മധ്യപ്രദേശിലെ തീർഥാടന നഗരമായ ചിത്രകൂടിലുള്ള ക്ഷേത്ര പുരോഹിതൻ രാമഭദ്രാചാര്യ* തനിക്ക് ഒരു പ്രഭാതത്തിൽ ദിവ്യദർശനമുണ്ടായതായി 2023 നവംബർ 25ന് ഒരു വാർത്താചാനലിനോട് അവകാശപ്പെടുന്നു. സന്തോഷത്തോടെ ഉണർന്നെഴുന്നേറ്റ തനിക്കു മുന്നിൽ പിഞ്ചുപൈതലായി ദർശനം നൽകിയ ദൈവം ശുചിമുറിയിലേക്കും അതുകഴിഞ്ഞ് കിടപ്പുമുറിയിലേക്കും അനുഗമിച്ചു.
ആജ് തക് ചാനലിൽ അദ്ദേഹവുമായി അഭിമുഖത്തിനിരുന്നത് സവർണ മാധ്യമപ്രവർത്തകൻ സുധീർ ചൗധരിയായിരുന്നു. ‘ഗുരുജി’ എന്ന് സംബോധന ചെയ്താണ് ചൗധരി അദ്ദേഹവുമായി സംസാരിക്കുന്നത്. ജനുവരി 22ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന രാമക്ഷേത്രത്തെക്കുറിച്ച് ദിവ്യദർശനത്തിനിടെ എന്താണ് വെളിപാട് എന്ന ചോദ്യത്തിന് ‘അമൃത മഹോത്സവം’ തനിക്കൊപ്പം ആഘോഷിക്കാൻ നിങ്ങളും വരണമെന്ന് ശ്രീരാമൻ ആവശ്യപ്പെട്ടെന്നായിരുന്നു മറുപടി.
മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് ഒരു പൊതുപരിപാടിയിൽവെച്ച് വേദങ്ങളിലും മറ്റു ബ്രാഹ്മണ സാഹിത്യങ്ങളിലും പരിജ്ഞാനം മുൻനിർത്തി രാമഭദ്രാചാര്യയെ ‘ദേശീയ പൈതൃക’മായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. 2015ൽ രാമഭദ്രാചാര്യക്ക് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയൻ പുരസ്കാരമായ പത്മവിഭൂഷൺ സമ്മാനിക്കുക വഴി തന്റെ സർക്കാർ ആദരിക്കപ്പെട്ടുവെന്നും മോദി അഭിമാനം കൊണ്ടു. അന്ന്, മോദിക്ക് നന്ദിയോതിയ രാമഭദ്രാചാര്യ കാഴ്ചയില്ലാത്ത തനിക്ക് കണ്ണുകൾ തിരികെ വേണമെന്നല്ല, പകരം ഒരിക്കൽകൂടി ഇന്ത്യയിൽ ജനിക്കണേയെന്നാണ് ശ്രീരാമന് മുന്നിൽ ആവശ്യപ്പെട്ടതെന്ന് പ്രതിവചിച്ചു.
ക്ഷേത്ര ഉദ്ഘാടനമടുത്ത കഴിഞ്ഞ കുറേ ആഴ്ചകളിൽ, മുഖ്യധാരാ മാധ്യമങ്ങളും ബി.ജെ.പി നേതാക്കളും ബ്രാഹ്മണ മേധാവിത്വവും രാമനെക്കുറിച്ച ബ്രാഹ്മണ സങ്കൽപങ്ങളും ഉദ്ഘോഷിക്കുന്ന തിരക്കിലായിരുന്നു. ഇതിനെതിരെ ഉയർന്ന പ്രബുദ്ധമായ ശബ്ദങ്ങൾ രാഷ്ട്രീയപ്രേരിതവും വിവാദപരവും ഹിന്ദുവിശ്വാസ വിരുദ്ധവുമായി മുദ്രകുത്തപ്പെടുകയും ചെയ്തു.
ജനുവരി ആദ്യവാരം, നാല് ശങ്കരാചാര്യരിലൊരാളായ നിശ്ചലാനന്ദ് സരസ്വതി മാധ്യമപ്രവർത്തകരോട് താൻ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു. മോദി വിഗ്രഹം അനാച്ഛാദനം ചെയ്യുന്നത് കാണുന്നത് തന്റെ പദവിക്ക് നിരക്കാത്തതെന്നായിരുന്നു കാരണം നിരത്തിയത്. ഹിന്ദു വിശ്വാസങ്ങളുടെ അധികാരിയായ, ബ്രാഹ്മണനായ ധർമാചാര്യന് മാത്രമേ പ്രാണപ്രതിഷ്ഠ നടത്താനാകൂ എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. അയോധ്യയിൽ തനിക്കെന്താകും ദൗത്യമെന്ന് അരിശപ്പെട്ട് സരസ്വതി ചോദിക്കുന്നുണ്ട്. ജാതീയതയുടെ കറകളഞ്ഞ വക്താവാണ് ശങ്കരാചാര്യ.
മാധ്യമപ്രവർത്തകർക്ക് മുന്നിൽ ദൈവിക സാന്നിധ്യമുള്ള വ്യക്തിത്വമായി സ്വയം അവതരിച്ച സരസ്വതി പറയുന്നുണ്ട്: ‘ഭഗവതി സീത -ശ്രീരാമ പത്നി- തന്റെ മൂത്ത സഹോദരിയായാണ് ഞാൻ പരിഗണിച്ചിരുന്നത്. എന്നാൽ, ഞാൻ ധ്യാനത്തിലിരിക്കെ സീത എന്നോട് അവരെ ഇളയ സഹോദരിയായി കണക്കാക്കാൻ ആവശ്യപ്പെട്ടു’. സരസ്വതിയെയും മാധ്യമപ്രവർത്തകർ ഗുരുദേവ് എന്നാണ് അഭിസംബോധന ചെയ്തത്. തൊട്ടുപിറകെ സി.എൻ.എൻ ന്യൂസ് 18 ചാനലിൽ ഒരു പരിപാടിക്ക് സരസ്വതി ക്ഷണിക്കപ്പെട്ടു.
ഒരു ബ്രാഹ്മണന് മാത്രമേ ഗുരുവാകാൻ പറ്റൂ എന്നും ധർമോപദേശം നൽകാൻ അവർക്കേ യോഗ്യതയുള്ളൂ എന്നും മറ്റും അവിടെ അദ്ദേഹം വിശദീകരിച്ചു. മാനേജിങ് എഡിറ്ററും തമിഴ് ബ്രാഹ്മണനുമായ ആനന്ദ് നരസിംഹമായിരുന്നു അഭിമുഖം നടത്തിയത്. സരസ്വതി ശയ്യയിൽ ആസനസ്ഥനായപ്പോൾ നരസിംഹൻ നിലത്തിരുന്ന് ഗുരുദേവ് എന്ന് വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതേ ആഴ്ച ബ്രാഹ്മണ ഗുരുവായ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി ഒരു സർക്കാർ അനുകൂല ചാനലിലെത്തി മനുസ്മൃതി ‘മാനുഷികതയാണ് സംസാരിക്കുന്നതെ’ന്നും മറിച്ച് പറയുന്നവർ ‘മാനസിക രോഗമുള്ളവരാണെന്നും’ പറയുന്നുണ്ട്. ജാതീയതയെ എഴുന്നുനിർത്തുകയും ജാതി ശ്രേണികൾ ക്രോഡീകരിക്കുകയും ചെയ്യുന്ന കൃതിയാണല്ലോ മനുസ്മൃതി.
മതനേതാക്കൾ മാത്രമല്ല, ബി.ജെ.പിയിലെ സവർണ നേതാക്കളും ശ്രീരാമനെ അന്ധവിശ്വാസങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണ്. ജനുവരി അഞ്ചിന് പാർട്ടി വക്താവും ബ്രാഹ്മണനുമായ സുധാൻഷു ത്രിവേദി ടെലിവിഷൻ പരിപാടിയിൽ ആശുപത്രികളെക്കാൾ ആവശ്യം ക്ഷേത്രങ്ങളാണെന്നും കാരണം ആശുപത്രികൾ വ്യക്തിയുടെ ആരോഗ്യം മാത്രം നോക്കുമ്പോൾ ക്ഷേത്രം വ്യക്തിയുടെ സ്വഭാവം രൂപപ്പെടുത്തുന്നുവെന്നും വിശദീകരിക്കുന്നുണ്ട്. ക്ഷേത്രങ്ങളെക്കാൾ ആശുപത്രികളാണ് കൂടുതൽ ജനത്തിന് വേണ്ടതെന്ന അന്നത്തെ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വാക്കുകൾക്കുള്ള മറുപടിയായിരുന്നു ഇത്. യാദവ് പിന്നാക്കക്കാരനാണ്.
നേരത്തേ പാർലമെന്റിൽ ത്രിവേദിതന്നെ അവകാശപ്പെട്ടത്, ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയും തകർച്ചയും രാമജന്മഭൂമി കാമ്പയിന്റെ ഉയർച്ച താഴ്ചകളെ ആശ്രയിച്ചാണെന്നായിരുന്നു. അടുത്തിടെ ഗോത്രവർഗവിഭാക്കാരൻ കൂടിയായ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ജിതേന്ദ്ര ഔഹദ് പറഞ്ഞു: ‘രാമൻ ബഹുജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. വേട്ടയാടുകയും മാംസം ഭക്ഷിക്കുകയും ചെയ്ത രാമൻ ഞങ്ങളുടെതുമാണ്’. വാത്മീകി രാമായണ പ്രകാരം രാമൻ 14 വർഷം വനത്തിൽ ജീവിച്ചെന്നും അത് മാംസം കഴിച്ചാണെന്നുമായിരുന്നു ഔഹദിന്റെ അഭിപ്രായം. ഹിന്ദുമതത്തെക്കുറിച്ച് വിപുലമായ രചനകൾ നടത്തിയ ബി.ആർ. അംബേദ്കർ പറയുന്നത് രാമനും കൃഷ്ണനും വേദദേവന്മാരല്ലെന്നും തദ്ദേശീയ സമൂഹങ്ങളിൽ നിലനിന്നവരാണെന്നും അവ ബ്രാഹ്മണർ സ്വന്തമാക്കുകയായിരുന്നുവെന്നുമാണ്.
ഔഹദ് ശ്രീരാമനെ തന്റെ സമുദായത്തിന്റെ ദൈവമാക്കുകയും മാംസം ഭക്ഷിക്കുന്ന സംസ്കാരത്തിൽ അഭിമാനം കൊള്ളുകയും ചെയ്തപ്പോൾ മുഖ്യധാരാ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ പ്രസ്താവനയെ വിവാദപരമെന്ന് വളച്ചൊടിച്ചു. രാമഭദ്രാചാര്യ, വാത്മീകിയെക്കുറിച്ച ഔഹദിന്റെ പരാമർശങ്ങൾ സ്വീകരിക്കാൻ വിസമ്മതിച്ചു. ഔഹദ് സൂചിപ്പിച്ച അധ്യായം ‘പ്രക്ഷിപ്ത’മാണെന്നും അത് പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതായതിനാൽ ‘തെളിവായി സ്വീകരിക്കാനാകില്ലെന്നു’മായിരുന്നു വിശദീകരണം.
ത്രിവേദിക്കും പറയാനുണ്ടായിരുന്നത് സമാനമായിരുന്നു. സംസ്കൃതം സ്വന്തം ഭാഷയായി വേദവിദ്യാലയങ്ങളിൽനിന്ന് പഠനം പൂർത്തിയാക്കിയവർക്ക് മാത്രമേ മതഗ്രന്ഥങ്ങളെക്കുറിച്ച് അഭിപ്രായം പറയാനൊക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. മതഗ്രന്ഥങ്ങൾക്ക് ബ്രാഹ്മണേതര വ്യാഖ്യാനങ്ങൾ അസാധുവെന്ന ഇത്തരം വാദങ്ങൾ വേദഗ്രന്ഥങ്ങൾ പഠിക്കാനും ഓതിക്കൊടുക്കാനും ബ്രാഹ്മണർക്ക് മാത്രമേ യോഗ്യതയുള്ളൂ എന്ന ജാതി മേൽക്കോയ്മ മനസ്സ് വമിക്കുന്നതാണ്.
അതേ ആഴ്ചയിൽതന്നെ, അയോധ്യയിൽ ക്ഷേത്ര സമുച്ചയ നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് ബൻസാൽ സംഘ് പരിവാറിന്റെ ശ്രീരാമ ആഖ്യാനങ്ങളെ എഴുന്നള്ളിക്കുന്നതിൽ ഒരുപടികൂടി കടക്കുന്നുണ്ട്. ചുറ്റുംകൂടിയ അനുയായി വൃന്ദത്തിൽ ഒരു സ്ത്രീ സീതയെക്കൂടി ക്ഷേത്രത്തിനകത്ത് പ്രതിഷ്ഠിക്കുമോയെന്ന് ചോദിക്കുന്നു.
അഞ്ചു വയസ്സു മാത്രമുള്ള രാമന്റെ പ്രതിഷ്ഠയായതിനാൽ പത്നിയുടെ പ്രതിഷ്ഠ അടുത്തുണ്ടാകില്ലെന്നായിരുന്നു മറുപടി. പകരം, രാമന്റെ മൂന്ന് സഹോദരന്മാർക്കൊപ്പം ഒന്നാം നിലയിൽ പ്രതിഷ്ഠിക്കുമെന്നും താഴെ രാമൻ ഏകനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബൻസാൽ ഇവിടെ ദൈവത്തിന്റെ കാവൽക്കാരൻ മാത്രമല്ല, രാമന്റെ പ്രായംകൂടി തീരുമാനിക്കുകയായിരുന്നു. രാമന്റെ ‘ശാശ്വത ശിശുഭാവ’ത്തെക്കുറിച്ച് സുപ്രീംകോടതിയിൽ അതിദീർഘ ചർച്ചകൾ നടന്നതാണ്.
ഈ ശൈശവം മുൻനിർത്തിയാണ് ഹിന്ദു പരാതിക്കാർക്ക് ദൈവത്തിന്റെ പേരിൽ പരാതികളുമായി എത്താനായത്. ‘സ്വന്തമായി നിയമനടപടികളുമായി മുന്നോട്ടുപോകുന്നതിലെ ദേവതയുടെ ബലഹീനത വ്യക്തമാക്കാൻ രൂപം നൽകിയതാണ് ദൈവത്തെ ശിശുവാക്കി നിയമപരമായ അവകാശങ്ങൾ സാക്ഷാത്കരിച്ചു നൽകൽ’- വിധിന്യായത്തിൽ ബെഞ്ച് എഴുതി. ‘ബലഹീനത മറികടക്കാൻ ദേവതയുടെ പേരിൽ ഒരു വ്യക്തി നിയമനടപടികൾ നടത്തണം. എന്നുവെച്ച് പരിമിതി നിയമം ബാധകമാകുന്നതിൽനിന്ന് ദേവതക്ക് ഇളവുനൽകാൻ ഈ നിയമപ്രാബല്യം വഴിയാകില്ല’ എന്നിട്ടും, ട്രസ്റ്റ് രാമന് വയസ്സ് നിശ്ചയിക്കുകതന്നെ ചെയ്തു.
2022 ഫെബ്രുവരിയിൽ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൻസാൽ ബി.ജെ.പിക്ക് ‘രാമക്ഷേത്ര നിർമാണത്തിന്റെ ഉത്തരവാദിത്തമേറ്റെടുക്കാൻ പൂർണ അവകാശമുണ്ടെ’ന്നും ജനം ഈ വിഭാഗത്തിന് വോട്ടുനൽകണമെന്നും പറഞ്ഞിരുന്നു. സ്വകാര്യസമിതിയാണെന്ന് കോടതിയിൽ അവകാശപ്പെട്ട ഒരു ട്രസ്റ്റിന്റെ പൂർണ രാഷ്ട്രീയ പ്രസ്താവമായിരുന്നു ഇത്. ഒരു മാധ്യമവും പക്ഷേ, ബൻസാലിന്റെ വാക്കുകളിൽ രാഷ്ട്രീയമോ വിവാദമോ കണ്ടില്ല. 2023 ഡിസംബറിൽ ബൻസാൽ ഒരു ടെലിവിഷൻ പരിപാടിയിൽ രാം കി പായ്ഡിക്കരികെ ഇരുന്ന് മസിൽ പെരുപ്പിച്ച് രാഷ്ട്രീയം പറയുന്നത് മറ്റൊരു കാഴ്ച. ‘പ്രതിപക്ഷ നേതാക്കൾ മൗനം പാലിച്ചാൽ അവർക്ക് നന്ന്.
മിണ്ടാതിരുന്നാൽ അവരുടെ പേര് ക്ഷണക്കത്തിലുണ്ടാകും’ എന്നായിരുന്നു പറയാനുണ്ടായിരുന്നത്. സംഭാവനകൾക്ക് ട്രസ്റ്റിന് നികുതിയിളവുമുണ്ട്. 2023 മാർച്ച് വരെ 3,000 കോടിക്ക് മുകളിലായിരുന്നു ഇത്. ക്ഷേത്രഭരണം നടത്തുന്നതും ദൈവത്തിന്റെ പേരിലെ തീരുമാനങ്ങളും ഇന്ന് ഏവർക്കും നന്നായറിയാം. 2023 ജനുവരിയിൽ രജപുത്ര വംശജനായ രാഷ്ട്രീയ ജനതാദൾ നേതാവ് ജഗദാനന്ദ് സിങ്, ദൈവത്തെ രാഷ്ട്രീയനേട്ടങ്ങൾക്കായി മാറ്റിയെടുക്കുന്നത് വേദനിപ്പിക്കുന്നുവെന്ന് പരിഭവിക്കുന്നുണ്ട്.
‘രാമൻ അത്യുദാത്തമായ ഒരു നിർമിതിക്കകത്ത് ബന്ദിയാക്കപ്പെട്ടിരിക്കുന്നു’- എന്നായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. ‘മുമ്പ് രാജ്യത്തെ തൂണിലും തുരുമ്പിലും രാമനുണ്ടായിരുന്നു. ഇനിമേൽ ഇന്ത്യ രാമന്റേതല്ല, ഒരു ക്ഷേത്രം മാത്രമാണ് രാമനുള്ളത്’. മാധ്യമങ്ങൾ അതിലും വിവാദം പടർത്താനാണ് ഇറങ്ങിയത്. രാമനെ ഒരിടത്ത് തളിച്ചിടുന്ന രാഷ്ട്രീയത്തിന് വശംവദരായി പോകരുതെന്ന മുന്നറിയിപ്പ് മാത്രമായിരുന്നു ഇതെന്നിരിക്കെയായിരുന്നു മാധ്യമങ്ങളുടെ നീക്കം.
2023 നവംബറിൽ പിന്നാക്ക വിഭാഗക്കാരനായ സമാജ് വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ ജനുവരി 22ന് പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് നടത്തിയ ചടങ്ങുകളെ ചോദ്യം ചെയ്യുന്നുണ്ട്. വല്ലതിലും ജീവൻ പകരുക എന്ന് അർഥമുള്ള ‘പ്രാണപ്രതിഷ്ഠ’ എന്നായിരുന്നു രാമന്റെ വിഗ്രഹം സ്ഥാപിക്കുന്നതിന് നൽകിയ പേര്. ‘ആയിരക്കണക്കിന് വർഷങ്ങളായി ആരാധിക്കപ്പെടുന്ന ഒരാളിൽ എങ്ങനെയാണ് പുതുതായി ജീവൻ പകരുക? നിങ്ങൾ ദൈവത്തിനും മുകളിലാണെന്ന് കാണിക്കാനാണോ ഇത്?’- ഇതായിരുന്നു ചോദ്യം. യഥാർഥ രാമഭക്തനായ ഒരാളുടെ സത്യസന്ധമായ ചോദ്യം. മൗര്യയെയും പക്ഷേ, മാധ്യമങ്ങൾ വിവാദ മുനയിൽ നിർത്തി.
മാധ്യമങ്ങളും ബി.ജെ.പി നേതാക്കളും ഹിന്ദുവിന്റെ പ്രജ്ഞയെ താഴ്ത്തിക്കെട്ടുകയാണിവിടെ. ബ്രാഹ്മണാധിപത്യവും അന്ധവിശ്വാസങ്ങളും രാഷ്ട്രീയ ഹിന്ദുത്വയുമാണ് പകരം ആനയിക്കപ്പെടുന്നത്. സവർണതാൽപര്യങ്ങൾ സംരക്ഷിക്കാനായി എന്തിനും വഴങ്ങുന്ന, എന്നാൽ, തുല്യവും ആരോഗ്യകരവുമായ അവകാശങ്ങളുള്ള സമൂഹനിർമിതിക്ക് ശ്രമിക്കാനാകാത്ത ഒരു ജനതതിയെയാണ് അവർ സൃഷ്ടിച്ചെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.