കേരളം കടക്കെണിയിൽ ആണോ അല്ലയോ എന്ന തർക്കം പണ്ട് ബജറ്റ് കമ്മിയോ മിച്ചമോ എന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ ഓർമിപ്പിക്കുന്നതാണ്. പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞനും മുൻ ധനമന്ത്രിയുമായ ഡോ. തോമസ് ഐസക് കേരളം കടക്കെണിയിൽ അല്ല എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇങ്ങനെ പ്രഖ്യാപിക്കുന്നതിൽ അദ്ദേഹത്തിന് ഒരു നിക്ഷിപ്ത താൽപര്യമുണ്ട്. 2006ൽ അദ്ദേഹം ധനമന്ത്രിപദം ഏറ്റെടുത്ത് അവതരിപ്പിച്ച ആദ്യബജറ്റിൽ കേന്ദ്രം കൊണ്ടുവന്ന ധന ഉത്തരവാദിത്ത നിയമത്തെ പുച്ഛിച്ചുതള്ളി 'വികസനത്തിന് ആവശ്യമായിട്ടുള്ള പശ്ചാത്തല സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് കൂടുതൽ വായ്പയെടുക്കുന്നതിനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്' (ബജറ്റ് പ്രസംഗം, 2006-07, പേജ് 17) എന്നാണ് പ്രഖ്യാപിച്ചത്.
സത്യത്തിൽ, സംസ്ഥാനത്തിന്റെ കടബാധ്യത പിടിവിട്ടുതുടങ്ങിയത് ഈ പ്രഖ്യാപനം മുതലാണ്. 2001 മാർച്ച് അവസാനം 26,259 കോടിയായിരുന്ന ബാധ്യത ഇന്ന് നാലു ലക്ഷത്തോട് അടുക്കുന്നു. 2003ൽ കേന്ദ്ര സർക്കാർ ധന ഉത്തരവാദിത്ത നിയമം കൊണ്ടുവന്ന് കടമെടുപ്പിനുമേൽ ശക്തമായ നിയന്ത്രണം കൊണ്ടുവന്നില്ലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന കടമോർത്താൽ കിടിലംകൊണ്ടുപോകും.
'നിത്യനിദാന ചെലവിന് വായ്പ എടുക്കുന്നത് കുത്തുപാളയെടുപ്പിക്കും എന്ന വാദം ശരി' ആണെന്ന് അവിടെതന്നെ ഡോ. ഐസക് സമ്മതിക്കുന്നുണ്ട്. 2000-01 മുതൽ 2019-20 വരെയുള്ള 20 വർഷക്കാലം പക്ഷേ, എടുത്ത കടത്തിന്റെ വെറും 33 ശതമാനം മാത്രമേ മൂലധനച്ചെലവിനായി മാറ്റിവെക്കപ്പെട്ടുള്ളൂ. എന്നുപറഞ്ഞാൽ, 67 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിത്യനിദാന ചെലവുകൾക്കായാണ് വിനിയോഗിച്ചത്.
കടത്തെക്കുറിച്ച് പൊതുവെയുള്ള ചർച്ചകൾ പലപ്പോഴും കേരളത്തിനു മുന്നിൽ കടമെടുപ്പേ മാർഗമായുള്ളൂ എന്ന സങ്കൽപത്തെ അടിസ്ഥാനപ്പെടുത്തിയാണ്. അടിസ്ഥാനപരമായി സർക്കാർ എന്നത് ജനങ്ങളിൽനിന്ന് നികുതി-നികുതിയിതര മാർഗങ്ങളിലൂടെ സമാഹരിക്കുന്ന പൊതുവിഭവങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംവിധാനമാണ്. കടമെടുക്കുന്നത് ഭാവിയിൽ കൂടുതൽ വരുമാനം ഉണ്ടാക്കുന്ന ആസ്തികൾ സൃഷ്ടിക്കാൻവേണ്ടിയായിരിക്കണം എന്ന കാര്യത്തിൽ അഭിപ്രായസമന്വയമുണ്ട്.
കേരളത്തിന് കടമെടുപ്പേ പരിഹാരമുള്ളൂ എന്ന് വരുത്തിത്തീർക്കുകയാണ് യഥാർഥത്തിൽ ഉണ്ടായത്. കേരള സംസ്ഥാനം രൂപവത്കൃതമായശേഷമുള്ള ആദ്യ 10 വർഷം, അതായത്, 1957-58 മുതൽ 1966-67 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങൾ ആകെ സമാഹരിച്ച പൊതുവിഭവങ്ങളിൽ കേരളത്തിന് 4.45 ശതമാനം ഓഹരിയുണ്ടായിരുന്നു. അവസാന കണക്കുകൾ ലഭ്യമായ 2019-20 ആകുമ്പോൾ ഇത് 4.34 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. കേരളീയരുടെ നികുതി നൽകൽ ശേഷി കുറഞ്ഞുപോയതുകൊണ്ടല്ല ഇത് സംഭവിച്ചത്. 1972-73ൽ ആളോഹരി ഉപഭോഗത്തിൽ എട്ടാം സ്ഥാനത്തായിരുന്ന കേരളം 1999-2000 മുതൽ ഒന്നാംസ്ഥാനത്താണ്. എങ്കിലും സമാഹരിക്കുന്ന പൊതുവിഭവങ്ങളിൽ 60 ശതമാനത്തിനു മേൽ പെട്രോൾ, മോട്ടോർ വാഹനങ്ങൾ, മദ്യം, ഭാഗ്യക്കുറി എന്നീ നാല് ഇനങ്ങളിൽനിന്നാണ്. പാവപ്പെട്ടവരും പുറംപോക്കിൽ കിടക്കുന്നവരും ഇത്രമാത്രം പൊതുവിഭവങ്ങൾ ഖജനാവിൽ എത്തിക്കുന്ന മറ്റൊരു സംസ്ഥാനമില്ല.
അധികാരത്തിലേറാൻ അന്യോന്യം മത്സരിച്ച് നികുതി ഇളവുകളും സൗജന്യങ്ങളും കൊടുത്ത് സംസ്ഥാനത്തിന്റെ വിഭവ അടിത്തറ നശിപ്പിച്ച മുന്നണിരാഷ്ട്രീയമാണ് കേരളത്തിന്റെ കടക്കെണിയുടെ മൂലകാരണം. ഈ രംഗത്ത് ശാസ്ത്രീയ പഠനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളും പണ്ഡിതരും എത്തിച്ചേർന്ന തെറ്റായ കണ്ടെത്തലുകളും ഇതിൽ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും സഹായിച്ചിട്ടുണ്ട്.
കടമെടുപ്പും വിഭവസമാഹരണവും ഒരുപോലെയല്ല. പിരിക്കാമായിരുന്ന, പിരിച്ചെടുക്കേണ്ട നികുതി പിരിച്ചില്ല എങ്കിൽ അത് എന്നേക്കുമായി നഷ്ടപ്പെടുകയാണ്. നേരെമറിച്ച് എടുക്കുന്ന കടം കൃത്യമായി രേഖപ്പെടുത്തപ്പെടുന്നതും പലിശയടക്കം തിരികെ നൽകേണ്ടതുമാണ്. നികുതി പിരിച്ച് പൊതുകാര്യങ്ങൾ നടത്താൻ ഉത്തരവാദപ്പെട്ട സർക്കാർ കടമെടുത്ത് അത് നടത്തിത്തുടങ്ങിയാൽ നികുതിപിരിവ് കുറെ കഴിയുമ്പോൾ ദുഷ്കരമാവും. കേരളത്തിൽ സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതാണ്. കടമെടുപ്പിന്റെ പ്രയോജനം പലപ്പോഴും മധ്യവർഗത്തിലേക്കും സമ്പന്നരിലേക്കുമാണ് പോകുന്നത്. ശമ്പളമായും പെൻഷനായും പൊതുവിഭവങ്ങൾ എത്തിച്ചേരുന്ന ഈ വിഭാഗമാകട്ടെ, നികുതിഭാരത്തിൽനിന്ന് നിയമാനുസൃതമായോ അല്ലാതെയോ മാറിനിൽക്കാൻ അവസരം സിദ്ധിച്ചവർ ആയിരിക്കും.
കേരളം കടക്കെണിയിലാണോ അല്ലയോ എന്ന് ഏതെങ്കിലും ചില സൂത്രവാക്യങ്ങളുടെയോ സ്ഥിതിവിവരക്കണക്കുകളുടെയോ അടിസ്ഥാനത്തിൽ അല്ല തീരുമാനിക്കേണ്ടത്. കേരള സമ്പദ്വ്യവസ്ഥ കടം തിരിച്ചടക്കത്തക്കവിധം വളരുമോ? സമ്പദ്വ്യവസ്ഥ വളർന്നാൽ അതിന് ആനുപാതികമായി നികുതിവരുമാനം വർധിക്കുമോ?
കേരള സമ്പദ്വ്യവസ്ഥയുടെ വളർച്ചയുടെ ചാലകശക്തി ആഭ്യന്തര ഉൽപാദനമല്ല; പുറംവരുമാനം താങ്ങിനിർത്തുന്ന ഉപഭോഗമാണ്. ബലൂൺപോലെ വീർത്തുനിന്നിരുന്ന കേരളത്തിലെ തൃതീയ മേഖല (Tertiary sector) കോവിഡ് മൂലം എത്ര പെട്ടെന്നാണ് ചുരുങ്ങിപ്പോയത്? ആഭ്യന്തരവരുമാനത്തിൽ 2020-21 ഏറ്റവും കൂടുതൽ കുറവുണ്ടായത് കേരളത്തിലാണ് -9.2 ശതമാനം. ചെറുപ്പക്കാരുടെ ഗൾഫ് അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള കുടിയേറ്റമാണ് കഴിഞ്ഞ 45 വർഷത്തിനിടെ കേരളം നേടിയ പുരോഗതിയുടെ അടിസ്ഥാനം. ഇത് പക്ഷേ, അവസാനിക്കാൻ പോവുകയാണ്. ഇന്ത്യയിൽ വയോജനങ്ങളുടെ അനുപാതം അതിവേഗം വർധിക്കുന്ന സംസ്ഥാനമാണ് കേരളം. 2025 ആകുമ്പോൾ മൊത്തം ജനസംഖ്യയുടെ 23 ശതമാനം വയോധികർ ആയിക്കൂടെന്നില്ല. വയോജനങ്ങൾ കൂടുക എന്നതിന് രണ്ട് അർഥങ്ങളുണ്ട്. സമ്പദ്വ്യവസ്ഥയുടെ വളർച്ച കുറയും. കേരളത്തിന്റെ കാര്യത്തിൽ കുടിയേറി വരുമാനം കൊണ്ടുവരാൻ കെൽപുള്ള യുവജനങ്ങളുടെ എണ്ണം കുറയുകയാണ്. വയോധികരുടെ സംരക്ഷണത്തിന് സമൂഹത്തിന് വേണ്ടിവരുന്ന ചെലവാണ് മറ്റൊന്ന്.
കാലാവസ്ഥ വ്യതിയാനം മൂലം കേരളത്തിലെ കാർഷിക-വ്യവസായിക മേഖലകൾ വലിയ അനിശ്ചിതത്വമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ രണ്ടു ഘടകങ്ങളും കണക്കിലെടുക്കാതെ കേരളത്തിന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള സ്വപ്നങ്ങളൊക്കെ മലർപ്പൊടിക്കാരന്റെ സ്വപ്നങ്ങളായി മാത്രമേ അവസാനിക്കുകയുള്ളൂ.
ഇനി അഥവാ, ഈ വൈതരണികളൊക്കെ മറികടന്ന് കേരള സമ്പദ്വ്യവസ്ഥ കിഫ്ബി മുതൽമുടക്ക് ഒക്കെ മൂലം തഴച്ചുവളരുന്നു എന്നിരിക്കട്ടെ, അത് നികുതി-നികുതിയിതര വരുമാനത്തിൽ പ്രതിഫലിക്കുമോ? ഇല്ല എന്നുതന്നെ പറയേണ്ടിവരും. കേരളം ദേശീയ ശരാശരിയേക്കാൾ വളർന്ന 1990-2008 വർഷങ്ങളിൽ സംസ്ഥാനത്തിന്റെ വരുമാനം വർധിക്കാത്തതുമൂലം കൂടുതൽ കടമെടുപ്പിലേക്ക് പോവുകയായിരുന്നു. സന്നദ്ധമായ ഒരു നികുതി നൽകൽ സംസ്കാരം ഒരു സമൂഹം വർഷങ്ങൾകൊണ്ട് കരുപ്പിടിപ്പിക്കുന്നതാണ്. അവിടെ കേരളം അമ്പേ പരാജയപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു.
വരുമാനവർധനക്ക് സാധ്യത കുറവാണെങ്കിൽ ചെലവുകൾ ചുരുക്കുകയാണ് കടക്കെണിയിൽനിന്ന് രക്ഷപ്പെടാനുള്ള മാർഗം. അതിനുള്ള സാധ്യതയും പരിമിതമാണ്. മൊത്തം വരുമാനത്തിന്റെ 21.13 ശതമാനം പെൻഷനുവേണ്ടി ചെലവഴിക്കുന്ന കേരളത്തിന് വരുംവർഷങ്ങളിൽ അത് വലിയ ഒരു ചുമടാകും.
ഏതെങ്കിലും സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ കടംകൊള്ളാനുള്ള സൂത്രപ്പണികൾ അല്ല ബുദ്ധിപരമായ സത്യസന്ധത. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണ് കേരളത്തിന്റെ ഭാവി. അവയെ അവഗണിച്ചുള്ള ശുഭാപ്തിവിശ്വാസം ശാസ്ത്രീയ സമീപനമല്ല.
(ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ ഫാക്കൽറ്റി അംഗമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.