മാപ്പിള ലഹളയെന്ന് ഗോപാലൻ നായർ

സംഭവപരമ്പരകൾ അടങ്ങിയ ഉടൻ പുറത്തു വന്ന പുസ്തകമാണിത്. മലബാർ സമരത്തെക്കുറിച്ച് എഴുതപ്പെട്ട ആദ്യത്തെ പുസ്തകം. മ ലബാർ റിബല്ല്യൻ എന്ന പേരിൽ ഇംഗ്ലീഷിലാണ് ആദ്യം പുറത്തുവന്നത്. 1923 മെയ് ഒന്ന് എന്ന തിയതിയാണ് രചയിതാവ് മുഖവുരയിൽ രേ ഖപ്പെടുത്തിയിട്ടുള്ളത്.

മലബാർ എന്ന തലക്കെട്ടിലുള്ള ഒന്നാമധ്യായം മലബാറിന്റെ ഭൂമിശാസ്ത്രവും ഐതിഹ്യവും വി വരിച്ചുകൊണ്ടാണ് തുടങ്ങുന്നത്. പ്രശ്നബാധിതമായ എല്ലാ താലൂക്കുകളിലേയും ജനസംഖ്യ അടക്കമുള്ള വിവരങ്ങളുമുണ്ട്.

996 ചതുരശ്ര മൈൽ വിസ്തൃതമായ ഏറനാട്ടിൽ 94 അംശങ്ങളാണ്. 4,01,101 ജനസംഖ്യയും ഉണ്ട്. ഇതിൽ 2,37,402 മുസൽമാൻമാരും 1,63,328 ഹിന്ദുക്കളു ം 371 ക്രിസ്ത്യാനികളുമാണ്.

ആദ്യ മതംമാറ്റമായി ചേരമാൻ പെരുമാളിന്റെ യാത്രയേയും തുടർന്ന് മാലിക് ഇബ്നു ദിനാറിന് റെ വരവിനേയും പരാമർശിക്കുന്നുണ്ട്.

''ആ വർഗ്ഗം അതിവേഗം സഹജകാരണങ്ങൾ കൊണ്ടും മതപരിവർത്തനത്താലും എണ്ണത്തിൽ പു രോഗമിച്ചു. നിർബന്ധിത മതംമാറ്റം അജ്ഞാതമായിരുന്നു. ഹിന്ദുക്കൾ അക്കാലത്ത് ശക്തരായിരുന്നു. കൂടാതെ മുഹമ്മദീയ മതം അനുവദിക്കപ്പെടുക മാത്രമല്ല പ്രത്യേക പരിതസ്ഥിതികളിൽ പ്രോത്സാഹിപ്പിക്കപ്പെടുകയുമുണ്ടായി. അറബി വ്യാപാരത്തിന ്റെ മുഖ്യ പരിരക്ഷകനായിരുന്ന കോഴിക്കോട് സാമൂതിരി, തന്റെ ആക്രമണങ്ങൾക്ക് മുഖ്യമായി ആശ്രയിച്ച അറബിക്കപ്പലുകളെ ന ിയന്ത്രിക്കാൻ തീർച്ചയായും മതം മാറ്റത്തെ പ്രോത്സാഹിപ്പിച്ചു. ഓരോ മുക്കുവ കുടുംബത്തിലും ഒന്നോ, അതിലധികമോ പുരുഷ ന്മാരെ മുഹമ്മദീയനായി വളർത്തണമെന്ന് കൽപ്പിച്ചിരുന്നു. മലബാറിലെ പിന്നോക്ക വിഭാഗത്തിലുള്ളവർക്ക് മുസ്ലിം വിശ്വ ാസമാശ്ലേഷിക്കാൻ വൈമനസ്യമുണ്ടായില്ല. എന്തെന്നാൽ ഇസ്ലാമിന്റെ ഈമാൻ (അന്തസ്സ്) തങ്ങളുടെ എല്ലാ മുൻ ദുർഗുണങ്ങളേയും ഇല്ലാതാക്കി സാമൂഹ്യ ശ്രേണിയിൽ അനേകംപടികൾ മുകളിലെത്തിക്കുമായിരുന്നു. ഇവയൊക്കെ സ്വമേധയാ പരിവർത്തനങ്ങളായിരുന്നു.''

- എന്ന് വിശദീകരിച്ചതിന് ശേഷം '' മൈസൂർ ആക്രമണകാലത്താണ് ടിപ്പുവിന്റെ കൽപ്പന പ്രകാരം നിർബന്ധ മാർക്കംകൂട്ടൽ തുടങ്ങിയത്.'' എന്നു വിലയിരുത്തുന്നു. പിന്നീട് നിർബന്ധിത മാർക്കംകൂട്ടലിന്റെ വിവരണങ്ങളും ചിത്രങ്ങളും ധാരാളമുണ്ട്.

'' മലബാറിലെ മുഴുവൻ ജനങ്ങളേയും ഇസ്ലാമിൽ ചേർത്ത് ആദരിക്കുമെന്ന് ടിപ്പു സുൽത്താൻ പലവട്ടം പ്രതിജ്ഞ ചെയ്തിരുന്നു. അതു നിറവേറ്റി മലബാറിനെ മുസ്ലിം രാജ്യമാക്കുമായിരുന്നു, 1872 മാർച്ച് 28 ന്റെ ഉടമ്പടിമൂലം ടിപ്പു മലബാറിനെ ഈസ്റ്റിന്ത്യാ കമ്പനിക്ക് വഴങ്ങാൻ നിർബന്ധിതനായിരുന്നില്ലെങ്കിൽ '' - എന്നാണ് ഗ്രന്ഥകാരന്റെ നിഗമനം.

തുടർന്നങ്ങോട്ട്, സൈനിക നടപടികൾ, പട്ടാളനിയമം, മലബാർപോലീസ്, അതിക്രമങ്ങൾ, ഖിലാഫത്ത് രാജാക്കളും ഗവർണർമാരും, കലാപക്കാർ വരുത്തിയ നാശനഷ്ടങ്ങൾ, വാഗൺ ട്രാജഡി എന്നീ അധ്യായങ്ങളിലൂടെ 'മാപ്പിള ലഹളയെ ' വിവരിക്കുകയാണ്.

വിവരങ്ങൾക്ക് പ്രധാനമായും ആശ്രയിച്ചത് പത്രവാർത്തകളെയാണ്. മദ്രാസ് മെയിൽ, മലബാർ സ്പെക്ടേറ്റർ, വെസ്റ്റ് കോസ്റ്റ് റിഫോർമർ തുടങ്ങി അക്കാലത്തുണ്ടായിരുന്ന വാർത്താ പത്രങ്ങളിലെ റിപ്പോർട്ടുകളുടെ സമാഹരണമാണ് പുസ്തകം.

അതിനാൽ തന്നെ സൈനിക നടപടികൾ സംബന്ധിച്ച വിശദീകരണങ്ങൾ കുറവാണ്. ഒരോ തിയതിക്കു കീഴിലും രണ്ടോ മൂന്നോ വരിയിൽ അത് ഒതുങ്ങുന്നു. ഈ വിധത്തിലാണെങ്കിലും 1921 ആഗസ്റ്റ് 29ന് പട്ടാളനിയമം പ്രഖ്യാപിക്കപ്പെട്ടതുമുതൽ 1922 ജനുവരി 20 ന് വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയേയും ആറു മാപ്പിളമാരേയും മലപ്പുറം കോട്ടക്കുന്നിൽ വെടിവെച്ച് കൊല്ലുന്നതു വരെയുളള കാര്യങ്ങൾ ക്രമാനുഗതമായി സൂചിപ്പിച്ചു പോകുന്നുണ്ട്.

പട്ടാളനിയമം എന്ന അധ്യായത്തിൽ കലാപവുമായി ബന്ധപ്പെട്ട വിവിധ വിജ്ഞാപനങ്ങളാണ്.

മലബാർ പോലീസ് എന്ന അധ്യായത്തിൽ: '' മാപ്പിളമാരെ അടക്കി നിർത്താൻ നാട്ടുപ്രമാണിമാരുടെ കീഴിൽ നായർ സിബ്ബന്തിപ്പട രൂപികരിച്ച് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അന്നത്തെ ഓരോ ജില്ലയിലും കളക്ടറുടെ വരുതിയിൽ കുറെക്കൂടി ചിട്ടയായ പോലീസ് സേന രൂപീകൃതമായി '' എന്ന് രേഖപ്പെടുത്തുന്നു. പട്ടാളനിയമ കാലത്ത് പോലീസിന്റെ പ്രവർത്തനം പത്രങ്ങളിൽ നിശിതമായി വിമർശിക്കപ്പെട്ടു. പ്രഭാകരൻ തമ്പാൻ എം.എൽ.സി അന്വേഷണം ആവശ്യപ്പെടുക പോലുമുണ്ടായി.

അഞ്ചാം അധ്യായമായ 'അതിക്രമങ്ങൾ' മാപ്പിളമാർക്ക് എതിരായ കുറ്റപത്രമാണ്. പത്രവാർത്തകളും ഹിന്ദുക്കൾ അധികാരികൾക്ക് സമർപ്പിച്ച നിവേദനങ്ങളുമാണ് ആധാരം.

ഖിലാഫത്ത് രാജാക്കളും ഗവർണർമാരും എന്ന തലക്കെട്ടിനു കീഴിൽ (1) നെല്ലിക്കുത്ത് ആലി മുസ്ല്യാർ (2) താനൂരിലെ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറി കുഞ്ഞിക്കാദർ (3) വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി (4) മലപ്പുറം ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിക്കോയ തങ്ങൾ (5) കുമരംപുത്തൂരിലെ സീതിക്കോയ തങ്ങൾ (6) ചെമ്പ്രശ്ശേരി ഇമ്പിച്ചിക്കോയ തങ്ങൾ (7) പാലക്കാംതൊടി ഔവ്വക്കർ മുസ്ല്യാർ (8) കൊന്നാര തങ്ങന്മാർ എന്നിവരെ അക്കമിട്ട് നിരത്തുകയാണ്.

കൊന്നാര മുഹമ്മദ് കോയ തങ്ങൾ, ചെറുകുഞ്ഞിതങ്ങൾ, ആറ്റക്കോയ തങ്ങൾ, കോയക്കുട്ടി തങ്ങൾ, പെരുകമണ്ണ കോയ തങ്ങൾ, കോയക്കുട്ടി തങ്ങൾ എന്നിവരാണ് കൊന്നാര തങ്ങന്മാർ. ഇവരെ കോഴിക്കോട് താലൂക്കിലെ കലാപത്തിന്റെ കാരണക്കാരായി എടുത്തു കാണിക്കുന്നു.
" അവരിൽ പ്രധാനി കൊന്നാര മുഹമ്മദ് കോയ തങ്ങൾ ദീർഘകാലം പിടിയിൽ പെടാതെ ഒഴിഞ്ഞു നടന്ന് അവസാനം 1922 ഓഗസ്റ്റ് 25 ന് കൂത്തുപറമ്പിൽ പിടിയിലായി. അതോടെ കാലാപം അന്തിമമായി അമർച്ച ചെയ്യപ്പെട്ടു".

കലാപക്കാർ വരുത്തിയ നാശനഷ്ടങ്ങളുടെ പട്ടികയിൽ കോടതികൾ, റവന്യൂ ഓഫീസുകൾ, രജിസ്ട്രേഷൻ ഓഫീസുകൾ, പോസ്റ്റ് ഓഫീസുകൾ, പോലീസ് സ്റ്റേഷനുകൾ എന്നിവയാണേറെ. ലഹളക്കാർ ആയുധങ്ങൾ സംഭരിച്ചിരുന്നത് പോലീസ് സ്റ്റേഷനുകളിൽ നിന്നോ ഹിന്ദു ഭവനങ്ങളിൽ നിന്നോ ആയിരുന്നു.

''മുഴുവനായോ ഭാഗികമായോ തകർക്കപ്പെടുയോ അശുദ്ധമാക്കപ്പെടുകയോ ചെയ്യാത്ത ഹിന്ദു ക്ഷേത്രങ്ങൾ എത്രയെന്ന് കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല'' - എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

വാഗൺ ട്രാജഡിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിൽ: ''വാനിൽ നിന്നുയർന്ന ശബ്ദം തടവുകാർ നിവൃർത്തികേടിലാണെന്ന് തോന്നാത്ത തരത്തിലുള്ളതായിരുന്നുവെന്ന സ്വതന്ത്രമായ സാക്ഷിമൊഴിയുണ്ട്''. തടവുകാർ ഉയർത്തിയ മുറവിളിയുടെ സ്വഭാവം തീർത്തും ഉറപ്പായി നിർവചിക്കാനാവില്ലെന്നാണ് കമ്മിറ്റിയുടെ അഭിപ്രായവും.

തുടർന്നങ്ങോട്ട് കലാപ ശേഷമുള്ള നടപടികളാണ് വിവരിക്കുന്നത്. സെർവെന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി, ആര്യസമാജം, കെ.പി.സി.സി എന്നീ സംഘടനകളും വിവിധ കോവിലകങ്ങളും മനകളും ഹിന്ദുക്കൾക്കായി ചെയ്ത ആശ്വാസ പ്രവർത്തനങ്ങൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

മതംമാറിയവരെ തിരിച്ചു മാറ്റാനായി നടത്തിയ യത്നത്തെക്കുറിച്ചുള്ള അധ്യായത്തിൽ അതിന്റെ രീതി വിവരിക്കുന്നുണ്ട്. മുസ്ലിം വേഷം ഉപേക്ഷിച്ച് കുളിച്ച് ഹിന്ദു രീതിയിൽ വെളുത്ത സ്ത്രം ധരിക്കുക,ആര്യസമാജം പ്രവർത്തകർ ചൊല്ലിക്കൊടുക്കുന്ന ഗായത്രിയും വൈദിക മന്ത്രവും ഉച്ചരിക്കുക - ഹിന്ദുവായി. പുരുഷന്മാർക്ക് കുളിക്കു മുൻപ് ക്ഷൗരവും ആവശ്യമായിരുന്നു.

ഗാന്ധിജിയുടെ കോഴിക്കോട്ടെ പ്രസംഗം, ജഡ്ജിമാരുടെ ഓർഡിനൻസ്, നിരോധന ഉത്തരവുകൾ, ഭരണനിർവഹണ കൗൺസിലുകളിലെ ചർച്ചകൾ എന്നിവ അനുബന്ധമായും ചേർത്തിട്ടുണ്ട്. ആ അർത്ഥത്തിൽ റഫറൻസിന് ഉപകാരപ്പെടുന്ന പുസ്തകമാണിത്.

*********************************************************************************

ചേറ്റൂർ കുടുംബാംഗമായ സി. ഗോപാലൻ നായർക്ക് ബ്രിട്ടീഷ് അധികാരികൾ 'ദിവാൻ ബഹദൂർ ' പട്ടം നൽകിയിട്ടുണ്ട്. ഡപ്യൂട്ടി കലക്ടറായിരുന്ന അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ച് കോഴിക്കോട്ട് വിശ്രമജീവിതം നയിക്കുമ്പോഴാണ് ഖിലാഫത്ത് സമരം അരങ്ങേറുന്നത്.

ദൈനംദിന സംഭവങ്ങളെക്കുറിച്ച് വർത്തമാന പത്രങ്ങളിൽ വന്ന വാർത്തകൾ ശേഖരിക്കുകയാണ് ആദ്യം ചെയ്തത്. ഈ ചരിത്രം മൗലികമാണെന്ന നാട്യമൊന്നും ഇല്ലെന്ന് ആമുഖത്തിൽ വ്യക്തമാക്കുന്നു. ഡപ്യൂട്ടി കലക്ടർ ആയിരുന്നതിനാൽ കോടതി രേഖകളും ലഭ്യമായി.

മാപ്പിളമാർക്കെതിരെ പൂക്കോട്ടൂർ യുദ്ധത്തിന് നേതൃത്വം നൽകിയ ക്യാപ്റ്റൻ മക്കൻ റോയിയെ അഭിനന്ദിച്ചുകൊണ്ടാണ് തുടക്കം. '' അദ്ദേഹത്തിന്റെ വിജയം ഏറനാട് ഹിന്ദുക്കളെ ഇസ്ലാം മതത്തിലേക്കുള്ള പരിവർത്തനത്തിൽ നിന്നു രക്ഷിക്കുവാനും കാരണമായി. എന്റെയും മലബാറിലെ ഹിന്ദു നിവാസികളുടേയും പേരിൽ പൂക്കോട്ടൂർ വീരനും അദ്ദേഹത്തിന്റെ ചെറുസേനക്കും ആ സ്മരണീയ ദിനത്തിലെ സേവനത്തിന് ഹൃദയനിർഭരമായ നന്ദി രേഖപ്പെടുത്തുന്നു'' - എന്ന കുറിപ്പോടെയാണ് പുസ്തകം ആരംഭം.

പകരം, മലബാർ കലക്ടറും ജില്ലാ മജിസ്ട്രേറ്റുമായ ആർ.എച്ച് എല്ലീസ് സി. ഗോപാലൻ നായരെ തിരിച്ചും അഭിനന്ദിച്ചിട്ടുണ്ട്. ആ കുറിപ്പും ചേർത്തിട്ടുണ്ട്.

1923 ൽ ഇംഗ്ലീഷിൽ ഇറങ്ങിയ പുസ്തകം ഇപ്പോൾ വിവർത്തനം ചെയ്തിട്ടുള്ളത് ആർ. എസ്. എസിന്റെ സൈദ്ധാന്തികനും ജന്മഭൂമിയുടെ മുൻ എഡിറ്ററുമായ പി. നാരായണനാണ്. ഉത്തരേന്ത്യയിൽ നിന്നുള്ള ഒരു സന്നദ്ധ സംഘടനയുടെ ധനസഹായത്തോടെ വെള്ളിനേഴി ആര്യസമാജമാണ് പ്രസാധനം നിർവ്വഹിച്ചത്.

ആമുഖക്കുറിപ്പുകളും അനുബന്ധങ്ങളും അടക്കം 225 പേജ്. 250 രൂപ വില.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT