ഐക്യരാഷ്ട്ര സഭയുടെ 78ാമത് ജനറൽ അസംബ്ലി യോഗത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രസംഗിച്ചിട്ട് നാളെ ഒരുമാസം തികയുകയാണ്. ഒരുമാസം കൊണ്ട് ലോകവും ഇസ്രയേലും അദ്ദേഹത്തിന്‍റെ കരിയറും എത്രത്തോളം മാറിയെന്ന് ചിന്തിക്കുക.
ഫലസ്തീൻ പ്രശ്നം അവഗണിച്ച് അറബ് രാജ്യങ്ങളുമായി സമാധാന കരാറുകൾ സൃഷ്ടിക്കുന്നതിന്‍റെ സാധ്യതകളെ കുറിച്ചാണ് അന്ന് അദ്ദേഹം കൂടുതലും സംസാരിച്ചത്. അറബ് രാജ്യങ്ങളെല്ലാം നയതന്ത്രബന്ധം സ്ഥാപിച്ചുകഴിഞ്ഞാൽ ഫലസ്തീൻ പിന്നെ ഉണ്ടാകില്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. പുതിയ മിഡിലീസ്റ്റിന്‍റെ ഭൂപടം എന്ന മട്ടിൽ അദ്ദേഹം പ്രസംഗത്തിനിടെ ഉയർത്തിക്കാട്ടിയ ഭൂപടത്തിൽ ഇസ്രയേൽ മാത്രമേ ഉണ്ടായിരുന്നുള്ളു. ഫലസ്തീൻ കാണാനില്ല.
അറബ് രാജ്യങ്ങളെ വരുതിയിലാക്കി, ഫലസ്തീൻ പ്രശ്നം അപ്രസക്തമാക്കുന്നത് വഴി തന്‍റെ മുൻഗാമികളായ ഡേവിഡ് ബെൻഗൂറിയനും ഗോൾഡ മേയർക്കും പോലും കഴിയാത്തത് താൻ നേടുന്നുവെന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം. യാഥാർഥ്യ ബോധത്തിന്‍റെ അഭാവം നന്നായി നിഴലിച്ച ആ പ്രസംഗം കഴിഞ്ഞ് രണ്ടാഴ്ചക്കകം പിന്നീടൊരു മടക്കമില്ലാത്ത നിലയിൽ പശ്ചിമേഷ്യൻ പ്രശ്നത്തിന്‍റെ ഗതിമാറി.
ഇസ്രയേലിന്‍റെ ചരിത്രത്തിലെ ഏറ്റവും മഹാനായ പ്രധാനമന്ത്രി എന്ന വിശേഷണം സ്വപ്നം കണ്ട അദ്ദേഹം, രാജ്യ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ തിരിച്ചടിയുടെ വിചാരണക്കൂട്ടിൽ നിൽക്കുകയാണ്. ഒരുമാസം എന്നത് കലണ്ടറിൽ അത്രവലിയ കാലമല്ലായിരിക്കാം. പക്ഷേ, നെതന്യാഹുവിന്‍റെ ജീവിതത്തിൽ അങ്ങനെയല്ല. നെതന്യാഹുവിന്‍റെ ആ പ്രസംഗം വായിക്കാം:
ലേഡീസ് ആൻഡ് ജെന്‍റിൽമെൻ,
മൂന്നുസഹസ്രാബ്ദങ്ങൾക്കപ്പുറം, വാഗ്ദത്ത ഭൂമിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ഞങ്ങളുടെ മഹാനായ നേതാവ് മോശെ ഇസ്രയേൽ ജനതയെ അഭിസംബോധന ചെയ്തിരുന്നു. പരസ്പരം അഭിമുഖമായി നിലകൊള്ളുന്ന രണ്ടു പർവതങ്ങളെ നിങ്ങൾ കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു. മഹത്തായ അനുഗ്രഹങ്ങൾ വിളംബരം ചെയ്യപ്പെടുന്ന ഗെരിസിം പർവതമാണ് ഒന്ന്. മഹാശാപത്തിന്‍റെ ശൃംഗമായ ഇബാൽ ആണ് മറ്റേത്. മനുഷ്യന്‍റെ വിധി നിർണയിക്കപ്പെടുന്നത് അനുഗ്രഹം, ശാപം എന്നിവയുടെ തെരഞ്ഞെടുപ്പിനെ ആശ്രയിച്ചിരിക്കുമെന്നാണ് മോശെ അരുളിയത്. തെരഞ്ഞെടുപ്പിന്‍റെ ഈ സ്വാതന്ത്ര്യമാണ് ഇസ്രയേൽ ജനതയുടെ മാത്രമല്ല, മാനവകുലത്തിന്‍റെ തന്നെ ഭാഗധേയം യുഗങ്ങളായി നിർണയിച്ചുകൊണ്ടിരിക്കുന്നത്. അത്തരമൊരു തെരഞ്ഞടുപ്പിനെ നാം നേരിടുകയാണിന്ന്. ചരിത്രപരമായ സമാധാനത്തിന്‍റെ നിസ്സീമമായ സമൃദ്ധിയും ഐശ്വര്യവും പ്രതീക്ഷയുമാണോ തീവ്രവാദത്തിന്‍റെയും ഭയാനകമായ യുദ്ധത്തിന്‍റെയും നിരാശയും ശാപവുമാണോ തെരഞ്ഞെടുക്കേണ്ടത്?
അഞ്ചുവർഷം മുമ്പ് ഈ പോഡിയത്തിൽ അവസാനമായി സംസാരിക്കുമ്പോൾ തെഹ്റാനിലെ സ്വേച്ഛാധിപതികളെ കുറിച്ച് ഞാൻ താക്കീത് നൽകിയിരുന്നു. വെറും ശാപമല്ലാതെ മറ്റൊന്നുമല്ല അത്. സ്വന്തം ജനതക്കും നമ്മുടെ മേഖലക്കും ലോകത്തിനു തന്നെയും ശാപം. പക്ഷേ, അന്ന് ചക്രവാളത്തിൽ ദർശിക്കാവുന്ന മറ്റൊരു മഹാനുഗ്രഹത്തെ കുറിച്ചുകൂടി ഞാൻ പറഞ്ഞിരുന്നു.
ഇതാണ് ഞാൻ പറഞ്ഞത്:‘‘ഇറാനെന്ന പൊതുഭീഷണി ഇസ്രയേലിനെയും പല അറബ് രാജ്യങ്ങളെയും മുമ്പെങ്ങുമില്ലാത്ത വണ്ണം സൗഹൃദത്തിലാക്കിയിരിക്കുന്നു. എന്‍റെ ജീവിതകാലത്ത് ഇങ്ങനെ യൊന്ന് ഞാൻ കണ്ടിട്ടില്ല. ഈജിപ്തിനും ജോർദാനും അപ്പുറം മറ്റ് അറബ് അയൽപക്കങ്ങളിലേക്ക് സമാധാനം വ്യാപിപ്പിക്കാൻ ഇസ്രയേലിന് കഴിയുന്ന ഒരുദിനം ഉടൻ വരിക തന്നെ ചെയ്യും.’’
ഇന്നിപ്പോൾ നിരവധി ലോകനേതാക്കളുമായുള്ള ചർച്ചകൾക്ക് ശേഷം എനിക്ക് പറയാനാകും, ഇസ്രയേലും അറബ് രാജ്യങ്ങളും പല പൊതുതാൽപര്യങ്ങളും പങ്കുവെക്കുന്നുണ്ട്. ഈ പൊതുതാൽപര്യങ്ങൾ മേഖലയിൽ വിശാലമായ സമാധാനം സ്ഥാപിക്കുന്നതിനുള്ള അവസരമൊരുക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. (സദസിൽ നിന്ന് ഒറ്റപ്പെട്ട കൈയടികൾ ഉയരുന്നു. അവിടേക്ക് നോക്കി താങ്ക്യൂ എന്ന് പറഞ്ഞ് പ്രസംഗം തുടർന്നു.)
ഇന്നിപ്പോൾ നിങ്ങൾ കൈയടിക്കുന്നു. പക്ഷേ, അന്ന് ഞാനിത് പറയുമ്പോൾ പലരും എന്‍റെ ശുഭാപ്തി വിശ്വാസത്തെ തള്ളിക്കളയുകയായിരുന്നു. കാൽനൂറ്റാണ്ട്കാലത്തെ നല്ല ഉദ്ദേശവും പരാജയപ്പെട്ട സമാധാനസംരംഭങ്ങളായിരുന്നു അവരുടെ അശുഭചിന്തക്ക് അടിസ്ഥാനം. എന്തുകൊണ്ടാണ് ആ നല്ല ഉദ്ദേശങ്ങൾ എപ്പോഴും പരാജയപ്പെട്ടത്? അതിന് ഒരുകാരണം മാത്രമേയുള്ളു. ഫലസ്തീനുമായി ആദ്യം സമാധാന കരാർ ഉണ്ടാക്കാതെ മറ്റ് അറബ് രാജ്യങ്ങൾ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കില്ലെന്ന തെറ്റായ ആശയമായിരുന്നു ആ കാരണം. ഫലസ്തീനുമായി സമാധാനമുണ്ടാക്കാൻ ഞാൻ എത്രയോ കാലമായി ശ്രമിക്കുന്നു. പക്ഷേ, മറ്റ് അറബ് രാജ്യങ്ങളുമായി സമാധാന കരാറുകൾ ഉണ്ടാക്കുന്നതിൽ ഫലസ്തീനികൾക്ക് വീറ്റോ അധികാരം നൽകാൻ പാടില്ലെന്നും ഞാൻ വിശ്വസിക്കുന്നു.
വിശാലമായ സാമധാനം കൊണ്ട് ഫലസ്തീനികൾക്കും വലിയ ഗുണമുണ്ടാകും. അവരും ഈ പ്രക്രിയയുടെ ഭാഗമാകണം? പക്ഷേ, പ്രക്രിയക്ക് മേൽ വീറ്റോ അധികാരം ഉണ്ടാകരുത്. കൂടുതൽ അറബ് രാജ്യങ്ങളുമായി സമാധാന കരാറുകൾ ഉണ്ടാകുന്നത് ഇസ്രയേലും ഫലസ്തീനുമായുള്ള സമാധാന ശ്രമങ്ങളെ കൂടുതൽ മെച്ചപ്പെടുത്തുമെന്നും ഞാൻ കരുതുന്നു.
നോക്കൂ, മൊത്തം അറബ് ലോകത്ത് ഫലസ്തീനികൾ ആകെ രണ്ടുശതമാനം മാത്രമാണ്. പക്ഷേ, 98 ശതമാനം വരുന്ന മറുപക്ഷം ഇസ്രയേലുമായി എന്നെന്നും യുദ്ധാന്തരീക്ഷത്തിൽ കഴിയുന്നത് വഴി ജൂത രാഷ്ട്രത്തെ ശ്വാസം മുട്ടിക്കാമെന്നും തകർക്കാമെന്നും അവർ കരുതുന്നു. അറബ് ലോകത്തിൽ നല്ലൊരുഭാഗവും ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്നത് കാണുന്നതോടെ ജൂത രാഷ്ട്രത്തെ തകർക്കാമെന്ന വ്യാമോഹം ഫലസ്തീനികൾ ഉപേക്ഷിക്കുകയും ആത്യന്തികമായി യഥാർഥ സമാധാനത്തിനെറ പാതയിലേക്ക് വരികയും ചെയ്യും. വർഷങ്ങളായി, സമാധാനത്തിനുള്ള എന്‍റെ സമീപനങ്ങളെ ‘വിദഗ്ധർ’ തള്ളിക്കളയുകയാണ്. പക്ഷേ, അവർക്ക് പിഴച്ചിരിക്കുന്നു. അവരുടെ സമീപനം കൊണ്ട് കാൽനൂറ്റാണ്ടുകൊണ്ട് ഒരു സമാധാനകരാർ പോലും ഉണ്ടാക്കിയെടുക്കാൻ നമുക്ക് കഴിഞ്ഞില്ല.
2020 ൽ ഞാൻ വിഭാവനം ചെയ്യുന്ന സമീപനം കൊണ്ട് വ്യത്യസ്തമായ ചിലത് ഞങ്ങൾ ശ്രമിച്ചുനോക്കി. വലിയ കാലതാമസം കൂടാതെ അസാധാരണമായ നേട്ടങ്ങൾ ഉണ്ടായി. യു.എസിനൊപ്പം പ്രവർത്തിച്ച് നാലു സമാധാനകരാറുകൾ ഞങ്ങൾ സാധ്യമാക്കി. നാലുമാസം കൊണ്ട് നാലുകരാറുകൾ. യു.എ.ഇ, ബഹ്റൈൻ, സുഡാൻ, മൊറോക്കോ എന്നീ രാജ്യങ്ങളുമായി. ചരിത്രത്തിന്‍റെ കേന്ദ്രബിന്ദുവായി അബ്രഹാം അക്കോഡ് മാറുകയായിരുന്നു. ഇന്നിപ്പോൾ അതിന്‍റെ അനുഗ്രഹങ്ങൾ നാം കണ്ടുകൊണ്ടിരിക്കുന്നു. പുതിയ സമാധാന പങ്കാളികളുമായുള്ള വ്യാപാരവും നിക്ഷേപവും കുതിച്ചുയരുകയാണ്. വാണിജ്യം, ഊർജം, ജലം, കൃഷി, ഔഷധം, കാലാവസ്ഥ, തുടങ്ങി അനേകമനേകം രംഗങ്ങളിൽ സഹകരണം ഊർജിതമാണ്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ 10 ലക്ഷത്തിനടുത്ത് ഇസ്രയേലികളാണ് യു.എ.ഇ സന്ദർശിച്ചത്. 70 വർഷം ചെയ്യാൻ കഴിയാതിരുന്ന കാര്യങ്ങൾക്കായി ഇസ്രയേലികൾ എല്ലാദിവസവും പണവും സമയവും സേവ് ചെയ്യുന്നു. ഗൾഫ്, ഇന്ത്യ, ഫാർ ഈസ്റ്റ്, ആസ്ട്രേലിയ തുടങ്ങിയിടങ്ങളിലേക്ക് അറേബ്യൻ ഉപഭൂഖണ്ഡത്തിന് മുകളിലുടെ അവർ പറക്കുന്നു. നാടകീയമായ മാറ്റങ്ങൾക്കാണ് അബ്രഹാം അക്കോഡ് വഴിതുറന്നത്. അറബികളെയും ജൂതൻമാരെയും അത് അടുപ്പിച്ചു.
ഒരുപാട് ജൂത കല്യാണങ്ങൾ ദുബായിൽ നടക്കുന്നത് നമ്മൾ കാണുന്നു. ബഹ്റൈനിൽ സിനഗോഗ് വന്നു. കാസബ്ലാങ്കയിലുള്ള മ്യൂസിയം ഓഫ് മൊറോക്കൻ ജൂദായിസം മ്യൂസിയത്തിലേക്ക് സന്ദർശകർ ഒഴുകുകയാണ്. യു.എ.ഇയിൽ അറബ് വിദ്യാർഥികൾക്ക് ഹോളോകോസ്റ്റിനെ കുറിച്ച് ക്ലാസ് നൽകുന്നത് നമ്മൾ കാണുന്നു. സമാധാനത്തിന്‍റെ പുതുയുഗമാണ് അബ്രഹാം അക്കോഡ് തുറന്നതെന്നതിൽ സംശയമേതുമില്ല.
പക്ഷേ, അതിലും നാടകീയമായ മറ്റൊരു നേട്ടത്തിന്‍റെ വക്കിലാണ് നാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സൗദി അറേബ്യയുമായുള്ള ചരിത്രപരമായ സമാധാന ഉടമ്പടി. അത്തരമൊരു കരാർ അറബ് ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കുന്നതിൽ ഏറെ ദൂരം നമ്മെ മുന്നോട്ടുകൊണ്ടുപോകും. ഇസ്രയേലുമായി ബന്ധപ്പെടാൻ മറ്റ് അറബ് രാജ്യങ്ങളെ അത് പ്രോത്സാഹിപ്പിക്കും. ഫലസ്തീനികളുമായുള്ള സമാധാന കരാറുകളുടെ സാധ്യതയെ അത് പരിപോഷിപ്പിക്കും. ജൂദായിസവും ഇസ്ലാമും തമ്മിലും ജറുസലമും മക്കയും തമ്മിലും ഇസ്ഹാഖിന്‍റെയും ഇസ്മായിലിന്‍റെയും പിൻമുറക്കാർ തമ്മിലുമുള്ള അനുരഞ്ജനത്തിശന്‍റ വാതിലുകൾ അത് തുറക്കും. ഇതെല്ലാം അതിഗംഭീരമായ വരപ്രസാദമായിരിക്കും. (സദസിൽ നിന്ന് കുറച്ചുകൂടി ആവേശകരമായ കൈയടി ഉയരുന്നു. സൗദി അറേബ്യയുടെ ബെഞ്ചിൽ പകുതി തല മറച്ച ഒരു യുവതി മാത്രമാണുളളത്. അവരും കൈയടിച്ചോ എന്ന് വ്യക്തമല്ല. പക്ഷേ, ക്യാമറ അവരെ ഫോക്കസ് ചെയ്ത് കാണിച്ച നിമിഷത്തിൽ അവർ കൈകൾ മടിയിൽ വെച്ചിരിക്കുകയാണ്)
രണ്ടാഴ്ച മുമ്പ് മറ്റൊരു അനുഗ്രഹം നമ്മുടെ കൺമുന്നിലുണ്ടായിരുന്നു. ജി 20 സമ്മേളനത്തിൽ പ്രസിഡന്‍റ് ബൈഡൻ, പ്രധാനമന്ത്രി മോഡി, യൂറോപ്യൻ, അറബ് നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ അറേബ്യൻ ഉപഭൂഖണ്ഡവും ഇസ്രയേലും കടന്നുപോകുന്ന ഒരു ഭാവനാത്മക ഇടനാഴി പ്രഖ്യാപിക്കപ്പെട്ടു. നാവികപാതയിലും റെയിൽപാതയിലും എനർജി പൈപ്പ്ലൈനിലും ഫൈബർ ഒപ്ടിക് കേബിളിലും ഇത് ഇന്ത്യയെയും യൂറോപിനെയും ബന്ധിപ്പിക്കും.
എന്തൊരു ചരിത്രപരമായ മാറ്റമാണ് എന്‍റെ രാജ്യത്തിന്! നിങ്ങൾ നോക്കൂ, ആഫ്രിക്കയുടെയും ഏഷ്യയുടെയും യൂറോപ്പിന്‍റെയും പാതയിലെ നാൽകവലയിലാണ് ഇസ്രയേൽ. ഇതുവഴി മറ്റിടങ്ങളിലേക്ക് കടന്നുപോയ സാമ്രാജ്യങ്ങളെലെല്ലാം നൂറ്റാണ്ടുകളോളം എന്‍റെ രാജ്യത്തെ കീഴ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്തു. പക്ഷേ, ഇന്ന് ശത്രുതയുടെ മതിലുകൾ നമ്മൾ പൊളിച്ചുനീക്കി. ഈ ഭൂഖണ്ഡങ്ങൾക്കിടയിൽ ശാന്തിയുടെയും സമൃദ്ധിയുടെയും പാലമായി ഇസ്രയേൽ ഇന്ന് മാറിയിരിക്കുന്നു.
ഇസ്രയേലും സൗദി അറേബ്യയും തമ്മിലുള്ള സമാധാന കരാർ ഉറപ്പായും പുതിയൊരു മിഡിലീസ്റ്റിനെ സൃഷ്ടിക്കും. ഈ പരിവർത്തനത്തിന്‍റെ വ്യാപ്തി എന്താണെന്ന് നാം മനസിലാക്കണം. ഇസ്രയേൽ സ്ഥാപിതമായ 1948 ലെ മിഡിലീസ്റ്റിന്‍റെ ഭൂപടം ഞാനൊന്ന് കാണിക്കട്ടെ. (തുടർന്ന് പോഡിയത്തിൽ നേരത്തെ കൊണ്ട് വെച്ചിരുന്ന ഭൂപടം ഉയർത്തിക്കാട്ടുന്നു. അതിൽ ഇസ്രയേലിനെ ചൂണ്ടി തുടർന്നു...). 1948 ൽ ഇവിടെയാണ് ഇസ്രയേൽ. ശത്രുക്കളായ അറബ് ലോകത്താൽ ചുറ്റപ്പെട്ട ഒരു ചെറിയ രാജ്യം. നമ്മുടെ ആദ്യ 70 വർഷങ്ങളിൽ ഈജിപ്തുമായും ജോർദാനുമായും നമ്മൾ കരാറുകളുണ്ടാക്കി. പിന്നെ 2020 ൽ നമ്മൾ അബ്രഹാം അക്കോഡിലൂടെ മറ്റൊരു നാലുഅറബ് രാജ്യങ്ങളുമായി കൂടി ബന്ധപ്പെട്ടു. ഇനി ഇസ്രയേൽ സൗദിഅറേബ്യയുമായി കൂടി ബന്ധമുണ്ടാക്കിയാൽ എങ്ങനെയുണ്ടാകുമെന്ന്കൂടി നോക്കൂ. (തുടർന്ന് The New Middle East എന്ന് രേഖപ്പെടുത്തിയ മറ്റൊരുഭൂപടം ഉയർത്തിക്കാട്ടുന്നു. അതിൽ ഒമാനും യെമനും ഒഴികെയുള്ള അറേബ്യൻ ഉപഭൂഖണ്ഡവും ചെങ്കടലിനപ്പുറം ആഫ്രിക്കയിലെ ഈജിപ്തും സുഡാനുമൊക്കെ ഇളംപച്ച നിറത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നീല നിറത്തിൽ ഇസ്രയേൽ. അതിൽ ഫലസ്തീനില്ല. മുഴുവൻ ഇസ്രയേൽ മാത്രം.) മിഡിലീസ്റ്റ് ആകെ മാറുന്നു. ശത്രുതയുടെ മതിൽക്കെട്ടുകൾ നാം പൊളിച്ചുനീക്കുന്നു. മേഖലയിലാകെ സമാധാനത്തിന്‍റെ പുതിയ സാധ്യത നാം കൊണ്ടുവരുന്നു. പക്ഷേ, മറ്റ് ചിലത് കൂടിയുണ്ട്.
നിങ്ങൾക്കറിയാം, ഏതാനും വർഷം മുമ്പ് ഇവിടെ നിൽക്കുമ്പോൾ ഒരു റെഡ് മാർക്കറുമായി വൻ ശാപമായ ന്യൂക്ലിയർ ഇറാനെ കുറിച്ച് ഞാൻ സംസാരിച്ചിരുന്നു. പക്ഷേ, ഇന്ന് ഈ മാർക്കർ ഞാൻ കൊണ്ടുവന്നത് (ചുവന്ന മാർക്കർ കാണിക്കുന്നു) മഹാനുഗ്രഹങ്ങളെകുറിച്ച് പറയാനാണ്. മിഡിലീസ്റ്റിന്‍റെ അനുഗ്രഹം. ഇസ്രയേലിന്‍റെയും സൗദി അറേബ്യയുടെയും നമ്മുടെ മറ്റ് അയൽക്കാരുടെയും അനുഗ്രഹം. ഇസ്രയേലിനും അയൽക്കാർക്കുമിടയിലെ വേലിക്കെട്ടുകൾ മാത്രമല്ല നാം പൊളിച്ചുകളയുന്നത്. യു.എ.ഇ, സൗദി അറേബ്യ, ജോർദാൻ, ഇസ്രയേൽ വഴി ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സമൃദ്ധിയുടെയും സമാധാനത്തിന്‍റെയും പുതിയൊരു ഇടനാഴി കൂടി നാം സൃഷ്ടിക്കും. (മാപ്പിൽ അറബിക്കടലിൽ നിന്ന് ഈ രാജ്യങ്ങൾ വഴി മെഡിറ്ററേനിയൻ കടൽ കടന്നു യൂറോപ്പിനെ തൊടുന്നൊരു ചുവന്ന വര വരയ്ക്കുന്നു). ഇതൊരു ആശ്ചര്യകരവും അതിമഹത്തുമായ മാറ്റമാണ്. ചരിത്രമാണ്. ശാന്തിയുടെ വൃത്തം വിപുലമാകുന്നതിനൊപ്പം ഫലസ്തീൻ അയൽക്കാരുമായുള്ള നമ്മുടെ യഥാർഥ സമാധാനവും സാധ്യമാകും.
പക്ഷേ, അതിനൊരു മുന്നറിയിപ്പ് നൽകാനുണ്ട്. ഇവിടെ ഞാനത് ഉറപ്പിച്ചുപറയുന്നു. സത്യത്തെ അടിസ്ഥാനപ്പെടുത്തി മാത്രമേ സമാധാനം കൊണ്ടുവരാനാകുള്ളു. കള്ളങ്ങൾക്ക് മേൽ സമാധാനം കെട്ടിപ്പടുക്കാനാകില്ല. ജൂതജനതയെ എന്നെന്നും മോശമായി ചിത്രീകരിച്ചുകൊണ്ട് അത് സാധ്യമാകില്ല. ജൂത ജനതക്കും ജൂത രാഷ്ട്രത്തിനുമെതിരെ ഭീകരമായ ആൻറി സെമിറ്റിക്ഗൂഡാലോചനകൾ പടർത്തുന്നത് ഫലസ്തീൻ നേതാവ് മഹ്മൂദ് അബ്ബാസ് അവസാനിപ്പിക്കണം. ഹിറ്റ്ലർ ആന്‍റി സെമിറ്റിക് ആയിരുന്നില്ലെന്ന് അദ്ദേഹം അടുത്തിടെ പറഞ്ഞു. അതെ, അദ്ദേഹം അങ്ങനെ പറഞ്ഞു. തീവ്രവാദികളെ വാഴ്ത്തുന്നത് ഫലസ്തീൻ അതോറിറ്റി നിർത്തണം. ജൂതരെ കൊല്ലാൻ ഫലസ്തീൻ തീവ്രവാദികൾക്ക് ധനസഹായം നൽകുന്നത് അവർ അവസാനിപ്പിക്കണം. ഇതെല്ലാം അത്യാചാരങ്ങളാണ്. ശാന്തി പുലരണമെങ്കിൽ ഇതൊക്കെ അവസാനിക്കപ്പെടണം.
സമാധാനം നേടണമെങ്കിൽ ഫലസ്തീനികൾ ജൂതവിരോധം ചീറ്റുന്നത് നിർത്തി ജൂതരാജ്യവുമായി സ്വയം അനുരഞ്ജനത്തിന് തയാറാകണം. അതിനായി ജൂത രാഷ്ട്രത്തിന്‍റെ നിലനിൽപ്പ് മാത്രമല്ല, തങ്ങളുടെ ചരിത്രപരമായ മാതൃദേശത്ത്, ഈ ഇസ്രയേൽ ഭൂമിയിൽ അവർക്കൊരു രാജ്യമുണ്ടാകണമെന്നതും അംഗീകരിക്കപ്പെടണം. ഞാനൊന്ന് പറയട്ടെ, ഇസ്രയേൽ ജനത യഥാർഥ സമാധാനം ആഗ്രഹിക്കുന്നു. ഞാനും.
അരനൂറ്റാണ്ടിനു മുമ്പ്, ഒരുയുവ സൈനികനെന്ന നിലയിൽ ഞാനും ഇസ്രയേൽ സ്പെഷൽ ഫോഴ്സിലെ എന്‍റെ സഖാക്കളും പല യുദ്ധമുഖങ്ങളിൽ മരണം നേർക്ക്നേർ കണ്ടിട്ടുണ്ട്. സൂയസ് കനാലിലെ ഊഷ്മളമായ ജലപ്പരപ്പിൽ മുതൽ അങ്ങ് ഹെർമോൺ മലയിലെ തണുത്തുറഞ്ഞ താഴ്വരകളിൽ വരെ. ജോർദാൻ നദിക്കര മുതൽ ബെയ്റൂത്ത് വിമാനത്താവളത്തിന്‍റെ ടാർമാകിൽ വരെ. ഈഅനുഭവങ്ങളാണ് എന്നെ യുദ്ധത്തിന്‍റെ വില എന്താണെന്ന് പഠിപ്പിച്ചത്. എനിക്കൊപ്പമുണ്ടായിരുന്ന ഒരുൈസനികൻ തൊട്ടടുത്ത് മരിച്ചുവീണിട്ടുണ്ട്. മറ്റൊരാൾ എന്‍റെ കൈകളിൽ കിടന്ന് മരിച്ചിട്ടുണ്ട്. ഞാനെന്‍റെ മൂത്ത സഹോദരനെ ഖബറടക്കിയിട്ടുണ്ട് (എന്‍റബി ബന്ദിപ്രതിസന്ധി നേരിടാൻ ഇസ്രയേൽ നടത്തിയ സൈനിക നടപടിക്കിടെ മരിച്ച യോനാതൻ നെതന്യാഹുവിന്‍റെ കാര്യമാണ് പറയുന്നത്).
വ്യക്തിപരമായി യുദ്ധത്തിന്‍റെ കെടുതി അനുഭവിച്ചവർക്ക് സമാധാനത്തിന്‍റെ മൂല്യം വേഗം മനസിലാകും. ശാന്തിയുടെ പാതയിൽ നിരവധി പ്രതിബന്ധങ്ങളുണ്ട്. അതൊക്കെ ഞാൻ സൂചിപ്പിച്ചു. പക്ഷേ, ആ പ്രതിബന്ധങ്ങളൊക്കെ മറികടക്കാൻ എന്നാലാകുന്നതൊക്കെ ഞാൻ ചെയ്യും. രണ്ടുദിവസം മുമ്പ് പ്രസിഡൻറ് ബൈഡനോട് ഈ വീക്ഷണത്തെകുറിച്ച് സംസാരിച്ചിരുന്നു. ഞങ്ങളിരുവരും ഒരേ ശുഭാപ്തി വിശ്വാസം പങ്കുവെക്കുന്നു. പ്രസിഡന്‍റ് ട്രംപിന്‍റെ നേതൃത്വത്തിലാണ് അബ്രഹാം അക്കോഡിലെ നേട്ടങ്ങൾ നാം കൈവരിച്ചത്. ഇപ്പോൾ പ്രസിഡന്‍റ് ബൈഡന്‍റെ നേതൃത്വത്തിൽ സൗദിയുമായുള്ള കരാറും നാം സാധ്യമാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനൊപ്പം സഹകരിച്ച് നമ്മുടെ ജനതയുടെ ഭാവി ശോഭനമാക്കാൻ കഴിയും.
നിങ്ങൾക്കറിയാം, ഈ ലേപനത്തിൽ ഒരു ഈച്ചയുണ്ട്. ബാക്കി എന്തൊക്കെ നമ്മൾ ഉറപ്പുവരുത്തിയാലും ഇറാൻ ഭരിക്കുന്ന മതാന്ധർ ഇതിനെ െപാളിക്കാൻ അവരാൽ കഴിയുന്നത് ചെയ്യും. തീവ്രവാദ സംഘങ്ങളെ ആയുധമണിയിക്കാൻ ശതകോടിക്കണക്കിന് ഡോളറാണ് ഇറാൻ ചെലവിടുന്നത്. മിഡിലീസ്റ്റിലും യൂറോപ്പിലും ഏഷ്യയും സൗത്ത് അമേരിക്കയിലും നോർത്ത് അമേരിക്കിലും വരെ അത് പടർന്നുകിടക്കുന്നു. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിെയ വധിക്കാൻഅവർ ശ്രമിച്ചു. നാഷനൽ സെക്യൂരിറ്റി അഡ്വൈസറെ കൊലപ്പെടുത്താൻ ശ്രമിച്ചു. ഇറാന്‍റെ ഹിംസാത്മകമായ ഉദ്യമങ്ങളെ കുറിച്ച് നാം അറിഞ്ഞിരിക്കണം. അന്താരാഷ്ട്ര കപ്പൽ ചാനലിനെ അവർ ഭീഷണിപ്പെടുത്തുകയാണ്. ഇറാന്‍റെ ഡ്രോൺ, മിസൈൽ പദ്ധതികൾ നമ്മുടെ അറബ് അയൽക്കാർക്ക് ഭീഷണിയാണ്. ഇറാന്‍റെ ഡ്രോണുകളാണ് യുക്രെയ്നിൽ മരണം വിതയ്ക്കുന്നത്. ഇറാൻ ആണവകരാർ ലംഘിച്ചാൽ ഉപരോധം പുനഃസ്ഥാപിക്കുമെന്ന് പടിഞ്ഞാറൻ ശക്തികൾ വാഗ്ദാനം ചെയ്തതാണ്. ഇറാനിപ്പോൾ കരാർ ലംഘിക്കുന്നു. ഉപരോധം പക്ഷേ, മടങ്ങിവന്നിട്ടില്ല. അവരുടെ ആണവമോഹങ്ങൾ അവസാനിപ്പിക്കണമെങ്കിൽ ഈ നയം മാറിയേ മതിയാകൂ. ഞാൻ ഇസ്രയേലിന്‍റെ പ്രധാനമന്ത്രിയായി തുടരുന്ന കാലത്തോളം, ഇറാൻ ആണവായുധം കൈവശപ്പെടുത്തുന്നത് തടയാൻ എന്നാൽ കഴിയുന്നത് ചെയ്തിരിക്കും. (നെതന്യാഹു ഇറാനെതിരെ ആഞ്ഞടിക്കുമ്പോൾ ഇറാന്‍റെ ബെഞ്ച് കാലിയായിരുന്നു. നെതന്യാഹു വരുന്നതിന് മുമ്പേ അവർ പ്രസംഗം ബഹിഷ്കരിച്ച് പുറത്തുപോയി.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.