സർവകലാശാലകളിലെ സംവരണ അട്ടിമറിക്കെതിരെ 2021 ഏപ്രിൽ 21ന് 'മാധ്യമം' പ്രസിദ്ധീകരിച്ച ലേഖനം ഞങ്ങൾ പുനഃപ്രസിദ്ധീകരിക്കുന്നു. ഇതിന്‍റെ പേരിലാണ് ലേഖകരിൽ ഒരാളായ ഡോ. ഡോ. കെ.എസ്. മാധവന് കാലിക്കറ്റ് സർവകലാശാല കഴിഞ്ഞ ദിവസം കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
സംവരണത്തിലൂടെ മുന്നോട്ടുവെക്കുന്ന പ്രാതിനിധ്യ അധികാരപങ്കാളിത്ത സങ്കൽപത്തെ രാജ്യത്തെ വരേണ്യർ എക്കാലത്തും എതിർത്തു പോന്നിട്ടുണ്ട്. സാമുദായിക സംവരണത്തെ ഒരു അശ്ലീലമായി അവതരിപ്പിച്ച് അട്ടിമറിക്കാനാണ് സാമ്പത്തിക സംവരണമെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സവർണ സംവരണത്തിെൻറ വക്താക്കൾ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചു പോരുന്നത്.
ആ അട്ടിമറി ഒരു മറയുമില്ലാതെ കേരളത്തിലെ സർവകലാശാല അധ്യാപക നിയമനങ്ങളിലും വ്യവസ്ഥാപിതമായി നടപ്പാക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നു. സംവരണം നടപ്പാക്കിയാൽ മെറിറ്റ് ഇല്ലാതാകും എന്ന ജാതിവാദം മനഃസ്ഥിതിയായി കൊണ്ടുനടക്കുന്നവരാണ് നമ്മുടെ സർവകലാശാലകളെ ഭരിക്കുന്നവരിൽ കൂടുതലും.
ഈ വരേണ്യവാദത്തിലൂന്നിയ സംവരണവിരുദ്ധ പൊതുബോധം പിൻപറ്റുന്നവരാണ് സാംസ്കാരിക നായകരിലും പൊതു ബുദ്ധിജീവികളിലും ഏറിയ പങ്കുമെന്നതിനാൽ സംവരണ അട്ടിമറികൾ വേണ്ടത്ര ഗൗരവത്തിൽ പൊതുസമൂഹത്തിനു മുമ്പാകെ ചർച്ച ചെയ്യപ്പെടാറുമില്ല. കാലിക്കറ്റ് സർവകലാശാലയിലെ സംവരണ അട്ടിമറിയെപ്പറ്റി വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ ഭരണഘടനപദവിയുള്ള ദേശീയ പട്ടികജാതി കമീഷൻ ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ.
പൊതുവിദ്യാഭ്യാസരംഗത്ത് ഏറെ മുന്നേറിയിട്ടും കേരളത്തിലെ സർവകലാശാല അധ്യാപകനിയമനങ്ങളിൽ ദുരൂഹതയും സുതാര്യതയില്ലായ്മയും നിഗൂഢരീതികളും വർധിച്ചുവരുന്നത് എന്തുകൊണ്ടാണ്? സർവകലാശാലയിൽ മൊത്തത്തിലും ഓരോ പഠനവകുപ്പുകളിലും വരുന്ന സംവരണ / പൊതുതസ്തികകൾ മുൻകൂട്ടി കണക്കാക്കി നിയമനക്രമപട്ടിക പൊതുരേഖയാക്കി വെബ്സൈറ്റിൽ പ്രദർശിപ്പിക്കണമെന്ന് യു.ജി.സി നിർദേശമുണ്ട്. എന്നാൽ, ഇതു പാലിക്കാതെ സംവരണ ക്രമപട്ടിക രാജ്യരക്ഷാ രേഖകളെപ്പോലെ നിഗൂഢമായി സൂക്ഷിക്കുന്നു എന്നത് നിയമനനടപടികൾ സംവരണ വിരുദ്ധ സാമൂഹിക ശക്തികളുടെ സമ്പൂർണ നിയന്ത്രണത്തിലാണ്ടിരിക്കുന്നു എന്നതിെൻറ സൂചനയാണ്.
ഓരോ വകുപ്പിലെയും തസ്തികകളും നിയമിക്കപ്പെടാത്ത ഒഴിവുകളും നിയമിക്കപ്പെടാത്ത സംവരണ തസ്തികകളും അടങ്ങുന്ന രജിസ്റ്റർ സർവകലാശാലകൾ സൂക്ഷിക്കണമെന്നും വ്യവസ്ഥയുണ്ട്. ഓരോ വിഭാഗത്തിലെയും അധ്യാപകതസ്തികകൾ പ്രത്യേകമായെടുത്താലും ഓരോ ഗണത്തിലും ( ഉദാഹരണത്തിന് അസിസ്റ്റൻറ് പ്രഫസർ ,അസോസിയേറ്റ് പ്രഫസർ, പ്രഫസർ എന്നിവ) ക്ലബ് ചെയ്ത് സമീപിച്ചാലും ഒഴിവനുസരിച്ചു വിജ്ഞാപനം നടത്താനും വസ്തുതകൾ സുതാര്യമായി സൂക്ഷിക്കാനും കഴിയും. നിയമനങ്ങൾ സുതാര്യമാക്കി വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി സമൂഹത്തോടും ഭരണഘടനയോടുമുള്ള ഉത്തരവാദിത്തവും വിശ്വാസ്യതയും നിലനിർത്തേണ്ട ബാധ്യതയില്ലേ സർവകലാശാലകൾക്ക്?
ക്ഷേമരാഷ്ട്ര സങ്കൽപവും പദ്ധതി ആസൂത്രണ വികസനവും മുൻനിർത്തിയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കേന്ദ്ര സർവകലാശാലകളും സംസ്ഥാനങ്ങളിൽ പ്രാദേശിക യൂനിവേഴ്സിറ്റികളും സ്ഥാപിക്കപ്പെട്ടത്. ജാതിവ്യവസ്ഥയും മുൻവിധികളും മൂലം ചരിത്രപരമായി പുറത്ത് നിർത്തപ്പെട്ട സാമൂഹിക വിഭാഗങ്ങളെയും പ്രദേശങ്ങളെയും ഉന്നത വിദ്യാഭ്യാസരംഗത്ത് ഉൾച്ചേർക്കുക എന്നത് നമ്മുടെ ദേശീയ നയമായിരുന്നു. ഉൾക്കൊള്ളൽ വികസനവും സാമൂഹികനീതി ജനാധിപത്യവും സ്ഥാപിക്കുന്നതിന് ഉൾക്കൊള്ളൽ വിദ്യാഭ്യാസം (inclusive education) അനിവാര്യമാണ്.
ഉന്നതവിദ്യാഭ്യാസരംഗത്തെ സാമുദായികസംവരണം സാമൂഹികമായി പുറന്തള്ളപ്പെട്ട സമുദായങ്ങൾക്ക് അധികാരത്തിൽ പങ്കാളിത്തവും ജനസംഖ്യാനുസൃതമായ പ്രാതിനിധ്യവും ഉറപ്പാക്കുന്ന ജനാധിപത്യ പ്രവർത്തനമായാണ് ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്. സർവകലാശാലകളും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഭാഷ-മാനവിക -സാമൂഹിക ശാസ്ത്രങ്ങളിലും ശാസ്ത്ര സാങ്കേതിക ആരോഗ്യരംഗത്തും ജ്ഞാനഉൽപാദനം നടത്തുന്ന സ്ഥാപനങ്ങളാണ്.
ജ്ഞാന ഉൽപാദന പ്രക്രിയയും അതിെൻറ സാമൂഹിക വിനിമയങ്ങളും ജനാധിപത്യപരവും സാമൂഹികനീതിയിലധിഷ്ഠിതവുമായിരിക്കണം. ചരിത്രപരമായി സാമുദായികമായി പുറന്തള്ളപ്പെട്ട കീഴാള സമുദായങ്ങളെ ഈ പ്രക്രിയകളിൽ പങ്കാളികളാക്കിയാൽ മാത്രമേ ഉൾക്കൊള്ളൽ ജനാധിപത്യവും പങ്കാളിത്ത നീതിസങ്കൽപവും സമൂഹത്തിൽ സാധ്യമാവുകയുള്ളൂ. അല്ലാത്തപക്ഷം ജ്ഞാന ഉൽപാദനരംഗവും ഉന്നതവിദ്യാഭ്യാസമേഖലയും ജാതിശക്തികളും വരേണ്യരും കുത്തകയാക്കി ജനാധിപത്യത്തെയും സാമൂഹിക നീതിയെയും അട്ടിമറിക്കും.
വിജ്ഞാനങ്ങളുംവിവര സാങ്കേതികവിദ്യയും ജാതിവരേണ്യരും മൂലധനശക്തികളും നിയന്ത്രിക്കുന്നത് തടയുന്നതിനും അതുവഴി ഭരണകൂട സംവിധാനത്തെ മേലാളർ നിയന്ത്രിക്കുന്ന അവസ്ഥയെ പ്രതിരോധിക്കുന്നതിനുമാണ് സംവരണവ്യവസ്ഥകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജാതി വിവേചനത്തിെൻറ പെരുങ്കോട്ടകൾഇന്ത്യയിലെ സർവകലാശാലകൾ സ്ഥാപനപരമായ ജാതി വിവേചനവും പുറംതള്ളലും നടപ്പാക്കുന്ന വരേണ്യ സ്ഥാപനങ്ങളായിത്തന്നെയാണ് വർത്തിച്ചുപോരുന്നത്. ഉൾക്കൊള്ളൽ ഉന്നത വിദ്യാഭ്യാസത്തിനു ( Inclusive Higher Education) പകരമായിപുറന്തള്ളൽ സമീപനമാണ് ദലിത് - ആദിവാസി സമൂഹങ്ങളോടും മുസ്ലിം ന്യൂനപക്ഷ ജനതകളോടും സ്ഥാപനപരമായി ഈ രംഗത്ത് നടപ്പാക്കുന്നത്. വിദ്യാർഥി പ്രവേശനത്തിലും പഠനഗവേഷണ പ്രക്രിയകളിലും ഈ വിവേചനം പരസ്യമാണ്.
അധ്യാപക നിയമനങ്ങളിൽ പാർശ്വവത്കൃത സമൂഹങ്ങളെ അകറ്റിനിർത്തുന്ന സമീപനമാണ് ഇന്നും ഇന്ത്യൻ യൂനിവേഴ്സിറ്റികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വീകരിക്കുന്നത്. അധ്യാപക തസ്തികകളിൽ സാമുദായിക സംവരണം പാലിക്കാതെ നിയമനം നടത്തുക, സംവരണക്രമപട്ടിക മറച്ചുെവച്ചും മാറ്റംവരുത്തിയും നിയമനങ്ങൾ സംവരണ സമുദായങ്ങൾക്ക് നൽകാതിരിക്കുക, സംവരണനഷ്ടം നികത്താതെ പൊതുവിഭാഗങ്ങൾക്കായി അധ്യാപക സംവരണം വകമാറ്റുക, പൊതുവിഭാഗത്തിൽ സംവരണീയവിഭാഗങ്ങൾക്ക് നിയമനം കൊടുക്കാതിരിക്കുക എന്നിങ്ങനെ സാമൂഹിക നീതിക്കും ഭരണഘടനമൂല്യങ്ങൾക്കും എതിരായ നടപടികളാണ് വ്യവസ്ഥാപിത നയമായി ഇന്ത്യൻ സർവകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്.
കേരളത്തിലെ സർവകലാശാലകൾ നിലവിൽ വന്ന കാലംമുതൽ സംവരണീയ വിഭാഗങ്ങളെ പുറത്തുനിർത്താൻ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. സർവകലാശാലകളിൽ ദലിത് ആദിവാസി വിഭാഗങ്ങളെ അധ്യാപകരായി നിയമിക്കുന്നതിന് എതിരായി സംവരണ വ്യവസ്ഥകൾ അട്ടിമറിക്കുന്ന ഗൂഢസംഘങ്ങൾ കാലങ്ങളായിപ്രവർത്തിക്കുന്നു എന്നതിന് പല ഉദാഹരണങ്ങളും ചൂണ്ടികാണിക്കാൻ കഴിയും.
സംവരണക്രമ പട്ടിക നിഗൂഢമാക്കിയും സംവരണ തത്ത്വങ്ങളും ചട്ടങ്ങളും രഹസ്യരേഖയാക്കിയും സംവരണ വിരുദ്ധരായ ഗൂഢസംഘങ്ങൾ കേരളത്തിലെ സർവകലാശാലകളെ മാഫിയ താവളമാക്കി മാറ്റിതീർത്തിട്ടുണ്ട്. പലപ്പോഴും വൈസ് ചാൻസലർമാരെ തെറ്റിദ്ധരിപ്പിച്ചും നിയന്ത്രിച്ചും സർക്കാറിന് തെറ്റായവിവരങ്ങൾ നൽകിയും സംവരണവിരുദ്ധ ഉപജാപക ഗൂഢസംഘങ്ങൾ ലക്ഷ്യം നിറവേറ്റുന്നു. സംവരണീയ വിഭാഗങ്ങളിലെയും പൊതുവിഭാഗത്തിലെയും മിടുക്കരായ ഉദ്യോഗാർഥികളെ പുറത്താക്കി കക്ഷിരാഷ്ട്രീയത്തിന്റെ പേരു പറഞ്ഞ് സേവപിടിത്തക്കാർക്ക് പതിച്ചുനൽകുന്നു സർവകലാശാലകളിലെ പലനിയമനങ്ങളും.
കേരളത്തിലെ സർവകലാശാലകളിൽ നടക്കുന്ന അധ്യാപകനിയമനങ്ങൾ സംവരണ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് സുതാര്യമായിട്ടാണ് നടക്കുന്നത് എന്ന് ഉറപ്പാക്കേണ്ടത് ഒരു ജനാധിപത്യ സർക്കാറിെൻറ ഉത്തരവാദിത്തമാണ്.
ഇതുവരെയുള്ള സർവകലാശാല അധ്യാപക നിയമനങ്ങളിൽ സംവരണവ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോ എന്നു സർക്കാർ അന്വേഷിക്കണം. സർവകലാശാല അധ്യാപക നിയമനങ്ങളിലെ സംവരണനഷ്ടം നികത്താൻ ആവശ്യമായ നീതിയുക്തമായ നടപടികൾ സർക്കാർ ഉറപ്പാക്കണം. ആദ്യപടിയായി സർവകലാശാലകളിലെ സംവരണ അട്ടിമറി പരിശോധിക്കാനും അതിന് പരിഹാരം നിർദേശിക്കാനും ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയാറാവണം.
സർവകലാശാലകളിലെ സംവരണ വിരുദ്ധരുടെ മാഫിയപ്രവർത്തനങ്ങൾ അമർച്ച ചെയ്ത് അക്കാദമിക സ്ഥാപനങ്ങളായി സർവകലാശാലകളെ നിലനിർത്താനും സംവരണ അട്ടിമറി പുറത്തുകൊണ്ടുവന്ന് അതിന് പരിഹാരം ഉണ്ടാക്കുന്നതിനും ജനാധിപത്യ ഗവൺമെൻറിന് തികഞ്ഞ ബാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.