അവരെ കൊന്നില്ലാതാക്കാനാവില്ല

മാവോവിരുദ്ധ വേട്ട സംഘമായ തണ്ടര്‍ബോള്‍ട്ട് നിലമ്പൂര്‍ കാട്ടില്‍ രണ്ടുപേരെ വെടിവച്ചുകൊന്നു എന്ന വാര്‍ത്തയുടെ വിശദാംശങ്ങള്‍ രണ്ടാംദിനം കഴിയുമ്പോഴും വ്യക്തമല്ല.  മാധ്യമങ്ങളെ അടുപ്പിക്കാതെ, നിജസ്ഥിതികള്‍ വെളിപ്പെടുത്താതെ പൊലീസ് ഒരു മറ സൃഷ്ടിച്ചിരിക്കുകയാണ്. മറുവശത്ത് മാവോവാദികളുടേതായ വിശദീകരണങ്ങളും ലഭ്യമായിട്ടില്ല. ഈ വെടിവയ്പ്പ്\ഏറ്റുമുട്ടല്‍ കഥയിലെ ഏറ്റവും നിര്‍ണാകമായ വിവരം മാവാവാദികളുടെ വെളിപ്പെടുത്തലിലാണുണ്ടാവുക. അതുവരെ ഭരണകൂടം നല്‍കുന്നതാണ് വാര്‍ത്ത. ഭരണകൂടത്തിന്‍െറ വാക്കുകള്‍ മാത്രം വിശ്വസിച്ച് ഇപ്പോള്‍ നിഗമനത്തിലത്തെുന്നത് ചരിത്ര നിഷേധമാണ്.

മാവോവാദികള്‍ കേരളത്തിലെ വനത്തില്‍ പെട്ടന്നുണ്ടായ പ്രതിഭാസമൊന്നുമല്ല. പലരും ധരിക്കുന്നതുപോലെ മാവോവാദം രാജ്യത്ത് പൊടുന്നനെ പൊട്ടിമുളച്ചതല്ല. അതിന് നീണ്ട ചരിത്രത്തിന്‍െറ തുടര്‍ച്ചയുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍െറ തുടര്‍ച്ചയാണ് മാവോവാദികള്‍. അത്  സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍െറ ഭാഗവുമാണ്. 1964 ല്‍  ദേശീയ, സാര്‍വദേശീയ പ്രസ്ഥാനത്തിലെ ഭിന്നിപ്പുകളുടെയും ആശയസംവാദങ്ങളുടെ തുടര്‍ച്ചയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സി.പി.എം രൂപീകരിക്കുമ്പോള്‍ അതില്‍ മാവോയിസ്റ്റുകളുമുണ്ട്. സി.പി.എം വിപ്ളവ പാതയിലല്ളെന്ന് തിരിച്ചറിഞ്ഞതോടെ അതിലെ വിപ്ളവപക്ഷം 1967 ല്‍ അടര്‍ന്നു മാറി ബദല്‍ മുന്നേറ്റം സൃഷ്ടിച്ചു.

 

ആ ബദല്‍മുന്നേറ്റം മാവോയിസം എന്ന പേര് അന്ന് സ്വീകരിച്ചിരുന്നില്ളെന്നു മാത്രം. 1967 ല്‍ ബംഗാളിലെ നക്സല്‍ബാരി കാര്‍ഷിക കലാപത്തിന് ശേഷം കലാപത്തിന് നേതൃത്വം കൊടുത്ത ചാരുമജുംദാറിന്‍െറ നേതൃത്വത്തില്‍  രൂപീകരിക്കപ്പെട്ട സി.പി.ഐ (എം.എല്‍)ലാണ് ആദ്യ പാര്‍ട്ടി രൂപം. ഭരണകൂട അടിച്ചമര്‍ത്തലിലും ആശയഭിന്നിപ്പിലും സി.പി.ഐ (എം.എല്‍) പലതായി പിളരുകയും ഇല്ലാതാകുകയും ചെയ്തു. എന്നാല്‍, 1980 കള്‍ മുതല്‍ ആന്ധ്രയില്‍ പ്രവര്‍ത്തിച്ച സി.പി.ഐ (എം.എല്‍) പീപ്പിള്‍സ് വാര്‍, ബീഹാറിലെ എം.സി.സി എന്നീ സംഘടനകള്‍ 2004 സെപ്റ്റംബര്‍ 21 ന് അഖിലേന്ത്യാ തലത്തില്‍ ഒന്നിക്കുന്നതോടെയാണ് സി.പി.ഐ (മാവോയിസ്റ്റ്) ഉണ്ടാകുന്നത്.  ലയനത്തിലൂടെ പുതുതായി രൂപംകൊണ്ട സി.പി.ഐ (മാവോയിസ്റ്റ്) ഇന്ത്യയിലെ പ്രബല ശക്തിയായി മാറി.

അഖിലേന്ത്യ തലത്തില്‍ പാര്‍ട്ടി രൂപീകരണത്തിന് ശേഷമാണ് കേരളത്തില്‍ മാവോവാദി പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാകുന്നത്. അത് വരെ കേരളത്തില്‍ പ്രവര്‍ത്തിച്ച സി.പി.ഐ (എം.എല്‍) ഗ്രൂപ്പുകള്‍ ദുര്‍ബലാവസ്ഥയിലായത് സി.പി.ഐ (മാവോയിസ്റ്റ്) കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ ഇടയാക്കി. അടിമുടി ആയുധമണിഞ്ഞ ഭരണകൂടത്തെ സായുധവിപ്ളവത്തിലൂടെ അട്ടിമറിച്ച് തൊഴിലാളികളുടെയും കര്‍ഷകരുടെയും പുത്തന്‍ ജനാധിപത്യം സ്ഥാപിക്കുകയാണ് ആ പാര്‍ട്ടിയുടെ നയം. സോഷ്യലിസം കെട്ടിപ്പടുത്ത് സമത്വസുന്ദരമായ, ചൂഷണമില്ലാത്ത വ്യവസ്ഥ സൃഷ്ടിക്കുക. സായുധ വിപ്ളവം ശരിയായ മാര്‍ഗമാണോ അല്ലയോ എന്നത് മറ്റൊരു തര്‍ക്ക വിഷയമാണെങ്കിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍െറ സൈദ്ധാന്തിക അടിത്തറയില്‍ നിന്ന് രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച മാവോവാദികളെ എതിര്‍ക്കണമെങ്കില്‍ ആദ്യം വേണ്ടത് കമ്യൂണിസ്റ്റ് വിപ്ളവ പദ്ധതികള്‍ തെറ്റെന്ന് സ്ഥാപിക്കുകയാണ്. രാഷ്ട്രീയമായും സൈദ്ധാന്തികമായും എതിരിട്ട്  തോല്‍പ്പിക്കുകയാണ്.

 

മാവോവാദികള്‍ കേരള വനത്തില്‍

കേരളത്തില്‍ സി.പി.ഐ (മാവോയിസ്റ്റ്) നിലയുറപ്പിച്ചത് ആദിവാസി-ദലിത് മേഖലകളിലാണ്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ അവര്‍ കേരളം, കര്‍ണാടക സംസ്ഥാനങ്ങള്‍ അടങ്ങുന്ന മേഖലയില്‍ പശ്ചിമ ഘട്ട പ്രത്യേക സോണല്‍ കമ്മിറ്റി കെട്ടിപ്പടുക്കുകയും സൈനിക ദളങ്ങള്‍ രൂപീകരിക്കുകയും ചെയ്തു.  2013  ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് കേരളത്തിലെ വനങ്ങളില്‍ ആയുധങ്ങളുമായി ചിലരെ കാണുന്നതായി മാധ്യമങ്ങളില്‍  വാര്‍ത്ത വന്നത്. ആറളം,  ചെറുപുഴയിലെ പുളിങ്ങോം, കണ്ണൂര്‍ പയ്യാവൂരിലെ ചിറ്റാരി, മാനന്തവാടിയിലെ തോല്‍പ്പെട്ടി, തിരുനെല്ലയിലെ ബ്രഹ്മഗിരി എന്നിവിടങ്ങളില്‍ മാവോയിസ്റ്റുകളെ കണ്ടതായി ചിലര്‍  മൊഴി നല്‍കി.  ഈ ഘട്ടത്തില്‍ തന്നെ ഭരണകൂടം നക്സലൈറ്റ് വേട്ടക്കു തുടക്കം കുറിച്ചു.കേരള പോലീസിലെ പ്രത്യേക സായുധ വിഭാഗമായ തണ്ടര്‍ബോള്‍ട്ട്, ലോക്കല്‍ പൊലീസ് എന്നിവരോടൊപ്പം സി.ആര്‍.പി.എഫ്.എഫിനെയും കര്‍മ്മസജ്ജരാക്കിയാണ് മാവോയിസ്റ്റുകളെ തേടിയുള്ള തെരച്ചില്‍ ഭരണകൂടം ശക്തമാക്കിയത്. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് മാതൃകയല്‍ കേരളത്തില്‍ പോലീസ് രൂപവത്കരിച്ച കമാന്‍ഡോ സംഘമാണ് തണ്ടര്‍ ബോള്‍ട്ട്. അവര്‍ കഴിഞ്ഞ മൂന്നര വര്‍ഷമായി മാവോയിസ്റ്റുകള്‍ക്കായി കാടരിച്ചു പെറുക്കുന്നു. കൂടാതെ വന്‍ പൊലീസ് സന്നാഹവും വനമേഖലയില്‍ സര്‍ക്കാര്‍ വിന്യസിച്ചു. 

 

മാവോയിസ്റ്റ് ഗറില്ലാ ദളങ്ങള്‍ കേരളത്തിലെ കാടുകളില്‍ പ്രവര്‍ത്തിക്കുന്നു എന്ന സ്ഥിരീകരണം സംഘടനാ നേതാവ് രൂപേഷ്  2013 മാര്‍ച്ചില്‍ മാധ്യമങ്ങള്‍ക്ക്  അയച്ചുകൊടുത്ത ലേഖനത്തില്‍ വ്യക്തമാക്കി. അതിന് പിന്നാലെ ഒൗദ്യോഗിക പ്രഖ്യാപനവും സംഘടനാ തലത്തില്‍ വന്നു. "ജനകീയ വിമോചനത്തിനായി ജനകീയ വിമോചന സേനയില്‍ അണിചേരുക' എന്ന തലവാചകത്തോടെയുള്ള പ്രസ്താവന പ്രസിദ്ധീകരിക്കണമെന്ന അഭ്യര്‍ഥനയോടെ മാധ്യമങ്ങള്‍ക്ക് തപാലില്‍ അയച്ചുകിട്ടി. സി.പി.ഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട സ്പെഷല്‍ സോണല്‍ കമ്മിറ്റിക്കുവേണ്ടി വക്താവ് ജോഗിയുടെതായിരുന്നു പ്രസ്താവന.കേരളമടക്കം തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ സംയുക്ത പ്രദേശത്ത് പ്രസ്ഥാനത്തിന്‍െറ പശ്ചിമഘട്ട കമ്മിറ്റി ഗറില്ലാ യൂനിറ്റുകള്‍ ആരംഭിച്ച് പ്രവര്‍ത്തനം തുടങ്ങിയെന്ന് വ്യക്തമാക്കിയാണ് പ്രസ്താവന ആരംഭിക്കുന്നത്. "അര്‍ധജന്മിത്വ -അര്‍ധ അധിനിവേശ സാമൂഹികവ്യവസ്ഥയെ സായുധമായി തകര്‍ത്ത് പുത്തന്‍ ജനാധിപത്യ ഇന്ത്യ കെട്ടിപ്പെടുക്കുകയാണ് ലക്ഷ്യം. ഇതിന്‍െറ ഭാഗമായി ആദിവാസികളെയും തൊഴിലാളികളുടെയും ദലിതുകളുടെയും ദരിദ്ര -ഭൂരഹിത ഇടത്തരം കര്‍ഷകരുടെയും വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും ബുദ്ധിജീവികളുടെയും മറ്റു മര്‍ദിത ജനവിഭാഗങ്ങളുടെയും പോരാട്ടങ്ങളാണ് ഗറില്ലാ ദളങ്ങളുടെ കടമയെന്നും' പ്രസ്താവനയില്‍ പറഞ്ഞു.  

2013 ഒക്ടോബര്‍ 27 ന് പുലര്‍ച്ചെ വയനാട് വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള കാവിലുംപാറ പഞ്ചായത്തിലെ, വിലങ്ങാട് ചൂരണിമലയില്‍ മുക്കം ക്രഷര്‍ യൂണിറ്റിന്‍്റെ ജെ.സി.ബി. മാവോയിസ്റ്റുകള്‍ കത്തിച്ചു. 2014 ഏപ്രില്‍ 24ന് മാനന്തവാടി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ പ്രമോദിന്‍െറ വീട്ടിലത്തെി ഭീഷണി മുഴക്കി. "ഒറ്റുകാരന് ശിക്ഷ മരണം' എന്നെഴുതിയ പോസ്റ്ററുകള്‍ വീടിന്‍െറ ചുമരില്‍ സി.പി.ഐ. മാവോയിസ്റ്റിന്‍െറ പേരില്‍ പതിപ്പിച്ചിരുന്നു. മാവോയിസ്റ്റ് ഗറില്ലാ  സംഘം വയനാട്ടിലുണ്ട് എന്ന് രണ്ടാമത്തെ ഈ നടപടിയിലൂടെ സ്ഥിരീകരിക്കപ്പെട്ടു.

ഈ സമയത്ത് മാവോയിസ്റ്റ് പാര്‍ട്ടിക്ക് കുതിച്ചു ചാട്ടം സാധ്യമാക്കി സി.പി.ഐ (എം.എല്‍) നക്സല്‍ബാരി ഒപ്പം ചേര്‍ന്നു. 2014 മെയ് ദിനത്തില്‍ സി.പി.ഐ (എം,എല്‍) നക്സല്‍ബാരിയും സി.പി.ഐ (മാവോയിസ്റ്റ്)ും ലയന പ്രഖ്യാപനം പുറത്തിറക്കി. മാര്‍ക്സിസം-ലെനിനിസം-മാവോയിസത്തിന്‍െറ സൈദ്ധാന്തിക അടിത്തറയില്‍ സായുധ പ്രവര്‍ത്തനവുമായി മുന്നേറുമെന്ന് പ്രഖ്യാപനത്തില്‍ പറഞ്ഞു.  അഖിലേന്ത്യാ തലത്തില്‍ ലയിച്ചെങ്കിലും കേരളത്തില്‍ ലയനത്തിന് വലിയ പ്രചരണം കൊടുക്കാതെയാണ് പിന്നീടുള്ള മാസങ്ങളില്‍ പ്രവര്‍ത്തനം മുന്നോട്ട് നീക്കിയത്. ലയനത്തിന് ഒരു മാസത്തിന് ശേഷം കേരളത്തില്‍ സംഘടനക്ക് തങ്ങളുടെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളെ നഷ്ടപ്പെട്ടു. സി.പി. ഐ (മാവോയിസ്റ്റ്) പാര്‍ട്ടിയുടെ മുതിര്‍ന്ന പ്രവര്‍ത്തകനും പി.എല്‍.ജി.എ അംഗവും കബനീ ദളത്തിന്‍െറ രാഷ്ട്രീയ വിഭാഗം ചുമതലക്കാരനുമായ രാജന്‍ എന്ന സിനോജ് (തൃശൂര്‍ സ്വദേശി-39)  2014 ജൂണ്‍ 16 ന് സ്ഫോടനത്തില്‍ കാട്ടില്‍ കൊല്ലപ്പെട്ടു. സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനിടയില്‍ യാദൃശ്ചികമായി പൊട്ടിതെറിച്ച് സിനോജിന് അതി ഗുരുതര പരിക്കേറ്റുവെന്നും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ രക്തസാക്ഷിയായതായും ജനകീയ വിമോചന ഗറില്ലാ സേന കബനീ ദളത്തിന്‍െറ കാട്ടുതീ എന്ന വാര്‍ത്താ ബുള്ളറ്റിന്‍ (നമ്പര്‍ 13)അറിയിച്ചു.സിനോജിന്‍െറ മരണത്തില്‍ ഞെട്ടലില്‍ നിന്ന് ഉണര്‍ന്ന മാവോയിസ്റ്റുകള്‍ അക്രമണ പരമ്പര തന്നെ അഴിച്ചുവിട്ടു. സി.പി.ഐ (മാവോയിസ്റ്റ്) അഖിലേന്ത്യ തലത്തില്‍ രൂപീകരിക്കപ്പെട്ടതിന്‍െറ പത്താം വാര്‍ഷികം കൂടിയായിരുന്നു 2014. 

2014 നവംബര്‍ 10 ന് എറണാകുളം പനമ്പിള്ളി നഗറിലെ നീറ്റ ജലാറ്റിന്‍്റെ ഓഫീസ് മാവോവാദികള്‍ അടിച്ചുതകര്‍ത്തു. പ്രതികളെ പിടികൂടാന്‍ പൊലീസിനായില്ല.  വടക്കേ വയനാട്ടിലെ തിരുനെല്ലി അഗ്രഹാരം റിസോര്‍ട്ട് നവംബര്‍ 18 ന് രാത്രി മാവോവാദികള്‍ ആക്രമിച്ചു.  "വയനാട്ടില്‍ മാവോവാദി-പൊലീസ് ഏറ്റുമുട്ടല്‍' എന്നായിരുന്നു ഡിസംബര്‍ എട്ടിന് പുറത്തിറങ്ങിയ പത്രങ്ങളുടെ തലക്കെട്ട്. വയനാട്ടിലെ തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം കുങ്കിച്ചിറ ചാപ്പ കുറിച്യ കോളനിക്ക് സമീപം കാട്ടിനുള്ളില്‍ ഡിസംബര്‍ ഏഴിന് വൈകുന്നേരം ആറരയോടെയാണ് വെടിവെപ്പുനടന്നത്. പേര്യ സംരക്ഷിത വനമേഖലയില്‍ തിരച്ചില്‍ നടത്തിയ 30 അംഗ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെയാണ് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത്. സേന തിരച്ചും വെടിയുതിര്‍ത്തു. 

2014 ഡിസംബര്‍ 22 തിങ്കളാഴ്ച മാവോവാദികള്‍ വീണ്ടും ആഞ്ഞടിച്ചു. പാലക്കാട്ടും വയനാട്ടിലുമായി മൂന്നിടത്ത് ആക്രമണം നടത്തി. പാലക്കാട് സൈലന്‍്റ് വാലി ദേശീയോദ്യാനത്തിന്‍്റെ മുക്കാലി റേഞ്ച് ഓഫീസ്, വയനാട് വെള്ളമുണ്ടയ്ക്കടുത്ത കുഞ്ഞോത്തെ വനംവകുപ്പ് ഒൗട്ട് പോസ്റ്റ് എന്നിവ  മാവോയിസ്റ്റുകള്‍ അടിച്ചുപൊളിച്ചു. മുക്കാലിയില്‍ വനംവകുപ്പിന്‍്റെ ജീപ്പിനും ഫയലുകള്‍ക്കും തീയിട്ടു. പാലക്കാട് നഗരത്തിലെ ചന്ദ്രനഗറില്‍ വിദേശഭക്ഷ്യവിതരണശൃംഖലയായ കെന്‍്റക്കി ഫ്രൈഡ് ചിക്കന്‍്റെയും (കെ.എഫ്.സി) മാക്ഡൊണാള്‍ഡ്സിന്‍്റെയും വ്യാപാരസ്ഥാപനങ്ങളുടെ മുന്‍വശം എട്ടംഗ സംഘം തകര്‍ത്തു. അട്ടപ്പാടിയില്‍ വനംവകുപ്പിന്‍്റെ ക്യാമ്പ് ഷെഡ്ഡ് 2015 ജനുവരി ഒന്നിന് അവര്‍ ആക്രമിച്ചു. തൊട്ടടുത്ത ദിവസം (ജനുവരി 2)  കണ്ണൂരില്‍ ക്വാറിക്ക് നേരെയും  ആക്രമണം നടത്തി. ജനുവരി 25  ന് തിരുനെല്ലിയില്‍ ആക്രമണം വീണ്ടുമുണ്ടായി. കേരള ടൂറിസം ഡെവലപ്പ്മെന്‍്റ് കോര്‍പ്പറേഷന്‍്റെ ടാമിറിന്‍്റ് റസേ്റ്റാറന്‍്റ് പുലര്‍ച്ചെ മൂന്നിന് ആക്രമിച്ച മാവോവാദികള്‍ റിസ്പഷന്‍ കൗണ്ടറും കമ്പ്യൂട്ടറും അടിച്ചു തകര്‍ത്തു. യു.എസ് പ്രസിഡന്‍്റ് ബരാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനത്തിനെതിരെയുള്ള പോസ്റ്ററുകളും പതിച്ചു. 

2015 ജനുവരി മദ്ധ്യത്തോടെ വയനാട്ടില്‍ കര്‍ണാടക പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വയനാട്ടിലെ കാട്ടില്‍ ഗറില്ലകള്‍ക്ക് ഒപ്പമുണ്ട് എന്ന് കരുതുന്ന  കുപ്പദേവരാജിന്‍്റെ തലയ്ക്ക് ഒരുകോടി പന്ത്രണ്ട് ലക്ഷം ഇനാം പ്രഖ്യാപിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ പൊലീസ് പലയിടത്തും ഒട്ടിച്ചു (ഈ കുപ്പുസ്വാമിയാണ് ഇപ്പോള്‍ കൊല്ലപ്പെട്ടത്).  2015 ജനുവരി 29 ന് മാവോയിസ്റ്റുകള്‍ കളമശേരിയിലെ രാജഗിരി റോഡിലെ ദേശീയ പാത പ്രോജക്ട് ഡയറക്ടര്‍ ഓഫീസ് അക്രമിച്ചു.  തങ്ങളുടെ അര്‍ബന്‍ ആക്ഷന്‍ ടീമാണ് ആക്രമണം നടത്തിയതെന്ന് മാവോവാദികള്‍ അവകാശപ്പെട്ടു. 2015 ജനുവരി അവസാനത്തോടെ, കേരളത്തില്‍ ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് മാവോവാദികള്‍  പ്രഖ്യാപിച്ചു. എന്നാല്‍, 2015 മെയ് നാലിന് പൊലീസ് മാവോയിസ്റ്റ് നേതാവ് രൂപേഷിനെ പിടികൂടി.  മെയ് എട്ടിന് മഹാരാഷ്ട്രയിലെ പുണെയില്‍ മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയെയും (അജിത്ത് ),  മലപ്പുറം പാണ്ടിക്കാട് സ്വദേശി  ഇസ്മായിലിനേയും  ഭീകരവിരുദ്ധ സേന (എ.ടി.എസ്) പിടികൂടി. 

കൊലപാതകമല്ല മറുപടി
1969 ല്‍ സി.പി.ഐ (എം.എല്‍) രൂപീകരിക്കപ്പെട്ടതു മുതല്‍ ഇന്നുവരെ ഭരണകൂടം സ്വീകരിച്ച സമീപനം നക്സലൈറ്റുകളെ (മാവോവാദികളെ) കൊന്നില്ലാതാക്കാനാണ്.  അഞ്ചു പതിറ്റാണ്ടിനിടയില്‍ നിരവധി കൂട്ടക്കൊലകളും ‘വ്യാജ ഏറ്റുമുട്ടല്‍’ കൊലകളും സൃഷ്ടിച്ചു. സി.പി.ഐ (മാവോയിസ്റ്റ്) രൂപീകരണത്തിന് ശേഷം ആസാദ്, സാകേത് രാജ്, രാജമൗലി, കിഷന്‍ജി തുടങ്ങി നിരവധി കേന്ദ്ര നേതാക്കളെ വ്യാജ ഏറ്റുമുട്ടലുകളില്‍ പൊലീസ് വധിച്ചു. കൊബാദ് ഗാന്‍ഡി, നാരായണ്‍ സന്യാല്‍, അജിത് ഉള്‍പ്പടെ നിരവധി നേതാക്കളെ ജയിലിടച്ചു. എന്നാല്‍, മാവോവാദികള്‍ ഇല്ലാതായില്ല. അവര്‍ കുടുതല്‍ കൂടുതല്‍ ശക്തരാകുന്നതാണ് കണ്ടത്. വളരെ ലളിതമായി പറഞ്ഞാല്‍ മാവോവാദം രാഷ്ട്രീയ പ്രശ്നമാണ്. അതിനെ നേരിടേണ്ടത് നിരോധനംകൊണ്ടോ വെടിവച്ചുകൊന്നോ അല്ല. സ്വന്തം ജനതയെ കൊല്ലാന്‍ ഭരണവര്‍ഗത്തിന് അധികാരമില്ല. മാവോവാദികള്‍ ഉന്നയിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളെ ഗൗരവപൂര്‍വം അഭിമുഖീകരിക്കുകയാണ് വേണ്ടത്.

ആദിവാസികള്‍, ദലിതര്‍ അടക്കമുള്ള ജനവിഭാഗങ്ങളുടെ നിലനില്‍പ് ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയാണ്. ഓരോ ദിവസവും അവര്‍ കൂടുതല്‍ കൂടുതല്‍ ചൂഷണത്തിന് വിധേയമാക്കപ്പെടുന്നു. കുടിയറക്കപ്പെടുന്നു, കൂടുതല്‍ ദരിദ്രരായിക്കൊണ്ടിരിക്കുന്നു. അട്ടപ്പാടിയിലും വയനാട്ടിലും ആദിവാസി പട്ടിണി മരണങ്ങള്‍ പെരുകുന്നു. കുട്ടികള്‍ മരിക്കുന്നു. ഇതിനെതിരായ എതിര്‍ശബ്ദങ്ങളെ ഭരണകൂടം സായുധമായി നേരിടുന്നു. ചെറിയ പ്രതിഷേധ പ്രകടനം പോലും സാധ്യമല്ലാത്ത വിധത്തില്‍ ജനാധിപത്യ ധ്വംസനം നടക്കുന്നു. പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ യു.എ.പി.എ അടക്കമുള്ള നിഷ്ഠൂര നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. 

കേരളത്തില്‍ തെരഞ്ഞെടുപ്പ് ബഹിഷകരണാഹ്വാനം നല്‍കിയതിന്‍െറ പേരില്‍ മാത്രം യു.എ.പി.എ ചുമത്തപ്പെട്ട് നീണ്ട നാള്‍ ജയിലിലടക്കപ്പെട്ട അഞ്ചോളം പേരുണ്ട്. സ്വാഭാവികമായും അടിസ്ഥാന ജനത ബദലുകള്‍ നേടും. ബദലുകള്‍ തേടുന്ന ജനങ്ങള്‍ക്ക് മാവോവാദം സ്വീകാര്യമാവുന്നത് അങ്ങിനെയാണ്.  വിട്ടുവീഴ്ചയില്ലാതെ പേരാട്ടത്തില്‍ ഈ സംഘം സത്യസന്ധതയും ആത്മാര്‍ത്ഥതയും ആത്മത്യഗാവും പുലര്‍ത്തുന്നു. 2013 ന് ശേഷം മാവോവാദികള്‍ കേരളത്തില്‍ നടത്തിയ ആക്രമണങ്ങള്‍ ജനകീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് എന്നുകാണാം. അവര്‍ ഏറ്റെടുത്ത വിഷയങ്ങളില്‍ മുഖ്യധാരാ പാര്‍ട്ടികളും ഭരണവര്‍ഗങ്ങളും എന്തു നിലപാടാണ് സ്വീകരിച്ചതെന്നും വ്യക്തമാകും. 

കേരളത്തില്‍ ഇപ്പോള്‍ നടന്ന മാവോയിസ്റ്റ് കൊലപാതകത്തെപ്പറ്റി ദുരൂഹതകള്‍ ഏറെയുണ്ട്. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍െറയും അറിവോടെയാണ് കൊലപാതകം എന്നു വേണം അനുമാനിക്കാന്‍. ആ സര്‍ക്കാരാകട്ടെ മുമ്പൊരിക്കല്‍ ഇന്നത്തെ മാവോയിസ്റ്റുകളെപോലെ മുന്‍പ് നിരോധനത്തിലൂടെ കടന്നുവന്നുവെന്ന പാരമ്പര്യം അവകാശപ്പെടുന്നവരുമാണ്. ‘കമ്യൂണിസ്റ്റുകള്‍’ കമ്യൂണിസ്റ്റുകളെ കൊന്നില്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഇതിലെ വൈരുധ്യം. 

..........................................

ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച ‘നക്സല്‍ ദിനങ്ങള്‍’ എന്ന ചരിത്രഗ്രന്ഥത്തിന്‍െറ രചയിതാവ് കൂടിയാണ് ലേഖകന്‍

 

Tags:    
News Summary - maoist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.