അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനും (എ.ഐ.എം.ഐ.എം) മായാവതിയുടെ ബഹുജൻ സമാജ്വാദി പാർട്ടി (ബി.എസ്.പി) യും മുൻകൈയെടുത്ത് ബിഹാറിൽ രൂപവത്കരിച്ച പുതിയ മുന്നണി ലക്ഷ്യമിടുന്നത് മുസ്ലിം, ദളിത് വോട്ടുകളുടെ ഏകീകരണം. ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാർട്ടി (ആർ.എൽ.എസ്.പി), ദേവേന്ദ്ര യാദവിെൻറ സമാജ്വാദി ജനതാദൾ, ജനതന്ത്രിക് പാർട്ടി എന്നിവയാണ് മുന്നണിയിലെ മറ്റു കക്ഷികൾ. ഗ്രാൻഡ് ഡെമോക്രാറ്റിക് സെക്യുലർ ഫ്രണ്ട് (മഹാ ജനാധിപത്യ മതേതര മുന്നണി) എന്നാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട കൂട്ടായ്മയുടെ പേര്. കുശ്വാഹയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയാണ് മുന്നണി രംഗത്തിറങ്ങിയിട്ടുള്ളത്.
'അരികുവത്കരിക്കപ്പെട്ടവരോടുള്ള ഐക്യദാർഢ്യം' ആണ് മുന്നണിയുടെ പ്രഖ്യാപിത നയമെന്നാണ് ഘടക കക്ഷികളുടെ വിശദീകരണം. 'ദലിതുകളും മുസ്ലിംകളുമാണ് സമൂഹത്തിലെ ഏറ്റവും അവഗണിക്കപ്പെട്ട രണ്ടു വിഭാഗക്കാർ. എല്ലാ പിന്നാക്ക വിഭാഗങ്ങളും ഞങ്ങൾക്ക് പിന്തുണ നൽകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ എല്ലാ മതേതര വിശ്വാസികളും ഞങ്ങൾക്കൊപ്പം നിൽക്കുമെന്ന് കരുതുന്നു. ' -ബി.എസ്.പി നേതാവ് സുധീന്ദ്ര ഭദോരിയ 'ദ പ്രിൻറി'നോട് പറഞ്ഞു.
എ.ഐ.എം.ഐ.എം കുറച്ചു കാലമായി 'ദലിത്-മുസ്ലിം' ഐക്യത്തെക്കുറിച്ച് പറയുന്നു. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഗാദിയുമായി ചേർന്നാണ് എ.ഐ.എം.ഐ.എം മത്സരിച്ചത്. എന്നാൽ, ഈ കൂട്ടുകെട്ടിന് േവാട്ടർമാരെ കാര്യമായി സ്വാധീനിക്കാൻ കഴിഞ്ഞില്ല. അതോടെ, പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും വെേവ്വേറെയാണ് മത്സരിച്ചത്.
ദലിത്-മുസ്ലിം വോട്ടുകൾ വലിയ അളവിൽ പെട്ടിയിലാക്കാമെന്ന ബി.എസ്.പി, എ.ഐ.എം.ഐ.എം കക്ഷികളുടെ മോഹം അത്രയെളുപ്പം നടക്കാനിടയില്ല. ദലിതുകളുടെയും മുസ്ലിംകളുടെയും വോട്ട് ലക്ഷ്യമിട്ടാണ് രാഷ്ട്രീയ ജനതാ ദളും (ആർ.ജെ.ഡി) ലോക് ജനശക്തിയും പാർട്ടി (എൽ.ജെ.പി) പരമ്പരാഗതമായി ഗോദയിലിറങ്ങുന്നത്. ബിഹാറിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന കക്ഷികളും കൂടിയാണിവ.
'ദലിത് രാഷ്ട്രീയം അത്ര ശക്തമല്ലാത്ത ബിഹാറിൽ ബി.എസ്.പിക്ക് അടിത്തറയൊന്നുമില്ല. രാംവിലാസ് പാസ്വാൻ അത്രയേറെ ശ്രമിച്ചിട്ടും എൽ.ജെ.പിക്കുപോലും ദലിത് പാർട്ടിയെന്ന രീതിയിലേക്ക് വളരാൻ കഴിഞ്ഞിട്ടില്ല. എൽ.ജെ.പിയെ കൂടെക്കൂട്ടാൻ കഴിഞ്ഞിരുന്നെങ്കിൽ മൂന്നാം മുന്നണിക്ക് പ്രാധാന്യമുണ്ടാകുമായിരുന്നു. അവരില്ലെങ്കിൽ, കുറച്ചു സീറ്റുകളിൽ ആർ.ജെ.ഡിയുടെ വഴിമുടക്കികളാകാമെന്നല്ലാതെ മൂന്നാം മുന്നണിക്ക് നിർണായക റോളൊന്നുമുണ്ടാകില്ല.' -സെൻറർ ഫോർ പോളിസി ആൻഡ് റിസർച്ചിൽ ഗവേഷകനായ അസിം അലി നിരീക്ഷിക്കുന്നു. മുന്നണിയിലെ വലിയ കക്ഷിയായ ആർ.എൽ.എസ്.പിക്ക് വോട്ടുശേഖരിച്ചുനൽകാനുള്ള അടിത്തറയൊന്നും ബിഹാറിൽ ബി.എസ്.പിക്കും എ.ഐ.എം.ഐ.എമ്മിനും ഇല്ലെന്നും അലി ചൂണ്ടിക്കാട്ടുന്നു. എൻ.ഡി.എയിലേക്ക് കൂടുമാറാൻ മടിയില്ലാത്തവരാകും ആർ.എൽ.എസ്.പിയുടെ എം.എൽ.എമാരെന്ന തിരിച്ചറിവുള്ളതിനാൽ, ആർ.ജെ.ഡിയെ വിട്ട് ആർ.എൽ.എസ്.പിയെ പുൽകാൻ മുസ്ലിം വോട്ടർമാർ മടിക്കുമെന്നും അദ്ദേഹം പറയുന്നു.
മൂന്നാം മുന്നണിയെലാക്കെ രൂപവത്കരിച്ച് ഇക്കുറി രംഗത്തിറങ്ങുന്ന ബി.എസ്.പിക്കും എ.ഐ.എം.ഐ.എമ്മിനും 2015ലെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് നൽകിയത് കനത്ത തിരിച്ചടിയാണ്. മഹാ സഖ്യത്തിൽ മത്സരിക്കാതെ ഒറ്റക്കു പോരാടാനിറങ്ങി 243 മണ്ഡലങ്ങളിലും സ്വന്തം സ്ഥാനാർഥിയെ മത്സരിപ്പിച്ച ബി.എസ്.പിക്ക് ഒന്നിൽപോലും ജയിക്കാനായില്ല. ആറും സീറ്റിൽ മത്സരിച്ച എ.ഐ.എം.ഐ.എമ്മിെൻറ അവസ്ഥയും അതുതന്നെയായിരുന്നു. മൊത്തം പോൾ ചെയ്ത വോട്ടിൽ കേവലം 0.2 ശതമാനമാണ് എ.ഐ.എം.ഐ.എമ്മിന് കിട്ടിയത്. ബി.എസ്.പിക്ക് രണ്ടു ശതമാനവും.
എന്നാൽ, 2019ലെ ഉപതെരഞ്ഞെടുപ്പിൽ കിഷൻഗഞ്ച് സീറ്റിൽ അട്ടിമറിജയം നേടാൻ എ.ഐ.എം.ഐ.എമ്മിന് കഴിഞ്ഞു. 10000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പാർട്ടി സ്ഥാനാർഥി ഖമറുൽ ഹുദ തെരഞ്ഞെടുക്കപ്പെട്ടത്.
ജയിക്കാൻ ഒരുതരത്തിലും കഴിയില്ലെങ്കിലും ഇരുമുന്നണികൾക്കും പാരയാകാൻ മൂന്നാം മുന്നണിക്ക് കഴിയുമെന്നാണ് നിരീക്ഷണം. മുസ്ലിം-ദലിത് വോട്ടുകളിൽ പ്രതീക്ഷയർപ്പിക്കുന്ന ആർ.ജെ.ഡി-കോൺഗ്രസ് സഖ്യത്തിെൻറ വോട്ടുബാങ്കിൽ നേരിയ തോതിലെങ്കിലും വിള്ളൽ വരുത്താൻ പുതിയ മുന്നണിക്ക് കഴിഞ്ഞേക്കും. അങ്ങനെ വരുേമ്പാൾ, ജനതാദൾ (യു)-ബി.ജെ.പി മുന്നണിക്ക് ചില സീറ്റുകളിൽ ജയിച്ചുകയറാൻ ഉവൈസിയുടെയും മായാവതിയുടെയും നീക്കം സഹായകരമാകും.
അതേസമയം, ജനതാദൾ (യു)വിെൻറ വോട്ട്ബാങ്കിലും മൂന്നാം മുന്നണി തിരിച്ചടി നൽകിയേക്കുമെന്ന വിലയിരുത്തലുകളുമുണ്ട്. നിതീഷ് കുമാർ നയിക്കുന്ന ജെ.ഡി.യുവിെൻറ പരമ്പരാഗത വോട്ട്ബാങ്ക് ദലിത് വിഭാഗങ്ങളാണ്. 'ജെ.ഡി.യു ബിഹാറിലെ ദലിതുകളിൽ വലിയൊരു വിഭാഗത്തിെൻറ വോട്ട് നേടിയാണ് വിജയിക്കാറ്. ഈ വോട്ടുകൾ ഭിന്നിപ്പിക്കാൻ ബി.എസ്.പിക്ക് കഴിഞ്ഞാൽ, ആർ.ജെ.ഡി നയിക്കുന്ന മുന്നണിക്ക് അത് ഗുണകരമാകും' -രാഷ്ട്രീയ നിരീക്ഷകനായ ബദ്രി നാരായൺ വിലയിരുത്തുന്നു. ഏതൊക്കെ മേഖലകളിൽ, എത്രമാത്രം തന്ത്രപരമായി ബി.എസ്.പിയും എ.ഐ.എം.ഐ.എമ്മും സ്ഥാനാർഥികളെ നിർത്തുന്നുവെന്നതും ഇതിൽ നിർണായകമാകുമെന്നും ബദ്രി ചൂണ്ടിക്കാട്ടുന്നു.
മുന്നണിയിൽനിന്നുള്ള സൂചനകളനുസരിച്ച്, യു.പിയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലെ ദലിത് ഭൂരിപക്ഷ പോക്കറ്റുകളിലായിരിക്കും ബി.എസ്.പി മത്സരിക്കുക. സീമാഞ്ചൽ മേഖലയിൽ മുസ്ലിം വോട്ടർമാർ കൂടുതലുള്ള മേഖലയിലായിരിക്കും എ.ഐ.എം.ഐ.എം ഗോദയിലിറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.