അറിയപ്പെടുന്ന മുഖങ്ങളെ കളത്തിലിറക്കാനില്ല എന്ന പ്രതിസന്ധിയാണ് ബി.ജെ.പിയെ ഇതിന് പ്രേരിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എന്നാൽ, സംസ്ഥാനത്തെ ഏറ്റവും ശക്തമായ പാർട്ടിയായ ബി.ജെ.ഡി എന്തിനിത് ചെയ്യുന്നു എന്ന കാര്യം വിശദീകരിക്കാൻ അൽപം പ്രയാസമാണ്
ഇരുപത്തൊന്ന് ലോക്സഭ മണ്ഡലങ്ങളിലേക്കും 147 നിയമസഭ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഒഡിഷയിൽ വിജ്ഞാപനം പുറത്തുവരുന്നതിനു മുമ്പുതന്നെ പ്രമുഖ പാർട്ടികളിൽനിന്നുള്ള നേതാക്കളുടെ പലായനം ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് തുടർച്ചയായി അഞ്ച് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് ഭരണം നിലനിർത്തിവരുന്ന അതിശക്തമായ പാർട്ടിയായ ബിജു ജനതാദളിൽ (ബി.ജെ.ഡി) നിന്ന് രണ്ട് മുൻ മന്ത്രിമാരും ഒരു സിറ്റിങ് എം.എൽ.എയും വിട പറഞ്ഞതോടെയാണ് തെരഞ്ഞെടുപ്പുകാല കൂടുമാറ്റത്തിന് തുടക്കമായത്. ബി.ജെ.ഡി ടിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷയില്ലാത്തതിനാലാണ് മുൻ മന്ത്രിമാരായ ദേബാശിഷ് നായക്, പ്രദീപ് പാനിഗ്രാഹി എന്നിവർ പാർട്ടി വിട്ടത്. ഒരു ആക്രമണക്കേസിൽ പെട്ടതിനെത്തുടർന്ന് പാർട്ടി നേതൃത്വത്തിന്റെ അപ്രീതിക്ക് പാത്രമായ ചിലിക്കയിൽ നിന്നുള്ള സിറ്റിങ് എം.എൽ.എ പ്രശാന്ത് ജഗ്ദേവിന്റെ കാര്യവും ഇതുതന്നെ.
അതൊരു തുടക്കം മാത്രമായിരുന്നു, പിന്നെ കുത്തൊഴുക്കായി. ബി.ജെ.ഡിയും ബി.ജെ.പിയും തമ്മിലെ സഖ്യചർച്ചകൾ പൊളിഞ്ഞതോടെ അത്രനാളും അടക്കിപ്പിടിച്ചുനിന്ന നേതാക്കൾ കാവിപ്പാർട്ടിയിലേക്കും കോൺഗ്രസിലേക്കും കൂറുമാറി. ആയാറാം ഗയാറാം പ്രതിഭാസത്തിന്റെ വിഷമം നാളിതുവരെ നേരിടേണ്ടി വരാത്ത ബി.ജെ.ഡിയിലാണ് അതേറ്റവും പ്രകടമായത്.
കട്ടക്കിൽ നിന്നുള്ള എം.പി ഭർതൃഹരി മഹ്താബ്, മുൻ ബെർഹാംപൂർ എം.പി സിദ്ധാന്ത് മൊഹാപത്ര, മുൻ എം.എൽ.എ ആകാശ് ദാസ് നായക് (സിദ്ധാന്തും ആകാശും ഒഡിയ സിനിമ മേഖലയിലെ പ്രമുഖരാണ്), സിറ്റിങ് എം.എൽ.എ അരബിന്ദ ധാലി, മുൻ എം.എൽ.എ പ്രിയദർശി മിശ്ര എന്നിവരാണ് കൂറുമാറിയ പ്രാദേശിക നേതാക്കളിൽ പ്രമുഖർ. ബി.ജെ.പിയിൽ ചേർന്ന ഇവർക്കെല്ലാം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പാർട്ടി ടിക്കറ്റ് നൽകിയിട്ടുണ്ട്. ഭർതൃഹരി മഹ്താബ് കട്ടക്കിൽനിന്ന് തന്നെ ലോക്സഭയിലേക്ക് അങ്കം കുറിക്കും; പാണിഗ്രാഹി ബെഹ്റാംപൂരിൽ നിന്നും. സിദ്ധാന്ത്, ആകാശ്, പ്രിയദർശി മിശ്ര എന്നിവർക്ക് നിയമസഭ ടിക്കറ്റാണ് കിട്ടിയത്.
മറ്റ് പാർട്ടികളിൽ നിന്ന് കൂറുമാറിയവരെ ബി.ജെ.ഡിയും ഇരുകൈയും നീട്ടി സ്വീകരിച്ച് ടിക്കറ്റ് കൊടുക്കുന്നുണ്ട്. അവർ ഇതുവരെ പ്രഖ്യാപിച്ച 20 ലോക്സഭാ സ്ഥാനാർഥികളിൽ അഞ്ചുപേരെങ്കിലും മറ്റ് പാർട്ടികളിൽ നിന്നുള്ള ഇറക്കുമതികളാണ്. ബി.ജെ.പി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഭ്രുഗു ബുക്സിപത്ര ബി.ജെ.ഡിയിൽ ചേർന്ന് മണിക്കൂറുകൾക്കുള്ളിൽ, ബെർഹാംപൂർ ലോക്സഭാ സീറ്റിലെ സ്ഥാനാർഥിക്കുപ്പായം ലഭിച്ചു. ചുരുക്കത്തിൽ ആ മണ്ഡലത്തിലിപ്പോൾ കാലുമാറികൾ തമ്മിലെ അങ്കമാണ്.
ശ്രദ്ധേയമായ ബോലാങ്കിർ ലോക്സഭാ സീറ്റിൽ ബി.ജെ.ഡി ടിക്കറ്റ് നൽകിയത് മുൻ മന്ത്രിയും പടിഞ്ഞാറൻ ഒഡിഷയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേന്ദ്ര സിങ് ഭോയ്ക്കാണ്. മുൻ കോൺഗ്രസ് എം.എൽ.എ അൻഷുമാൻ മൊഹന്തിക്ക് തീരദേശ ലോക്സഭാ സീറ്റായ കേന്ദ്രപാറയും നൽകി. ബി.ജെ.ഡിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളും പട്നായിക്കിന്റെ അടുത്തയാളുമായിരുന്ന മുൻ മന്ത്രി നളിനി മൊഹന്തിയുടെ മകനാണ് അൻഷുമാൻ. ബി.ജെ.ഡി വിട്ട് കോൺഗ്രസിൽ ചേർന്ന മൊഹന്തിക്കെതിരെ അഴിമതിയാരോപണം ഉയർന്നതിനെത്തുടർന്ന് അവർ പിരിഞ്ഞു. കേന്ദ്രപാറയിൽ ബി.ജെ.പിയുടെ ഉന്നത നേതാവ് ബൈജയന്ത് ജയ് പാണ്ഡയുമായാണ് അൻഷുമാൻ മത്സരിക്കുക.
പരിനീത മിശ്ര (ബർഗഡ്), മന്മഥ് റൗത്രയ് (ഭുവനേശ്വർ), പ്രദീപ് മാജി (നബരംഗ്പൂർ), ധനുർജയ് സിദ്ധു (കിയോഞ്ജർ) എന്നിവരാണ് ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് പട്നായിക് നാമനിർദേശം ചെയ്ത മറ്റ് പാർട്ടിമാറ്റക്കാർ. ഭർത്താവ് സുശാന്ത് മിശ്ര ബി.ജെ.ഡിയിൽ ചേർന്ന് മണിക്കൂറുകൾക്കകം ബർഗഡിലെ ഭരണകക്ഷി സ്ഥാനാർഥിയായി പരിനീത പ്രഖ്യാപിക്കപ്പെട്ടു. ബി.ജെ.ഡിയുടെ നബരംഗ്പൂർ ലോക്സഭാ സ്ഥാനാർഥിയായി മുൻ കോൺഗ്രസ് എം.പി പ്രദീപ് മഹ്ജിയെ പട്നായിക് രംഗത്തിറക്കി. 2009ൽ കോൺഗ്രസ് ടിക്കറ്റിൽ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടയാളാണ് മഹ്ജി. കോൺഗ്രസിൽ ഭാവി കാണാതെ 2022ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പാണ് അദ്ദേഹം ബി.ജെ.ഡിയിൽ ചേർന്നത്.
കെയോഞ്ജറിൽ നിന്നുള്ള സിറ്റിങ് എം.പി ചന്ദ്രാനി മുർമുവിന് പകരം ചമ്പുവയിൽ നിന്നുള്ള മുൻ കോൺഗ്രസ് എം.എൽ.എ ധനുർജയ സിദുവിനെയാണ് ഇത്തവണ ബി.ജെ.ഡി നിയോഗിച്ചിരിക്കുന്നത്. 2019ൽ തെൽകോയി നിയമസഭാ സീറ്റിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച സിദു ബി.ജെ.ഡിയുടെ പ്രേമാനന്ദ നായക്കിനോട് പരാജയപ്പെട്ടിരുന്നു. 2022ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹവും ബി.ജെ.ഡിയിലേക്ക് ചേക്കേറിയത്.
മുൻ പൈലറ്റും മുതിർന്ന കോൺഗ്രസ് നേതാവ് സുരേഷ് കുമാർ റൗത്രയുടെ മകനുമായ മന്മഥ് റൗത്രയ്, പിതാവിന്റെ പിന്മുറക്കാരനായി മത്സരിക്കുമെന്നാണ് പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്, അദ്ദേഹം ബി.ജെ.ഡിയിൽ ചേർന്നു, ഭുവനേശ്വർ ലോക്സഭാ സീറ്റിൽ മത്സരിക്കാൻ പാർട്ടി ടിക്കറ്റും നൽകി. ബി.ജെ.പിയുടെ സിറ്റിങ് എം.പിയും മുൻ ബ്യൂറോക്രാറ്റുമായ അപരാജിത സാരംഗിയെയാണ് അദ്ദേഹം നേരിടുന്നത്.
സംസ്ഥാനത്തെ രണ്ട് പ്രമുഖ പാർട്ടികളും ഈ കൂറുമാറ്റക്കാരെ യാതൊരു മടിയും കൂടാതെ സ്വീകരിച്ച് ടിക്കറ്റ് നൽകുന്നതിന് പിന്നിലെ കാരണമെന്താണ്? അറിയപ്പെടുന്ന മുഖങ്ങളെ കളത്തിലിറക്കാനില്ല എന്ന പ്രതിസന്ധിയാണ് ബി.ജെ.പിയെ ഇതിന് പ്രേരിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എന്നാൽ, സംസ്ഥാനത്തെ ഏറ്റവും ശക്തമായ പാർട്ടിയായ ബി.ജെ.ഡി എന്തിനിത് ചെയ്യുന്നു എന്ന കാര്യം വിശദീകരിക്കാൻ അൽപം പ്രയാസമാണ്. “24 വർഷത്തെ മാറ്റമില്ലാത്ത ഭരണത്തിനുശേഷം ഭരണവിരുദ്ധ വികാരം അരിച്ചെത്തുന്നുവെന്ന ഭയം മാത്രമാണ് ന്യായമായ കാരണം. ചില പ്രധാന നേതാക്കൾ പാർട്ടി വിട്ടതിനു പിന്നിലും ഇതു തന്നെയാവാം ഒരു കാരണം’’-രാഷ്ട്രീയ നിരീക്ഷകൻ ശശികാന്ത് മിശ്ര പറയുന്നു.
എന്നാൽ ഇത്തരം പാർട്ടി മാറ്റം അധാർമികം മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ആരോഗ്യത്തിനുതന്നെ ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടുന്നു, ഒഡിഷ രാഷ്ട്രീയ വിശകലന വിദഗ്ധൻ പ്രഫ.രജത് കുജൂർ. ‘‘ഇത്തരം നേതാക്കൾക്ക് ടിക്കറ്റ് നൽകുന്നതിലൂടെ നേട്ടമുണ്ടാകുമെന്ന് ബി.ജെ.ഡി കരുതുന്നുവെങ്കിൽ അത് തെറ്റാണ്. വലിയ രാഷ്ട്രീയ പരിചയമില്ലാത്ത ഒരു വ്യക്തിയാണ് ബി.ജെ.ഡിയുടെ ചക്രം നിയന്ത്രിക്കുന്നത് എന്നതാണ് പ്രശ്നം. ഒഡിഷയുടെ രാഷ്ട്രീയ യാഥാർഥ്യങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വളരെക്കുറച്ചേ അറിയൂ”, അടുത്തിടെ ഐ.എ.എസ് ഉപേക്ഷിച്ച് ബി.ജെ.ഡിയിൽ ചേർന്ന വി.കെ. പാണ്ഡ്യനെ സൂചിപ്പിച്ച് കുജൂർ പറയുന്നു.
കാലുമാറ്റക്കാരുടെ കടന്നുവരവ് ചില പ്രദേശങ്ങളിലെ ബി.ജെ.ഡി-ബി.ജെ.പി അണികൾക്കിടയിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്. മുൻ കോൺഗ്രസ് എം.എൽ.എ ഗണേശ്വർ ബെഹ്റയെ പാർട്ടിയിൽ എടുത്തതിനെതിരെ അടുത്തിടെ കേന്ദ്രപാറ നിയമസഭാ മണ്ഡലത്തിൽ ബി.ജെ.ഡി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ‘‘ഇറക്കുമതി ചെയ്ത നേതാക്കൾ ഗോബാക്ക്’’ എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തി അവർ പ്രകടനം നടത്തി. ഇത്തരം നീക്കങ്ങൾ പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും നീരസം ഉളവാക്കുമെന്ന കാര്യം പാർട്ടി നേതാവ് നാരായൺ പ്രധാനും ശരിവെക്കുന്നു. “ഇത്തരം തീരുമാനങ്ങളെടുക്കുന്നത് പാർട്ടിയിലെ ഉന്നത നേതാക്കളാണ്, അവർ വിജയസാധ്യത എന്ന ഘടകത്തിന് കൂടുതൽ ഊന്നൽ നൽകുന്നു. എന്നാൽ, അത് എപ്പോഴും ആ രീതിയിൽ പ്രവർത്തിച്ചു കൊള്ളണമെന്നില്ല. മണ്ഡലങ്ങളിൽ പാർട്ടിയുടെ അടിത്തറ ഉറപ്പിക്കാൻ അഞ്ച് വർഷം പണിപ്പെട്ട നേതാക്കളുടെ അവകാശങ്ങൾ അവഗണിക്കപ്പെടുമ്പോൾ, അത് മോശം സന്ദേശം നൽകുമെന്ന് ഉറപ്പാണ്”-പ്രധാൻ പറഞ്ഞു.
എന്നാൽ, മറ്റ് പാർട്ടികളിൽ നിന്ന് വരുന്നവർക്ക് പാർട്ടി ടിക്കറ്റ് നൽകിയതിന്റെ പേരിൽ എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടാകുമെന്ന വാദത്തെ ബി.ജെ.പി നേതാവ് സുജിത് ദാസ് തള്ളിക്കളയുന്നു. “ഞങ്ങളുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് ബോധ്യപ്പെട്ട ശേഷമാണ് നേതാക്കൾ ഞങ്ങളുടെ പാർട്ടിയിൽ ചേരുന്നത്. പാർട്ടി സ്ഥാനാർഥി എന്ന നിലയിൽ അവർ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്’’- സുജിത് ദാസ് അഭിപ്രായപ്പെടുന്നു.
(ഒഡിഷയിലെ മാധ്യമ പ്രവർത്തകനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.