അറിവിന്റെ ഉത്ഭവകേന്ദ്രം എന്ന കാഴ്ചപ്പാടോടെയാണ് ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ നടരാജഗുരു ‘ ഗുരുകുലം’ സ്ഥാപിക്കുന്നത്. മനുഷ്യനെ യഥാർഥ മനുഷ്യനാക്കി വഴി നടത്താൻ പ്രാപ്തനാക്കുന്ന ചിന്തകളും പ്രവർത്തനവഴികളും പരിചയപ്പെടുത്തുന്ന ശ്രീനാരായണ ഗുരു ദർശനങ്ങൾ ലോകത്തിന് പകരാൻ ഒരിടം വേണമെന്ന നടരാജഗുരുവിന്റെ ചിന്തയാണ് ‘ഗുരുകുല’ത്തിന്റെ അടിത്തറ.
വലിയ ആഘോഷങ്ങളൊന്നും ഞങ്ങൾക്ക് പതിവില്ല. ശതാബ്ദിയുടെ പശ്ചാത്തലത്തിൽ സെമിനാറുകൾ, ചർച്ചകൾ തുടങ്ങിയവയൊക്കെ സംഘടിപ്പിക്കാൻ പദ്ധതി തയാറാക്കിയിരുന്നു. കോളജുകളിൽ നടത്തുന്ന പ്രഭാഷണവും പ്രബന്ധാവതരണവുമാണ് അതിലൊന്ന്. ഏകലോക വീക്ഷണം പുതിയതലമുറക്ക് പകർന്നു കൊടുക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കോളജ് വിദ്യാർഥികൾ വിഷയം അവതരിപ്പിക്കുന്ന വിധത്തിലാണ് ഇത് നടത്തുന്നത്. കേരളത്തിനകത്തും പുറത്തും കുറഞ്ഞത് നൂറിലധികം പ്രാദേശിക ചർച്ചാവേദികൾ നടരാജ ഗുരുവിന്റെ കൃതികളെ ആസ്പദമാക്കി നടത്തുന്നതും ആലോചനയിലുണ്ട്. ശതാബ്ദി വർഷത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും മികച്ച രണ്ട് ഗ്രന്ഥങ്ങൾ സ്മരണികകളായി പുറത്തിറക്കും. അനൗദ്യോഗിക പരിപാടികൾ ഇതിനകം തുടങ്ങി.
ശരിയാണ്. ഗുരുകുലം എന്തെന്ന് അറിയാത്തവർ ഇപ്പോഴുമുണ്ട്. എസ്.എൻ.ഡി.പിയാണോ, ശിവഗിരിയാണോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. നടരാജഗുരുവിനെക്കുറിച്ചും നിത്യചൈതന്യയതിയെക്കുറിച്ചും കേട്ടിട്ടുണ്ട് എന്നു പറയുന്നവർക്ക് അവരുടെ പാത എന്തായിരുന്നുവെന്നോ അവർ മുന്നോട്ടുവെച്ച ആശയങ്ങൾ എന്തായിരുന്നുവെന്നോ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ക്ലാസുകളും പ്രഭാഷണങ്ങളും പുസ്തകങ്ങളുമൊക്കെയായി വിവിധ പ്രവർത്തനങ്ങൾ വലിയ ബഹളങ്ങളില്ലാതെ ഞങ്ങൾ നടത്തുന്നു. അത് സമൂഹത്തിൽ വലിയ ചലനമുണ്ടാക്കി എന്ന് കരുതുന്നില്ല. എന്നിരുന്നാലും ഞങ്ങളാലാവുന്ന കർമം തുടരുന്നു. ആധ്യാത്മിക വിഷയങ്ങൾ പഠിക്കാൻ പുതുതലമുറയിൽ താൽപര്യം കുറയുന്ന സാഹചര്യമുണ്ട്. എല്ലാ മതങ്ങളിലും ഇതാണ് സ്ഥിതി. പണ്ട് കുടുംബത്തിൽ കൂടുതൽ കുട്ടികൾ ഉണ്ടായിരുന്നു .അവരിൽ ഒരാൾ ആത്മീയ മാർഗത്തിലേക്കോ മതപഠനങ്ങളിലേക്കോ ഒക്കെ വന്നാൽ വലിയ എതിർപ്പുകൾ വീട്ടുകാർക്കുണ്ടാവുമായിരുന്നില്ല. ഇപ്പോൾ ഒന്നോ രണ്ടോ കുട്ടികൾ മാത്രമുള്ള കുടുംബങ്ങളാണ് ഏറെയും. ആ കുട്ടികളെ ഒരു കാരണവശാലും അവർക്ക് മികച്ച പ്രഫഷൻ എന്ന ലക്ഷ്യത്തിനപ്പുറം മറ്റ് മേഖലകളിലേക്ക് പോകാൻ അനുവദിക്കില്ല.
ശ്രീനാരായണഗുരു ആലുവയിൽ നടന്ന സർവമത സമ്മേളനത്തിൽ പറഞ്ഞത് എല്ലാവരും എല്ലാമതങ്ങളും പഠിക്കണം എന്നായിരുന്നു. ഇസ്ലാമിന്റെ അന്തഃസാരം മനസ്സിലാക്കിയാൽ അയാൾ ഇസ്ലാമിനെ വെറുക്കില്ല. ക്രിസ്തുമതത്തെ മനസ്സിലാക്കുന്നവരും അതിനെ വെറുക്കാനിടയില്ല. എല്ലാവരും എല്ലാ മതവും അറിഞ്ഞാൽ മനുഷ്യർ തമ്മിൽ ഇന്ന് നിലനിൽക്കുന്ന അകൽച്ച തീരെ ഇല്ലാതാകുമെന്ന് ഉറപ്പാണ്. ഈയൊരു ആശയം ഗുരു പങ്കുവെച്ചെങ്കിലും അത് നടപ്പാക്കാനുള്ള എന്തെങ്കിലും ശ്രമം ആരും നടത്തിയില്ല. മതങ്ങൾ തമ്മിലെ വൈരവും ഒരു മതം മറ്റൊന്നിനേക്കാൾ മികച്ചതാണെന്നുമൊക്കെയുള്ള ചിന്തയും പ്രചാരണവുമൊന്നും സമാധാനം ആഗ്രഹിക്കുന്ന സമൂഹത്തിന് ഗുണകരമല്ല.
നമ്മുടെ രാജ്യത്തെ ആയിരക്കണക്കിന് ഗ്രാമങ്ങളിൽ ഓരോന്നിലും മതപരമായ ഗ്രന്ഥങ്ങൾക്കുവേണ്ടി ഓരോ പുസ്തകശാലകൾ തുറക്കുക. അവിടെ എല്ലാ മതങ്ങളെയും കുറിച്ച് പഠിക്കാൻ സംവിധാനം വേണം. ആ സാഹചര്യം വന്നാൽ ആ ഗ്രാമത്തിലെ പുതുതലമുറയടക്കം രാജ്യത്തെ എല്ലാ മതങ്ങളെയും കുറിച്ച് പഠിക്കും. എന്റെ മതം ഇങ്ങനെയാണെന്ന് മനസ്സിലാക്കുന്നതോടൊപ്പം മറ്റൊരാളുടെ മതം എങ്ങനെയാണ് എന്ന് സ്വയം പഠിക്കുന്നത് വലിയ അനുഭവമായിരിക്കും. കലാപങ്ങളും മതത്തിന്റെ പേരിലുള്ള സംഘർഷങ്ങളുമൊക്കെ ഒരുപരിധിവരെ ഒഴിവാക്കാൻ ഇത് സഹായിക്കും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഞാൻ കുറച്ചുകാലം മുമ്പ് കേന്ദ്ര സർക്കാറിന് കത്ത് അയച്ചിരുന്നു. ഒരു മറുപടിയും കിട്ടിയില്ല.
മതങ്ങൾ ലോകത്തിൽ ഉണ്ടായത് മനുഷ്യന് ദൈവത്തോടുള്ള ആഭിമുഖ്യം ഉണ്ടാക്കാനാണ്. ദൈവത്തിൽ വിശ്വസിക്കുക എന്ന് അവ ആവർത്തിച്ച് പറയുന്നു. ദൈവത്തിൽ വിശ്വസിക്കുന്നതിനു പകരം മതത്തിന് പ്രാമുഖ്യം നൽകുന്നതാണ് പ്രശ്നം. ദൈവത്തെ മറന്ന് മതത്തെ സ്നേഹിക്കുന്നു. ദൈവാഭിമുഖ്യമെന്നകാര്യം മനുഷ്യൻ മറന്നുപോവുന്നു. മതത്തിനോടുള്ള ആഭിമുഖ്യം മതിയെന്ന നിലയിലേക്ക് കാര്യങ്ങൾ ചുരുങ്ങുന്നു. മതങ്ങൾ തമ്മിലുള്ള മത്സരം ഉണ്ടാവുന്നു. അതിന്റെ ഭാഗമായാണ് വർഗീയവാദവും തീവ്രവാദവുമൊക്കെ രൂപപ്പെടുന്നതും ശക്തിപ്രാപിക്കുന്നതും. മതത്തിന്റെ ലോകത്തുണ്ടായ വലിയ അപചയമാണിത്.
പല രാഷ്ട്രീയ കക്ഷികളും മതത്തിന്റെ പിന്താങ്ങോടെ നിലനിൽക്കുന്നതാണ്. മതവും രാഷ്ട്രീയവും തമ്മിലെ അവിശുദ്ധ ബന്ധം നന്നല്ല. അത് സമൂഹത്തിന് വളരെ ദോഷം ചെയ്യും. മതത്തിന്റെ വിശുദ്ധിയെ അത് നശിപ്പിച്ചുകൊണ്ടിരിക്കുന്നു. അതോടൊപ്പം രാഷ്ട്രീയത്തിന്റെ ഉദ്ദേശ്യശുദ്ധിയേയും ഇല്ലാതാക്കുന്നു. മതങ്ങൾ മനുഷ്യന് ദൈവത്തോട് ആഭിമുഖ്യം ഉണ്ടാക്കിത്തീർക്കുന്നതിന് സ്ഥാപിക്കപ്പെട്ടുവെങ്കിൽ ഇന്ന് ആ ലക്ഷ്യം നഷ്ടപ്പെടുന്നു. ഒരു മതത്തിലുള്ളവർ അവരുടെ മതത്തിൽ വിശ്വസിച്ചാൽ നേട്ടങ്ങളുണ്ടെന്ന് പറയുമ്പോൾ പാവപ്പെട്ടവർ അതിൽ ആകൃഷ്ടരാവുകയാണ്. മതപരിവർത്തനം ഉണ്ടാവുന്നത് ഇങ്ങനെയാണ്.
ഒരു മതം മാത്രം നിലനിൽക്കണമെന്ന തോന്നൽ ശ്രീനാരായണ ഗുരുവിനുണ്ടായിരുന്നില്ല. ഒരാൾ അന്യമതത്തിലേക്ക് പോയാൽ അയാൾ ആദ്യം ഉണ്ടായിരുന്ന മതത്തിന് നല്ലതാണെന്ന് ഗുരു കരുതി. ഒരു അവിശ്വാസിയെ ഇല്ലാതായ പ്രയോജനമാണ് ആ മതത്തിന് ഉണ്ടാവുക. ഒരു വിശ്വാസിയെ ലഭിച്ച പ്രയോജനം അദ്ദേഹം ചേർന്ന മതത്തിനും വന്നുചേരും. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന കാഴ്ചപ്പാടിന്റെ ഭാഗമാണിത്.
ഈഴവരുടെ ഗുരുവായി കാണേണ്ടയാളല്ല ശ്രീനാരായണ ഗുരു. ‘ശ്രീനാരായണീയർ’ എന്ന പ്രയോഗം തന്നെ നാരായണഗുരുവിനെ ഇടിച്ചുതാഴ്ത്തുന്നതാണ്. എന്നാൽ വളരെ അഭിമാനത്തോടെയാണ് ഗുരുവിന്റെ അനുയായികൾ അത് ഉപയോഗിക്കുന്നത്. മറ്റുള്ളവരെ മാറ്റി നിർത്തി നമുക്കൊരു പ്രത്യേക വിഭാഗം എന്ന കാഴ്ചപ്പാട് നന്നല്ല.
നാരായണഗുരുവിന് നവോത്ഥാനം ഉണ്ടാക്കുക എന്ന ലക്ഷ്യം ഉണ്ടായിരുന്നില്ല. മനുഷ്യൻ തെറ്റു ചെയ്താൽ തിരുത്തണം. ഗുരു സത്യം കണ്ടെത്തിയ ഋഷിയാണ്. സത്യത്തിന്റെ വെളിച്ചത്തിൽ ഗുരു പറഞ്ഞ കാര്യങ്ങൾക്ക് സമൂഹത്തിൽ മാറ്റത്തിനുള്ള ശക്തിയുണ്ടായിരുന്നു. ജ്ഞാനി എന്ന നിലയിലാണ് ഗുരുവിന്റെ സ്ഥാനം. ചരിത്രകാരും സാമൂഹിക നേതാക്കളും ഗുരുവിനെ നവോത്ഥാന നായകൻ മാത്രമായി ചുരുക്കി. ഗുരുവിന്റെ ജ്ഞാനത്തിന്റെ ഔന്നത്യം കണ്ടെത്തിയവർ ചുരുക്കമാണ്.
നാരായണഗുരുകുലം തുടക്കം മുതൽ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. ഒരു രാഷ്ട്രീയ സംഘടയുടേയും സഹായം ഗുരുകുലം സ്വീകരിക്കുന്നില്ല. പലരും സഹായവും സഹകരണവുമായി ഇങ്ങോട്ടു വരുന്നുണ്ട്. ഞങ്ങൾ അതിൽനിന്നെല്ലാം അകന്ന് ഞങ്ങളുടേതായി കർമത്തിൽ മുഴുകുകയാണ് പതിവ്. ഗുരുകുലം നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നകാര്യം അറിയാമല്ലോ. അതിന്റെ വിൽപന ഏറ്റെടുത്തു നടത്താൻ ഒരു മതസംഘനയുടെ നിയന്ത്രണത്തിലുള്ള സംരംഭം മുന്നോട്ടുവന്നു. ഞങ്ങൾക്ക് അതിനോട് താൽപര്യം ഉണ്ടായിരുന്നില്ല. പുസ്തകങ്ങൾ അവർ വഴി വിറ്റാൽ ഉണ്ടാകുന്ന നേട്ടങ്ങളൊക്കെ ബോധ്യപ്പെടുത്തി. ഈ ആവശ്യവുമായി ഒരു ഉന്നതനായ നേതാവ് തന്നെ എന്നോട് ഏറെ നേരം സംസാരിച്ചു. പക്ഷേ ഞാൻ സമ്മതിച്ചില്ല. കാരണം പുസ്തക വിൽപനക്കായി അവരെ ആശ്രയിച്ചാൽ നാം ക്രമേണ അവരുടെ പാതയിലേക്കെത്തും. ഗുരുകുലം ആരെയും ഭയക്കുന്നില്ല. ലോകത്തിന് വെളിച്ചം പകരുന്ന ഒരു തത്ത്വത്തിൽ ഉറച്ചു നിൽക്കുന്നതിനാൽ ഒരു രാഷ്ട്രീയപാർട്ടിയേയും പേടിയില്ല, ഒരു മതസംഘടനയേയും ഭയത്തോടെ കാണുന്നുമില്ല.
ഗുരുകൃതികൾ അധികവും കാവ്യരൂപത്തിലാണ്. അതിനാൽ ഗദ്യരചനപോലെ സാധാരണക്കാരന് എത്തിപ്പിടിക്കാൻ പ്രയാസമുണ്ടെന്നത് വാസ്തവമാണ്. പക്ഷേ, ഗുരു കവിയായി പിറന്നയാളാണ്. അങ്ങനെയൊരാൾക്ക് കവിയല്ലാതായി ജീവിക്കാൻ കഴിയില്ല. ചെറിയ എഴുത്തുകളിൽപോലും ഗുരുവിന്റെ കാവ്യാംശം കാണാം. ഗുരുവിന്റെ കൃതികൾ വിവർത്തനം ചെയ്ത് എല്ലാവർക്കും പ്രാപ്യമായ രീതിയിൽ ലഭ്യമാണല്ലോ. പഠിക്കാൻ മനസ്സുണ്ടായാൽ പുസ്തകങ്ങൾ ധാരാളമുണ്ട്. അതിനുള്ള മനസ്സാണ് പ്രധാനം.
ലഹരി ഉപയോഗം കൂടുന്നത് ആശങ്കപ്പെടുത്തുന്നതാണ്. പ്രത്യേകിച്ച് കുട്ടികളിലും കൗമാരക്കാരിലും. കുട്ടികൾക്ക് വേണ്ടത്ര മാർഗനിർദേശം നൽകേണ്ടത് പിതാവിന്റെ ഭാഗത്തുനിന്നാണ്. വീട്ടിലിരിക്കുേമ്പാൾ സ്നേഹപൂർവം സംസാരിക്കാനും സാവകാശം കാര്യങ്ങൾ പറഞ്ഞുകൊടുക്കാനുമാകണം. പക്ഷേ അങ്ങനെ ഒരു അവസ്ഥ ഇന്ന് വീടുകളിൽ ഇല്ല. പിതാവിന്റെ ചുമതല കുടുംബത്തിന് മുന്നോട്ടുപോകാനുള്ള പണമുണ്ടാക്കുക എന്ന ചുമതലയിൽ മാത്രമായി ചുരുങ്ങി. കുട്ടികൾ ആവശ്യപ്പെടുന്നവയെല്ലാം അവർക്കായി വാങ്ങിക്കൊടുക്കുന്നു. ആവശ്യമില്ലാത്തത് ആവശ്യപ്പെട്ടാലും അവർക്ക് അത് എത്തിച്ചുകൊടുക്കുകയാണ്. പിതാവ് ജോലി, ബിസിനസ് തിരക്കുകളിൽ മുഴുകുമ്പോൾ മക്കളെ നല്ല വഴിക്ക് നടത്തുന്ന നിർദേശങ്ങൾ നൽകാൻ എപ്പോഴാണ് സമയം. മക്കളുമായി ഒന്നിച്ചിരുന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ നമുക്ക് മുന്നിലുള്ളൂ.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.