നായ് കുറുകെ ചാടി; വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു, വഴിയാത്രക്കാരിയായ മധ്യവയസ്ക നായുടെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ, വീടിന് മുന്നിൽ കളിച്ചുകൊണ്ട് നിന്ന കുട്ടിയുടെ മുഖം നായ് കടിച്ചു പറിച്ചു . യുവതിയെ കിടപ്പുമുറിയിൽ കയറി നായ് കടിച്ചു- ഒരു ദിവസം ഒരു ജില്ലയിൽ മാത്രം നടന്ന സംഭവങ്ങളാണിവ. സംസ്ഥാനമൊന്നായി എടുത്താൽ നൂറുകണക്കിന് വരുമിത്.
മനുഷ്യനുമായി ഏറ്റവും ഇണങ്ങി, അനുസരിച്ച് കഴിഞ്ഞിരുന്ന നായ്ക്കൾ എങ്ങനെ പെട്ടെന്ന് ഇത്ര ആക്രമണകാരികളായി? വംശവർധന മുതൽ, ഭക്ഷണത്തിന്‍റെ കുറവ് വരെ പലകാരണങ്ങളാണ് അധികൃതർക്ക് പറയാൻ. വന്ധ്യംകരണം നടക്കുന്നില്ല. വാക്സിനേഷനില്ല. അതിനിടെ കടിയേറ്റവരിൽ വാക്സിനെടുത്ത ചിലർ മരിച്ചതോടെ ജനത്തിന് മനസ്സമാധാനം നഷ്ടമായി. കുട്ടികളെ സ്കൂളിലെത്തിക്കാൻ നായ്പ്പേടിയിൽ തോക്കുമായി അകമ്പടി പോകുന്നതും അതേച്ചൊല്ലി കേസെടുക്കുന്നതും വരെയെത്തി കാര്യങ്ങൾ. നിയമം കൈയിലെടുത്ത് ചിലർ നായ്ക്കളെ അതിക്രൂരമായി കൊല ചെയ്യുന്നത് മറ്റൊരു വശം. നായ്ശല്യം വലിയൊരു സാമൂഹികപ്രശ്നമായി നാവുനീട്ടി നിൽക്കുമ്പോഴും കുര കേട്ടഭാവം പോലുമുണ്ടായില്ല സർക്കാറിന്.
പേവിഷ ഭീഷണിയെ കുറിച്ച് ഒമ്പത് മാസം മുമ്പ് 'മാധ്യമം' വിശദമായ വാർത്ത നൽകുമ്പോൾ അത് പരിശോധിക്കുക പോലും ചെയ്യാതെ പരിഹസിക്കാനും സൈബറിടങ്ങളിൽ ആക്രമിക്കാനുമായിരുന്നു ഭരണക്കാർക്കും പിന്തുണക്കുന്നവർക്കും താൽപര്യം. വാക്സിൻ ഫലപ്രാപ്തിയെ കുറിച്ചും തുടർച്ചയായ വാർത്തകൾ വന്നപ്പോൾ സർക്കാറിന് ഒടുവിൽ പരിശോധിക്കാതെ മുന്നോട്ടുപോകാനാവാത്ത സ്ഥിതിവന്നു. അപ്പോഴേക്കും കാര്യങ്ങളാകെ വഷളായിരുന്നു. വാക്സിന്‍റെ ഫലപ്രാപ്തിയെ കുറിച്ച് സർക്കാറിന് പരിശോധനക്ക് തീരുമാനിക്കേണ്ടിവന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയവും വിഷയത്തെ ഗൗരവമായി സമീപിച്ചിട്ടുണ്ട്. ഇത്രയും ഗൗരവമുള്ള വിഷയം ഉയർത്തിയപ്പോൾ അതിലെ വസ്തുത പരിശോധിക്കാതെ പുച്ഛിച്ച് തള്ളിയതിന്‍റെ ബാക്കിപത്രം കൂടിയാണ് ഇപ്പോൾ നാടെത്തിയ ദുരവസ്ഥ.
ആശങ്കപ്പെടുത്തുന്ന കണക്കുകൾ
2030ഓടെ പേവിഷബാധയിൽ ഒരു മരണം പോലും ഉണ്ടാകരുതെന്നതാണ് ആഗോളലക്ഷ്യം. ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്ന കേരളമാകട്ടെ 2025 ഓടെ തന്നെ പേവിഷബാധയേറ്റ് ആരും മരിക്കാന്‍ പാടില്ലെന്ന ലക്ഷ്യമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇക്കൊല്ലം ഇതുവരെ പേവിഷബാധയേറ്റ് 21 പേർ സംസ്ഥാനത്ത് മരിച്ചെന്നാണ് കണക്കുകൾ. അതിൽ ആറ് പേർ വളർത്തുനായുടെ കടിയേറ്റവർ. വാക്സിനെടുത്ത ശേഷമാണ് ചിലർ മരിച്ചതെന്നതാണ് ഞെട്ടിക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നതും. ലക്ഷ്യം എത്രമാത്രം ദുഷ്കരമെന്ന് പറയേണ്ടതില്ലല്ലോ. കഴിഞ്ഞ വർഷം 2.34 ലക്ഷം പേർക്ക് നായുടെ കടിയേറ്റെന്നാണ് കണക്കുകൾ. ഈ വർഷം ഇതുവരെ രണ്ട് ലക്ഷം പിന്നിട്ടു. നായ്ക്ക് പുറമെ പൂച്ച കടിച്ച കേസുകളും ഉയരുകയാണ്. തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണത്തിൽ മൂന്നിരട്ടിയോളമാണ് വർധന. പത്ത് ലക്ഷം നായ്ക്കൾ സംസ്ഥാനത്തുണ്ടെന്നാണ് 2019 ലെ കണക്ക്. ഇതിൽ ഏഴ് ലക്ഷം വളർത്തുനായ്ക്കളും മൂന്ന് ലക്ഷം തെരുവ് നായ്ക്കളും. തെരുവുനായ്ക്കൾ ഇപ്പോൾ നാല് ലക്ഷമായെന്നാണ് മൃഗസംരക്ഷണവകുപ്പ് പറയുന്നത്.
അസ്വാഭാവിക സാഹചര്യങ്ങളിൽ ചത്തമൃഗങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് നടത്തിയ പോസ്റ്റുമോർട്ടം പരിശോധനകളിൽ തെരുവുനായ്ക്കൾ ഉൾപ്പെടെ 20 ശതമാനത്തിനും പേവിഷബാധയുണ്ടെന്ന് കണ്ടെത്തി. കോട്ടയത്ത് അടുത്തിടെ ചത്ത 33 മൃഗങ്ങളെ പരിശോധിച്ചതിൽ 17 എണ്ണത്തിനും പേവിഷബാധയുണ്ട്. ഒരു വർഷത്തിനിടെ 6000 ത്തിലധികം പേർക്കാണ് ഇവിടെ തെരുവുനായുടെ കടിയേറ്റത്. ഇത് ഗൗരവതരമാണെന്ന് മൃഗസംരക്ഷണ വകുപ്പ് സമ്മതിക്കുന്നു.
സംസ്ഥാനത്ത് മൃഗങ്ങളിലെ പേവിഷബാധ തോത് ഉയരുന്നുവെന്നാണ് പുതിയ കണക്കുകൾ. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസില്‍ 300 സാമ്പ്ളുകള്‍ പരിശോധനക്കെടുത്തതില്‍ 168ലും പേവിഷബാധക്ക് കാരണമായ റാബീസ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. പൂച്ചയുള്‍പ്പെടെ മറ്റ് മൃഗങ്ങളിലും വൈറസ് സാന്നിധ്യം ഇരട്ടിയായി. വന്ധ്യം കരണത്തിനൊപ്പം നടത്തിയിരുന്ന തെരുവുനായ്ക്കളുടെ പ്രതിരോധ കുത്തിവെപ്പ് മുടങ്ങിയതാണ് പേവിഷബാധ കൂടാനുള്ള പ്രധാന കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. അഞ്ച് വര്‍ഷത്തിനിടെ നായ്ക്കളിലെ പേവിഷബാധയിലും ഇരട്ടിയിലധികം വര്‍ധനയെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ പരിശോധനഫലം. വളര്‍ത്തുനായ്ക്കളുടെയും ചത്ത നായ്ക്കളുടെയും ഉള്‍പ്പെടെ സാമ്പ്ളുകള്‍ പരിശോധിച്ചതില്‍ 50 ശതമാനത്തിലധികം സാമ്പ്ളുകളും പോസിറ്റിവാണെന്ന് കണ്ടെത്തി. 2016ല്‍ 150 സാമ്പ്ളുകള്‍ പരിശോധിച്ചപ്പോള്‍ 48 എണ്ണമായിരുന്നു പോസിറ്റിവ്.
എ.ബി.സിക്ക് എന്തുപറ്റി?
തെരുവ് നായ്ക്കളുടെ വംശവർധന തടയാൻ ലക്ഷ്യമിട്ട് 2003-2004 വർഷത്തിലാണ് കേരളത്തിൽ അനിമൽ ബെർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിക്ക് തുടക്കമാകുന്നത്. കൃത്യമായ മാർഗരേഖ ഇതിനായി തയാറാക്കിരുന്നു. ഷെൽട്ടർ ഹോം, നായ് പിടിത്തക്കാർ, ഡോക്ടർമാർ, മറ്റ് സംവിധാനങ്ങൾ എന്നിവയൊക്കെ ഇതിനു വേണമായിരുന്നു. എന്നാൽ പിന്നീട് ജനവാസമേഖലകളിൽ ഷെൽട്ടർ കിട്ടാതെ വന്നു. ശസ്ത്രക്രിയാനന്തരം ആൺനായ്ക്കളെ മൂന്ന് ദിവസവും പെൺനായ്ക്കളെ അഞ്ച് ദിവസവും ഇവിടങ്ങളിൽ പാർപ്പിച്ച് നിരീക്ഷിച്ച് ആരോഗ്യപ്രശ്നം ഇല്ലെന്നുറപ്പാക്കി വേണം പിടിച്ചിടത്ത് വിട്ടയക്കാൻ. എന്നാൽ ഇങ്ങനെ വിട്ട പല നായ്ക്കളുടെയും ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിൽ കണ്ടെത്തിയിരുന്നു. കൃത്യമായ പരിചരണം ഇവക്ക് കിട്ടിയില്ലെന്ന് ആക്ഷേപം വന്നു. വന്ധ്യംകരിച്ചവ വീണ്ടും പ്രസവിക്കുന്നതായും ആക്ഷേപം വന്നു. 2011ലും തുടർന്ന് 2017 ലും ഇത് കാര്യക്ഷമമാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയെങ്കിലും കാര്യമായി മുന്നോട്ടുപോയില്ല. കൃത്യതയില്ലാത്ത നടപടികളാണ് പിന്നീട് കോടതിയുടെ വിലക്കിന് വഴിവെച്ചത്. ഇതിനുശേഷമാണ് നായ്ക്കൾ പെറ്റുപെരുകിയത്. നഗരങ്ങളിലും നായ്ക്കൾ വ്യാപകമായി. വീടുകളിൽ വളർത്തിയിരുന്ന നായ്ക്കളെയും അവിടെ പെറ്റുപെരുകിയ നായ്ക്കുട്ടികളെയും പിന്നീട് വീട്ടുകാർ തന്നെ തെരുവിൽ ഉപേക്ഷിക്കുന്ന സ്ഥിതിവന്നു. കഴിഞ്ഞ നാലഞ്ച് വർഷത്തിൽ വൻതോതിലാണ് നായ്ക്കളുടെ എണ്ണം പെരുകിയത്.
നായ്ക്കൾ ആക്രമണകാരികളാകുന്നു
സംഘം ചേർന്നാൽ ആക്രമണസ്വഭാവം കാണിക്കുന്ന പ്രകൃതം പൊതുവെ നായ്ക്കൾ പ്രകടിപ്പിക്കുന്നുണ്ട്. ഇവരുടെ സംഘങ്ങൾ ഓരോ പ്രദേശത്തും അതിർത്തി അടയാളപ്പെടുത്തി അവിടം സ്വന്തം പ്രദേശമായി വിഹരിക്കുകയാണ് ചെയ്യുന്നത്. പുറത്തുനിന്ന് അതിർത്തി ലംഘിച്ചെത്തുന്നവരെ തുരത്തുന്ന കാഴ്ച നഗര- ഗ്രമഭേദമെന്യേ കാണാം. എങ്കിലും തെരുവുനായ്ക്കൾ പൊതുവെ ജനങ്ങളുമായി ഇണങ്ങിപ്പോവുകയാണ് രീതി. അതേസമയം വീടുകളിൽ നിന്ന് ഉപേക്ഷിച്ചു വരുന്നവ അങ്ങനെയല്ല. വീട്ടുകാർ അല്ലാത്തവരെയെല്ലാം ആക്രമിക്കുന്ന സ്വഭാവത്തിലാണ് പല നായ്ക്കളും വളരുന്നതും ശീലിക്കുന്നതും. വീട്ടുകാർ ഉപേക്ഷിച്ച് പിന്നീട് തെരുവിലെത്തുമ്പോൾ ഇവ പലപ്പോഴും ആക്രമണസ്വഭാവം കാണിക്കുന്നു.
വാക്സിൻ ഫലപ്രാപ്തിയിലും സംശയം
പേവിഷബാധക്കെതിരായ വാക്സിന്‍റെ ഫലപ്രാപ്തിയെ കുറിച്ച് ഗൗരവമായ ആശങ്കകളാണ് ഉയരുന്നത്. നായ് കടിച്ച് കുത്തിവെപ്പെടുത്ത 12 വയസ്സുകാരിക്ക് പേവിഷ ലക്ഷണങ്ങൾ സ്ഥിരീകരിച്ചിരുന്നു. പേവിഷ പ്രതിരോധ വാക്‌സിനും ഇമ്യുണോഗ്ലോബുലിനും പരാജയപ്പെടുന്ന ഈ വർഷത്തെ അഞ്ചാമത്തെ സംഭവമായിരുന്നു ഇത്. ഇതുവരെ 21 പേവിഷമരണങ്ങൾ ഉണ്ടായിട്ടും കൃത്യമായൊരു ഡെത്ത് ഓഡിറ്റിങ് നടന്നിട്ടില്ല. മരിച്ച പകുതിയിലേറെപ്പേരും വാക്സിനെടുത്തിരുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നതെങ്കിലും ആരോഗ്യവകുപ്പ് ഇത് സ്ഥിരീകരിക്കുന്നില്ല. മിക്കവരും വാക്സിനെടുക്കാത്തവരാണെന്നും ചിലർ യഥാസമയം വാക്സിനെടുത്തില്ലെന്നും അതാണ് മരണകാരണമെന്നുമാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. വാക്സിൻ പരാജയപ്പെട്ട നാലുസംഭവങ്ങൾ ഈവർഷം ഉണ്ടായതായി ആരോഗ്യമന്ത്രിതന്നെ കഴിഞ്ഞദിവസം നിയമസഭയിൽ വെളിപ്പെടുത്തി. തലച്ചോറിലേക്ക് വൈറസ് വേഗത്തിൽ എത്തുന്ന ഭാഗത്ത് കടിയേറ്റതാണ് മരണത്തിന് വഴിവെച്ചതെന്നാണ് വിശദീകരിക്കുന്നത്. ആരോഗ്യ വകുപ്പ് പതിവ് വാദങ്ങൾ ഉയർത്തിയപ്പോൾ എന്തായാലും വാക്സിന്‍റെ ഫലശേഷിയെ കുറിച്ച് പരിശോധിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. 2021 ഒക്ടോബറിൽതന്നെ ഈ ആശങ്ക 'മാധ്യമം' പുറത്തുകൊണ്ടുവന്നപ്പോൾ ഒരന്വേഷണവും ആരോഗ്യവകുപ്പ് അന്ന് നടത്തിയില്ല. ഇപ്പോഴും വാക്സിനിൽ കുഴപ്പമില്ലെന്ന നിലപാടിൽ തന്നെയാണ് ആരോഗ്യവകുപ്പും വാക്സിൻ വിതരണം നടത്തുന്ന കേരള മെഡിക്കൽ സർവിസസ് കോർപറേഷനും (കെ.എം.എസ്.സി.എൽ) പറയുന്നത്. കേന്ദ്ര ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറിയുടെ ബാച്ച് റിലീസ് സർട്ടിഫിക്കറ്റോടുകൂടിയാണ് കെ.എം.എസ്.സി.എൽ പേവിഷബാധക്കെതിരായ റാബീസ് വാക്‌സിനും റാബീസ് ഇമ്യുണോഗ്ലോബുലിനും വിതരണം ചെയ്യുന്നതെന്നാണ് വിശദീകരണം.
നഷ്ടപരിഹാരത്തിന് വ്യവസ്ഥയുണ്ട്
നായുടെ കടിയേറ്റാൽ നഷ്ടപരിഹാരത്തിന് നാട്ടിൽ വ്യവസ്ഥയുണ്ട്. അത് നിശ്ചയിക്കാൻ സുപ്രീംകോടതി നിയോഗിച്ച സമിതിയുമുണ്ട്. 2016 ഏപ്രിൽ അഞ്ചിനാണ് ജസ്റ്റിസ് സിരിജഗൻ അധ്യക്ഷനായ സമിതിയെ സുപ്രീംകോടതി നിയോഗിച്ചത്. കഴിഞ്ഞ ആറ് വർഷമായി സമിതി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇതുവരെ സമീപിച്ചത് 5,036 പേർ മാത്രം. ഇതിൽ 881 പേർക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്. തെരുവുനായുടെ കടിയേൽക്കുന്നവർ പരാതിപ്പെട്ടാൽ പരിശോധിച്ച് നഷ്ടപരിഹാരം നിശ്ചയിച്ച് സർക്കാറിന് സമിതി നിർദേശം നൽകും. പരിക്കേൽക്കുന്ന ആൾ വിവരങ്ങളും ചികിത്സരേഖയും വെച്ച് വെള്ളക്കടലാസിൽ അപേക്ഷ നൽകിയാൽ മതി. കൊച്ചിയിലാണ് ഓഫിസ്. കമ്മിറ്റി നിർദേശിക്കുന്ന തുക പരാതിക്കാരൻ താമസിക്കുന്ന പഞ്ചായത്ത് /മുനിസിപ്പാലിറ്റികളാണ് നൽകേണ്ടത്. പണം അനുവദിക്കാനുള്ള ഉത്തരവ് തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്നതിൽ കാലതാമസമുണ്ട്. ചില തദ്ദേശസ്ഥാപനങ്ങൾ ഈ നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിക്കുക പോലും ചെയ്തു.
ഇപ്പോൾ വിഷയത്തിന്‍റെ ഗൗരവം സർക്കാറിന് ബോധ്യമായിക്കഴിഞ്ഞു. തദ്ദേശ-ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകൾ ഉണർന്നിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളും രംഗത്തു വന്നു. നടപടികൾക്ക് തുടക്കമായി. സെപ്റ്റംബർ 20 മുതൽ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് 514 ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി. മൃഗസംരക്ഷണ വകുപ്പിന്‍റെ കണക്കിൽ 170 ഹോട്ട്സ്പോട്ടുകളും ആകെ 618 എണ്ണം. എ.ബി.സി പദ്ധതി ഒക്ടോബർ ആദ്യവാരം പുനരാരംഭിക്കും. കൂടുതൽ ഡോസ് വാക്സിനെത്തിക്കും. ദുരന്ത നിവാരണനിയമം ഉപയോഗിച്ച് തെരുവുനായ്ക്കൾക്ക് ഷെൽട്ടർ ഹോം ഏറ്റെടുക്കാനും തീരുമാനമായിട്ടുണ്ട്.
ഇനി അലംഭാവം പാടില്ല. വിലയേറിയ ജീവനുകളാണ് ഇതിനകം നഷ്ടമായത്. നായുടെ കടിയേറ്റ് വാക്സിനെടുത്തവർ നേരിടുന്ന പ്രയാസങ്ങൾ വേറെയും. ഇനി പിന്നോട്ട് നടക്കരുത്. ശക്തമായ ഇടപെടലിലൂടെ നേരിടാനാകുന്നതേയുള്ളൂ ഇത്. നായ്ക്കളെ കൊന്നൊടുക്കി പരിഹാരത്തിനാണ് ചിലരുടെ ശ്രമം. അവർക്കെതിരെയും നടപടി വേണം. ഒപ്പം വാക്സിന്‍റെ ഗുണനിലവാരം ഉറപ്പ് വരുത്തണം. നിയമവ്യവസ്ഥയിൽ നിന്ന് പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.