കേരള പൊലീസിെൻറ പരമോന്നത പദവിയിൽനിന്ന് വിരമിച്ച ഉടനെ ടി.പി. െസൻകുമാർ സമകാലിക മലയാളം വാരികക്ക് (2017 ജൂലൈ എട്ട്^ഒാൺലൈൻ പതിപ്പ്) നൽകിയ മുഖാമുഖം വൻ വിവാദങ്ങൾക്കും പ്രതിേഷധങ്ങൾക്കും നിമിത്തമായത് സ്വാഭാവികമാണ്. സംഘ്പരിവാറിെൻറ ഭാഷയിൽ ഒരു വളച്ചുകെട്ടലും കൂടാതെ അദ്ദേഹം സംസാരിച്ചതാണ് പലരെയും അമ്പരപ്പിച്ചിരിക്കുന്നത്. സെൻകുമാർ ആർ.എസ്.എസ് പാളയത്തിലേക്ക് പോകാനൊരുങ്ങുന്ന വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും അതൊക്കെ തൽക്കാലം അദ്ദേഹം നിഷേധിച്ചിരിക്കുകയാണ്. നിഷേധം അസന്ദിഗ്ധമല്ല എന്നതുകൊണ്ട് ഭാവിയിൽ എന്തും സംഭവിക്കാം. അതല്ല പക്ഷേ, ഇപ്പോഴത്തെ ചർച്ചാവിഷയം. കിരൺബേദി, അശോക് സിംഗാൾ പോലുള്ള പൊലീസ് ഉദ്യോഗസ്ഥരോ പട്ടാളത്തിലോ പൊലീസിലോ അവരേക്കാൾ ഉയർന്ന പദവികൾ വഹിച്ചവരോ കാവിപ്പടയിൽ ചേർന്ന നിരവധി അനുഭവങ്ങൾ മുന്നിലിരിക്കെ, അൽഫോൻസ് കണ്ണന്താനത്തെപ്പോലുള്ള ന്യൂനപക്ഷ സമുദായാംഗമായ െഎ.എ.എസുകാരൻപോലും ബി.ജെ.പിയിൽ അഭയം തേടിയിരിക്കെ സെൻകുമാർ മാത്രം ശുദ്ധ സെക്കുലറും ഫാഷിസ്റ്റ് വിരുദ്ധനുമായി ശേഷിച്ചകാലം കഴിക്കണമെന്ന് ശഠിക്കുന്നതിൽ അർഥമില്ല. പ്രശ്നം സംസ്ഥാനത്തിെൻറ ക്രമസമാധാനച്ചുമതലയുള്ള, ആഭ്യന്തര സമാധാനം നിലനിർത്താൻ ബാധ്യസ്ഥനായിരുന്ന ഉന്നത ഉദ്യോഗസ്ഥൻ ജനസംഖ്യയിൽ 27 ശതമാനം വരുന്ന മുസ്ലിം ന്യൂനപക്ഷത്തെക്കുറിച്ച് വെച്ചുപുലർത്തിയതും പുലർത്തുന്നതുമായ മനോഭാവവും ധാരണകളും എത്രത്തോളം ശരിയും നീതിപൂർവകവും വസ്തുനിഷ്ഠവുമാണ് എന്നുള്ളതാണ്. വിശിഷ്യ, രഹസ്യാന്വേഷണത്തിലൂടെ ലഭിച്ച വിവരങ്ങളാണ് അദ്ദേഹത്തിെൻറ അഭിപ്രായ പ്രകടനങ്ങൾക്കും വെളിപ്പെടുത്തലുകൾക്കും ആധാരമെന്ന് ജനം ധരിക്കാനിടയുള്ളപ്പോൾ.
●‘മതതീവ്രവാദമെന്ന് പറയുേമ്പാൾ മുസ്ലിം സമുദായം ചോദിക്കും ആർ.എസ്.എസ് ഇല്ലേ എന്ന്. ആ താരതമ്യം വരുേമ്പാഴാണ് പ്രശ്നം. െഎ.എസും ആർ.എസ്.എസുമായി യാതൊരു താരതമ്യവുമില്ല. നാഷനൽ സ്പിരിറ്റിന് എതിരായിട്ടുപോകുന്ന മതതീവ്രവാദത്തെയാണ് ഞാനുദ്ദേശിക്കുന്നത്’ (സെൻകുമാർ).
െഎ.എസ് എന്ന തീവ്രവാദ പ്രസ്ഥാനം അവരുടെ മാത്രം കാഴ്ചപ്പാടിലുള്ള ഇസ്ലാമിക ഖിലാഫത്തിെൻറ സംസ്ഥാപനത്തിനുവേണ്ടി, ആരുടെയോ ഉപജാപങ്ങളുടെ ഫലമായി പൊടുന്നനെ രംഗത്തുവന്ന സായുധ ഭീകരസംഘമാണ്. ലോകത്തിലെ ഒരു മുസ്ലിം രാജ്യമോ ഉത്തരവാദപ്പെട്ട ഏതെങ്കിലും പണ്ഡിതസഭയോ മതസംഘടനയോ അവരെ പിന്താങ്ങുകയോ അനുകൂലിക്കുകയോ ചെയ്തിട്ടില്ല. ജനലക്ഷങ്ങൾ സംബന്ധിക്കുന്ന ഹജ്ജ്വേളയിലെ അറഫ പ്രഭാഷണത്തിലടക്കം, വേണ്ടതിലധികം തള്ളിപ്പറഞ്ഞിട്ടുമുണ്ട്. അവർ ഇതുവരെ കൊന്നൊടുക്കിയവരിൽ ബഹുഭൂരിഭാഗവും മുസ്ലിംകളാണ്; അമുസ്ലിംകളല്ല. അവരുടേത് ജിഹാദായി മുസ്ലിം ലോകം അംഗീകരിച്ചിട്ടില്ല. െഎ.എസ് ഭീഷണിക്കെതിരെ രംഗത്തിറങ്ങി പോരാടുന്നവരുടെ മുൻനിരയിൽ മുസ്ലിം രാജ്യങ്ങളാണ്. അവർ പിടിച്ചെടുത്ത ഭൂവിഭാഗത്തിൽ സിംഹഭാഗത്തുനിന്നും അവരെ തുരത്തിക്കഴിഞ്ഞുതാനും. െഎ.എസ് ഭീഷണി ഇന്ത്യ നേരിടുന്നില്ലെന്നും ലോകത്തിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായ ഇന്ത്യൻ മുസ്ലിംകൾ െഎ.എസിനെ പിന്താങ്ങുന്നില്ലെന്നും ഒന്നിലധികം തവണ ലോകത്തോട് പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്, മറ്റാരുമല്ല. അതേസമയം, കേരളത്തിൽനിന്ന് 150ഒാളം േപർ െഎ.എസിെൻറ വലയിൽപെട്ടതായി ടി.പി. സെൻകുമാറിെൻറ െപാലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷേ, വസ്തുനിഷ്ഠമായ വിവരങ്ങൾ രാജ്യത്തിന് നൽകാൻ അദ്ദേഹത്തിനോ പൊലീസിനോ ഇതുവരെ സാധിച്ചിട്ടില്ല. കാസർകോട് ഭാഗത്തുനിന്ന് അഫ്ഗാനിസ്താനിലേക്കോ സിറിയയിലേക്കോ പോയെന്ന് അനുമാനിക്കപ്പെടുന്ന ചിലർ സ്വകുടുംബങ്ങളിലേക്ക് അയച്ചതായി പറയപ്പെടുന്ന സന്ദേശങ്ങളാണ് ആകപ്പാടെയുള്ള വിവരങ്ങൾ. ഇൗ ദയനീയ പരാജയത്തിെൻറ ഉത്തരവാദിത്തത്തിൽനിന്ന് സെൻകുമാറിന് കൈകഴുകാനാവുമോ എന്നദ്ദേഹമാണ് വിശദീകരിക്കേണ്ടത്.
പിന്നെ ആർ.എസ്.എസുമായുള്ള താരതമ്യത്തിെൻറ പ്രശ്നം. ഒന്ന് മതതീവ്രവാദത്തെയോ മതഭ്രാന്തിനെയോ പ്രതിനിധാനം ചെയ്യുേമ്പാൾ മറ്റേത് ഉന്മാദ ദേശീയതയെയും വംശീയാധിപത്യെത്തയുമാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന വ്യത്യാസമൊഴിച്ചാൽ രണ്ടും ഹിംസയിൽ വിശ്വസിക്കുന്നു, ജനാധിപത്യത്തെയോ മനുഷ്യാവകാശങ്ങളെയോ തരിമ്പും മാനിക്കുന്നില്ല എന്ന കാര്യത്തിൽ തുല്യമാണ്. നാഷനൽ സ്പിരിറ്റ് അഥവാ ദേശീയതാവികാരം അപ്പടി സ്വീകാര്യമാണെങ്കിൽ അഡോൾഫ് ഹിറ്റ്ലർ ജർമനിയിലും മുസോളിനി ഇറ്റലിയിലും രണോത്സുകമായി നടപ്പാക്കിയത് ദേശീയതയായിരുന്നില്ലേ? അതുകൊണ്ടുമാത്രം ലോകം അവരെ അംഗീകരിച്ചുവോ? രാഷ്ട്രപിതാവിനെ വെടിവെച്ചുകൊന്ന ഹിന്ദുത്വ തീവ്രവാദത്തെ നാഷനൽ സ്പിരിറ്റിെൻറ പേരിൽ പൂജിക്കുന്നവരെക്കുറിച്ച് സെൻകുമാർ എന്തുപറയുന്നു എന്നറിയാൻ കൗതുകമുണ്ട്.
●‘കേരളത്തിലെ മുസ്ലിം മതേതരമുഖമെന്ന് ധൈര്യമായി പറയാവുന്നവരിലൊരാൾ ഹമീദ് ചേന്ദമംഗലൂരാണ്. എം.എൻ. കാരശ്ശേരി കൂടെയുണ്ടായിരുന്നു. ഇേപ്പാൾ അത്ര കാണുന്നില്ല. അത്രക്ക് എക്സ്ട്രീം സെക്കുലറായിപ്പോയില്ലെങ്കിൽപോലും മുസ്ലിം സമുദായത്തിന് ഇത്ര സമാധാനേത്താടെ ജീവിക്കാൻപറ്റുന്ന സ്ഥലം വേറെ എവിടെ ഉണ്ട് എന്ന ചോദ്യം അവർ സ്വയം ചോദിക്കണം’ (സെൻകുമാർ).
കേരളത്തിലെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും മുസ്ലിം ലീഗുകാരും സുന്നികളും സലഫികളും തബ്ലീഗുകാരുമൊക്കെയായ 80 ലക്ഷം മുസ്ലിംകളിൽ, ദൈവത്തിലും മരണാനന്തര ജീവിതത്തിലും വിശ്വാസമില്ലെന്ന് തുറന്നുപറഞ്ഞ, മദ്റസ മുതൽ പലിശ രഹിത ബാങ്കിങ് വരെ ഇസ്ലാമുമായി ബന്ധപ്പെട്ട എല്ലാത്തിനെയും തള്ളിപ്പറയുന്ന, നാല് പതിറ്റാണ്ടുകാലമായി മുസ്ലിം സംഘടനകളെ നിരന്തരം കടന്നാക്രമിച്ചുകൊണ്ടിരിക്കുന്ന ഒരു ‘മതേതര മുസ്ലിമി’നെ മാത്രമേ ഇൗ മുൻ ഡി.ജി.പിക്ക് സ്വീകാര്യനായി തോന്നിയിട്ടുള്ളൂവെങ്കിൽ അതിലെന്തോ സാരമായ കുഴപ്പമില്ലേ? ആർ.എസ്.എസ് പത്രമായ കേസരി വാരികക്ക് കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കപ്പെടേണ്ടയാൾതന്നെ സെൻകുമാറിനും പ്രിയങ്കരനായത് യാദൃച്ഛികമാണോ? മതതീവ്രവാദത്തിെൻറ പിടിയിൽനിന്ന് മുസ്ലിം സമുദായത്തെ മോചിപ്പിക്കാൻ ഡീ റാഡിക്കലൈസേഷൻ പ്രോഗ്രാം നടപ്പാക്കുന്നതിനായി സെൻകുമാർ സംസ്ഥാന വ്യാപകമായി പ്രത്യേകം തെരഞ്ഞെടുത്തതായി അദ്ദേഹംതന്നെ വെളിപ്പെടുത്തുന്ന 512 പേരിൽ ഹമീദിെൻറ റോൾ എന്താണെന്നുകൂടി അദ്ദേഹം വ്യക്തമാക്കണം. പ്രസ്തുത പരിപാടി സുതാര്യമായിരിക്കണമല്ലോ.
മതനിരപേക്ഷ ജനാധിപത്യത്തിലും നാനാജാതി മതസ്ഥരുടെ തുല്യാവകാശങ്ങളിലും അധിഷ്ഠിതമാണ് ഇന്ത്യൻ ഭരണഘടന എന്നതുകൊണ്ടും ആറ് പതിറ്റാണ്ടിലേറെ രാജ്യം ഭരിച്ച സർക്കാറുകൾ എന്തെല്ലാം അപചയങ്ങൾ സംഭവിച്ചാലും ഭരണഘടനയുടെ സ്പിരിറ്റിനോട് നീതിചെയ്യാൻ ശ്രമിച്ചതിനാലും ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷം വലിയ ആശങ്കകളില്ലാതെ ഇതുവരെ ജീവിച്ചുവന്നു. എന്നാൽ, മൻമോഹൻ സിങ് നിയോഗിച്ച സച്ചാർ സമിതി അമ്പതുവർഷത്തെ മുസ്ലിം സ്ഥിതിയെക്കുറിച്ച് പഠിച്ചു സമർപ്പിച്ച റിപ്പോർട്ട് തീർത്തും ദയനീയമായ ചിത്രമാണ് കാഴ്ചവെച്ചത്; അത് പാടെ നിരാകരിച്ച ബി.ജെ.പി സർക്കാറിനുവേണ്ടി മൗലാന ആസാദ് ഫൗണ്ടേഷൻ നിയോഗിച്ച പ്രത്യേകസമിതി തയാറാക്കിയ റിപ്പോർട്ടും സച്ചാർ സമിതിയുടെ കണ്ടെത്തലുകളെ സാധൂകരിക്കുന്നതാണ്. എന്നിരിക്കേ, സംഘ്പരിവാറും സഹയാത്രികരും പെരുമ്പറ അടിക്കുന്ന പരമസുഖമൊന്നും ഇന്ത്യൻ മുസ്ലിംകൾക്കില്ല. അവരുടെ ജീവന് ഗോക്കളുടെ ജീവെൻറ വിലപോലുമില്ലെന്നതും കട്ടായം. പിന്നെ മറ്റു രാജ്യങ്ങളുടെ കാര്യം. പൊതുവേ യൂറോപ്യൻ രാജ്യങ്ങളിലെ മുസ്ലിം ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണ്, സമീപകാലത്തെ ഭീകരാക്രമണം ഉയർത്തുന്ന അസ്വാരസ്യങ്ങൾ ഒഴിച്ചുനിർത്തിയാൽ. മുസ്ലിംകൾക്കും ദലിതർക്കുമെതിരെ തീവ്രഹിന്ദുത്വസംഘടനകൾ ഉയർത്തുന്ന കടുത്ത ഭീഷണി ഗൗരവത്തിലെടുക്കാൻ കേന്ദ്ര^സംസ്ഥാന സർക്കാറുകൾ തയാറില്ലെങ്കിൽ സെൻകുമാർ അവകാശപ്പെടുന്ന സമാധാനം വെറും മരീചികയായി ഭവിക്കുകയും ചെയ്യും.
●‘ഒരു മുസ്ലിമിന് സ്വർഗത്തിൽ പോകണമെങ്കിൽ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്ലിമാക്കുകയും അമുസ്ലിംകളെ െകാന്നുകളയുകയുമാണ് എന്ന് പറയുന്നിടത്താണ് പ്രശ്നം വരുന്നത്’ (സെൻകുമാർ).
ശുദ്ധ അസംബന്ധം എന്നുമാത്രം വിശേഷിപ്പിക്കേണ്ട ഇൗ വെളിപാട് ഇൗ െഎ.പി.എസുകാരന് എങ്ങനെ കിട്ടി എന്ന് ചോദിക്കേണ്ടതില്ല. സംഘ്പരിവാറും മധ്യകാല കുരിശുയുദ്ധ മനോഭാവക്കാരും നിരന്തരം പ്രചരിപ്പിക്കുന്ന കല്ലുവെച്ച നുണയാണിത്. വിശ്വാസികളുടെ ആത്മസംസ്കരണത്തിനും നന്മകളുടെ സംസ്ഥാപനത്തിനും തിന്മകളുടെ വിപാടനത്തിനുമായി ഇസ്ലാം ഏർപ്പെടുത്തിയ ജിഹാദ് അഥവാ ധർമസമരം അമുസ്ലിംകളെ ബലംപ്രയോഗിച്ച് മാർഗംകൂട്ടാനോ കൊന്നൊടുക്കാനോ ഉള്ള ചോരക്കളിയല്ല. ഇതൊക്കെ എത്രയോ ഭാഷകളിലും ഗ്രന്ഥങ്ങളിലുമായി വിശദീകരിക്കപ്പെട്ട കാര്യമാണെന്ന് സെൻകുമാർ അറിയാതിരിക്കാൻ വഴിയില്ല. മറ്റൊന്നുമില്ലെങ്കിൽ ടി.ഡബ്ല്യു. ആർനോൾഡിെൻറ ‘ദ പ്രീച്ചിങ് ഒാഫ് ഇസ്ലാം’ എന്ന ബൃഹത്തായ ഗ്രന്ഥമെങ്കിലും റഫർ ചെയ്യാൻ അദ്ദേഹം സമയം കാണണം. എട്ടു നൂറ്റാണ്ടുകാലം ഇന്ത്യ ഭരിച്ച മുസ്ലിം രാജാക്കന്മാരുടെ കാലത്ത് അവരുടെ ബലപ്രയോഗമല്ല, സൂഫിവര്യന്മാരുടെ സ്നേഹസംവാദങ്ങളാണ് ഇന്ത്യയിലെ ഹിന്ദുക്കളിൽ ഗണ്യമായ വിഭാഗത്തെ ഇസ്ലാമിലേക്കാകർഷിച്ചത് എന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ ആ പാശ്ചാത്യ ഗ്രന്ഥകാരൻ വിവരിച്ചിട്ടുണ്ട്. കുരുക്ഷേത്രയുദ്ധത്തെ ധർമയുദ്ധമായി സംഘ്പരിവാറും സെൻകുമാറും കാണുന്നുവെങ്കിൽ യഥാർഥ ജിഹാദിനെയും അന്യഥാ വ്യാഖ്യാനിക്കാൻ അവർക്കാവില്ല. െഎ.എസ് ഇസ്ലാമല്ല എന്ന് മുസ്ലിംലോകം തീർപ്പുകൽപിച്ചിരിക്കെ അവരുടെ ഭ്രാന്തോക്തികൾ ഒന്നിനും ന്യായമോ തെളിവോ അല്ല.
●‘എനിക്ക് വാട്സ്ആപ്പിൽ കിട്ടിയ ഒരു ദൃശ്യമുണ്ട്. ഇസ്രായേലിനെതിരെ െഎക്യരാഷ്ട്രസഭയിൽ വലിയ ചർച്ച നടക്കുകയാണ്. ഇറാൻ, സിറിയ, ഇൗജിപ്ത്, ലബനാൻ, പാകിസ്താൻ എന്നിവരൊക്കെയുണ്ട്. ഇസ്രായേലിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളാണ് വിഷയം. ഇസ്രായേലിെൻറ മറുപടി എന്താണെന്നോ? ഇസ്രായേലിൽ ഒന്നര ദശലക്ഷം മുസ്ലിംകളുണ്ട്. അവർ തെരഞ്ഞെടുപ്പിൽ പെങ്കടുക്കുന്നു. സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും ഭാഗഭാക്കാവുന്നു. പക്ഷേ, ലിബിയയിൽ എത്ര ജൂതന്മാരുണ്ട്? മുമ്പ് എത്രയുണ്ടായിരുന്നു, ഇപ്പോെഴത്ര? സൗദിയിൽ, ഇൗജിപ്തിൽ നേരത്തേ എത്ര ജൂതന്മാർ ഉണ്ടായിരുന്നു, ഇപ്പോഴെത്രയുണ്ട്? ആർക്കും ഉത്തരംപറയാൻ കഴിഞ്ഞില്ല’ (സെൻകുമാർ).
വാട്സ്്ആപ്പിൽ ഉണ്ടെന്നു പറയുന്ന ഇൗ വാർത്ത ശരിയാണെങ്കിൽ സെൻകുമാർ പേരെടുത്ത് പറഞ്ഞ മുസ്ലിം രാജ്യങ്ങളുടെ പ്രതിനിധികൾ ഒന്നടങ്കം മന്ദബുദ്ധികളാണെന്ന് ധരിക്കേണ്ടിവരും. കാരണം വ്യക്തമാണ്. 1948ൽ ഇസ്രായേൽ രാഷ്ട്രം നിലവിൽ വന്നശേഷം എല്ലാ രാജ്യങ്ങളിലുമുള്ള ജൂതന്മാർ ഇൗ ജൂതരാഷ്ട്രത്തിലേക്ക് കുടിയേറി. നമ്മുടെ കൊച്ചിയിലുണ്ടായിരുന്ന ജൂതന്മാർ ഉൾപ്പെടെ. അന്നെത്ര ജൂതന്മാർ കൊച്ചിയിലുണ്ടായിരുന്നു. ഇെന്നത്ര എന്ന് ചോദിച്ച് അവരൊക്കെ ഇന്ത്യ കൊന്നൊടുക്കിയതാണെന്നുപറഞ്ഞാൽ എന്താണ് ഉത്തരം?
ലബനാൻ, ഇൗജിപ്ത്, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽ എന്നെങ്കിലും ജർമനിയിലേതുപോലുള്ള ഒരു ഹോളോകോസ്റ്റ് നടന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടോ? മുേമ്പ അമുസ്ലിം പൗരന്മാർ ഇല്ലാത്ത നാടാണ് സൗദി അറേബ്യ. അവിടെ ആരെയും വംശനാശം വരുത്തിയതല്ല. ഇപ്പോൾ ഇന്ത്യ ഉൾപ്പെടെയുള്ള നാടുകളിൽനിന്നുള്ള ലക്ഷക്കണക്കിന് അമുസ്ലിം പ്രവാസികൾ സൗദി അറേബ്യയിൽ ശാന്തരായി ജോലി ചെയ്യുന്നുണ്ടുതാനും. അധിനിവിഷ്ട പ്രദേശങ്ങളിൽ മുസ്ലിം, ക്രൈസ്തവ ജനവിഭാഗങ്ങൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ബോംബാക്രമണങ്ങൾക്കും വെള്ളം, വൈദ്യുതി വിച്ഛേദനത്തിനും മറ്റു മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ യു.എൻതന്നെ നിരവധി തവണ വിരൽചൂണ്ടിയിരിെക്ക ഇന്ത്യയിലും ഇസ്രായേലിനെ മാതൃകയാക്കാനുള്ള നീക്കമാണെങ്കിൽ ആ പൂതി മനസ്സിൽവെച്ചാൽ മതി.
●‘പശുവിനുവേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് റമദാൻ പ്രസംഗത്തിൽ പറയുന്നതിെൻറ ക്ലിപ്പിങ് ഇൗയിടെ കണ്ടു. അതിെൻറ പ്രത്യാഘാതം വലുതായിരിക്കും. അങ്ങനെയുള്ള ആൾക്കാർക്കെതിരെ നടപടിയെടുക്കുകയും ബാക്കിയുള്ളവരുടെ നിലപാട് മാറ്റാൻ ശ്രമിക്കുകയും വേണം’ (സെൻകുമാർ).
ആരുടെ കാര്യമാണ് പറയുന്നത്? ദാദ്രിയിലും ഡൽഹിയിലും ഉനയിലും മറ്റ് പലയിടത്തും ഗോരക്ഷക ഗുണ്ടകൾ മൃഗീയമായി തല്ലിക്കൊന്ന മുസ്ലിംകളുടെ കാര്യമാണോ? എങ്കിൽ ഘാതകരായ ഗുണ്ടകളെ പിടികൂടാനും അവരെ മാതൃകാപരമായി ശിക്ഷിക്കാനും സെൻകുമാർ അദ്ദേഹത്തിന് സാധ്യമായത് ചെയ്യണം. അതല്ല, ഇൗ സത്യം വിളിച്ചുപറഞ്ഞതാണ് മഹാപരാധമായതെങ്കിൽ നടപടി ആർക്കെതിരെയാണ് വേണ്ടതെന്ന് പറയേണ്ടതില്ലല്ലോ.
●‘കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യ ഘടന നോക്കൂ. നൂറുകുട്ടികൾ ജനിക്കുേമ്പാൾ 42 മുസ്ലിം കുട്ടികളാണ്. മുസ്ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയിൽ വരാൻപോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കും’ (സെൻകുമാർ).
സഞ്ചിയിൽനിന്ന് പൂച്ച ശരിക്കും പുറത്തുചാടുന്നതിപ്പോഴാണ്. മുസ്ലിംഭീതി അഥവാ ഇസ്ലാമോഫോബിയ ശരിക്കും പിടികൂടിയിരിക്കുന്നു നമ്മുടെ മുൻ ഡി.ജി.പിയെ. അത്തരമൊരു മനസ്സോടെ അദ്ദേഹം സർവിസിലിരുന്ന കാലത്ത് സ്വീകരിച്ച നടപടികൾ കേരളത്തിലെ ഇടതുപക്ഷ സർക്കാർ അടിയന്തരമായി പുനഃപരിശോധിക്കേണ്ടത് സാമാന്യ നീതിയുടെ താൽപര്യമാണ്. നിരപരാധികൾ ശിക്ഷിക്കപ്പെടരുതല്ലോ.
ഒരു മതേതര ജനാധിപത്യ രാജ്യത്ത് ഏതെങ്കിലും പ്രത്യേക സമുദായക്കാരോ വംശജരോ സ്വാഭാവിക കാരണങ്ങളാൽ എണ്ണത്തിൽ കൂടുതലാവുന്നതും കുറയുന്നതും സാമാന്യ മനുഷ്യരെ അലോസരപ്പെടുത്തേണ്ട സംഗതിയേ അല്ല. ഇന്ത്യയിൽ ക്രിസ്ത്യാനികളോ മുസ്ലിംകളോ ജനിക്കുകയോ വന്നെത്തുകയോ ചെയ്യുന്നതിനു മുമ്പ് നൂറുശതമാനവും ഹിന്ദുക്കളായിരുന്നു. അന്ന് എല്ലാം ശാന്തവും സമാധാനപൂർണവും ആയിരുന്നോ? വർണാശ്രമ വ്യവസ്ഥയും ജാതീയതയും അയിത്തവും ജന്മിത്തവും നാടുവാഴിത്തവും ചേർന്ന് നരകീയമാക്കിയതല്ലേ ഇന്ത്യയുടെ പൂർവചരിത്രം? അതിനൊരു മാറ്റമുണ്ടായത് മറ്റ് മതങ്ങളുടെ കടന്നുവരവോടെയാണെന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. ഇന്നും അന്ധവിശ്വാസാനാചാരങ്ങളുടെ ബലിയാടുകളായി കഴിയുകയാണ് ജനങ്ങളിൽ ഭൂരിപക്ഷവും. അതിരിക്കെട്ട, നമുക്ക് കണക്കുകൾ പരിശോധിക്കാം.
2001ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ഹിന്ദുജനസംഖ്യ 96.63 കോടി. 2011ൽ അതിൽ മൂന്നു ശതമാനത്തിെൻറ കുറവ് രേഖപ്പെടുത്തിയപ്പോൾ മുസ്ലിം ജനസംഖ്യയുടെ കുറവ് ആറു ശതമാനമാണ്. അതായത് മുൻ വർഷങ്ങളെ അപേക്ഷിച്ച് മുസ്ലിം ജനസംഖ്യ കുറയുകയാണ്. 2001^2011 ദശവർഷക്കാലത്ത് ഹിന്ദു ജനസംഖ്യയിലെ വളർച്ച 13.8 കോടി. മുസ്ലിംകളുടെ മൊത്തം ജനസംഖ്യ 17.22 കോടിയും! 2011െല കണക്ക്പ്രകാരം ഇന്ത്യയിലെ ഒരു കുടുംബത്തിലെ അംഗബലം 4.45 ആണ്. മുൻ ദശകത്തിൽ ഇത് 4.67 ആയിരുന്നു. മുസ്ലിം കുടുംബങ്ങളിലും ഇൗ കുറവ് പ്രകടമാണ്. 5.61ൽനിന്ന് 5.15 ആയി ചുരുങ്ങി. ഇപ്പോൾ കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും മുസ്ലിം ജനസംഖ്യയുടെ വളർച്ചനിരക്ക് കുറയുകയാണ്, കൂടുകയല്ല. അതിനാൽ മുൻ ഡി.ജി.പി ഹൃദയമിടിപ്പ് കൂട്ടി ഭാവി അപകടെപ്പടുത്തേണ്ടതില്ല. ഭാസുരമായ ഭാവി അദ്ദേഹത്തെ കാത്തിരിക്കുന്നു. കുമ്മനത്തിെൻറ വിളിയും എം.ടി. രമേശിെൻറ ഗൃഹസന്ദർശനവും ശുഭലക്ഷണങ്ങളാണ്. ബെസ്റ്റ് വിഷസ്!
പിൻകുറി: മുസ്ലിം സ്വീകാര്യനാവണെമങ്കിൽ ഹമീദ്മാർക്ക് മതനിഷേധിതന്നെയാവണം, കാരശ്ശേരിപോലും പോരാ. ഹിന്ദുവാണെങ്കിൽ യോഗി ആദിത്യനാഥോ സാക്ഷി മഹാരാജോ ആയിരുന്നാലും സ്വീകാര്യനും. എങ്ങനെയുണ്ട് സെക്കുലറിസം!
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.