“മനുഷ്യർ എല്ലാവർഷവും ആരോഗ്യപരിശോധന നടത്തുന്നതുപോലെ ഭൂമിയെ ഒന്ന് വിശദമായി പരിശോധിച്ചാലോ? സർവത്ര കുഴപ്പം എന്ന് ഡോക്ടർ വിധിയെഴുതും”- എർത്ത് കമീഷൻ സഹഅധ്യക്ഷയും, ആംസ്റ്റർഡാം യൂനിവേഴ്സിറ്റിയിലെ പ്രഫസറുമായ പ്രസിദ്ധ പരിസ്ഥിതി ശാസ്ത്രജ്ഞ, ഡോ. ജോയേതാ ഗുപ്തയുടെ വാക്കുകളാണ്. സമയം വൈകിക്കാതെ കൃത്യമായ ചികിത്സ ലഭിച്ചാൽ രോഗിയെ രക്ഷപ്പെടുത്താനാകുമെന്നും അവർ പറയുന്നു.
വായു, ജല മലിനീകരണം, മണ്ണിനു സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയം, ആഗോളതാപനം, കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ, വനനശീകരണം, കാലാവസ്ഥ മാറ്റങ്ങൾ തുടങ്ങി രോഗകാരണങ്ങളുടെ പട്ടിക നീളുകയാണ്. ഇവയിൽ പ്രധാനി അന്തരീക്ഷത്തിലെ വർധിച്ചുവരുന്ന കാർബൺ ഡൈ ഓക്സൈഡ് വാതകമാണ്. അത് ആഗോള താപനത്തിന് ആക്കംകൂട്ടുന്നു, ധ്രുവീയ മഞ്ഞുപാളികൾ ഉരുകാനും സമുദ്രനിരപ്പ് ഉയരാനും ഇടയാക്കുന്നു.
ഒപ്പം മഴയുടെ രീതികൾ മാറുകയും, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ് തുടങ്ങിയവക്ക് സാധ്യത കൂടുകയും ചെയ്യും. ഇതിന്റെയൊക്കെ ഫലമായി ആവാസവ്യവസ്ഥ അസന്തുലിതമാകും എന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. അപ്പോൾ ഭൂമിയുടെ രോഗത്തിന് ചികിത്സയാരംഭിക്കേണ്ടത് അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ തോത് കുറച്ചുകൊണ്ടുതന്നെയാണ്.
ആദ്യമായി ഭൂമിയുടെ രോഗം ഗൗരവപൂർവം വീക്ഷിച്ചതും, ആഗോളജനതക്കു മുന്നിൽ അവതരിപ്പിച്ചതും റേച്ചൽ കാഴ്സൺ (Rachel Carson) എന്ന ശാസ്ത്രജ്ഞയാണ്. 1962ൽ അവരെഴുതിയ, വിഖ്യാതമായ ‘സൈലന്റ് സ്പ്രിങ്’ (Silent Spring) എന്ന ഗ്രന്ഥം പരിസ്ഥിതിയും മനുഷ്യനുമായുള്ള ബന്ധം വസ്തുതകളുടെയും, അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ കാവ്യാത്മകമായി അവതരിപ്പിക്കുന്നു.
മാരക വിഷം കലർന്ന പഴങ്ങൾ ഭക്ഷിച്ച് മരിച്ചുവീഴുന്ന തങ്ങളുടെ കുഞ്ഞുങ്ങളെ നോക്കി, പാടുവാൻ മറന്ന്, വിറങ്ങലിച്ചുനിൽക്കുന്ന പക്ഷിക്കൂട്ടങ്ങളുടെ നിശ്ശബ്ദരോദനമാണ് ‘പക്ഷികൾ പാട്ടുപാടാത്ത വസന്തകാലം’ (And No Birds Sing) എന്ന അധ്യായത്തിലൂടെ അന്ന് ലോകം കേട്ടത്. 1970 ൽ ആരംഭിച്ച ഭൗമദിനാചരണം റേച്ചൽ തുടങ്ങിവെച്ച ചിന്താധാരയുടെ ഭാഗമായിരുന്നു.
പക്ഷികൾ പാട്ടുപാടാത്ത വസന്തങ്ങൾ ഇനി ഒരിക്കലും വരാതിരിക്കട്ടെ എന്നാണ് റേച്ചൽ ആഗ്രഹിച്ചത്. പക്ഷേ, സ്ഥിതി മറിച്ചാണ് എന്നാണ് ജോയേതാ ഗുപ്തയെപ്പോലുള്ള വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഈ രോഗാവസ്ഥക്കും പ്രതിവിധിയുണ്ട് എന്നും അവർ പറഞ്ഞുവെക്കുന്നു. ഒരു വിദഗ്ധ ഡോക്ടറാണ് ഭൂമിയെ പരിശോധിക്കുന്നതെങ്കിൽ, തന്റെ ഔഷധക്കുറിപ്പിൽ ഒരു ഒറ്റമൂലിയാവും എഴുതുക- മഴക്കാടുകളെ സംരക്ഷിക്കുക!.
ഭൂമിയെ രക്ഷിക്കാൻ മഴക്കാടുകൾ ആവശ്യമാണെന്ന് വളരെക്കാലം മുമ്പ് തിരിച്ചറിഞ്ഞയാളാണ് എഴുത്തുകാരനും, തിരക്കഥാകൃത്തും, സമുദ്രപ്രവർത്തകനുമായ ‘പീറ്റർ ബെഞ്ചലേ’ (Peter Benchley). തിയറ്ററുകളിൽ ശ്വാസമടക്കി ഇരുന്ന് നമ്മൾ കണ്ട ജ്വാസ് (JAWS) എന്ന വിഖ്യാത സിനിമയുടെ കഥയെഴുതിയ ആൾ എന്നതിലുപരി ലോകം ബഹുമാനിക്കുന്നത് അദ്ദേഹത്തിലെ പ്രകൃതി സംരക്ഷകനെയാണ്.
സമുദ്രങ്ങളെയും മഴക്കാടുകളെയും ബഹുമാനിക്കാനും, സംരക്ഷിക്കാനും പഠിച്ചില്ലെങ്കിൽ മനുഷ്യനു വംശനാശം സംഭവിക്കുമെന്ന് പതിറ്റാണ്ടുകൾക്കു മുമ്പുതന്നെ അദ്ദേഹം പ്രവചിച്ചിരുന്നു. ഒരു യാത്രവിമാനം ബ്രസീലിലെ ആമസോൺ വനത്തിൽ തകർന്നു വീണതും, അതിലെ യാത്രികരുടെ സാഹസികതകളുമാണ് ആമസോൺ എന്ന പേരിൽ1999 ൽ അദ്ദേഹം നിർമിച്ച ടി.വി പരമ്പരയുടെ പ്രമേയം.
ചിലപ്പോൾ നമുക്കുചുറ്റും നടക്കുന്ന സംഭവങ്ങൾ സിനിമ കളേക്കാൾ അവിശ്വസനീയമാകാം. ഈ അടുത്തകാലത്ത് കൊളംബിയയിലെ ആമസോൺ വനത്തിൽ വിമാനം തകർന്ന് കാണാതായ നാലു കുട്ടികളെ 40 ദിവസങ്ങൾക്കുശേഷം സാഹസികമായി രക്ഷപ്പെടുത്തിയ സംഭവം അത്തരത്തിലൊന്നാണ്.
13വയസ്സിൽ താഴെ മാത്രമുള്ള ഇവർ അകപ്പെട്ടത് വെളിച്ചംപോലും കടന്നുചെല്ലാത്ത ആമസോൺ കൊടുംകാട്ടിലാണ്. അതിജീവനത്തിന്റെ ശ്രേഷ്ഠമായ ഈ അനുഭവം ആഘോഷമാകുന്നതോടൊപ്പം മഴക്കാടുകളും, അവയുടെ പ്രത്യേകതകളും ലോകശ്രദ്ധയാകർഷിക്കുന്നു.
പ്രകൃതിയുടെ ജീവനാഡികൾ
പച്ചപ്പുനിറഞ്ഞ കാടുകളും, മൃഗങ്ങളും നിറപ്പകിട്ടാർന്ന പക്ഷികളും, അനേകായിരം പ്രാണികളും, അവയെല്ലാം ചേർന്നുണ്ടാക്കുന്ന കലപിലയുമൊക്കെയാണ് മഴക്കാടുകൾ എന്ന് കേൾക്കുമ്പോൾ മനസ്സിലുണരുന്നത്. അതിനുമപ്പുറം കാലാവസ്ഥ വ്യതിയാനങ്ങളെ ഒരു പരിധിവരെ ചെറുക്കാനുള്ള സാഹചര്യമാണ് അവ നൽകുന്ന ഏറ്റവും വിലയേറിയ സമ്മാനം.
ഓക്സിജന്റെ 28ശതമാനം ഉൽപാദിപ്പിച്ച് ഭൂമിയുടെ ഹൃദയസ്പന്ദനമാകുന്നതിനൊപ്പം ജീവജാലങ്ങൾ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്ന കാർബൺ സിങ്കുകളായി (carbon sink) പ്രവർത്തിച്ച് ഭൂമിയെ പച്ചപുതപ്പിക്കുന്നു മഴക്കാടുകൾ. 2001നും 2019 നുമിടക്ക് വനനശീകരണം, കാട്ടുതീ, മറ്റു പ്രവർത്തനങ്ങൾ എന്നിവ ചേർന്ന് ഏതാണ്ട് 8.1ബില്യൺ മെട്രിക് ടൺ കാർബൺ ഡൈ ഓക്സൈഡാണ് ഓരോ വർഷവും ഉൽപാദിപ്പിച്ചതെന്ന് 2021 ൽ നാസ നടത്തിയ പഠനത്തിൽ പറയുന്നു.
അതേസമയം ഭൂമിയിലെ വനങ്ങൾ എല്ലാം ചേർന്ന് 7.6 ബില്യൺ മെട്രിക് ടൺ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്തു. എന്നാൽ ചുരുങ്ങിക്കൊണ്ടിരിക്കുന്നതിനാൽ ആമസോൺ കാടുകളുടെ ആഗിരണശേഷി കുറയുകയാണെന്നും ഇത് കാലാവസ്ഥയെ തകിടം മറിക്കുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പുതരുന്നു.
മഴക്കാടുകൾ ലോകത്തിന്റെ ജലസംഭരണികൾ കൂടിയാണ്. അവിടെ പതിക്കുന്ന മഴയിൽ ഏതാണ്ട് പകുതിയും ബാഷ്പീകരണ പ്രചോദനം (Evapotranspiration) വഴി അന്തരീക്ഷത്തിലേക്ക് മടങ്ങിയെത്തുന്നു. ലോകത്താകെയുള്ള ശുദ്ധജലത്തിന്റെ അഞ്ചിലൊന്ന് ആമസോൺ കാടുകളിലാണുള്ളത്. ഭൂമിയുടെ ആറ് ശതമാനം സ്ഥലത്തു വ്യാപിച്ചുകിടക്കുന്ന മഴക്കാടുകളിലാണ് 50 ശതമാനത്തിലധികം മൃഗങ്ങൾ അധിവസിക്കുന്നത്.
ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ലക്ഷോപലക്ഷം സസ്യങ്ങളും ജീവികളും ഇവിടെ ഒളിഞ്ഞിരിക്കുന്നുണ്ടാവാം. അമേരിക്കൻ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് കാൻസർ ചികിത്സക്കാവശ്യമായ സസ്യങ്ങളിൽ 70 ശതമാനവും അവിടങ്ങളിൽ മാത്രമാണുള്ളത്.
എക്വഡോറിലെ ആമസോൺ മഴക്കാടുകളിൽ കണ്ടെത്തിയ കൂൺ വിഭാഗത്തിൽപെടുന്ന ഒരു സസ്യത്തിന് കട്ടിയുള്ള പ്ലാസ്റ്റിക് ഭക്ഷിക്കാൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ മഴക്കാടുകൾ ജീവനാഡി മാത്രമല്ല, ഇനിയും കണ്ടെത്തിയിട്ടില്ലാത്ത നിധികളുടെ കലവറയാണ്; ആ കലവറ ചോർന്നുകൊണ്ടിരിക്കുന്നു.
യുനെസ്കോയുടെ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മഴക്കാടുകളിലൊന്നാണ് പശ്ചിമഘട്ടത്തിലേത്. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഈ മഴക്കാടുകൾ സസ്യ-ജന്തുജാലങ്ങളാൽ സമ്പന്നമാണ്. ഹിമാലയത്തിന്റെ താഴ്വരയിൽ 900 മീറ്റർ ഉയരത്തിലാണ് മേഘാലയ, നാഗാലാൻഡ്, അസം, മിസോറം, മണിപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപിച്ചുകിടക്കുന്ന വടക്കുകിഴക്കൻ മേഖലയിലെ മഴക്കാടുകൾ.
അന്തമാൻ- നികോബാർ ദ്വീപുകളും മഴക്കാടുകളാൽ സമ്പന്നമാണ്. ഗ്ലോബൽ ഫോറസ്റ്റ് വാച്ചിന്റെ റിപ്പോർട്ടുകൾ അനുസരിച്ച് 2002 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയിൽ 3,93,000 ഹെക്ടർ മഴക്കാടുകൾ നശിച്ചതായി കണക്കാക്കുന്നു. ഇതോടെ ഇവിടുത്തെ മഴക്കാടുകളുടെ വിസ്തൃതി 3.9ശതമാനം കുറഞ്ഞു. എന്നാൽ മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് മഴക്കാട് സംരക്ഷണത്തിൽ ഇന്ത്യ മുന്നിലാണ്.
ബ്രസീലിലെ ആമസോൺ കാടുകളുടെ നശീകരണത്തെത്തുടർന്ന് 2013 നും 2021നും ഇടക്ക് 96 ദശലക്ഷം മെട്രിക് ടൺ കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടു. 2019 മുതൽ 2021 വരെയുള്ള പരിമിതമായ കാലഘട്ടത്തിലാണ് ഇതിന്റെ 59ശതമാനം ഉദ്ഗമിച്ചത് എന്നവസ്തുത വനനശീകരണത്തിന്റെ വർധിച്ചുവരുന്ന തീവ്രതയെയാണ് സൂചിപ്പിക്കുന്നത്.
അടുത്തകാലത്ത് ബ്രസീലിലെ ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ ഇത് സംബന്ധിക്കുന്ന കണക്കുകൾ വിശകലനം ചെയ്തിട്ടുണ്ട്. ബ്രസീലിയൻ ആമസോൺ കാടുകളിൽ ഇക്കാലത്തു ഏതാണ്ട് 1,708 ചതുരശ്ര കിലോമീറ്റർ വനഭൂമി നശിപ്പിച്ചതായി ഈ കണക്കുകൾ വെളിപ്പെടുത്തുന്നു. ഓരോ വർഷവും ഏതാണ്ട് 35 ചതുരശ്ര കിലോമീറ്റർ വനഭൂമി ഇവിടെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
അനധികൃത ഖനനം, കൈയേറ്റം, കൃഷി, അണക്കെട്ട് നിർമാണം, തടിയുടെ ഉപയോഗം, തുടങ്ങി അനേകം ഘടകങ്ങളാണ് ആമസോൺ കാടുകളുടെ നാശത്തിനു പിന്നിൽ. ഇത് പറയുന്നത് കഴിഞ്ഞ 32 വർഷങ്ങളായി ബ്രസീലിലെ ആമസോൺ കാടുകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന, ബ്രസീലിയൻ പൗരത്വം സ്വീകരിച്ച കോട്ടയംകാരനായ ഷാജി തോമസാണെന്നത് കൗതുകമുണർത്തുന്നു.
ഇക്കാലമത്രയും, ആദിവാസികളോടൊപ്പം ചേർന്ന് അവരുടെ ഭൂമി സംരക്ഷിക്കാനും, തടി-ഖനി മാഫിയകളിൽനിന്ന് അവർക്കു പരിരക്ഷ നൽകാനും സഹായിക്കുകയാണ് അഭിഭാഷകൻ കൂടിയായ ഷാജി.
കേരളത്തിന്റെ സ്വന്തം മഴക്കാടുകൾ സസ്യ-ജീവജാലങ്ങളാൽ സമ്പന്നമായ സൈലന്റ് വാലി എന്ന നിത്യഹരിത വനഭൂമിയാണ്. ഇന്തോ- ആസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ 70 ലക്ഷം വർഷങ്ങൾക്കു മുമ്പ് രൂപപ്പെട്ട ഈ വനഭൂമി ജൈവവൈവിധ്യത്താൽ സമ്പന്നമാണ്. സാധാരണ വനങ്ങളിൽ ചീവീടുകൾ സൃഷ്ടിക്കുന്ന ശബ്ദമുഖരിതമായ അന്തരീക്ഷം ഇവിടെ ഇല്ലാത്തതു കൊണ്ടാണത്രേ ഇതിന് സൈലന്റ് വാലി (നിശ്ശബ്ദ താഴ്വര) എന്ന പേരുവീണത്.
അതല്ല, പ്രാദേശികർ വിളിച്ചിരുന്ന ‘സൈരന്ധ്രി വനം’ എന്ന പേര് ആംഗലേയവത്കരിച്ചതാണെന്നും പറയപ്പെടുന്നു. 1970 ലാണ് കേരള സർക്കാർ സൈലന്റ് വാലിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴയിൽ ഒരു വമ്പൻ ജല വൈദ്യുതിപദ്ധതി ആരംഭിക്കാൻ പദ്ധതിയിട്ടത്. പ്രക്ഷോഭങ്ങളുടെയും, പഠനങ്ങളുടെയും ഫലമായി 1983 ൽ പദ്ധതി ഉപേക്ഷിക്കുകയും, 1985 ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇതൊരു ദേശീയോദ്യാനമായി പ്രഖ്യാപിക്കുകയും ചെയ്തത് മഴക്കാട് സംരക്ഷണചരിത്രത്തിലെ ഒരു സുപ്രധാന ഏടാണ്.
"ഈ ഭൂമിയും, ഈ കാടും, ഇതാണ് ഞങ്ങളുടെ ചരിത്രം, ഇതാണ് ഞങ്ങളുടെ അന്നദാതാവും, അധ്യാപകനും, വൈദ്യനുമെല്ലാം. ചുരുക്കത്തിൽ, ഞങ്ങളുടെ മാതാവ്". ആമസോൺ കാടുകളിൽ അകപ്പെട്ട കുട്ടികൾക്കായുള്ള തിരച്ചിലിൽ ഒപ്പംകൂടിയ, കാടിന്റെ മകന്റെ വാക്കുകളാണിവ. ദശാബ്ദങ്ങൾക്കപ്പുറം റേച്ചൽ കാഴ്സൺ കേട്ട പക്ഷിയുടെ നിശ്ശബ്ദരോദനം പോലെ ഈ വാക്കുകളും ഒരു ആരവമായി പടരേണ്ട സമയമായിരിക്കുന്നു. അതിലൂടെയാണ് രോഗാതുരയായ ഭൂമി സുഖം പ്രാപിക്കേണ്ടത്.
(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സെന്റർ ഫോർ എർത്ത് സയൻസസ് മുൻ പ്രഫസറായ ലേഖിക ഇപ്പോൾ അമേരിക്കയിലെ കൺസോർട്ട്യം ഫോർ സസ്റ്റൈനബ്ൾ ഡെവലപ്മെന്റിന്റെ ഭാഗമാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.