മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സ് ‘ഫയലിൽ കുരുങ്ങിക്കിടക്കുന്ന ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സദസ്സ്’ എന്നാണ് ആദ്യം പറഞ്ഞുകേട്ടിരുന്നത്. ദിവസങ്ങൾ പിന്നിടുമ്പോൾ ‘ജനകീയ പ്രശ്ന പരിഹാരം’ അവഗണിക്കപ്പെട്ട് എൽ.ഡി.എഫിന്റെ രാഷ്ട്രീയ പ്രചാരണം ലക്ഷ്യമിട്ടുള്ള മാമാങ്കമായി മാറുന്ന കാഴ്ചയാണുള്ളത്.
യാത്രാസമയം ഒഴിവാക്കിയാൽ പരമാവധി ഒരു മണിക്കൂറിൽ താഴെയായിരിക്കും മുഖ്യമന്ത്രിയും മന്ത്രിപ്പടയും ഒരു നിയോജക മണ്ഡലത്തിൽ ചെലവഴിക്കുന്നത്. റേഡിയോ പ്രഭാഷണം പോലെ മുഖ്യമന്ത്രിയുടെ ഉദ്ബോധനം കേൾക്കുന്നതല്ലാതെ ജനങ്ങളുടെ പരാതി പരിഹരിക്കാൻ അവസരമില്ലെന്ന് ചുരുക്കം.
ചില ദിവസങ്ങളിൽ പ്രഭാത ഭക്ഷണത്തിനിടെ മുഖ്യമന്ത്രിയും സംഘവും പൗരപ്രമുഖരെ കാണുന്നുണ്ട്. ആരാണീ പൗരപ്രമുഖർ? വ്യക്തമല്ല. പണ്ട് തിരുവിതാംകൂറിൽ വോട്ടവകാശത്തിന് കരം തീരുവയുള്ള നാട്ടുപ്രമാണിമാർക്ക് അർഹത നൽകിയതുപോലെ നാട്ടുപ്രമാണിമാരാണോ പൗരമുഖ്യർ. സമൂഹത്തിൽ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നതിനെതിരെ പോരാടിയ പ്രസ്ഥാനം സാധാരണ ജനങ്ങളെയും പൗരമുഖ്യരെയും രണ്ടായി വേർതിരിച്ചു കാണുന്നത് തികച്ചും പരിഹാസ്യമാണ്. മണ്ഡല സദസ്സ് ആരംഭിക്കുന്നതിന് മൂന്നുമണിക്കൂർ മുമ്പുമുതൽ നിശ്ചയിച്ച കൗണ്ടറുകളിൽ പൊതുജനങ്ങളുടെ പരാതി സ്വീകരിച്ച് രസീത് നൽകുമത്രേ. പരാതിക്ക് ഒരു തീർപ്പും അവിടെ ഉണ്ടാകില്ല. കാരണം പരാതി തീർപ്പാക്കാൻ അധികാരം ഉള്ളവർ ആരുംതന്നെ കൗണ്ടറുകളിൽ ഉണ്ടാവില്ല. രണ്ടാഴ്ചക്കുള്ളിൽ ലഭ്യമായ പരാതി തീർപ്പാക്കി പോർട്ടലിൽ അപ്ലോഡ് ചെയ്യുമെന്ന് പറയുന്നു.
പരാതി സ്വീകരണം മാത്രമാണ് ലക്ഷ്യമെങ്കിൽ ആനയും അമ്പാരിയുമായി ഒരു നവകേരള സദസ്സ് ആവശ്യമുണ്ടായിരുന്നോ? അക്ഷയ കേന്ദ്രത്തിലോ സർക്കാറിന്റെ വെബ്സൈറ്റിലോ പരാതി രജിസ്റ്റർ ചെയ്താലും രസീത് ലഭിക്കുമല്ലോ.
മന്ത്രിമാർ എല്ലാവരും 140 നിയോജക മണ്ഡലങ്ങളിലും പോകുന്ന സ്ഥിതിക്ക് നിശ്ചിത സമയത്തിന് രണ്ടുമണിക്കൂർ മുമ്പെങ്കിലും രണ്ടോ മൂന്നോ മന്ത്രിമാരുടെ ടീം എല്ലാ കൗണ്ടറിലും ഇരുന്ന് പരാതി വാങ്ങി ജനങ്ങളെ കേട്ട് കുറെ പരാതിയെങ്കിലും പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കാമായിരുന്നില്ലേ? അതിനുള്ള ഒരു ശ്രമവും നടത്താതെ, നാടാകെ ദുരിതത്തിൽ കിടന്ന് ഉഴലുമ്പോൾ ജനങ്ങൾക്ക് ഇനിയും ബോധ്യപ്പെടാത്ത നേട്ടങ്ങൾ എഴുന്നള്ളിക്കാൻ മാത്രം ഒരു സദസ്സ് ആവശ്യമുണ്ടായിരുന്നോ?
മുഖ്യമന്ത്രിക്ക് സർക്കാറിന്റെ നേട്ടങ്ങൾ വിശദീകരിക്കണമെങ്കിൽ കോവിഡ് കാലത്തേതുപോലെ ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടാൽ പോരായിരുന്നോ? നവംബർ 18 മുതൽ ഡിസംബർ 23 വരെ മന്ത്രിമാർ ഒന്നടങ്കം ടൂറിൽ ആയതിനാൽ ഭരണസിരാകേന്ദ്രമായ സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിമുക്തമാണ്. .
നവകേരള സദസ്സിന്റെ പേരിൽ നടക്കുന്നത് നഗ്നമായ അധികാര ദുർവിനിയോഗം അല്ലേ? തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വന്തം ഫണ്ട് (own fund) ഭരണസമിതിയുടെ തീരുമാനമില്ലാതെ ചെലവഴിക്കാൻ സെക്രട്ടറിമാർക്ക് അധികാരം നൽകാൻ സർക്കാറിന് എന്ത് അധികാരം? ഇതാണോ അധികാര വികേന്ദ്രീകരണം!
കൂത്തുപറമ്പിനടുത്ത എൽ.പി സ്കൂളിലെ പിഞ്ചുവിദ്യാർഥികളെ പൊരിവെയിലത്ത് റോഡിലിറക്കി മുഖ്യമന്ത്രിക്ക് ജയ് വിളിക്കാൻ നിർത്തിയതിനെ അപലപിക്കുന്നതിനുപകരം ജനപ്രീതിയുടെ ലക്ഷണമായിക്കണ്ട മുഖ്യമന്ത്രിയുടെ നിലവാരത്തകർച്ചയിൽ കേരളം ലജ്ജിക്കുക തന്നെ ചെയ്യും. ‘‘ കണ്ടില്ലേ പിഞ്ചുകുഞ്ഞുങ്ങൾ റോഡിലിറങ്ങി അഭിവാദ്യം ചെയ്യാൻ നിരന്നുനിന്നത്’’ എന്നു പുളകം കൊള്ളുന്ന മുഖ്യമന്ത്രിയെപ്പറ്റി എന്തുപറയാനാണ്. സ്വന്തം പേരക്കുട്ടികളെ ഇങ്ങനെ വെയിലത്തിറക്കി നിർത്താൻ അദ്ദേഹം സമ്മതിക്കുമോ?
സർക്കാർ ഉദ്യോഗസ്ഥർ ഓഫിസിൽ പോകാതെ നവകേരള സദസ്സുകളിൽ പങ്കെടുക്കണമത്രെ. ഇതേ രീതിയിലാണ് മോദി സർക്കാറിന്റെ ‘വികസിത ഭാരത് സങ്കൽപയാത്ര’. സർക്കാർ ഉദ്യോഗസ്ഥരെ പ്രഭാരിമാരായി നിയോഗിച്ച് രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാനാണ് മോദിയും ശ്രമിക്കുന്നത്. ഇതുമായി സഹകരിക്കേണ്ടെന്ന് ജില്ല ഭരണകൂടങ്ങൾക്ക് പിണറായി സർക്കാർ നിർദേശം നൽകിയത് നല്ല കാര്യം. പക്ഷേ, സ്വന്തം രാഷ്ട്രീയ പ്രചാരണത്തിനായി സർക്കാർ മെഷിനറി ദുരുപയോഗം ചെയ്യുകയാണ് പിണറായി.
ഉമ്മൻ ചാണ്ടി നടത്തിയ ‘ജനസമ്പർക്ക പരിപാടി’ ഒരു വില്ലേജ് ഓഫിസർ ചെയ്യേണ്ട ജോലിയാണെന്നാണ് നിയമസഭയിലും സഭക്കുപുറത്തും സി.പി.എം പരിഹസിച്ചത്. 2002, 2011, 2013, 2015 എന്നിങ്ങനെ നാലുവർഷങ്ങളിൽ ഉമ്മൻ ചാണ്ടി 14 ജില്ലകളിലും ജനസമ്പർക്ക പരിപാടി നടത്തി. രാവിലെ ഒമ്പതുമണി മുതൽ നിന്നകാലിൽ നിന്നുകൊണ്ട് ജനങ്ങളെ നേരിട്ടുകണ്ട് പരാതി ഏറ്റുവാങ്ങി ഓരോ പരാതിയിലും സ്വന്തം കൈപ്പടയിൽ ഉത്തരവിട്ടുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആളുകളിലേക്ക് ഇറങ്ങിച്ചെന്നത്. രാത്രി രണ്ടുമണി, മൂന്നുമണി വരെയൊക്കെ ഇത് നീണ്ടു. പരാതിയുമായി വന്ന എല്ലാവരെയും കണ്ട ശേഷമാണ് പരിപാടി അവസാനിപ്പിച്ചത്. നിയമസഭയിൽ നൽകിയ ഉത്തരം അനുസരിച്ചുതന്നെ 11,45,449 പരാതികളാണ് മുഖ്യമന്ത്രി ജനസമ്പർക്ക പരിപാടിയിൽ തീർപ്പാക്കിയത്. ചികിത്സക്കും മറ്റുസഹായത്തിനുമായി 242 കോടിയിലേറെ രൂപയും നൽകി. ജില്ലയിൽ നിന്നുള്ള മന്ത്രിമാർ അതത് ജില്ലകളിൽ പരിപാടിയിൽ പങ്കെടുക്കാൻ അഭ്യർഥിച്ചിരുന്നു. മറ്റുള്ളവർക്കും വേണമെങ്കിൽ പങ്കെടുക്കാം. നിർബന്ധം ഉണ്ടായിരുന്നില്ല.
ലഭിച്ച ആവലാതികളിൽ മുഖ്യമന്ത്രിയുടെ ലെവലിൽ തീരുമാനിക്കാൻ കഴിയാത്ത കാര്യങ്ങൾ കുറിപ്പാക്കി മന്ത്രിസഭാ അജണ്ടയിൽ ഉൾപ്പെടുത്തി തീരുമാനത്തിന് സമർപ്പിക്കണം. അതുപോലെ ഒരു ലക്ഷം രൂപയിൽ അധികമായ സാമ്പത്തിക ആനുകൂല്യവും മന്ത്രിസഭയാണ് തീരുമാനിച്ചിരുന്നത്.ജനങ്ങളിൽനിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ 43 പുതിയ നിയമ നിർമാണങ്ങൾക്ക് മന്ത്രിസഭ അനുമതി നൽകി. ആൺമക്കൾ ഉള്ളവർക്ക് വിധവാ പെൻഷന് അർഹതയില്ലെന്ന നിബന്ധന നീക്കം ചെയ്തതും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് സഹായം ലഭിക്കാനുള്ള വാർഷിക വരുമാനപരിധി ഇരുപതിനായിരം രൂപയിൽനിന്നും ഒരു ലക്ഷം ആക്കിയതും, കാൻസർ രോഗികൾക്കും സഹായിക്കും കെ.എസ്.ആർ.ടി.സി ബസിൽ സൗജന്യ യാത്ര അനുവദിച്ചതും, സർക്കാർ ആശുപത്രിയിൽ പ്രസവ ചികിത്സ സൗജന്യമാക്കിയതും, വിധവാ പെൻഷൻ ലഭിക്കാൻ അപേക്ഷക രേഖകളിൽ സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയെന്ന് വ്യവസ്ഥ ചെയ്തതും, റേഷൻ കാർഡിനുള്ള അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തി നൽകാൻ വ്യവസ്ഥ ചെയ്തതുമെല്ലാം ജനസമ്പർക്ക പരിപാടിയിൽ ലഭിച്ച നിവേദനങ്ങളെ മുൻനിർത്തി മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരം മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തിലൂടെ ആയിരുന്നു.
ആ പരിപാടിയിൽ നിന്ന് വിട്ടുനിന്നെന്ന് മാത്രമല്ല, ജനസമ്പർക്ക പരിപാടിക്കുള്ള യു.എൻ അവാർഡ് വാങ്ങി തിരിച്ചെത്തിയപ്പോഴും സി.പി.എമ്മിന്റെ കരിങ്കൊടി പ്രകടനമാണ് മുഖ്യമന്ത്രിയെ വരവേറ്റത്. എന്നാൽ, ഒരിടത്തും പ്രതിഷേധക്കാരെ അടിച്ചമർത്താൻ പാർട്ടി പ്രവർത്തകരെയോ പൊലീസിനെയോപോലും സർക്കാർ നിയോഗിച്ചില്ല.
കഴിഞ്ഞദിവസം കണ്ണൂരിൽ വഴിവക്കിൽനിന്ന് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസിന്റെ സാന്നിധ്യത്തിൽ മാർക്സിസ്റ്റ് ഗുണ്ടകൾ ഹെൽമറ്റ് കൊണ്ടും ചെടിച്ചട്ടി കൊണ്ടും തലക്കടിച്ച് അതിക്രൂരമായി മർദിക്കുന്ന രംഗം ദൃശ്യമാധ്യമങ്ങളിൽ കാണാനിടയായി. അതേപ്പറ്റി മുഖ്യമന്ത്രി നടത്തിയ പ്രതികരണം അദ്ദേഹത്തിന്റെ നിലവാരത്തകർച്ചയുടെ തെളിവാണ്. ഒന്ന് പ്രതിഷേധിക്കാനുള്ള അവകാശം പോലും ജനാധിപത്യ കേരളത്തിൽ നിഷിദ്ധമാണോ? പുന്നപ്രയിലെയും വയലാറിലെയും കയ്യൂരിലെയും കരിവെള്ളൂരിലെയും നിയമവിരുദ്ധവും അക്രമാസക്തവുമായ ജനകീയ സമരങ്ങളിലൂടെ ഉയിർകൊണ്ട കമ്യൂണിസ്റ്റ് പാർട്ടികൾക്ക് സമരങ്ങളോട് ഇത്ര അലർജിയാണോ? മുഖ്യമന്ത്രിതന്നെ നടത്തിയ അക്രമത്തിനുള്ള ആഹ്വാനവും അധികാരത്തിന്റെ അഹന്തയും അണയാൻ പോകുന്ന ദീപത്തിന്റെ ആളിക്കത്തലായി മാത്രമേ ജനാധിപത്യ കേരളം കാണൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.