പൊലീസ് മർദ്ദനത്തിന്‍റെ ഫലമെന്ന് കെ.പി. കേശവമേനോൻ

കെ. മാധവൻ നായരുടെയും ഇ. മൊയ്തു മൗലവിയുടേയും ഇടയിലായി സമദൂരത്തിലാണ് കെ.പി കേശവമേനോൻ. 'കഴിഞ്ഞ കാലം' എന്ന ആത്മകഥയിലാണ് കേശവമേനോന്‍റെ വിലയിരുത്തലുള്ളത്.

''മലബാറിൽ പല കാലങ്ങളിലുമായുണ്ടായ ലഹളകളെ പറ്റി ചരിത്രത്തിൽ പ്രത്യേകിച്ച് ലോഗന്‍റെ 'മലബാർമാന്വലി'ൽ കാണാം. അവയുടെ കാരണങ്ങളെപ്പറ്റി പലരും പല അഭിപ്രായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അവയെ സംബന്ധിച്ച നിരൂപണം ആവശ്യമാണെങ്കിലും ഇത്തരത്തിൽ ഒരു ഗ്രന്ഥത്തിൽ അതിനു സ്ഥാനമില്ല''- എന്നാണ് മുൻകാല ലഹളകളെക്കുറിച്ച് കേശവമേനോന്‍റെ അഭിപ്രായം. 1921നെ കുറിച്ച് പറയുമ്പോൾ മറ്റെല്ലാവരും മാപ്പിളമാരുടെ ഹാലിളക്കത്തെക്കുറിച്ചും ഇടക്കിടെ ഉണ്ടായിട്ടുള്ള ലഹളകളെക്കുറിച്ചും സൂചിപ്പിക്കാറുണ്ട്. അത് കേശവമേനോൻ ഒഴിവാക്കിയിരിക്കുന്നു.

പക്ഷേ, മലബാർ കലാപത്തെക്കുറിച്ച് അദ്ദേഹത്തിന് അഭിപ്രായമുണ്ട്:
"എന്നാൽ 1921ലുണ്ടായ ലഹളയുടെ കാരണം എന്തായിരുന്നുവെന്നതിന് സംശയമില്ല. അത് പൊലീസുകാരുടെ മർദനത്തിൽ നിന്ന് ഉടലെടുത്തതാണ്. ഖിലാഫത്ത് പ്രസ്ഥാനത്തെ അടിച്ചമർത്തുവാൻ അധികാരസ്ഥന്മാരാരംഭിച്ച അതിരു കടന്ന ആക്രമമായിരുന്നു പ്രധാന കാരണം. അല്ലാതെ, ജന്മി-കുടിയാൻ വഴക്കോ, പള്ളി സംബന്ധമായ തർക്കമോ ആയിരുന്നില്ല. പൊലീസിന്‍റെ ദ്രോഹം സഹിക്കവയ്യാതായപ്പോൾ അക്രമരാഹിത്യം വെടിഞ്ഞ് അക്രമത്തെ അക്രമം കൊണ്ട്തന്നെ നേരിടുവാൻ നാട്ടുകാരുറച്ചു. ഗവൺമെന്‍റിനോടും അധികാരസ്ഥന്മാരോടുമുള്ള ഒരു വെല്ലുവിളിയായിട്ടാണ് അതാരംഭിച്ചത്. പിന്നീട് ലഹളക്കാർ അന്യമതസ്ഥരെ കൊല്ലുകയും ദ്രോഹിക്കയും ചെയ്തതിന്‍റെ കാരണങ്ങൾ വേറെയാണ്''.

372 പേജുണ്ട് 'കഴിഞ്ഞകാലം'. അതിൽ 78 മുതൽ 115 വരെയുള്ള പേജുകളിലാണ് കേശവമേനോൻ മലബാർ കലാപത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. നിസ്സഹകരണ പ്രസ്ഥാനം, ആപത്കരമായ സൂചനകൾ, മലബാർ ലഹളയുടെ ആരംഭം, ലഹള സ്ഥലത്തേക്കുള്ള യാത്ര, ലഹളയുടെ വ്യാപ്തിയും ശക്തിയും, ലഹളക്ക് ശേഷം, എന്നീ അദ്ധ്യായങ്ങളിൽ സംഭവങ്ങൾ നടന്ന ക്രമത്തിൽ തന്നെ വിവരിച്ചു പോവുകയാണ്.

മദ്രാസിലെ വക്കീൽ പണി ഉപേക്ഷിച്ച് കേശവമേനോൻ പൊതുപ്രവർത്തനായി കോഴിക്കോട് എത്തുന്നത് 1920ലാണ്. നിസ്സഹകരണ സമരവും ഖിലാഫത്തു പ്രസ്ഥാനവുമൊക്കെ ആരംഭിക്കുന്നതും അപ്പോൾത്തന്നെയാണ്. അതുമുതലാണ് ലഹളക്കാലവും. ആ കാര്യങ്ങളെത്തുമ്പോൾ അതുമായി ബന്ധപ്പെട്ട വ്യക്തികളെ പരിചയപ്പെടുത്തിപ്പോകുന്നുണ്ട്.

''നിസ്സഹകരണ പ്രസ്ഥാനത്തിന്‍റെ ആരംഭത്തിൽ ഒരു ദിവസം ചെറുപ്പക്കാരനായ ഒരാൾ കോൺഗ്രസ് അപ്പീസിൽ വന്നു. ബോംബയിൽ നിയമപരീക്ഷക്ക് പഠിച്ചിരുന്ന വിദ്യാർഥിയായിരുന്നു അദ്ദേഹം. പഠിപ്പുവേണ്ടെന്നു വെച്ച് പൊതുപ്രവർത്തനത്തിലേർപ്പെടുവാൻ വന്നിട്ടുള്ളതാണെന്ന് പറഞ്ഞു. ഷർട്ടും കോട്ടുമിട്ട് ഒരു കുടയും കൈയിൽ പിടിച്ച് മുറ്റത്തു നിന്നിരുന്ന ആ വിദ്യാർഥിയാണ് ദേശസേവനം ചെയ്ത് പിന്നീട് പ്രസിദ്ധനായിത്തീർന്ന കെ. കേളപ്പൻ ''

''നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ മുഹമ്മദ് അബ്ദുറഹിമാൻ അലിഗർ കോളജിൽ പഠിക്കുകയായിരുന്നു. പഠിപ്പുപേക്ഷിച്ച് അദ്ദേഹം കോഴിക്കോട്ടേക്ക് വന്നു. അബ്ദുർറഹിമാന്‍റെ ദീർഘകായവും, തടിച്ച മീശയും, ഉത്സാഹജനകമായ സംഭാഷണവും പ്രഥമദൃഷ്ടിയിൽത്തന്നെ അദ്ദേഹത്തിന് അനുകൂലമായ അഭിപ്രായം മറ്റുള്ളവരിലുണ്ടാക്കും. കോൺഗ്രസ്സിലും ഖിലാഫത്തു കാര്യത്തിലും അദ്ദേഹത്തിന്‍റെ സേവനവും സ്മരണീയമാണ്.''

''മുസ് ലിംകളെ കോൺഗ്രസ് ആദർശങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതിലും അവരെ അതിൽ ചേർക്കുന്നതിനും മൊയ്തു മൗലവി ചെയ്ത സേവനം പ്രസ്താവ്യമാണ്. സാധാരണക്കാരുടെ ഭാഷയിൽ അവർക്ക് എളുപ്പത്തിൽ മനസ്സിലാകത്തക്കവണ്ണം കോൺഗ്രസിന്‍റെ പരിപാടിയും ഖിലാഫത്തു പ്രസ്ഥാനത്തിന്‍റെ ഉദ്ദേശ്യവും ആയിരക്കണക്കായ മുസ് ലിംകൾക്ക് അദ്ദേഹം പറഞ്ഞു കൊടുത്തു. വമ്പിച്ച പൊതുയോഗങ്ങളിലായിരുന്നു അന്നു ഞങ്ങൾ പങ്കെടുത്തിരുന്നത്''.

1921 ഏപ്രിൽ മാസത്തിൽ ഒറ്റപ്പാലത്തു ചേർന്ന കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനത്തോടുകൂടിത്തന്നെയാണ് കേശവമേനോനും കലാപ വിവരണത്തിലേക്ക് കടക്കുന്നത്. സമ്മേളനത്തിന്‍റെ ജീവനാഡിയായ രാമുണ്ണി മേനോനെ സൂപ്രണ്ടായ ഹിച്ച്കോക്കിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അകാരണമായി ആക്രമിച്ചത്, മുറിവേറ്റ് ക്ഷീണിച്ച് അവശനായ രാമുണ്ണിമേനോനെ ഒരു മുസ് ലിം ചുമലിൽ കയറ്റി സമ്മേളന പന്തലിലേക്ക് കൊണ്ടുവന്നത്, വികാരഭരിതരായി ജനം ഇളകിയത്, എല്ലാം കേശവമേനോൻ ഓർക്കുന്നു. എന്തെല്ലാമോ ഉണ്ടാകാൻ പോകുന്നുവെന്ന് ഭയപ്പെട്ടുകൊണ്ടാണ് പലരും ഒറ്റപ്പാലം വിട്ടു പോയത് എന്നും പറഞ്ഞിരിക്കുന്നു.

ആറു മാസത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് നിസ്സഹകരണ - ഖിലാഫത്ത് നേതാക്കളായ യാക്കൂബ് ഹസ്സനും കെ. മാധവൻ നായരും പൊന്മാടത്ത് മൊയ്തീൻ കോയയും 1921 ആഗസ്ത് 17 ന് പുറത്തുവരുന്നു. പിന്നടങ്ങോട്ട് ഖിലാഫത്ത് പ്രസ്ഥാനം സജീവമാകുന്നതിന്‍റെ വിവരണങ്ങളാണ്.
''കോൺഗ്രസ് കമ്മിറ്റികളുടെ എണ്ണം കൂടി വരുന്നത് അധികാരസ്ഥന്മാരെ അത്ര അസ്വസ്ഥരാക്കിയില്ല. എന്നാൽ ഖിലാഫത്ത് കമ്മിറ്റികളുടെ വർധന അവരെ വെറിപിടിപ്പിച്ചു''.

ഇതിനിടയിൽ തിരൂരങ്ങാടിയിലെ ഒരു പൊതുയോഗത്തിൽ താൻ ആദ്ധ്യക്ഷ്യം വഹിച്ചത് കേശവമേനോൻ ഓർക്കുന്നുണ്ട്: '' അവിടത്തെ ഖിലാഫത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു യോഗം. ലഹളക്കാലത്ത് പ്രസിദ്ധന്മാരായിത്തീർന്ന ആലി മുസ്ല്യാർ, ലവക്കുട്ടി, കുഞ്ഞലവി, എന്നിവരെല്ലാം യോഗത്തിൽ സന്നിഹിതരായിരുന്നു. ആലി മുസ് ല്യാർ എന്‍റെ ഒന്നിച്ച് പ്ലാറ്റ് ഫോറത്തിൽ ഉണ്ടായിരുന്നു. കുഞ്ഞലവിയായിരുന്നു വളണ്ടിയർ ക്യാപ്റ്റൻ. ലവക്കുട്ടി സെക്രട്ടറിമാരിൽ ഒരാളും."

അങ്ങനെ, ഭയപ്പെട്ടത് സംഭവിക്കുകയും പട്ടാളം ഏറനാട്ടിലേക്ക് നീങ്ങുകയും ചെയ്തു. അത് വിവരിച്ചുകൊണ്ടാണ്, മലബാർ കലാപത്തിന്‍റെ ആരംഭം എന്ന അധ്യായം തുടങ്ങുന്നത്. മൊയ്തു മൗലവി പറഞ്ഞ സംഭവം മേനോനും പറയുന്നുണ്ട്: ''1921 ആഗസ്ത് മാസം പത്തൊൻപതിന് രാത്രി പത്തു മണിക്ക് മുഹമ്മദ് അബ്ദുറഹിമാൻ എന്നെ കാണുവാൻ കോൺഗ്രസ്സ് ആപ്പീസിൽ വന്നു. അന്ന് അദ്ദേഹം മലബാർ ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറിയാണ്. പട്ടാളക്കാരേയും പൊലീസുകാരേയും കയറ്റി ഒരു പ്രത്യേക വണ്ടി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു മണിക്കൂറു മുമ്പ് പോയിട്ടുണ്ടെന്നും അവരോടുകൂടി ജില്ലാ മജിസ്ട്രേറ്റ് തോമസ്സും പോലീസ് സൂപ്രണ്ട് ഹിച്ച്കോക്കും എ.എസ്.പി. ആമുവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

എവിടേക്കാണ് അവർ പോയിട്ടുള്ളതെന്ന് അബ്ദുറഹിമാന് വിവരമുണ്ടായിരുന്നില്ല. ഒരു പക്ഷേ, മലപ്പുറത്തിന് അടുത്തുള്ള പൂക്കോട്ടൂർക്കായിരിക്കും എന്നുമാത്രമേ അദ്ദേഹത്തിനു പറയുവാൻ സാധിച്ചുള്ളൂ. അവർ അവിടെയെത്തി വല്ല അറസ്റ്റും നടത്തുന്ന പക്ഷം സമാധാനപരമായി അറസ്റ്റിനു വഴിപ്പെടാൻ ജനങ്ങളെ ഉപദേശിക്കണം; അതിന് ഞാൻ ഉടനെ പോകണം - അതായിരുന്നു അബ്ദുറഹിമാന്റെ ആവശ്യം. സ്ഥിതിഗതികളെക്കുറിച്ച് കുറേനേരം ആലോചിച്ചതിനു ശേഷം ഞാൻ അപ്പോൾ പോകുന്നില്ലെന്നു വെച്ചു. പൂക്കോട്ടൂർക്കാണ് എങ്കിൽ അവർ അവിടെ എത്തുന്നതിനു മുമ്പ് എനിക്കവിടെ എത്താൻ പ്രയാസമായിരിക്കും. അതുകൊണ്ട് അപ്പോൾ പുറപ്പെട്ടിട്ട് പ്രയോജനമില്ലെന്ന് തോന്നി. ശരിയായ വല്ല വർത്തമാനവും കിട്ടിയാൽ പിറ്റേന്ന് കാലത്ത് എനിക്ക് അറിവ് തരാൻ പറഞ്ഞ് ഞാൻ അദ്ദേഹത്തെ അയച്ചു.''

അങ്ങനെ പടതുടങ്ങി. ആദ്യഘട്ടത്തിൽ പട്ടാളം തോറ്റു. മാപ്പിളനാട്ടിൽ ബ്രിട്ടീഷ് ഭരണം ഇല്ലാതായി. ഇത്തരണത്തിൽ ഏറനാട്ടിൽ പോയതും പോരാളികളെ കണ്ടതും മേനോൻ വിവരിക്കുന്നുണ്ട്. മാധവൻ നായർ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കണ്ട കാര്യമാണല്ലോ പറഞ്ഞത്. ആലി മുസ് ല്യാെരയാണ് കേശവമേനോൻ വരച്ചുകാട്ടുന്നത്.

"ആഗസ്ത് 26ന് കാലത്ത് ഞങ്ങൾ ഇരുപത്തിനാല് ആളുകൾ കോഴിക്കോട്ടു നിന്ന് പുറപ്പെട്ടു... മമ്പ്രത്ത് കടവ് സമീപിച്ചപ്പോൾ കണ്ടകാഴ്ച മറക്കാനാവില്ല. കോൺഗ്രസ് കൊടിയും ഖിലാഫത്ത് കൊടിയും പിടിച്ച് രണ്ട് വലിയ തോണികളിൽ ആയുധപാണികളായ കുറേ വളണ്ടിയർമാരോടു കൂടി ആലി മുസ് ല്യാരുടെ അനുയായികൾ അവിടെ കാത്തു നിൽക്കുന്നു. കോൺഗ്രസിന്‍റെ പ്രതിനിധികളെന്ന നിലയിൽ ഞങ്ങളെ ബഹുമാനപുരസ്സരം സ്വീകരിക്കുവാൻ വന്നതാണവർ. തിരൂരങ്ങാടിയിലും അടുത്ത പ്രദേശങ്ങളിലും ബ്രിട്ടീഷുഭരണം അവസാനിച്ചിരിക്കുന്നു. അവിടങ്ങളിൽ ഭരണം നടത്തിയിരുന്നത് ആലി മുസ് ല്യാരുടെ കൽപനപ്രകാരം അദ്ദേഹത്തിന്‍റെ ആൾക്കാരാണ്. അവരിൽ ഒരു പ്രധാനിയായിരുന്നു ലവക്കുട്ടി. മുസ് ല്യാരുടെ മന്ത്രിസ്ഥാനവും അപ്പോൾ ലവക്കുട്ടിക്കുണ്ട്. 35 വയസ്സിലധികം പ്രായമാകാത്ത ആ ചെറുപ്പക്കാരൻ ഖിലാഫത്ത് കമ്മിറ്റിയിലെ ഒരു ഭാരവാഹിയായിരുന്നു''.

''പുഴകടന്ന് അക്കരയെത്തിയപ്പോൾ അവിടെ ആലി മുസ് ല്യാരുടെ നൂറിലധികം പട്ടാളക്കാർ ഞങ്ങളെ അഭിവാദ്യം ചെയ്തു. വളരെ ആളുകളുമുണ്ടായിരുന്നു. ഞാനും യു. ഗോപാലമേനോനും മൊയ്തു മൗലവിയും ഖിലാഫത്ത് ഓഫീസിന്‍റെ മുകളിലേക്ക് പോയി. നാലഞ്ചു കസേരകളും ഒരു മേശയും അവിടെയുണ്ട്. ഞങ്ങൾ അലി മുസ് ല്യാരെ കാത്തിരുന്നു. അദ്ദേഹം നേരിട്ട് മുകളിലേക്ക് കയറിവന്നു. സന്തോഷത്തോടു കൂടി എന്നെ ആലി മുസ് ല്യാർ ആശ്ലേഷിച്ചു. ഒരു മിനിറ്റു നേരം എന്താണ് പറയേണ്ടത് എന്നറിയാതെ ഞാൻ മിണ്ടാതെ നിന്നു. പിന്നെ തിരൂരങ്ങാടിയിൽ നടന്ന സംഭവങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ യാതൊരു പരിഭ്രമവും കൂടാതെ നടന്നതൊക്കെ അദ്ദേഹം വിവരിച്ചു''

" ആലി മുസ് ല്യാർക്ക് അന്ന് ഏകദേശം 65 വയസ്സ് കാണും. വെളുത്ത് അധികം തടിയില്ലാതെ, ഒത്ത ഉയരമുള്ള മുസ് ല്യാർ കാഴ്ചക്ക് യോഗ്യനാണ്. നെരിയാണിവരെ നീണ്ടുകിടക്കുന്ന ഒരു വെളുത്ത നീളൻകുപ്പായവും തൊപ്പിയുടെ മീതെ ഒരു തലേക്കെട്ടുമുണ്ട്. അദ്ദേഹത്തിന്‍റെ ആജ്ഞകൾ അനുസരിക്കാൻ തയ്യാറായ എത്രയെങ്കിലും ആളുകൾ അവിടെ ഉണ്ടായിരുന്നു ".

''ആലി മുസ് ല്യാർ പറഞ്ഞതെല്ലാം കേട്ടശേഷം, 'ഇനി എന്തു ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത് ' എന്നു ഞാൻ ചോദിച്ചു. 'എന്താണ് ചെയ്യേണ്ടത് ' എന്ന് അദ്ദേഹം എന്നോടായി ചോദ്യം. ആ വിഷമഘട്ടത്തിൽ മനഃസാക്ഷിയെ വഞ്ചിക്കാതെ ഒരു ഉപദേശം കൊടുക്കുക എളുപ്പമല്ല. 'ഞാൻ പറയുന്നത് തെറ്റിദ്ധരിക്കരുത് ' എന്ന മുഖവുരയോടു കൂടിയാണ് എന്‍റെ അഭിപ്രായം ഞാൻ അദ്ദേഹത്തെ അറിയിച്ചത്''.

'' കഴിഞ്ഞതിനെപ്പറ്റി പറഞ്ഞിട്ടു കാര്യമില്ല. അവിചാരിതമായി പല ദുരനുഭവങ്ങളും നമുക്കുണ്ടായി. ഇനിയും ലഹളക്കൊരുങ്ങി നിൽക്കുന്നതായാൽ അത് വലിയ ആപത്തിന് കാരണമാകും. അടുത്ത് ഇനിയും പട്ടാളം വരുമെന്നത് തീർച്ചയാണ്. അവർ വന്ന് വെടി തുടങ്ങിയാൽ പിന്നത്തെ കഥ എന്തെന്നറിയാമല്ലോ. അതു കൂടാതെ കഴിക്കണമെങ്കിൽ സർക്കാർ ആവശ്യപ്പെടുന്നത്ര ആളുകൾ പട്ടാളക്കാർക്ക് കീഴടങ്ങുവാൻ ഒരുങ്ങണം. എന്നാൽ തിരൂരങ്ങാടിയേയും ഇവിടുത്തെ ജനങ്ങളേയും രക്ഷിക്കാൻ കഴിയും. കീഴടങ്ങിയവരെ ശിക്ഷിക്കുമെന്നത് തീർച്ചയാണ്. പക്ഷേ, അവരുടെ ത്യാഗം പൊതുരക്ഷക്ക് കാരണമായേക്കാം. അതിന് മുസ് ല്യാർ മറ്റുള്ളവരെ ഉപദേശിക്കണം''.

" ആലി മുസ് ല്യാർ അതെല്ലാം കേട്ട് ദീർഘശ്വാസമിട്ടു. അവിടെയുണ്ടായിരുന്നവരെ നോക്കി കുറേനേരം മിണ്ടാതിരുന്നു. പിന്നെ എന്നോടിങ്ങനെ പറഞ്ഞു: 'പറഞ്ഞത് ശരിയാണ്. എന്താണ് ചെയ്യേണ്ടതെന്ന് മറ്റുള്ളവരോടുകൂടി ആലോചിച്ചു തീർച്ചപ്പെടുത്താം. ലവക്കുട്ടിയേയും കുഞ്ഞലവിയേയും കണ്ട് അവരോട് ഈ വിവരം പറഞ്ഞാൽ നന്ന്.

''ഖിലാഫത്ത് ആപ്പീസിന്‍റെ മുമ്പിൽ കുഞ്ഞലവി നിൽക്കുന്നുണ്ടായിരുന്നു. ഒരു വാൾ ചുമലിൽ തൂക്കി മറ്റൊരു വാൾ കൈയിലും പിടിച്ച് കുഞ്ഞലവി എന്നെ സമീപിച്ചു. ആലി മുസ് ല്യാരുടെ സൈന്യത്തിന്‍റെ നായകൻ കുഞ്ഞലവിയാണ്. ഇരുപതിന് തിരൂരങ്ങാടിയിൽ വെച്ചുണ്ടായ ലഹളയിൽ രണ്ട് വെള്ളക്കാരെ കൊന്നത് കുഞ്ഞലവിയാണ്പോൽ. കുഞ്ഞലവിയെ ഞാൻ മറ്റൊരിടത്തേക്ക് വിളിച്ച് ഇനി എന്താണ് ചെയ്യാൻ പോകുന്നതെന്ന് ചോദിച്ചു. 'കീഴടങ്ങേണ്ട കഥ മാത്രം അങ്ങ് എന്നോട് പറയരുത്. അവർക്ക് എന്നെ കിട്ടിയാൽ കൊല്ലുകയല്ല ചെയ്യുക, അരയ്ക്കകയാണ്. ഞാൻ അവരോടു യുദ്ധം ചെയ്തിട്ടു തന്നെ ചത്തോളാം' എന്നായിരുന്നു വിനയത്തോടു കൂടി പറഞ്ഞത്."

കീഴടങ്ങണമെങ്കിൽ ആവാം എന്ന് ആലി മുസ് ല്യാർക്ക് ഉണ്ടായിരുന്നുവെങ്കിലും അനുയായികളുടെ ഇഷ്ടത്തിനു വിപരീതമായി പ്രവർത്തിക്കുവാൻ തയ്യാറായിരുന്നില്ല എന്നാണ് കേശവമേനോന്‍റെ നിഗമനം. ആ സ്ഥിതിക്ക് ലഹള തുടർന്നുപോകാനേ തരമുള്ളൂ എന്ന് കണക്കാക്കിയാണ് കേശവ മേനോനും സംഘവും മടങ്ങുന്നത്. ഗവർമെണ്ട് ഉദ്യോഗസ്ഥരും ഗവർമെണ്ട് പക്ഷക്കാരും അപ്പോഴേക്ക് തിരൂരങ്ങാടി വിട്ടിരുന്നു. സബ് രജിസ്ട്രാർ ആയിരുന്ന എ.വി കരുണാകരമേനോന്‍റെ കുടുംബത്തിന് പോകാൻ പറ്റിയില്ല. ഭാര്യ ഗർഭിണിയായിരുന്നു. അവരെ രക്ഷപ്പെടുത്താൻ സൗകര്യമുണ്ടാക്കണമെന്ന് കേശവമേനോൻ കുഞ്ഞലവിയോടാവശ്യപ്പെട്ടു. "അപ്പോൾ തന്നെ ഏർപ്പാടു ചെയ്തുതന്നു. കരുണാകരമേനോന്‍റെ ഭാര്യയെ ഒരു ചാരുകസേരയിൽ വഹിച്ച് ഞങ്ങളുടെ കൂടെയുള്ളവർ നടന്നു''.

ആദ്യഘട്ടത്തിൽ ലഹളക്കാർ ഹിന്ദുക്കളെ ഉപദ്രവിച്ചിരുന്നില്ല എന്നാണ് മേനോന്‍റെ വിവരണം: ''കുറേ കഴിഞ്ഞ് പട്ടാളക്കാരെത്തി ലഹളക്കാരെ നായാടിപ്പിടിക്കുവാൻ തുടങ്ങിയപ്പോൾ സ്ഥിതിക്കൊരു മാറ്റം വന്നു. ലഹളക്കാരെ തിരഞ്ഞുപിടിക്കാൻ അവർ ഹിന്ദുക്കളുടെ സഹായം ആവശ്യപ്പെട്ടു. പട്ടാളക്കാരുടെ കൽപനക്ക് അനുസരിച്ച് നിൽക്കാഞ്ഞാൽ അവർ ഹിന്ദുക്കളെ ശിക്ഷിക്കും. പട്ടാളക്കാരുടെ കൂടെ ലഹളക്കാരെ തിരയുവാൻ പോയാൽ ലഹളക്കാർ പകരം വീട്ടാൻ ഹിന്ദുക്കളുടെ നേരെ തിരിയും. അങ്ങനെ ആരംഭിച്ച സമുദായവിരോധം അതിവേഗത്തിൽ മൂത്തുവന്നു. അതുകൊണ്ടാണ് ലഹളസ്ഥലങ്ങളിൽ ക്രമേണ ഹിന്ദുക്കൾക്ക് രക്ഷയില്ലാതായത് ''.

ലഹള ഒതുക്കുന്നത് സാധ്യമല്ലെന്ന് കണ്ടപ്പോൾ പിന്നെ ശ്രദ്ധ ലഹളസ്ഥലങ്ങളിൽ നിന്നുവന്ന അഭയാർഥികൾക്ക് സ്ഥലവും ഭക്ഷണത്തിനുള്ള മാർഗവും ഉണ്ടാക്കാനായി മാറി എന്ന് മേനോൻ വിശദീകരിക്കുന്നുണ്ട്: ''ആയിരക്കണക്കിന് ആളുകൾ രക്ഷക്കായി കോഴിക്കോട്ടേക്ക് വന്നു. ഞങ്ങൾ ചെയ്ത അഭ്യർഥനയുടെ ഫലമായി ഇന്ത്യയിൽ നാനാഭാഗത്തു നിന്നും ധാരാളമായി ധനസഹായം ലഭിച്ചു. പണം പിരിക്കുന്നതിൽ മഹാത്മാഗാന്ധി മുന്നിട്ടു പ്രവർത്തിച്ചു."

ഈ ദുരിത നിവാരണ നിധിയിൽനിന്ന് ലഹളക്കാലത്ത് മരണമടഞ്ഞവരുടേയും ശിക്ഷിക്കപ്പെട്ടവരുടേയും കുടുംബങ്ങൾക്കും സഹായം ചെയ്തിരുന്നുവെന്നും ആ കൂട്ടത്തിൽ ഹിന്ദുക്കളും മുസ് ലിംകളും പെടുമെന്നും വിവരണമുണ്ട്.
ഏതായാലും ''ലഹളക്ക് ശേഷം കുറേക്കാലം മലബാറിൽ യാതൊരു യാതൊരു പൊതു പ്രവർത്തനവും സാധ്യമല്ലായിരുന്നു. കോൺഗ്രസ്സുകാരോടുള്ള വിരോധം എവിടേയും തെളിഞ്ഞു കണ്ടു.'' എന്ന നെടു നിശ്വാസത്തോടെ മാതൃഭൂമിയുടെ കഥയിലേക്ക് കടക്കുകയാണ് കേശവമേനോൻ.

********************************************************************

പഴയ രാജകുടുംബമായ പാലക്കാട്ട് സ്വരൂപത്തിലാണ് 1886 ൽ കേശവമേനോൻ ജനിച്ചത്. മെട്രിക്കുലേഷൻ പാസായി കോളജ് വിദ്യഭ്യാസത്തിന് വേണ്ടി 1906ൽ മദ്രാസിലേക്ക്. അഭിഭാഷകൻ ആയാണ് 1920ൽ കോഴിക്കോട്ടെത്തുന്നത്. പിന്നെ കോൺഗ്രസിന്‍റെ തലപ്പത്ത്. മലബാർ കലാപത്തിന് ശേഷം മാതൃഭൂമി പത്രം ആരംഭിക്കാൻ മുൻകൈയെടുക്കുന്നു. ഇടയ്ക്ക് മലയായിലും സിംഗപ്പൂരിലും. വക്കീൽ പണിക്കാണ് പോയതെങ്കിലും സിംഗപ്പൂരിലും പൊതുപ്രവർത്തനം. തിരിച്ചെത്തിയ ശേഷം 1948ൽ മാതൃഭൂമിയുടെ പത്രാധിപരായി. 92 വയസ്സുള്ളപ്പോഴാണ് 'കഴിഞ്ഞകാലം' പൂർത്തിയാക്കുന്നത്. 1978ൽ അന്തരിച്ചു.

മാതൃഭൂമി തന്നെയാണ് 'കഴിഞ്ഞകാലം' പ്രസിദ്ധീകരിച്ചത്. ഒൻപതാം പതിപ്പ് ലഭ്യമാണ്‌. 372 പേജ്. 320 രൂപ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT