദേശം ഇരു കൂട്ടർക്കും പിടിച്ചു. അത് റിഫൈൻ ചെയ്തെടുത്തപ്പോൾ സംഗതി ക്ലിക്ക്ഡ്'' - നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിെൻറ കാമ്പയിൻ സ്ലോഗനായ 'ഉറപ്പാണ് എൽ.ഡി.എഫ്' വന്ന വഴി പറയുന്നു, കൊച്ചി 'മൈത്രി'യുടെ ഓപറേഷൻസ് ഡയറക്ടർ രാജു മേേനാൻ.
'ഉറപ്പാണ് എൽ.ഡി.എഫ്' എന്ന ടൈറ്റിലിന് അമിത ആത്മവിശ്വാസമായിപ്പോയോ എന്ന് ആദ്യ കേൾവിയിൽ നമ്മിൽ പലർക്കും തോന്നിയപോലത്തെ ഒരു ആശങ്ക ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കും ഉണ്ടായിരുന്നു. എന്നാൽ, ഒരു പ്രോമിസ് ഡെലിവർ ചെയ്യുന്നു എന്ന ആംഗിളിലേക്ക് അതിനെ വിപുലീകരിച്ചപ്പോൾ ടൈറ്റിലിെൻറ ഡയമൻഷൻ തന്നെ മാറി. ''ഓവർ കോൺഫിഡൻസ് ഫീൽ ചെയ്യിക്കാതെ മയപ്പെടുത്താനായിരുന്നു തീരുമാനം. അങ്ങനെയാണ് അതൊരു പ്രോമിസിെൻറ രൂപത്തിലേക്ക്, അതായത് 'ഉറപ്പാണ് ആരോഗ്യം; ഉറപ്പാണ് എൽ.ഡി.എഫ്' എന്ന രൂപത്തിൽ അപ്ലൈ ചെയ്തത്. ഉറപ്പുള്ള നേതൃത്വം, പറയുന്ന കാര്യങ്ങളിലെ ഉറപ്പ്, ഉറപ്പുള്ള മുന്നണി-പാർട്ടി എന്നൊക്കെയാണ് ഈ സ്ലോഗൻ ഡെലിവർ ചെയ്യുന്ന വാല്യൂസ്'' -രാജു മേേനാൻ വിശദീകരിക്കുന്നു.
മറ്റു ക്ലയൻറുകൾ പോലെയല്ല, ഏജൻസികൾക്ക് രാഷ്ട്രീയ പാർട്ടികളുടെ കാമ്പയിൻ. ഇത്തവണ അത് 45 ദിവസം നീണ്ടു നിൽക്കുന്ന യുദ്ധമാണ്. മറ്റു പ്രോഡക്ട്/സർവീസ് കാമ്പയിൻ പോെലയല്ല ഇത്. അൽപം പിശകു പറ്റിയാൽ, അടുത്ത ക്വാർട്ടറിൽ കറക്ട് ചെയ്യാം എന്നത് ഇവിടെ നടപ്പില്ല. പരസ്യം കൊണ്ട് മാത്രം ജയിക്കാൻ കഴിയില്ല എന്നും ഏജൻസികൾക്ക് അറിയാം. പാർട്ടി ഡെലിവർ ചെയ്തതും പാർട്ടിയോട് ജനങ്ങൾക്കുള്ള മനോഭാവവുമാണ് ജയിപ്പിക്കുകയോ തോൽപിക്കുകയോ ചെയ്യുന്ന ഫാക്ടർ. പാർട്ടിക്ക് പറയാനുള്ളത് കൃത്യമായി എത്തിക്കുകയാണ് കാമ്പയിൻ ഏജൻസികൾക്ക് ചെയ്യാനുള്ളത്. മെസേജ് ജനങ്ങളിൽ എത്തിക്കുന്നത് യുണീക്കായും ശ്രദ്ധ പിടിച്ചു പറ്റുന്നവിധത്തിലും ആയാൽ കാമ്പയിനും ഏജൻസിയും ശ്രദ്ധിക്കപ്പെടും.
2016ൽ 'എല്ലാം ശരിയാകും' ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് പാസഞ്ചർ ട്രെയിനുകളുടെ പുറത്ത് ചെയ്ത കാമ്പയിൻ വഴിയായിരുന്നല്ലോ. എന്നാൽ ഒരു ഘട്ടമെത്തിയപ്പോൾ മുകളിൽ നിന്ന് സമ്മർദം വന്ന് റയിൽവേ അതിൽ നിന്ന് പിൻമാറുകയുണ്ടായി. അതുെകാണ്ട് ഇത്തവണ മറ്റൊരു പുതുമയാണ് എൽ.ഡി.എഫും ഏജൻസിയും തിരഞ്ഞു കണ്ടുപിടിച്ചത്. അങ്ങനെയാണ്, കേരളത്തിലങ്ങോളമുള്ള ഓട്ടോറിക്ഷകളിൽ 'ഉറപ്പാണ് എൽ.ഡി.എഫ്' ടൈറ്റിൽ കയറിയത്. ഓട്ടോറിക്ഷയിൽ പരസ്യം ചെയ്താലോ എന്ന ആശയം മുന്നോട്ടുവെച്ചത് എൽ.ഡി.എഫിെൻറ കോർ നേതൃത്വത്തിലെ പ്രമുഖനായിരുന്നുവെന്നും രാജുമേനോൻ പറയുന്നു. നിസാര തുകകൊണ്ട് ഉദ്ദേശിച്ചതിെൻറ ഇരട്ടി പ്രയോജനം കിട്ടിയതിൽ ഏജൻസിയും പാർട്ടിയും ഹാപ്പി.
നാടു നന്നാക്കാൻ
ഇത്തവണ തെരഞ്ഞെടുപ്പ് ഫണ്ടിൽ എൽ.ഡി.എഫിനും ബി.ജെ.പിക്കും പിന്നിൽ നിൽക്കുന്നുവെങ്കിലും യു.ഡി.എഫും പ്രഫഷണൽ ഏജൻസിയെ ഉപയോഗിക്കുന്നുണ്ട്. ബജറ്റ് പരിമിതി ഉള്ളതിനാൽ സ്വന്തം സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പ്രചാരണപ്രവർത്തനത്തിനാണ് യു.ഡി.എഫ് കൂടുതൽ പ്രധാന്യം നൽകുന്നത്. കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനറും എ.ഐ.സി.സി സോഷ്യൽ മീഡിയ സെൽ നാഷണൽ കോ ഒാഡിനേറ്ററുമായ അനിൽ ആൻറണിയുടെ വാക്കുകളിൽ പറഞ്ഞാൽ ''പണക്കൊഴുപ്പില്ലാത്തതിനാൽ മറ്റു പാർട്ടികളേക്കാൾ ഇന്നവേറ്റീവും പാർട്ടിസിപ്പേറ്ററിയുമായി കാമ്പയിൻ പ്രവർത്തിപ്പിക്കാൻ ഈ പരിമിതി യു.ഡി.എഫിന് പ്രചോദനമായി.'' 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ശശി തരൂർ എം.പിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ ഇത്തവണ ഫുൾ ത്രോട്ടിലിൽ പ്രവർത്തിക്കുന്നവെന്നാണ്, എ.കെ ആൻറണിയുടെ മകൻ കൂടിയായ അനിൽ പറയുന്നു. ''തിരുവനന്തപുരത്തും കോഴിക്കോടും ആയി രണ്ടു പ്രധാന വാർ റൂമുകളുണ്ട്. കൂടാതെ മിക്ക ജില്ലകളിലും ഇതിനു കീഴിൽ വീണ്ടും വാർ റൂമുകൾ. ജനശക്തിയെന്ന പേരിൽ താഴെ തലത്തിൽ മറ്റൊരു സംവിധാനവും. ഇതിനെല്ലാം പുറമെ, ലോകമെങ്ങും പരന്നു കിടക്കുന്ന കോൺഗ്രസ് അനുഭാവികളായ പ്രഫഷണലുകളെ ഒറ്റ പ്ലാറ്റ്ഫോമിൽ ഒന്നിച്ചു ചേർത്തിട്ടുമുണ്ട്. പാർട്ടി സ്ട്രക്ചറിന് പുറത്തുള്ള ആയിരക്കണക്കിന് സൈബർ പോരാളികൾ പ്രവർത്തിക്കുന്നുണ്ട്. പരിമിതികൾ ഉണ്ടെങ്കിലും മുൻപുള്ള ഏതൊരു തെരഞ്ഞെടുപ്പിനേക്കാളും വിപുലവും ഇഫക്ടീവുമായാണ് നമ്മുടെ ഇത്തവണത്തെ പ്രവർത്തനം. ഡോ. ശശി തരൂരിെൻറ നേതൃത്വം ഇതിനൊക്കെ തികഞ്ഞ പ്രഫഷണൽ ഔട്ട്ലുക് നൽകിയിട്ടുണ്ട്'' -അനിൽ ആൻറണിക്ക് ആത്മവിശ്വാസം.
ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള 10 അംഗ സമിതിയിൽ നിന്നു വന്ന 'നാടു നന്നാവാൻ യു.ഡി.എഫ്' എന്ന ടൈറ്റിലിലൂടെ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന്, ഒന്നിലേറെ കാര്യങ്ങൾ നന്നാക്കാനുെണ്ടന്നാണ് അനിൽ വിശദീകരിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കൊണ്ടു വന്ന, പ്രകൃതിദുരന്തങ്ങളേക്കാൾ മാരകമായ ദുരന്തങ്ങൾ പരിഹരിച്ച് നാടിനെ തിരിച്ചുെകാണ്ടുവരുമെന്ന വാക്കാണ് ഇതിലൂടെ യു.ഡി.എഫ് നൽകുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ''ഏറ്റവും അഭ്യസ്തവിദ്യരായിട്ടും 40 ശതമാനം തൊഴിലില്ലായ്മയാണ് കേരളത്തിൽ. ഏറ്റവും നല്ല ആരോഗ്യ സംവിധാനമുണ്ടായിട്ട് കോവിഡിൽ ഏറ്റവും മുന്നിൽ നമ്മളാണ്. ഇതെല്ലാം പരിഹരിച്ച് നാടു നന്നാക്കും എന്നാണ് കാമ്പയിനിലൂടെ ഞങ്ങൾ പറയുന്നത്.'' -അനിലിെൻറ വിശദീകരണം.
പ്രോമിസ് വിൽക്കുന്നവർ
ഒരു ബെനഫിറ്റോ പ്രോമിസോ ഒരു സർപ്രൈസോ കരുതിവെക്കുകയാണ് ആണ് എപ്പോഴും കാമ്പയിൻ ടൈറ്റിലുകളുടെ സ്വഭാവമെന്നും എൽ.ഡി.എഫിെൻറയും യു.ഡി.എഫിെൻറയും ടൈറ്റിലുകളും ഇതു തന്നെയാണ് ചെയ്യുന്നതെന്നും ബ്രാൻഡിങ് രംഗത്തെ വിദഗ്ധർ പറയുന്നു. ''യു.ഡി.എഫും എൽ.ഡി.എഫും േപ്രാമിസാണ് ബാഗ് ചെയ്യുന്നത്. ഒപ്പം അവരുടെ ടീം ക്യാപ്റ്റെൻറ ഇമേജ് പേഴ്സോണിഫൈ ചെയ്യാനും ശ്രമിക്കുന്നു'' -കൊച്ചിയിലെ പ്രമുഖ ബ്രാൻഡ് കൺസൾട്ടൻറ് സോണി വി. മാത്യു അഭിപ്രായപ്പെടുന്നു.
'ഉറപ്പാണ് എൽ.ഡി.എഫി'ൽ അമിത ആത്മവിശ്വാസത്തിെൻറ ധ്വനി ഉണ്ടായാൽ തിരിച്ചടിക്കാൻ സാധ്യത ഉണ്ട്. എൽ.ഡി.എഫ് അത് തിരിച്ചറിഞ്ഞിട്ടുണ്ട് എന്നുതന്നെ കരുതാം. അതുകൊണ്ടാണ് 'ഉറപ്പാണ് ആരോഗ്യം...' എന്നതു പോലുള്ള പ്രോമിസുകൾ മുന്നിൽ ചേർത്ത് 'ഉറപ്പാണ് എൽ.ഡി.എഫി'ൽ ആരോപിക്കാവുന്ന ഓവർ കോൺഫിഡൻസ് മയപ്പെടുത്തുന്നത്.
അതുപോലെ 'നാടുനന്നാവാൻ യു.ഡി.എഫ്' എന്നതിെൻറ കൂടെ, പുതിയ പദ്ധതികൾ വാഗ്ദാനം ചെയ്യുേമ്പാൾ യു.ഡി.എഫ് ചേർക്കുന്ന 'വാക്കു നൽകുന്നു യു.ഡി.എഫ്' എന്ന സബ്ടൈറ്റിലിന് എൽ.ഡി.എഫിെൻറ 'ഉറപ്പാണ്.....' കാമ്പയിൻ ടൈറ്റിലിെൻറ സ്വാധീനമുണ്ടായിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്.
രണ്ടു ടൈറ്റിലുകൾ വരുേമ്പാൾ ഫോക്കസ് ഡൈല്യൂട്ട് ആവാൻ സാധ്യത കൂടുതലാണ് എന്ന പ്രശ്നം യു.ഡി.എഫ് അഭിമുഖീകരിക്കേണ്ടി വരും. ചുരുക്കത്തിൽ ബ്രാൻഡിങ് പേഴ്സ്പെക്ടീവിൽ എൽ.ഡി.എഫിെൻറ കാമ്പയിൻ ടൈറ്റിൽ ഒരിത്തിരി മുന്നിലാണെന്ന് പറയേണ്ടി വരും. കൂടുതൽ പേരിലേക്ക് എൽ.ഡി.എഫ് കാമ്പയിൻ എത്തിയതുകൊണ്ടല്ല, മറിച്ച് കുറച്ചു കൂടി ഫോക്കസ്ഡ് ആയതുകൊണ്ടാണത് പറയുന്നത്. ബജറ്റ് കൂടുതലുണ്ടെങ്കിൽ ഏത് കാമ്പയിനും കൂടുതൽ ആളുകളിലെത്തിക്കാൻ കഴിയും. എല്ലാറ്റിലുമുപരി, വാക്കുകൾ കൊണ്ടല്ല ആക്ഷനിലൂടെയാണ് ബ്രാൻഡ് ബിൽഡ് ചെയ്യേണ്ടത്. പ്രവൃത്തിയെ സപ്പോർട്ട് ചെയ്യാൻ മാത്രമേ വാക്കുകൾക്ക് കഴിയൂ. ഫാൾസ് ക്ലെയിമുകൾ ബ്രാൻഡിനെ സൃഷ്ടിക്കില്ല, പാർട്ടി ആയാലും പ്രോഡക്ട് ആയാലും '' -സോണി നിരീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.