‘‘പൈസേ കമായേ!’’ -ഇലക്ടറൽ ബോണ്ട് കേസിലെ സുപ്രീംകോടതി വിധിക്കുശേഷം വടക്കെ ഇന്ത്യൻ മുക്കുമൂലകളിലെ ‘ചായ പേ ചർച്ച’യുടെ ഗതി ഈ രീതിയിൽ മാറിയിട്ടുണ്ട്. ‘പണമുണ്ടാക്കി’ എന്ന് മലയാളം. ഇലക്ടറൽ ബോണ്ടിൽ ബി.ജെ.പിയാണ് ഏറ്റവും കൂടുതൽ പണം വാരിയത്. ആ ഏർപ്പാട് സുപ്രീംകോടതി റദ്ദാക്കി. അതുവഴി ബി.ജെ.പിയുടെ അഴിമതിവിരുദ്ധ മുഖത്തിന് തെരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോൾ ശക്തമായ അടിയാണ് ഏറ്റത്. അത് ജനം മനസ്സിലാക്കിയിരിക്കുന്നു എന്നാണ് ചായച്ചർച്ചകളിലെ ഗതിമാറ്റം. പ്രാണപ്രതിഷ്ഠ കൊണ്ട് ഊറ്റം കൊണ്ടവർക്കിടയിൽ നിന്നുതന്നെ, വഴിവിട്ട രീതിയിൽ പണമുണ്ടാക്കിയെന്ന വർത്തമാനം വരുന്നത് ബി.ജെ.പിയെ സംബന്ധിച്ച് നല്ല ലക്ഷണമല്ല. ഇൻഡ്യ മുന്നണിക്കാരായ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കും കൂട്ടായും നടത്തുന്ന പരിശ്രമങ്ങൾ എന്തായാലും, അതിനേക്കാൾ മോദിസർക്കാറിനെ സുപ്രീംകോടതി വിധി പരിക്കേൽപിച്ചിരിക്കുന്നു.
400 കടക്കുമെന്ന അവകാശവാദത്തോടെ തെരഞ്ഞെടുപ്പിന് ഇറങ്ങിയ ബി.ജെ.പിക്ക്, ആദ്യഘട്ട വോട്ടെടുപ്പ് ഒരാഴ്ചക്കകം തുടങ്ങാനിരിക്കെ പരിഭ്രമം വർധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാത്രം വലംവെച്ച് വോട്ടു വാരാമെന്നാണ് ബി.ജെ.പി കരുതുന്നതെങ്കിലും, പ്രചാരണ രംഗത്തെ മോദിയുടെ ശരീരഭാഷ മുമ്പെന്നത്തേക്കാൾ ദുർബലമാണ്. അവകാശവാദങ്ങൾക്ക് അപ്പുറത്തെ ആശങ്കയാണ് അതിൽ പ്രതിഫലിക്കുന്നത്. പ്രസംഗം കേൾക്കുന്ന വോട്ടർക്ക് പഴയ ആവേശമില്ല. തൊഴിലില്ലായ്മയും വിലക്കയറ്റവും ജനമനസ്സിനെ കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്ന സമീപകാല സി.എസ്.ഡി.എസ്-ലോക് നീതി സർവേ ഫലങ്ങൾ കൂടി ഇതിനൊപ്പം ചേർത്തുവെക്കാം.
തെരഞ്ഞെടുപ്പ് കമീഷന്റെ മാർഗനിർദേശങ്ങൾ എന്തുതന്നെയാണെങ്കിലും, വിഭാഗീയ വിഷയങ്ങൾ അദ്ദേഹം ആവർത്തിച്ച് എടുത്തിടുന്നുണ്ട്. രാമനോടും പ്രാണപ്രതിഷ്ഠയോടും കോൺഗ്രസിന് വെറുപ്പാണെന്ന് പറഞ്ഞുവെക്കുന്നുണ്ട്. എന്നാൽ, പ്രാണപ്രതിഷ്ഠാ കാലത്തെ അതേ ആവേശത്തോടെ അത് ജനം ഏറ്റെടുക്കുന്നുവെന്ന് പ്രതികരണങ്ങൾ തോന്നിപ്പിക്കുന്നില്ല. ഇന്ത്യ ഹിന്ദുക്കളുടേതു മാത്രമെന്ന് കരുതുന്നവർ ജനസംഖ്യയിൽ 11 ശതമാനം മാത്രമാണെന്നും, നല്ല പങ്കും ബഹുസ്വരതയിൽ വിശ്വസിക്കുന്നവരാണെന്നും സർവേയിൽ തെളിഞ്ഞതും കൂട്ടിവായിക്കാനാവും.
ആർ.എസ്.എസും വൻകിട വ്യവസായികളും ‘കട്ട’ക്ക് ബി.ജെ.പിക്കൊപ്പമുണ്ട്. പണക്കൊഴുപ്പും അധികാരത്തിന്റെ സൗകര്യങ്ങളുമുണ്ട്. എന്നാൽ, 400 സീറ്റ് കടക്കുമെന്നത് അതിരുവിട്ട അവകാശവാദം തന്നെ, നേടിയെടുക്കാൻ കഴിയാത്ത ഒന്നാണെന്ന് ബോധ്യമുണ്ടായിട്ടും തട്ടിവിടുന്ന പൊള്ള വർത്തമാനമല്ലാതെ മറ്റൊന്നല്ലെന്ന് ബഹുഭൂരിപക്ഷവും കരുതുന്നു. അത്തരമൊരു അവകാശവാദത്തിലൂടെ കരുത്ത് പ്രകടമാക്കാൻ ശ്രമിക്കുന്നതു തന്നെ ആശങ്കയുടെ ലക്ഷണമായി വേണം കാണാൻ. 400 സീറ്റ് കടക്കുമെന്ന് പറയുകയും ഓരോരോ സീറ്റിനായി തീവ്രമായ പരിശ്രമവും വഴിവിട്ട നീക്കങ്ങളും നടത്തുന്നതും പരിഭ്രമത്തിന്റെ തുടർച്ചയാണ്.
ആം ആദ്മി പാർട്ടി, ബി.ആർ.എസ്, ഝാർഖണ്ഡ് മുക്തി മോർച്ച തുടങ്ങിയ പാർട്ടികളുടെ നേതാക്കളെ കൃത്യം തെരഞ്ഞെടുപ്പു ഘട്ടത്തിൽത്തന്നെ അറസ്റ്റു ചെയ്ത് ജയിലിലാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ മുന്നിട്ടിറങ്ങിയത് അഴിമതിയോടുള്ള കുരിശുയുദ്ധമല്ല. സാമാന്യ മര്യാദകൾക്ക് നിരക്കുന്നതുമല്ല. എന്നിട്ടും അങ്ങനെ തന്നെ വേണമെന്നു നിശ്ചയിക്കപ്പെട്ടത് പ്രതിപക്ഷത്തെ ക്ഷീണിപ്പിക്കാനും അതുവഴി ഏതാനും സീറ്റുകൾ സമാഹരിക്കാനും വേണ്ടിയാണെന്ന സാമാന്യ ബോധമാണ് മേൽക്കൈ നേടി നിൽക്കുന്നത്. ഡൽഹിയിലെ ഏഴിൽ ആറു സീറ്റിലും സിറ്റിങ് എം.പിമാരെ മാറ്റി പുതിയ സ്ഥാനാർഥികളെ നിശ്ചയിച്ചതിലും അങ്കലാപ്പ് പ്രകടം.
മോദി സർക്കാറിൽ ഏറ്റവും മെച്ചപ്പെട്ട പ്രവർത്തനം നടത്തിയെന്ന പ്രതിച്ഛായ നേടിയെടുത്ത മന്ത്രിയാണ് നിതിൻ ഗഡ്കരി. എന്നാൽ, നാഗ്പുരിൽ അദ്ദേഹത്തിന്റെ നില പരുങ്ങലിലാണ്. താരപരിവേഷം വോട്ടർമാരെ സ്വാധീനിക്കുമെന്ന കണക്കുകൂട്ടലാണ് ഹേമമാലിനി, കങ്കണ റണാവത് എന്നിവരുടെ മണ്ഡലങ്ങളിൽ പാളി നിൽക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ കളത്തിലിറങ്ങിയിട്ടും, ഒഡിഷയിൽ ബി.ജെ.ഡിയുമായുള്ള സഖ്യനീക്കം പൊളിഞ്ഞതും, വിനീത വിധേയരായി കുറെക്കാലം നിന്ന എ.ഐ.എ.ഡി.എം.കെ തമിഴ്നാട്ടിൽ ബി.ജെ.പിയെ കൈവിട്ടതും, ഹരിയാനയിൽ ഉണ്ടായിരുന്ന സഖ്യം ഇല്ലാതായതുമെല്ലാം ഈ തെരഞ്ഞെടുപ്പ് ബി.ജെ.പിയുടെ തിരക്കഥക്കൊപ്പമല്ല നീങ്ങുന്നതെന്ന ബോധ്യം വളർത്തുന്നതാണ്. 400 സീറ്റിന്റെ അവകാശവാദത്തിനിടയിലും, പ്രതിപക്ഷ നിരയിൽനിന്ന് താരമൂല്യമുള്ള നേതാക്കളാരുംതന്നെ ബി.ജെ.പിയിലേക്ക് പോയിട്ടില്ലെന്നതും ശ്രദ്ധേയം. ബിഹാറിൽ നിതീഷ് കുമാർ വീണ്ടും നിറം മാറിയെങ്കിലും ബി.ജെ.പി നയിക്കുന്ന ഭരണമുന്നണിയിൽ പാരവെപ്പുകൾ പ്രതീക്ഷിക്കണമെന്നാണ് ജെ.ഡി.യു-എൽ.ജെ.പി പോര് പറഞ്ഞുതരുന്നത്.
തെരഞ്ഞെടുപ്പ് പ്രവണതകൾ നിരീക്ഷിക്കുന്നതിൽ നിപുണനായൊരാളുടെ പ്രവചനം, തെക്കെ ഇന്ത്യയിൽ ബി.ജെ.പിക്ക് കിട്ടാൻ പോകുന്ന സീറ്റ് 10 എന്നാണ്. കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, പുതുച്ചേരി എന്നിവ ഉൾപ്പെടുന്ന പ്രദേശത്തെ ബി.ജെ.പിയുടെ ചിത്രമാണിത്. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനുശേഷം, ഡൽഹിയിൽ കഴിഞ്ഞ തവണ ഏഴു സീറ്റുപിടിച്ച ബി.ജെ.പിക്ക് സ്ഥാനാർഥികളെ മാറ്റിയിട്ടും പകുതി സീറ്റെങ്കിലും നിലനിർത്താൻ കഴിയണമെന്നില്ല.
ഹിന്ദുത്വത്തിന്റെ പുതിയ പരീക്ഷണ ശാലയായ മധ്യപ്രദേശിൽ അത്ഭുതങ്ങൾ പ്രതീക്ഷിക്കാൻ പ്രതിപക്ഷത്തിന് വകയില്ലെങ്കിലും ബി.ജെ.പി കഴിഞ്ഞ തവണ തൂത്തുവാരിയ രാജസ്ഥാനിൽ സ്ഥിതി മറ്റൊന്നാണ്. അവിടെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു നിൽക്കുന്നുവെന്നതിനേക്കാൾ, മുഖ്യമന്ത്രി സ്ഥാനം കൈവിട്ടുപോയ വസുന്ധര രാജെയുടെ നിസ്സഹകരണം ബി.ജെ.പിയുടെ കണക്കുകൂട്ടലുകളെ ദോഷകരമായി ബാധിക്കുന്നതാണ്. ഭരണത്തിന്റെ ഇരുമ്പുചട്ടക്കുള്ളിൽ ഉൾപ്പോര് മറഞ്ഞിരിക്കുകയാണെങ്കിലും, ബി.ജെ.പിക്കുള്ളിലെ പോര് കസേരയേറിന്റെ വൈറൽ ചിത്രങ്ങൾ തന്നെ ഇതിനകം സംഭാവന ചെയ്തു.
അനുകൂല സാഹചര്യങ്ങൾ മുതലാക്കാൻ പക്ഷേ, പ്രതിപക്ഷത്തിന് കഴിയുന്നുണ്ടോ? കോൺഗ്രസിലേക്ക് കണ്ണയക്കുന്ന മറ്റു പ്രതിപക്ഷ പാർട്ടികൾക്ക് നിരാശയുണ്ട്. സ്വന്തം സീറ്റെണ്ണം മൂന്നക്കത്തിലേക്ക് ഉയർത്താൻ കോൺഗ്രസിനു കഴിഞ്ഞില്ലെങ്കിൽ, ബി.ജെ.പിയെ അധികാരത്തിൽനിന്ന് ഇറക്കുകയെന്ന ദൗത്യം ഫലം കാണണമെന്നില്ല എന്ന ചിന്താഗതിയാണ് അവർക്കിടയിൽ. മഹാരാഷ്ട്ര, യു.പി, തമിഴ്നാട്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ സഖ്യങ്ങൾ ഫലപ്രദമായി.
ഒറ്റക്കാണെങ്കിലും പശ്ചിമ ബംഗാളിൽ മമത ബാനർജി തുടങ്ങി ബി.ജെ.പിയെ ഒറ്റക്ക് നേരിടുന്ന സാഹചര്യം പുറമെ. എന്നാൽ, പ്രാദേശിക കക്ഷികൾ അവരവരുടെ സ്വാധീന സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ ശക്തമായി എതിരിട്ടതു കൊണ്ടു മാത്രമായില്ല. പലയിടത്തും സംഘടനാ സംവിധാനങ്ങൾ ചലിക്കാത്ത, ശക്തമായ നേതൃമുഖമില്ലാത്ത കോൺഗ്രസിന് നില എത്രത്തോളം മെച്ചപ്പെടുത്താൻ കഴിയുമെന്ന ചോദ്യം പ്രതിപക്ഷത്തുണ്ട്. അസം അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ചിത്രത്തിൽ തന്നെയില്ലാത്ത സ്ഥിതി.
ബി.ജെ.പിയുടെ പ്രകടനം കേവല ഭൂരിപക്ഷമായ 272ന് താഴേക്കു പോയാൽക്കൂടി, ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി അവർ തന്നെയായിരിക്കും. തെരഞ്ഞെടുപ്പിനുമുമ്പ് വ്യക്തമായ പ്രതിപക്ഷ സഖ്യം രൂപപ്പെട്ടിട്ടില്ലെന്നിരിക്കേ, ഏറ്റവും വലിയ ഒറ്റക്കക്ഷിയെത്തന്നെയാണ് രാഷ്ട്രപതി സർക്കാർ ഉണ്ടാക്കാൻ ആദ്യം ക്ഷണിക്കുക. അത് പാർട്ടികളെ വിലക്കെടുത്തായാലും അധികാരം നിലനിർത്താൻ ബി.ജെ.പിക്കുള്ള അനുകൂല ഘടകമാണ്. അതു മറികടക്കാൻ തക്ക നിലയിലേക്ക് ഭരണവിരുദ്ധ വികാരം സംയോജിപ്പിക്കാൻ പ്രതിപക്ഷത്തിന് കഴിയുമോ എന്നത് ഇനിയുള്ള ദിവസങ്ങളിൽ കണ്ടറിയേണ്ട കാര്യം. നിലവിലുള്ള സീറ്റെണ്ണം കുറയുന്ന ഏതു സാഹചര്യവും ബി.ജെ.പിയെ, അതിനേക്കാൾ മോദി-അമിത് ഷാമാരെ, വരുംനാളുകളിൽ പ്രതിസന്ധികളിലേക്ക് നയിക്കുമെന്നതു മറുപുറം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.