400ലധികം സീറ്റുകളുമായി ബി.ജെ.പി അധികാരത്തിലേറി മതേതര-ജനാധിപത്യത്തിലധിഷ്ഠിതമായ ഇന്ത്യൻ ഭരണഘടനയെ ചവറ്റുകുട്ടയിലേക്ക് തള്ളുകയും സവർണ ഹിന്ദുത്വ ഫാഷിസം സമ്പൂർണമായി പിടിമുറുക്കുകയും ചെയ്യുമെന്ന ആശങ്കകളെ ഒരു പരിധിവരെ അകറ്റി, നമുക്കേവർക്കും അൽപമെങ്കിലും ആശ്വാസം പകർന്നിരിക്കുന്നു തെരഞ്ഞെടുപ്പ് ഫലം.
കോൺഗ്രസ് നയിക്കുന്ന ഇൻഡ്യ മുന്നണിക്ക് രാജ്യത്തെ സ്ത്രീകളും മർദിത പിന്നാക്ക സമൂഹവും കർഷക ലക്ഷങ്ങളും നൽകിയ പിന്തുണ മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഫാഷിസ്റ്റ് പദ്ധതികൾക്ക് താൽക്കാലികമായെങ്കിലും കടിഞ്ഞാണിട്ടിരിക്കുന്നു; കപട നാടകങ്ങൾകൊണ്ട് ഇന്ത്യയിലെ സാധാരണ ജനങ്ങളെ വെട്ടിലാക്കാമെന്ന അവരുടെ വ്യാമോഹം തകർന്നടിഞ്ഞിരിക്കുന്നു.
ദേശീയ സാഹചര്യങ്ങൾ ഇവ്വിധത്തിൽ പ്രതീക്ഷ നൽകവേ, കേരളത്തിന്റെ സ്ഥിതിയെന്താണ്? ദേശീയ തലത്തിൽ ബി.ജെ.പിയെ ചെറുക്കുന്നതിനായി കോൺഗ്രസിനെ ജയിപ്പിക്കുകയാണ് വേണ്ടതെന്നു ജനം കണക്കുകൂട്ടിയിരിക്കാം. ഐക്യ ജനാധിപത്യ മുന്നണി 20ൽ 18 സീറ്റും കൈയടക്കിയപ്പോൾ എൽ.ഡി.എഫിന് ഒരൊറ്റ സീറ്റാണ് കിട്ടിയത്. അത്തരമൊരു തരംഗത്തിനിടയിലും യു.ഡി.എഫിന്റെ സിറ്റിങ് എം.പിയായിരുന്ന രമ്യ ഹരിദാസ് പരാജയപ്പെട്ടു. ഒരൊറ്റ സ്ത്രീ പോലും കേരളത്തെ പ്രതിനിധാനം ചെയ്യാൻ പാർലമെന്റിൽ ഇല്ലെന്ന നാണംകെട്ട സാഹചര്യത്തിന് രണ്ടു മുന്നണികളും കാരണക്കാരാണെന്ന് പറയാതിരിക്കാനാവില്ല.
സംസ്ഥാന സർക്കാറിന്റെ ജനകീയാടിത്തറ ദുർബലമായതിന്റെ സൂചനയായും ഈ ഫലം വായിക്കപ്പെടുന്നുണ്ട്. സർക്കാറിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനും സ്വയം വിമർശനം നടത്തി തെറ്റുകൾ തിരുത്താനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്, പ്രധാനമായി സി.പി.എമ്മിന് കിട്ടിയ ഒരു സുവർണാവസരമായി ഈ സാഹചര്യത്തെ കാണണമെന്നാണ് എന്റെ അഭിപ്രായം. സ്ത്രീകൾക്കും കുട്ടികൾക്കുമായി ഒരു വകുപ്പ് കുറച്ചു വർഷങ്ങളായി സംസ്ഥാന സർക്കാർ ഉണ്ടാക്കിയിട്ടുണ്ട്.
തീർച്ചയായും അത് വളരെ പോസിറ്റിവായ കാര്യമാണ്. നമുക്കൊരു വനിത കമീഷനുണ്ട്. സതീദേവിയെപ്പോലെ അനുഭവസമ്പന്നയായ ഒരു ചെയർപേഴ്സനുമുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൈകാര്യം ചെയ്യാൻ വേറെയും സംവിധാനങ്ങളുണ്ട്. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത ഒരു ജെൻഡർ പാർക്കുണ്ട്. അതെ, സ്ത്രീകൾക്കുവേണ്ടി ഒരുപാട് കാര്യങ്ങൾ സർക്കാർ ചെയ്യുന്നു. അതൊക്കെ നേരാംവണ്ണം നടക്കുന്നുണ്ടോ എന്ന് മോണിറ്റർ ചെയ്യാൻ എന്തെങ്കിലും ജനാധിപത്യ സംവിധാനങ്ങളുണ്ടോ?
ദേശീയതലത്തിലെ ഫലം നൽകുന്ന ആശ്വാസത്തെ അട്ടിമറിക്കുന്നു കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറന്നു എന്ന വസ്തുത. ജാതീയതയും വർഗീയതയും മുഖമുദ്രയാക്കിയ, മത ന്യൂനപക്ഷങ്ങളെയും ദലിതുകളെയും ആദിവാസികളെയും രണ്ടാംകിട പൗരരാക്കി മാറ്റുന്ന, പാർലമെന്റ് മന്ദിര ഉദ്ഘാടനച്ചടങ്ങിന് ഇന്ത്യയുടെ പ്രഥമ പൗരയെ അവർ ഒരു ആദിവാസി സ്ത്രീ ആയതുകൊണ്ടുമാത്രം പങ്കെടുപ്പിക്കാതിരുന്ന, ഗാന്ധിജിക്ക് പകരം സവർക്കറെ ആരാധിക്കുന്ന, ഏകീകൃത സിവിൽ കോഡിന്റെ പേരിൽ മുസ്ലിം വിരുദ്ധത തിരുകിക്കയറ്റുന്ന, ഇന്ത്യയിലെ പൗരരെ മതത്തിന്റെ പേരിൽ വിഭജിച്ച് അതിലൂടെ വെറുപ്പിന്റെ രാഷ്ട്രീയം തള്ളിക്കയറ്റുന്ന പാർട്ടി എങ്ങനെ ഈ സംസ്ഥാനത്ത് ഒരു ലോക്സഭ മണ്ഡലത്തിലെങ്കിലും ഭൂരിപക്ഷം നേടി?
ബി.ജെ.പി ഇന്ന് ഏറ്റവുമധികം സ്വാധീനിക്കാൻ ശ്രമിക്കുന്നത് സ്ത്രീകളെയാണ്. ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനുവേണ്ടി സുപ്രീംകോടതിയിൽ കേസ് കൊടുത്തത് ബി.ജെ.പിയിലെ സ്ത്രീകൾ തന്നെയാണ്. സ്ത്രീ പ്രവേശനത്തിന് അനുകൂലമായ വിധി വന്നയുടനെ സ്വാഗതം ചെയ്ത ആർ.എസ്.എസും ബി.ജെ.പിയും പിന്നീട് മലക്കം മറിഞ്ഞു. ആചാരത്തിന്റെയും പല വ്യാജകഥകളുടെയും മറവിൽ സ്ത്രീപ്രവേശനത്തെ ശക്തമായി എതിർത്ത സംഘ്പരിവാർ ശക്തികൾ അമ്പലങ്ങൾ വഴി സ്ത്രീകളെ സംഘടിപ്പിച്ച് വിധിക്കെതിരെ തെരുവിലിറക്കി.
സ്ത്രീ-പുരുഷ തുല്യത എന്ന ഭരണഘടനാവകാശത്തെ സ്ത്രീകളെക്കൊണ്ടുതന്നെ ചെറുക്കുക എന്ന നീചതന്ത്രമാണ് സംഘ്പരിവാർ പയറ്റിയത്. ഈ പ്രശ്നത്തിൽ കോൺഗ്രസ് സംഘ്പരിവാറിന്റെ നിലപാടിനോട് യോജിച്ചപ്പോൾ സി.പി.എമ്മും ഇടതു മുന്നണിയും ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് ജനങ്ങളെ നവോത്ഥാനമൂല്യങ്ങളുടെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുകയും സംസ്ഥാനത്ത് വളരെ ആവേശകരമായ മുന്നേറ്റത്തിന്റെ ക്രിയാത്മകമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മനസ്സുവെച്ചാൽ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഇത്തരം പോരാട്ടങ്ങൾ തുടരാനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ ജനകീയ മുന്നേറ്റമുണ്ടാക്കാനും കഴിയുമെന്നത് ഉറപ്പാണ്. എന്നാൽ, അധികാര രാഷ്ട്രീയത്തിന്റെ താൽപര്യങ്ങൾ വരുമ്പോൾ തങ്ങൾതന്നെ ഉണ്ടാക്കിയ മുന്നേറ്റങ്ങൾക്കു ബ്രേക്കിട്ട് ഒത്തുതീർപ്പുകളുണ്ടാക്കുന്നു. അത്തരം ഒത്തുതീർപ്പുകളും വിട്ടുവീഴ്ചകളും ഇപ്പോൾ നമ്മുടെ നാടിനെ അപകടകരമായ ഒരവസ്ഥയിൽ എത്തിച്ചിരിക്കുന്നു. ബി.ജെ.പിക്കും സംഘ്പരിവാർ ശക്തികൾക്കും ഒരു ശക്തമായ മുന്നേറ്റം നടത്താൻ പാകത്തിൽ കേരളം എത്തിക്കഴിഞ്ഞിരിക്കുന്നു.
ഇനി ഈ പിന്തിരിപ്പൻ ശക്തികളെ നമുക്ക് പരാജയപ്പെടുത്തണമെങ്കിൽ നവോത്ഥാന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങൾ വീണ്ടും രംഗത്തിറങ്ങണം. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നിലപാടെടുക്കുമെന്നു നാഴികക്ക് നാൽപതു വട്ടം പ്രഖ്യാപിക്കുന്ന പാർട്ടികൾ സാമൂഹിക തിന്മകൾക്കെതിരായ പോരാട്ടം പാതിവഴിയിൽവെച്ച് നിർത്തുന്ന അനുഭവം ഇനിയുണ്ടായിക്കൂടാ.
ജനങ്ങളെ ആകമാനം പിഴിഞ്ഞുകൊണ്ടിരിക്കുന്ന, ദാരിദ്ര്യവും തൊഴിലില്ലായ്മയും കോർപറേറ്റ്വത്കരണവും ത്വരിതപ്പെടുത്തിക്കൊണ്ടിരിക്കുന്ന സംഘ്പരിവാറിനെ ആശയപരമായി പരാജയപ്പെടുത്തേണ്ടത് പുരോഗമനശക്തികളുടെ നിലനിൽപിനുതന്നെ അത്യന്താപേക്ഷിതമാണ്. അത്തരം വിശാലമായ പ്രവർത്തനങ്ങളെ പുരോഗമന ശക്തികൾ അടിയന്തരമായി ഏറ്റെടുത്തില്ലെങ്കിൽ ഇനിയങ്ങോട്ടുള്ള കേരളത്തിന്റെ പോക്ക് വർഗീയതയുടെ കടന്നാക്രമണങ്ങളുടേതാകും. വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ ഉയിർത്തെഴുന്നേൽപ്പാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.