ജെ.എൻ.യുവും എൻ.ടി.എയും തമ്മിൽ എന്തെങ്കിലും ധാരണാപത്രമോ കരാറോ ഒപ്പുവെച്ചതായി തോന്നുന്നില്ല, യോഗ്യതാ പരീക്ഷ നടത്താൻ എൻ.ടി.എ ജെ.എൻ.യുവിൽനിന്ന് വസൂലാക്കിയ തുക എത്രയെന്നുപോലും അറിവില്ല.അതുവഴി ജെ.എൻ.യുവിന് സംഭവിച്ചതാവട്ടെ വരുമാനത്തിലെ കുറവും വിദ്യാർഥികളുടെ വൈവിധ്യത്തിലും ഗുണനിലവാരത്തിലും വന്ന ഗണ്യമായ നഷ്ടവും മാത്രമാണ്
നീറ്റ്-നെറ്റ് ക്രമക്കേടുകൾ പുറത്തായ സാഹചര്യത്തിൽ പരീക്ഷാ നടത്തിപ്പുകാരായ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ)യുടെ പ്രവർത്തനം അവലോകനം ചെയ്ത് പരീക്ഷാ നടത്തിപ്പ് പരിഷ്കരണം നിർദേശിക്കുന്നതിനായി ഉന്നതതല സമിതി നിലവിൽ വന്നിരിക്കുകയാണ്.എൻ.ടി.എയുടെ എല്ലാ വശങ്ങളെക്കുറിച്ചും യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്റെ-വിശിഷ്യാ ചെയർമാൻ മാമിദാല ജഗദേഷ് കുമാറിന്റെ പങ്ക് ഉൾപ്പെടെ സമഗ്രമായി അന്വേഷിക്കപ്പെടണമെന്നതാണ് നമ്മുടെ ആവശ്യം.
ഗവൺമെൻറ് ഓഫ് ഇന്ത്യയുടെ ചിഹ്നം ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ടെങ്കിലും, എൻ.ടി.എ ഒരു സ്വകാര്യ സ്ഥാപനമാണ്. അവരുമായി ഏതെങ്കിലും കരാറിൽ/അസൈൻമെന്റിൽ ഏർപ്പെടുന്നതിന് മുമ്പ് എല്ലാ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും അതിന്റെ ആസ്തികളും ബാധ്യതകളും സംബന്ധിച്ച ആവശ്യമായ പരിശോധന സ്വന്തം നിലയിൽ നടത്തണമെന്ന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ സൊസൈറ്റികളുടെ രജിസ്ട്രാർ വ്യക്തമായി നിർദേശിച്ചിരുന്നതാണ്.
ഇതറിയുമ്പോൾ വിവിധ ഏജൻസികൾ എൻ.ടി.എയുമായി എങ്ങനെ പരീക്ഷാ നടത്തിപ്പ് കരാറുണ്ടാക്കി എന്ന് നമ്മൾ ചിന്തിച്ചുപോകും. പൊതുസഞ്ചയത്തിൽ ലഭ്യമല്ലാത്ത, അതിന്റെ നിഗൂഢമായ ആസ്തികൾ സംബന്ധിച്ച് അവർ കൃത്യമായ ജാഗ്രത പുലർത്തുന്നുണ്ടോ, എല്ലാ വർഷവും കരാർ പുതുക്കുന്നുണ്ടോ? അതിന് മുമ്പായി ഈ തീരുമാനത്തിന് സ്ഥാപനങ്ങൾ നിയമപരമായി അംഗീകാരം നേടാറുണ്ടോ?
ഞാനിത് ചോദിക്കുന്നത് ജവഹർലാൽ നെഹ്റു സർവകലാശാലയിലെ അഡ്മിഷൻ പ്രക്രിയ എൻ.ടി.എയെ ഉപയോഗിച്ച് നശിപ്പിക്കുമ്പോൾ അന്നത്തെ വൈസ് ചാൻസലർ നടപടിക്രമങ്ങൾ പാലിച്ചിരുന്നില്ലെന്ന് അറിയാവുന്നതു കൊണ്ടാണ്. അന്നത്തെ വി.സി എം. ജഗദേഷ് കുമാറാണല്ലോ ഇപ്പോൾ യു.ജി.സി ചെയർമാൻ.
അഡ്മിഷൻ പ്രക്രിയയിൽ എൻ.ടി.എ കടന്നുവന്നതെങ്ങനെയെന്ന് മനസ്സിലാക്കാൻ സഹപ്രവർത്തകയും ജെ.എൻ.യു ടീച്ചേഴ്സ് അസോസിയേഷന്റെ നിലവിലെ അധ്യക്ഷയുമായ മൗഷുമി ബസു 2020 മുതൽ വിവരാവകാശ നിയമപ്രകാരം നിരന്തരം അന്വേഷണം നടത്തിവരികയാണ്. പ്രക്രിയയിലെ നിയമലംഘനങ്ങളെക്കുറിച്ച് 2021 മാർച്ച് ഒന്നിന് അധ്യാപക യൂനിയൻ വിശദമായ വാർത്താകുറിപ്പ് പുറത്തിറക്കുകയുണ്ടായി.
നിയമപരമായ നടപടിക്രമങ്ങൾ അപ്പാടെ ലംഘിച്ച്കൊണ്ട്, വി.സിയായിരിക്കെ എം. ജഗദേഷ് കുമാറാണ് ജെ.എൻ.യുവിന് മേൽ എൻ.ടി.എയെ അടിച്ചേൽപിച്ചത്. അദ്ദേഹം അക്കാലത്ത് എൻ.ടി.എയുടെ ഗവേണിങ് ബോഡി അംഗവുമായിരുന്നുവെന്നുകൂടി ഓർക്കണം.
ജെ.എൻ.യുവും എൻ.ടി.എയും തമ്മിൽ എന്തെങ്കിലും ധാരണാപത്രമോ കരാറോ ഒപ്പുവെച്ചതായി തോന്നുന്നില്ല, യോഗ്യതാ പരീക്ഷ നടത്താൻ എൻ.ടി.എ ജെ.എൻ.യുവിൽനിന്ന് വസൂലാക്കിയ തുക എത്രയെന്നുപോലും അറിവില്ല. അതുവഴി ജെ.എൻ.യുവിന് സംഭവിച്ചതാവട്ടെ വരുമാനത്തിലെ കുറവും വിദ്യാർഥികളുടെ വൈവിധ്യത്തിലും ഗുണനിലവാരത്തിലും വന്ന ഗണ്യമായ നഷ്ടവും മാത്രമാണ്.
ഈ പ്രക്രിയ കൊണ്ട് എൻ.ടി.എക്ക് സ്വാഭാവികമായും വളരെയധികം നേട്ടങ്ങളുണ്ടായി. പേരിനും പെരുമക്കും അനുഭവ പരിചയങ്ങൾക്കും പുറമെ അവരുടെ മുഖ്യ പ്രൊമോട്ടറായ ജഗദേഷ് കുമാറിന് ജെ.എൻ.യുവിലെ (വിദ്യാർഥികൾക്കും അധ്യാപകർക്കും എതിരായ അക്രമവും ഭയാനകമായ ദുർഭരണവും നിറഞ്ഞ) വി.സി കാലാവധി പൂർത്തിയാക്കിയ ഉടൻതന്നെ പ്രതിഫലമായി യു.ജി.സി അധ്യക്ഷത പദവി ലഭിച്ചു.
2022 ഫെബ്രുവരി നാലിന് അദ്ദേഹം യു.ജി.സി ചെയർമാനായി ചുമതലയേറ്റ് ആഴ്ചകൾക്കുള്ളിൽ, ദേശീയ സർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായി CUET-UG യു.ജി.സി പ്രഖ്യാപിച്ചു.
ജഗദേഷ് കുമാർ അധ്യക്ഷ പദവിയേറ്റ് ആഴ്ചകൾക്കകം യു.ജി.സിക്കുള്ളിൽ ഈ തീരുമാനം എങ്ങനെ കൃത്യമായി വന്നു? എൻ.ടി.എ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഒരു പൊതു പ്രവേശന പരീക്ഷയിൽ ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശങ്ങൾ എങ്ങനെ നടപ്പാക്കാമെന്ന് ചർച്ച ചെയ്യാൻ യു.ജി.സി യോഗം ചേർന്നിരുന്നോ? ഒരു ദിവസത്തിന്റെ വലിയയൊരു ഭാഗം ചെലവിട്ട് യു.ജി.സിയുടെ വെബ്സൈറ്റിൽ ലഭ്യമായ മിനിറ്റ്സ് പരിശോധിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി.
ഫെബ്രുവരിയിലും മാർച്ചിലും കമീഷന്റെ രണ്ട് മീറ്റിങ്ങുകൾ നടന്നിരുന്നു, എന്നാൽ, അവയിലൊന്നിലും എൻ.ടി.എ, UGC-NET എന്നിവയെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. ജഗദേഷ് കുമാർ ചുമതലയേൽക്കുന്നതിന് മുമ്പ് കൈക്കൊണ്ട തീരുമാനമാകുമോ എന്ന സംശയത്താൽ ഞാൻ വീണ്ടും പഴയ മിനിറ്റ്സുകൾ പരതി. പക്ഷേ, അത് അങ്ങനെയായിരുന്നില്ല.
തുടർന്നുള്ള യോഗങ്ങളിലും എൻ.ടി.എയെക്കുറിച്ച് പരിശോധനയില്ല, വിദഗ്ധരെയോ കേന്ദ്രങ്ങളെയോ തെരഞ്ഞെടുക്കുന്നതിനെ സംബന്ധിച്ച് മാർഗനിർദേശങ്ങളൊന്നും നൽകിയിട്ടില്ല. അതിനു പകരം, സെപ്റ്റംബർ 22ന് നടന്ന യോഗത്തിൽ ‘അധ്യക്ഷൻ അനുവദിക്കുന്ന മറ്റു വിഷയങ്ങൾ’ക്ക് കീഴിൽ യു.ജി.സി എൻ.ടി.എക്ക് അഭിനന്ദനം രേഖപ്പെടുത്തിയിരിക്കുന്നു.
എൻ.ടി.എയുടെ യോഗ്യതയെക്കുറിച്ചോ CUETകളും UGC-NET പരീക്ഷകളും അവർ നടത്തിയതെങ്ങനെ എന്നതിനെ സംബന്ധിച്ചോ പൂർണ യു.ജി.സി കമീഷൻ ഒരിക്കൽപോലും ചർച്ച ചെയ്തില്ല. യു.ജി.സി-നെറ്റിനെ പിഎച്ച്.ഡി പ്രവേശന പരീക്ഷയായി പ്രഖ്യാപിക്കുന്ന യോഗത്തിൽപോലും കമീഷൻ കൈക്കൊണ്ട തീരുമാനമായല്ല, മറിച്ച് ആ നടപടിയെ അംഗീകരിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യു.ജി.സിയുടെ സി.ഇ.ടികൾ ഇല്ലായിരുന്നെങ്കിൽ എൻ.ടി.എ ഇത്ര ഭീമാകാരമായ ചളിക്കുളമായി മാറുമായിരുന്നില്ല. മാമിദാല ജഗദേഷ് കുമാർ തലപ്പത്ത് വന്നില്ലായിരുന്നുവെങ്കിൽ യു.ജി.സി ഇതുപോലൊരു സെപ്റ്റിക് ടാങ്കും ആകുമായിരുന്നില്ല. എൻ.ടി.എയുടെ ക്രമക്കേടുകൾ അന്വേഷിക്കുന്ന കമ്മിറ്റികൾ എം. ജഗദേഷ് കുമാറിന്റെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലെ യു.ജി.സിയുടെയും പങ്കുകൂടി പരിശോധിക്കണം.
(ഡൽഹി ജെ.എൻ.യുവിൽ ലിംഗ്വിസ്റ്റിക്സ് വിഭാഗം പ്രഫസറും ബ്രിട്ടീഷ് അക്കാദമി ഫെലോയുമാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.