2002ലെ ഗുജറാത്ത് വംശഹത്യയിൽ സകലതും നഷ്ടപ്പെട്ട ഒരു മാതാവ്  

‘ഇതിലെല്ലാം മോദിക്ക് ഉത്തരവാദിത്തമുണ്ട്’

2002ൽ നടമാടിയ ഗുജറാത്തിലെ അതിക്രമങ്ങൾ അന്വേഷിച്ച ബ്രിട്ടീഷ് സർക്കാർ സമിതി തയാറാക്കിയ റിപ്പോർട്ടിന്റെ പരിഭാഷ. ഇന്ത്യയിൽ നിയന്ത്രണം നേരിടുന്ന ‘ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ’ എന്ന ബി.ബി.സി ഡോക്യുമെന്ററിയിൽ ഉദ്ധരിക്കുന്നത് ഈ റിപ്പോർട്ടിലെ ഭാഗങ്ങളാണ്

വി​ഷ​യം: ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ സം​ഗ്ര​ഹം

1. പുറത്തറിഞ്ഞതിലും എത്രയോ അധികമാണ് അതിക്രമങ്ങളുടെ വ്യാപ്തി. കുറഞ്ഞത് 2000 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. മുസ്‍ലിം സ്ത്രീകൾ സംഘടിതവും വ്യാപകവുമായി ബലാത്സംഗത്തിനിരയാക്കപ്പെട്ടിരിക്കുന്നു. 138,000 പേർ സ്വന്തം നാട്ടിൽ അഭയാർഥികളായി മാറി. ഹിന്ദു മേഖലകളിലും ഹിന്ദു-മുസ്‍ലിം ഏരിയകളിലും മുസ്‍ലിംകളുടെ വ്യാപാര സ്ഥാപനങ്ങൾ തിരഞ്ഞുപിടിച്ച് നശിപ്പിക്കപ്പെട്ടു.

2. അക്രമം മുൻകൂട്ടി തയാറാക്കിയതും ആസൂത്രിതവും രാഷ്ട്രീയ പ്രേരിതവുമാണ്. സംസ്ഥാന സർക്കാറിന്റെ പിന്തുണയോടെ ഹിന്ദു തീവ്രവാദ സംഘടനയായ വി.എച്ച്.പിയുടെ നേതൃത്വത്തിൽ ഇതു ചെയ്തത് ഹിന്ദു മേഖലകളിൽനിന്ന് മുസ്‍ലിംകളെ നിർമാർജനം ചെയ്യാനാണ്. മോദി മുഖ്യമന്ത്രിയായി തുടരുമ്പോൾ അനുരഞ്ജനം അസാധ്യമാണ്.

റിപ്പോർട്ട് വിശദമായി

3. നടമാടുന്ന അതിക്രമങ്ങളുടെ ആഘാതം വിലയിരുത്തുന്നതിന്...... എന്നിവർ (റിപ്പോർട്ടിന്റെ ഉറവിടം സംരക്ഷിക്കുന്നതിനായി

പേരുകൾ ഒഴിവാക്കിയിട്ടുണ്ട്) ഏപ്രിൽ എട്ടുമുതൽ 10 വരെ ഗുജറാത്തിലെ അഹ്മദാബാദ് സന്ദർശിച്ചു. മനുഷ്യാവകാശരംഗത്ത് നിന്നുള്ളവർ, സമുദായ നേതാക്കൾ (ഇരു സമുദായങ്ങളുടെയും) ഡയറക്ടർ ജനറൽ ഉൾപ്പെടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, മാധ്യമ പ്രവർത്തകർ, വ്യവസായ പ്രമുഖർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ളവരുമായി അവർ കൂടിക്കാഴ്ച നടത്തി. സംസ്ഥാന സർക്കാർ പ്രതിനിധികളെ അവർ സന്ദർശിച്ചിട്ടില്ല.

നിലവിലെ സാഹചര്യം

4. അഹ്മദാബാദ് ഇപ്പോൾ ശാന്തമാണ്. പക്ഷേ, ഉൾപ്രദേശങ്ങളിൽ ഒറ്റപ്പെട്ട അക്രമങ്ങൾ ഇപ്പോഴും തുടരുന്നു.

ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ ഭയാനകമാണ് ഫെബ്രുവരി 27ന് ആരംഭിച്ച അക്രമം. ഔദ്യോഗിക കണക്കുകളിൽ (നിലവിൽ 840 മരണം) മരണസംഖ്യ ഗണ്യമായി കുറച്ചുകാണിച്ചിരിക്കുകയാണ്. കാണാതായ ആളുകളെ അവർ ഒഴിവാക്കി (അവരെ 10 വർഷത്തേക്ക് മരണസംഖ്യയിൽ ഉൾക്കൊള്ളിക്കാനാവില്ല). ഗ്രാമീണ മേഖലകളിൽനിന്ന് പൊട്ടുംപൊടിയുമായാണ് റിപ്പോർട്ടുകൾ വരുന്നത്.

വിശ്വാസയോഗ്യമായ മനുഷ്യാവകാശ കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏകദേശ മരണ സംഖ്യ 2000 ആണ്.

മനുഷ്യാവകാശ വൃത്തങ്ങളും സമുദായ നേതാക്കളും മറ്റു ചില കേന്ദ്രങ്ങളും നൽകുന്ന വിവരപ്രകാരം സംഖ്യ ഇതിലും കൂടുതലാവാം.

5. കൊലപാതകങ്ങൾക്കുപുറമെ മുസ്‍ലിം സ്ത്രീകൾക്കുനേരെ വ്യാപകവും ആസൂത്രിതവുമായ ബലാത്സംഗവും നടന്നിരിക്കുന്നു (ചിലയിടങ്ങളിൽ അത് ചെയ്തത് പൊലീസ്). 70 അഭയാർഥി ക്യാമ്പുകളിലായി 138,000 കുടിയിറക്കപ്പെട്ട മനുഷ്യർ കഴിയുന്നു. ഇതിൽ ലക്ഷത്തിലേറെ പേർ മുസ്‍ലിംകളാണ്.

6. മുസ്‍ലിംകളുടെ വ്യാപാരങ്ങൾ ആസൂത്രിതമായി ഉന്നംവെക്കപ്പെട്ടു. ഹിന്ദുക്കളുടെ സ്ഥാപനങ്ങൾക്ക് അനക്കംപോലും വരുത്താതെ കൊള്ളിവെക്കപ്പെട്ട മുസ്‍ലിം വ്യാപാരസ്ഥാപനങ്ങളുടെ അവശിഷ്ടങ്ങൾ ഇവിടെ കാണാം. ഹിന്ദു മേഖലകളിലും ഹിന്ദു-മുസ്‍ലിം മേഖലകളിലുമുണ്ടായിരുന്ന മുസ്‍ലിം വ്യാപാര സ്ഥാപനങ്ങളാകമാനം നശിപ്പിക്കപ്പെട്ടുവെന്നാണ് അഹ്മദാബാദ് പൊലീസ് അഡീഷനൽ കമീഷണർ ഞങ്ങളോട് പറഞ്ഞത്.

അക്രമത്തിന്റെ രീതി

7. അവസാനമായി 1992ൽ നടന്നതടക്കം ഗുജറാത്തിൽ പലപ്പോഴായി വർഗീയ അതിക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇക്കുറി ആക്രമണത്തിന്റെ സ്വഭാവം വ്യത്യസ്തമായിരുന്നുവെന്നാണ് പൊലീസുകാരുൾപ്പെടെ നമ്മോട് സംസാരിച്ച ഏറെപ്പേരും പറഞ്ഞത്.

മറ്റ് ഹിന്ദു തീവ്രവാദ സംഘങ്ങളുമായി ചേർന്ന് വി.എച്ച്.പിയാണ് ആക്രമണം നയിച്ചത്. ഒരു പക്ഷേ മാസങ്ങൾക്കുമുമ്പേ ആസൂത്രണം ചെയ്തിട്ടുണ്ടാവണമിത്. മുസ്‍ലിം ഭവനങ്ങളും കടകളും ഉന്നമിടുന്നതിനായി കലാപകാരികൾ കമ്പ്യൂട്ടറൈസ്ഡ് പട്ടികകൾ ഉപയോഗിച്ചതായി പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു.

ന്യൂനപക്ഷ മുസ്‍ലിംകൾക്ക് ഓഹരി പങ്കാളിത്തമുള്ളതടക്കം വ്യാപാര സ്ഥാപനങ്ങളുടെ വിശദവും കൃത്യവുമായ പട്ടിക തയാറാക്കിയത് ഇവ മുൻകൂട്ടി ഒരുക്കിയതാണെന്നതിന്റെ സൂചനയാണ്.

സംസ്ഥാന സർക്കാറിന്റെ പങ്ക്

8. സംസ്ഥാന സർക്കാറിന്റെ നിഷ്ക്രിയത്വത്തെക്കുറിച്ച് നാം ഇതിനകം റിപ്പോർട്ട് ചെയ്തിരുന്നു (ആദ്യ ടി.യു.ആറിൽ). കലാപത്തിന്റെ ആദ്യ ദിനത്തിൽ അഞ്ച് മന്ത്രിമാർ പങ്കുചേർന്നതായി ദൃക്സാക്ഷികൾ പറയുന്നു.

ബി.ജെ.പി (പ്രധാനമന്ത്രി വാജ്പേയിയുടെ പാർട്ടി) മുഖ്യമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 27ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുചേർത്ത്, കലാപത്തിൽ ഇടപെടരുതെന്ന് ഉത്തരവിട്ടതായി വിശ്വാസയോഗ്യമായ മാധ്യമ-മനുഷ്യാവകാശ വൃത്തങ്ങൾ ഞങ്ങളോട് പറഞ്ഞു. ഇത്തരമൊരു കൂടിക്കാഴ്ച നടന്ന കാര്യം പൊലീസ് വൃത്തങ്ങൾ നിഷേധിക്കുന്നു.

9. എന്നാൽ, സംസ്ഥാന സർക്കാറിന്റെ പരോക്ഷ സമ്മർദം തങ്ങളുടെ പ്രവർത്തനങ്ങൾക്ക് വിലക്ക് സൃഷ്ടിച്ചതായി പൊലീസ് വൃത്തങ്ങൾ ശരിവെക്കുന്നു. ചില പൊലീസുകാർ കലാപത്തിൽ പങ്കുചേർന്നിട്ടുണ്ടാകാമെന്ന് ഡി.ജി.പി ചക്രവർത്തി സമ്മതിക്കുന്നു.

എന്നാൽ, അത് വ്യാപകമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പൊലീസിന്റെ വെടിയേറ്റ 130 പേരിൽ പകുതിയും മുസ്‍ലിംകളാണ്. അക്രമങ്ങളുമായി ബന്ധപ്പെട്ട് 8000 ആളുകളെ അറസ്റ്റു ചെയ്തതായി പൊലീസ് പറയുന്നു. എന്നാൽ, ഹിന്ദു/മുസ്‍ലിം തിരിച്ചുള്ള കണക്ക് നൽകാൻ അവർക്കായില്ല.

10. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ മന്ദഗതിയിലാണ്. വൃത്തിയും താമസ സൗകര്യങ്ങളും കുറഞ്ഞ അഭയാർഥി ക്യാമ്പുകളിലെ അവസ്ഥ ദയനീയമാണ്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി വാജ്പേയി ക്യാമ്പുകൾ സന്ദർശിച്ച ശേഷമാണ് സർക്കാർ അവിടെ ഭക്ഷണവും താമസവും ഒരുക്കാൻ തുടങ്ങിയതു തന്നെ.

ഈ പോരായ്മ പരിഹരിക്കുന്നത് സന്നദ്ധ സംഘടനകളാണ്. സർക്കാറിന്റെ പ്രാഥമിക നഷ്ടപരിഹാര വാഗ്ദാനം വിവേചനപൂർണമാണ്. ഗോധ്ര ട്രെയിൻ ആക്രമണത്തിലെ (ഹിന്ദു) ഇരകൾക്ക് 200,000 രൂപ, മറ്റെല്ലാവർക്കും (പ്രധാനമായും മുസ്‍ലിംകൾ) ലക്ഷം രൂപ വീതം.

ഇപ്പോൾ എല്ലാ ഇരകൾക്കും 50,000 രൂപ വീതം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ, സംസ്ഥാന സർക്കാർ പണമില്ലാത്ത അവസ്ഥയിലായതിനാൽ നഷ്ടപരിഹാരം കാര്യമായി നൽകാൻ സാധ്യതയില്ല.

മാധ്യമങ്ങളുടെ പങ്ക്

11. അക്രമത്തെ ഉത്തേജിപ്പിക്കുന്നതിൽ മിക്ക ഗുജറാത്തി ഭാഷാപത്രങ്ങളും നിർണായക പങ്കുവഹിച്ചു. മുസ്‍ലിംവിരുദ്ധ വികാരം ആളിക്കത്തിക്കാനുതകുന്ന കിംവദന്തികളും പ്രചാരണങ്ങളും പരത്താൻ കിട്ടിയ ഒരു അവസരവും അവർ വിട്ടുകളഞ്ഞില്ല.

വിലയിരുത്തല്‍

12. ഹിന്ദു മേഖലകളിൽനിന്നും ഇടകലർന്ന് ജീവിക്കുന്ന ഇടങ്ങളിൽ നിന്നും നിർമാർജനം ചെയ്ത് മുസ്‍ലിംകളെ ഘെറ്റോകളിലേക്ക് തള്ളുകയായിരുന്നു അക്രമത്തിന്റെ നടത്തിപ്പുകാരായ വി.എച്ച്‌.പിയുടെയും മറ്റ് ഹിന്ദു തീവ്രവാദ ഗ്രൂപ്പുകളുടെയും ലക്ഷ്യം.

ചിട്ടയായി നടപ്പാക്കിയ അക്രമരീതിക്ക് വംശീയ ഉന്മൂലനത്തിന്റെ സർവലക്ഷണങ്ങളുമുണ്ട്. ഫെബ്രുവരി 27ന് ഗോധ്രയിൽ ട്രെയിനിനുനേരെ നടന്ന അതിക്രമം ഒരു നിമിത്തം മാത്രമായിരുന്നു. അത് സംഭവിച്ചില്ലായിരുന്നുവെങ്കിൽ മറ്റൊന്ന് കണ്ടെത്താമായിരുന്നു.

13. സംസ്ഥാന സർക്കാറിന്റെ പിന്തുണയോടെയാണ് വി.എച്ച്.പിയും സഖ്യകക്ഷികളും പ്രവർത്തിച്ചത്. ശിക്ഷകളെ പേടിക്കാനില്ലെന്ന സാഹചര്യം സംസ്ഥാന സർക്കാർ സൃഷ്ടിച്ചില്ലായിരുന്നുവെങ്കിൽ ഇത്രയേറെ നാശങ്ങൾ സൃഷ്ടിക്കാൻ ആക്രമികൾക്ക് സാധിക്കുമായിരുന്നില്ല. മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് ഇതിൽ നേരിട്ട് ഉത്തരവാദിത്തമുണ്ട്.

രാഷ്ട്രീയ നേട്ടത്തിനായുള്ള ഹൃദയശൂന്യമായ നിർണയത്താൽ മാത്രം പ്രേരിതമല്ല അദ്ദേഹത്തിന്റെ പ്രവൃത്തികൾ. 1995ൽ ഗുജറാത്തിൽ അധികാരത്തിൽ വന്നതുമുതൽ ബി.ജെ.പി പിന്തുടരുന്ന ഹിന്ദു ദേശീയവാദ അജണ്ടയുടെ ശില്പിയെന്ന നിലയിൽ, വി.എച്ച്.പിയുടെ പ്രത്യയശാസ്ത്ര പ്രേരണയിൽ വിശ്വസിക്കുന്നയാളാണ് അദ്ദേഹം.

14. വി.എച്ച്.പി വിജയം കണ്ടേക്കാം. നിയമവാഴ്ച പരാജയപ്പെട്ടിരിക്കുന്നു. പൊലീസിലോ നീതിന്യായ വ്യവസ്ഥയിലോ വിശ്വാസമില്ലാതായിരിക്കുന്നു. മോദി ഭരണത്തിൽ തുടരുവോളം മുസ്‍ലിംകളും മറ്റ് നിരവധി പേരും ഭയപ്പാടിലും അരക്ഷിതാവസ്ഥയിലും അമരും;

അക്രമത്തിൽ കുടിയിറക്കപ്പെട്ടവർ സ്വന്തം വീടുകളിലേക്ക് മടങ്ങാൻ വൈമനസ്യപ്പെടും; അനുരഞ്ജനം അസാധ്യമാവും; പകപോക്കൽ പ്രവൃത്തികളുടെ സാധ്യതകളും തള്ളിക്കളയാനാവില്ല. എന്നാൽ, മാർച്ച് 12 മുതൽ 14 വരെ നടക്കുന്ന ബി.ജെ.പി യോഗ ശേഷം വാജ്പേയി, മോദിയെ മാറ്റിയേക്കുമെന്നാണ് നമുക്ക് ഇപ്പോൾ ലഭിക്കുന്ന വിവരം.

Thanks to: caravanmagazine.in

Tags:    
News Summary - Modi has responsibility in all this

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.