കോൺഗ്രസിന്‍റെ അന്ധാളിപ്പുമായി മാധവൻ നായർ

കലാപകാലത്തെ സംഭവ വിവരണങ്ങൾ കൊണ്ട് സമ്പന്നമായ പുസ്തകമാണ് 'മലബാർ കലാപം'. കലാപബാധിത പ്രദേശത്തിന്‍റെ ഒത്ത നട ുവിലായിരുന്നു കെ. മാധവൻ നായരുടെ വീട്. മലപ്പുറത്തു നിന്ന് മഞ്ചേരിക്കുള്ള റോഡിന്‍റെ വക്കത്ത്. ആൾ സജീവ കോൺഗ്രസ് പ ്രവർത്തകനാണ്. ജോലി കൊണ്ട് വക്കീലാണ്. പൊതുപ്രവർത്തനം നല്ലവണ്ണമുണ്ട്. കലാപകാലത്ത് ധാരാളം യാത്ര ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ സംഭവങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നത് പ്രയാസമായിരുന്നില്ല. വായിപ്പിക്കുന്ന ശൈലിയാണ്.

ല ഹളത്തലവനായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായുളള കൂടിക്കാഴ്ചയുടെ വിവരണം കാണുക: ''അധികം താമസിയാതെ ഞാൻ താമസ ിച്ചിരുന്ന വീടിന്‍റെ മുൻഭാഗത്തുള്ള വയലിന്‍റെ നടുവരമ്പിൽക്കൂടെ ഒരു കൊടിയും മുമ്പിൽ പിടിച്ച് ആയുധങ്ങളുമായി സ ുമാർ 25 മാപ്പിളമാർ തെക്കോട്ടു പോകുന്നതു കണ്ടു. ആ സംഘത്തിന്‍റെ തലവൻ വാരിയൻകുന്നൻ കുഞ്ഞഹമ്മദാജിയാണെന്നും അറിഞ്ഞ ു.

വാരിയൻകുന്നൻ കുഞ്ഞഹമ്മദാജിയെ ഞാൻ മുമ്പ് കണ്ടിട്ടില്ല. 1921 ഫെബ്രുവരി ആദ്യത്തിൽ 144 പ്രകാരം ഡിസ്ട്രിക്ട് മജി സ്ട്രേറ്റ് അയച്ച ഒരു നോട്ടീസിൽ ഗോപാലമേനോന്‍റെയും എന്‍റെയും പേരോടുകൂടി ഈ കുഞ്ഞഹമ്മദാജിയുടെ പേരുകൂടി ചേർത്തി രുന്നുവെങ്കിലും ഞാൻ ആ നോട്ടീസിൽ നിന്നാണ് ഇങ്ങനെയൊരാൾ ഉണ്ടെന്നു തന്നെ മനസ്സിലാക്കിയത്. (തുടർന്ന് രണ്ടു പേജ് കു ഞ്ഞഹമ്മദാജിയെ പരിചയപ്പെടുത്തുകയാണ്)

24നു ഏകദേശം ഉച്ചയോടു കൂടിയാണ് കുഞ്ഞഹമ്മദാജി വയലിൽകൂടി തെക്കോട്ടുപോയത ായി കണ്ടത് എന്നു പറഞ്ഞുവല്ലോ. അയാൾ പോയി അൽപം കഴിഞ്ഞപ്പോഴേക്ക് അയാളുടെ അനുചരനായ ഒരാൾ എന്‍റെ അടുക്കൽ വന്നു. ഹാജി ക്ക് എന്നെ കാണണമെന്ന് ആഗ്രഹമുണ്ടെന്നും അരുകിഴായ കുളത്തിന്‍റെ വക്കത്തുള്ള ആൽത്തറയിൽ, അയാൾ നിന്നിടത്തേക്ക് ചെ ന്നാൽ തരക്കെടില്ലാ എന്നും എന്നോടു പറഞ്ഞു. ഞാനും എന്‍റെ അനുജൻ കേശവൻനായരും കൂടി അങ്ങോട്ടു ചെന്നു. അപ്പോൾ അയാൾ ആൽ ത്തറയിൽ ഇരിക്കുകയായിരുന്നു. എന്നെ കണ്ട ഉടൻ എഴുന്നേറ്റ് എന്‍റെ അടുക്കലേക്ക് വന്നു. ക്ഷീണം കൊണ്ടോ മറ്റോ നിവർന്ന ു നിൽക്കാൻ വയ്യാതെ ഹാജിയാർ വീണ്ടും ആൽത്തറയിൽ തന്നെ ഇരുന്ന് എന്നോട് സംഭാഷണം ആരംഭിച്ചു.

കെ. മാധവൻ നായർ


കുഞ്ഞഹമ്മദാജിക്ക് അറുപതിൽ കുറയാത്ത പ്രായം തോന്നി. കറുത്തിരുണ്ട നിറം. വായിൽ പല്ലുണ്ടോ എന്നു സ ംശയം. ഒരു ഒത്ത മനുഷ്യന്‍റെ നീളംതന്നെ കഷ്ടിയേ ഉള്ളൂ. വണ്ണം വളരെയില്ല. നന്ന മെലിഞ്ഞിട്ടുമല്ല. കറുത്ത ഒരു കുപ്പായമാണ് ധരിച്ചിരുന്നത്. അരയിൽ ഒരു വാളുണ്ട്. കൈയ്യിൽ ഒരു തോക്കുമുണ്ട്. തലയിൽ എന്താണ് ധരിച്ചിരുന്നത് എന്ന് ഇപ്പോൾ ഓർക്കുന്നില്ല. മുഖത്തു ശൂരതയുടെ ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും, താൻ ചിലതിന് ഉറച്ചിരിക്കുന്നു എന്ന ഭാവം മുഖത്തു നല്ലവണ്ണം സ്ഫുരിച്ചിരിക്കുന്നു. കൂട്ടത്തിലുള്ളവരിൽ ചിലരുടെ കയ്യിൽ വാളും ചിലരുടെ കൈയ്യിൽ തോക്കും കുന്തവുമുണ്ട്. പാണ്ടിക്കാട് പൊലീസ് സ്‌റ്റേഷൻ കയ്യേറി കരസ്ഥമാക്കിയ ആയുധങ്ങളായിരുന്നു ഇവയിൽ അധികവും. അവരെല്ലാം ഹാജിയുടെ ചുറ്റും സമീപത്തായി നിന്നിരുന്നു.

അതുവരെ കാണാൻ സംഗതി വന്നിട്ടില്ലെങ്കിലും, അന്ന് ഒന്നാമതായി കാണുന്നതാണെന്നും മറ്റും കുശലപ്രശ്നങ്ങൾ കഴിഞ്ഞതിനു ശേഷം ''ഇനി ഞങ്ങൾ എന്താണ് വേണ്ടത്? എല്ലാം ഉപദേശിച്ചു തരണം'' എന്ന് ഹാജിയാർ എന്‍റെ കൈയ്യും പിടിച്ചു കൊണ്ട് അപേക്ഷാ ഭാവത്തിൽ എന്നോട് പറഞ്ഞു. ഞാൻ അൽപമൊന്ന് അന്ധാളിച്ചു. ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്‍റെ ഉപദേശങ്ങളും അപേക്ഷകളും എല്ലാം നിരസിച്ചു ലഹളക്ക് പുറപ്പെട്ട മാപ്പിളമാരിൽ ആരും എന്നോട് വീണ്ടും ഒരു ഉപദേശത്തിന് ആവശ്യപ്പെടുകയില്ലാ എന്ന് ദൃഢമായി വിശ്വസിച്ചിരുന്നതുകൊണ്ടാണ് ഞാൻ ഇങ്ങനെ പരിഭ്രമിച്ചു നിന്നു പോയത് ''

മാധവൻ നായരുടെ ആ അന്ധാളിപ്പും പരിഭ്രമവും പുസ്തകത്തിലുടനീളം കാണാനുണ്ട്. താനും വരിയൻകുന്നൻ കുഞ്ഞഹമ്മദാജിയും തമ്മിൽ മുൻപരിചയം പോലുമില്ലാ എന്ന് സ്ഥാപിക്കാൻ കാണിക്കുന്ന അതേ വ്യഗ്രത ദേശത്തെ കോൺഗ്രസും ഖിലാഫത്തു കമ്മിറ്റിയും തമ്മിൽ ബന്ധമില്ലാ എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നിടത്തും കാണാം. ആ അന്ധാളിപ്പും പരിഭ്രമവും മാധവൻ നായരിൽ നിന്ന് കോൺഗ്രസിലേക്ക് പകർന്നതാണോ അതോ കോൺഗ്രസിൽ നിന്ന് മാധവൻ നായരിലേക്ക് പടർന്നതാണോ എന്നേ നോക്കേണ്ടതുള്ളു.

കുഞ്ഞഹമ്മദാജിയുമായുള്ള സംഭാഷണത്തിന്‍റെ തുടർച്ചയിൽ അത് കൂടുതൽ വ്യക്തമാകുന്നുണ്ട്. കൂടിക്കാഴ്ചയെ പറ്റിയുള്ള വിവരണം തുടരുകയാണ്: ''കുഞ്ഞഹമ്മദാജി ഒരു ശത്രുവെപ്പോലെയല്ലെങ്കിലും ഒരു മിത്രത്തെപ്പോലെ എതിരേൽക്കുകയില്ല എന്നും ഞാൻ സംശയിച്ചിരുന്നു. പക്ഷേ, ആ ചോദ്യം വളരെ ആന്തരികമായി ചോദിക്കുന്നതാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടു. അക്രമരാഹിത്യം ഒരു വ്രതമായി സ്വീകരിച്ചിരുന്ന എനിക്ക് ഇതിനു മറുപടി പറയാൻ വളരെ വിഷമം തോന്നിയില്ല. ഞാൻ ഏതാണ്ട് ഇങ്ങനെ പറഞ്ഞു:

''കാര്യം മുഴുവൻ പിഴച്ചു. നാടുമുഴുവൻ കുട്ടിച്ചോറായി. ഇനി ഞാനെന്താണ് നിങ്ങളോട് പറയേണ്ടത്. പക്ഷേ, നിങ്ങൾ എന്‍റെ ഉപദേശം കേൾപ്പാൻ ഇനിയും ഒരുക്കമുണ്ടെങ്കിൽ നിങ്ങൾ ഈ ആയുധങ്ങളുപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിപ്പോകണം, അക്രമങ്ങൾ പ്രവർത്തിക്കാതിരിക്കണം. ശേഷമുള്ളവരേയും സമാധാനത്തോടു കൂടി ഇരിപ്പാൻ ഉപദേശിക്കണം. നിങ്ങൾക്ക് എന്‍റെ ഈ വാക്കുകൾ രസിക്കുകയില്ലായിരിക്കാം. പക്ഷേ, എനിക്ക് ഈ ഉപദേശമല്ലാതെ മറ്റൊന്നും തരുവാനില്ലാ.''

എന്‍റെ വാക്കുകൾ ഹാജിയാരെ കുപിതനാക്കുമെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ, വളരെ ശാന്തസ്വരത്തിൽ ഹാജിയാർ എന്നോടു പറഞ്ഞു: ''അത് ഇനി പറഞ്ഞിട്ടു കാര്യമില്ലാ, ഞാൻ ഇങ്ങനെ ഇറങ്ങിപുറപ്പെട്ടു; ചിലതെല്ലാം ചെയ്യുകയും ചെയ്തു. ഇനി പിന്തിരിയുവാൻ നിവൃത്തിയില്ല. എന്നു മാത്രമല്ല ആലി മുസലിയാർ അപകടത്തിൽ ചാടിയിരിക്കുന്നു. അദ്ദേഹത്തെ സഹായിക്കാതെ എനിക്ക് നിവൃത്തിയുമില്ല. ഇതല്ലാതെ വേറെ വല്ല ഉപദേശവും നിങ്ങൾക്കു തരുവാനുണ്ടോ?''

ഞാൻ അൽപം ആലോചിച്ച് വീണ്ടും ഇങ്ങനെ പറഞ്ഞു: "എനിക്ക് മറ്റൊന്നും പറയുവാനില്ല. എങ്കിലും മാപ്പിളമാർ പ്രവർത്തിച്ച അക്രമങ്ങൾ നിങ്ങൾ കണ്ടുവോ? ഒരു ഹിന്ദുവിന്‍റെ വീടെങ്കിലും ഇനി അവർ കൊള്ള ചെയ്യാൻ ബാക്കിയില്ലല്ലോ. ഇതെന്ത് അന്യായമാണ്? ഇങ്ങനെയാണോ നിങ്ങളുടെ മതം ഉപദേശിക്കുന്നത്. നിങ്ങൾക്ക് ശക്തിയുണ്ടെങ്കിലും മനസ്സുണ്ടെങ്കിലും ഈ കൊള്ള നിർത്തുകയാണു വേണ്ടത് ''

ഉടനെ ഹാജിയാർ കണ്ണൊന്നുരുട്ടി മിഴിച്ച് എന്നോട് ഇങ്ങനെ പറഞ്ഞു: "അതിനു തന്നെയാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത്. മഞ്ചേരി നാലും കൂടിയ സ്ഥലത്തുവെച്ച് ഞാൻ ഇപ്പോൾ ഇതു പറഞ്ഞു തന്നെയാണ് ഇങ്ങോട്ടു വന്നത്. കൊള്ള ചെയ്യുന്ന ഏതു മാപ്പിളയെയും എന്‍റെ ൈകയ്യിൽ കിട്ടിയാൽ അവന്‍റെ വലത്തേ കൈയ്യ് ഞാൻ വെട്ടിമുറിക്കും. അതിനു സംശയമില്ല. ഇവിടെ ഒരു കൊള്ള നടക്കുന്നുണ്ടെന്ന് കേട്ടിട്ടാണ് ഞാൻ ഇങ്ങോട്ടുതന്നെ ഇപ്പോൾ വന്നത് ".


''കൈ മുറിക്കുന്നതും മറ്റും സാഹസമാണ്, അതൊന്നും ചെയ്യരുത്. പക്ഷേ, കൊള്ള എങ്ങനെയെങ്കിലും നിർത്തുന്നത് അത്യാവശ്യമാണ്'' എന്ന് ഞാൻ മറുപടി പറഞ്ഞു. ഹാജിയാർ ''അങ്ങനെ പറഞ്ഞാലെ അവർ പേടിക്കുകയുള്ളൂ'' എന്ന് എന്‍റെ ചെവിയിൽ മന്ത്രിച്ചു. ഈ സംഭാഷണത്തിനു ശേഷം ഞാൻ മടങ്ങിപ്പോരുവാൻ പുറപ്പെട്ടപ്പോൾ ''ഇനി എപ്പോൾ കാണാം" എന്ന് ഹാജിയാർ എന്നോടു ചോദിച്ചു. "നാം തമ്മിൽ ഇനി കാണുകയില്ല. നമ്മുടെ വഴി രണ്ടാണ്. അതിനാൽ കണ്ടിട്ട് യാതൊരു ഫലവുമില്ല" എന്നു ഞാൻ പറഞ്ഞു. ഞാൻ വീട്ടിലേക്ക് തിരിച്ചു പോവുകയും ചെയ്തു.

'നമ്മുടെ വഴി രണ്ടാണ്' - എന്നത് വ്യക്തിപരം മാത്രമല്ല പ്രസ്ഥാനപരവുമാണെന്ന് സ്ഥാപിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് മാധവൻനായർ. 1920 ഏപ്രിൽ മാസത്തിൽ മഞ്ചേരിയിൽ ചേർന്ന മലബാർ ജില്ലാ രാഷ്ട്രീയ കോൺഫറൻസോടെയാണ് ഖിലാഫത്ത് പ്രസ്ഥാനം മലബാറിൽ മുന്നോട്ടു വരുന്നത് എന്നത് സർവസമ്മിതി നേടിയ വസ്തുതയാണ്. എങ്കിലും മാധവൻ നായരുടെ കാഴ്ച വേറൊന്നാണ്: ''മഞ്ചേരി കോൺഫ്രൻസിനു ശേഷം നാലഞ്ചു മാസത്തേക്ക് മലബാറിൽ ഖിലാഫത്തു സംബന്ധമായ പ്രവൃത്തികളൊന്നും നടന്നില്ല. കോഴിക്കോട്ടുള്ള ചില മാപ്പിളമാർ ഒരു ഖിലാഫത്തു കമ്മിറ്റി സ്ഥാപിച്ചു. കൊണ്ടോട്ടിയിലും ഒരു കമ്മിറ്റി സ്ഥാപിക്കുകയുണ്ടായി. ഇതു രണ്ടും അതാതു ദിക്കിലെ മാപ്പിളമാരുടെ ഉത്സാഹത്താൽ മാത്രമായിരുന്നു''.

സ്വാതന്ത്ര്യ സമരം എന്ന വിശാലമായ ലക്ഷ്യത്തിന്നു വേണ്ടി ഗാന്ധിജി തന്നെ മുൻകൈയ്യെടുത്ത് സ്ഥാപിച്ച പ്രസ്ഥാനം എന്ന നിലയിലാണ് ഖിലാഫത്തിനെ മാപ്പിളമാർ പരിചയപ്പെട്ടത്. എന്നാൽ, പവൻ മാറ്റ് അഹിംസാവാദം എന്ന തന്‍റെ സിദ്ധാന്തത്തിൽ മാറ്റുരച്ചിട്ടാണ് മാധവൻ നായർ എന്തും പരിശോധിക്കുന്നത്. "മാപ്പിളമാരിൽ അക്രമരാഹിത്യം നഷ്കർഷയോടു കൂടി അനുഷ്ഠിച്ചിരുന്ന പലരും ഉണ്ടായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ ആദ്യഘട്ടത്തിൽ തന്നെ ഒരു ഖിലാഫത്ത് കമ്മിറ്റി സ്ഥാപിക്കപ്പെട്ട പുളിക്കൽ എന്ന സ്ഥലത്തിനു തൊട്ട പ്രദേശങ്ങളായിരുന്നു ഈ സ്ഥലങ്ങൾ. ഈ സ്ഥലങ്ങളിൽ താമസിച്ചിരുന്ന ഹിന്ദുക്കൾക്ക് മാപ്പിളമാരിൽ നിന്ന് യാതൊരു ഉപദ്രവവും നേരിട്ടിരുന്നില്ല''- എന്നും കാണാം. കോൺഗ്രസുകാരും ഖിലാഫത്തുകാരും എന്ന നിലക്കല്ല ഹിംസക്കാരും അഹിംസക്കാരും എന്ന നിലക്കാണ് മാധവൻ നായർ ആളുകളെ തരംതിരിക്കുന്നത് എന്ന് പലപ്പോഴും തോന്നിപ്പോകും.

ലഹള ആരംഭിച്ചതു മുതൽ കീഴൊതുങ്ങന്നതു വരെ ലഹളക്കാരുടെ ഭാഗത്തു നിന്നുള്ള പ്രവൃത്തികൾ വിശദീകരിക്കാൻ അധ്യായങ്ങൾ എടുക്കുന്നുണ്ട്. എന്നാൽ, അധികൃതന്മാരുടെ അഴിമതികളും വാഗൺ ട്രാജഡിയുമെല്ലാം ഒരധ്യായത്തിന്‍റെ അകത്തെ ഉപതലക്കെട്ടുകളിൽ പരിമിതമാണ്.

''മാർഷ്യൽ നിയമപ്രകാരം നടന്ന വിചാരണകളുടേയും ശിക്ഷകളുടേയും സ്വഭാവം കൂടെ അൽപം വിവരിച്ച് ഈ അധ്യയത്തെ അവസാനിപ്പിക്കാം'' - എന്നു പറഞ്ഞിടത്ത് പുസ്തകം അവസാനിക്കുകയാണ്. ബാക്കി എഴുതിയിട്ടില്ല.

"പ്രസ്തുത കലാപത്തിൽ ആദ്യന്തം അനുഭവസ്ഥനായ ഒരു നിഷ്പക്ഷമതിയുടെ വിലപ്പെട്ട കുറിപ്പുകൾ ഗ്രന്ഥരൂപത്തിൽ പുറത്തു വന്നതാണ്''. ''പഠിപ്പും പാകതയുമുള്ള പൊതുപ്രവർത്തകൻ എന്ന നിലയിൽ സുപരിചിതനായ മാധവൻ നായർ നിഷ്പക്ഷമായി നടത്തുന്ന പ്രത്യവലോകനം എന്ന നിലക്ക് 'മലബാർകലാപം' വിശ്വാസയോഗ്യമായ ചരിത്ര വിവരണമാണെന്ന് ഇനിപ്പറയേണ്ടതില്ലല്ലോ '' - എന്നെല്ലാം കെ. കേളപ്പൻ ആമുഖമായി പ്രസ്താവിക്കുന്നുണ്ട്.

എന്നാൽ, നിഷ്കളങ്കനായ ഒരു ദൃക്‌സാക്ഷിയുടെ സ്വരമല്ല; പ്രതികളുമായി യാതൊരു ബന്ധവുമില്ലെന്ന് തെളിയിക്കാൻ വെപ്രാളപ്പെടുന്ന മാപ്പുസാക്ഷിയുടെ മൊഴികളാണ് പലപ്പോഴും ഗ്രന്ഥകാരൻ നിരത്തുന്നത്.

മൈസൂരിലെ ടിപ്പു നല്ല ടിപ്പു സുൽത്താൻ, മലബാറിലെത്തിയപ്പോൾ ടിപ്പു മോശം ആക്രമി എന്ന മട്ടിലുള്ള വിലയിരുത്തൽ പോലും കാണാം.

*****************************************************************************

1882 ഡിസംബർ രണ്ടിനാണ് കാരുതൊടിയിൽ മാധവൻ നായർ മലപ്പുറത്തു ജനിച്ചത്. 1909ൽ നിയമ പഠനം പൂർത്തിയാക്കി. 1915ൽ കോഴിക്കോട്ട് താമസമാക്കിയതു മുതൽ തന്നെ രാഷ്ട്രീയത്തിൽ സജീവമായി. 1920 ഏപ്രിലിൽ മഞ്ചേരിയിൽ ചേർന്ന മലബാർ ജില്ലാ രാഷ്ട്രീയ സമ്മേളനത്തിന്‍റെ നേതൃനിരയിൽ ഉണ്ടായിരുന്നു. 1923ൽ മാതൃഭൂമി ആരംഭിച്ചപ്പോൾ മാനേജിങ് ഡയറക്ടർ ആയിരുന്നു. 1925ൽ കെ.പി.സി.സിക്ക് പ്രസിഡന്‍റ് പദവി വന്നപ്പോൾ ആദ്യത്തെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത് മാധവൻ നായരാണ്. (അതുവരെയും സമരങ്ങൾ നയിക്കാൻ ഡിക്റ്റേറ്റർമാരായിരുന്നു)

1921- 22ലെ സംഭവ വികാസങ്ങൾ കഴിഞ്ഞയുടൻ എഴുതിയെങ്കിലും പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നില്ല. ചില ഭാഗങ്ങൾ മാതൃഭൂമി ആരംഭിച്ചയുടൻ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചതാണ്. 1970ലാണ് മാധവൻ നായരുടെ ഭാര്യ കെ. കല്യാണിയമ്മ മുൻകൈയെടുത്ത് പുസ്തകമായി പ്രസിദ്ധീകരിച്ചത്. കെ.പി. കേശവമേനോന്‍റെ അവതാരികയും കെ. കേളപ്പന്‍റെ പ്രസ്ഥാവനയും ചേർത്തിട്ടുണ്ട്.

ഒന്നാം പതിപ്പ് 1971ൽ വന്നെങ്കിലും മാതൃഭൂമി ആദ്യമായി പ്രസിദ്ധീകരിക്കുന്നത് 1987ലാണ്. മാതൃഭൂമിയുടെ ആറാം പതിപ്പാണ് ഇപ്പോൾ ലഭിക്കുന്നത്. വില 250 രൂപ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.