ഇല്ല, സ്വാതന്ത്ര്യപോരാട്ടത്തിൽ ആർ.എസ്.എസ് പങ്കെടുത്തിട്ടേയില്ല

ആയിരക്കണക്കിന് ധീരമനുഷ്യർ ജീവനും ജീവിതവും സമ്പാദ്യങ്ങളും ത്യജിച്ച് സാധ്യമാക്കിയതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധി.സ്വാതന്ത്ര്യപ്പോരാട്ടവേളയിൽ ബ്രിട്ടീഷ് അധിനിവേശകരെ സഹായിച്ച ആർ.എസ്.എസിനെ വെള്ളപൂശാനും നേതാക്കളെപോരാളികളായി എഴുന്നള്ളിക്കാനും നടക്കുന്ന ശ്രമങ്ങളെ പൊളിച്ചടുക്കുന്നു
പ്രമുഖ ചരിത്രകാരി മൃദുലാ മുഖർജി

രാജ്യം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുമ്പോൾ ഇതു കണക്കെടുപ്പിന്റെ സമയമാണ്. രാജ്യശിൽപികളും പൗരജനങ്ങളും സ്വപ്നം കണ്ട ഇന്ത്യ എത്രമാത്രം മുന്നേറി, നമ്മുടെ വെല്ലുവിളികളും വിജയങ്ങളും എന്തൊക്കെയാണ്? ഇന്ത്യയെന്ന ആധുനിക രാഷ്ട്രം എങ്ങനെയാണ് രൂപപ്പെട്ടത്. ദേശീയപതാക എന്തിനെ പ്രതിനിധാനം ചെയ്യുന്നു. വിഭജനത്തിന്റെ ആഘാതത്തെ സാഹിത്യവും സിനിമയും എങ്ങനെയാണ് നോക്കിക്കണ്ടത്.

1857ലെ മഹത്തായ സമരം, ഇന്ത്യൻ ദേശീയതയുടെ സാമ്പത്തിക അടിത്തറ പാകിയ ദാദാഭായ് നവറോജിയും മുന്നോട്ടുെവച്ച സിദ്ധാന്തം, സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ആസ്ഥാനമായി ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ സ്ഥാപനം, ബംഗാളിലും മഹാരാഷ്ട്രയിലും പഞ്ചാബിലും ജനങ്ങളെ തെരുവിലിറക്കിയ സ്വദേശി പ്രസ്ഥാനം, മഹാത്മാഗാന്ധിയുടെ വരവോടെയുണ്ടായ നാടകീയ വഴിത്തിരിവ്; ജാലിയൻ വാലാബാഗിന്റെ ഭയാനകത, ഗുരു കാ ബാഗ് മോർച്ചയിലെ അകാലി ജാഥകൾ, ബർദോളി കർഷകരുടെ നിശ്ശബ്ദ ഹീറോയിസം, മാപ്പ് യാചിക്കാൻ വിസമ്മതിച്ച ഭഗത് സിങ്ങിന്റെയും സഖാക്കളുടെയും വധശിക്ഷ, ഉപ്പുസത്യഗ്രഹം, ക്വിറ്റ് ഇന്ത്യ മുദ്രാവാക്യം, ആസാദ് ഹിന്ദ് ഫൗജ്, ചെങ്കോട്ട വിചാരണ, ഒടുവിൽ 1947 ആഗസ്റ്റ് 15ന് അർധരാത്രിയിൽ വിധി നിർണയിച്ച സ്വാതന്ത്ര്യ പ്രഖ്യാപനം...

ദേശീയവാദികളെന്ന് അവകാശവാദമുന്നയിക്കുന്നവരുടെ സാന്നിധ്യത്തിനായി വിശാലമായ ചരിത്രത്തിൽ പരതിയപ്പോൾ ആരെയും കണ്ടില്ല. ഈ പ്രകടമായ അഭാവം ഉണ്ടായിരുന്നിട്ടും സ്വാതന്ത്ര്യം നിലവിൽ ഭരിക്കുന്നവരിൽനിന്ന് ഭിന്നമായ കാഴ്ചപ്പാടുള്ള ദശലക്ഷക്കണക്കിന് മനുഷ്യർ ചേർന്ന് നേടിയെടുത്തതാണ് എന്ന് അംഗീകരിക്കാൻ അവർ തയാറായിട്ടില്ല. സ്വാതന്ത്ര്യസമരത്തിൽനിന്ന് വിട്ടുനിന്നതിലെ തെറ്റ് അംഗീകരിക്കാനോ വർഗീയ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്ന നടപടികളിൽ പശ്ചാത്തപിക്കാനോ അവർ കൂട്ടാക്കിയില്ല, എന്തിനു പറയണം 1998ൽ കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ വരുന്നതുവരെ സ്വാതന്ത്ര്യാനന്തരം 52 വർഷത്തേക്ക് ത്രിവർണപതാക ഉയർത്താൻപോലും ആർ.എസ്.എസ് തയാറായിട്ടില്ല.

1925ൽ കെ.ബി. ഹെഡ്ഗെവാർ രൂപം നൽകിയ സംഘമാണ് ബി.ജെ.പിക്ക് സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ കരുത്തു നൽകുന്ന ആർ.എസ്.എസ്. 1925 മുതൽ 1947 വരെയുള്ള ഒരുഘട്ടത്തിലും സ്വാതന്ത്ര്യപ്പോരാട്ടവുമായി ബന്ധപ്പെട്ട് കോൺഗ്രസോ മറ്റേതെങ്കിലും പാർട്ടിയോ കൂട്ടായ്മകളോ നടത്തിയ ഒരു മുന്നേറ്റത്തിലും അവർ പങ്കെടുത്തിട്ടില്ല. ബ്രിട്ടീഷുകാർക്കെതിരെ സ്വന്തം നിലക്കും ഒരു നീക്കവും നടത്തിയില്ല. ദേശീയതയെ തങ്ങളുടെ വിശ്വാസപ്രമാണമായി അവകാശപ്പെടുന്ന ഒരു സംഘടനയുടെ ഇത്തരമൊരു നിലപാട് തീർച്ചയായും ശ്രദ്ധേയമാണ്.

അതേസമയം, അവർ മുന്നോട്ടുവെക്കുന്നത് ഇന്ത്യൻ ദേശീയതയല്ല മറിച്ച്, ഹിന്ദു ദേശീയതയാണ് എന്ന കാര്യം മനസ്സിലാക്കിയാൽ കുരുക്കഴിയും. മുസ്‍ലിം ആധിപത്യ ഭീഷണിക്കെതിരെ ഹിന്ദു സമൂഹത്തെ ഏകീകരിക്കുക എന്നതായിരുന്നു അവരുടെ പ്രാഥമിക ലക്ഷ്യം.ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്‌ഗേവാർ നാഗ്പുരിലെ ഒരു മധ്യനിര കോൺഗ്രസ് നേതാവായിരുന്ന കാലത്ത് നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്ത് ജയിലിലായിരുന്നു.

എന്നാൽ, ഇറ്റലിയിൽ ചെന്ന് മുസോളിനിയെ സന്ദർശിക്കുകയും ഫാഷിസ്റ്റ് ആശയങ്ങളിൽ വളരെയധികം ആകൃഷ്ടനാവുകയും ചെയ്ത ഹിന്ദുമഹാസഭാ നേതാവ് ബി.എസ്. മൂഞ്ചെയുടെ കടുത്ത അനുയായിയായിരുന്നു ഇദ്ദേഹം. 1923ൽ പ്രസിദ്ധീകരിച്ച വി.ഡി. സവർക്കറുടെ 'ഹിന്ദുത്വ' അദ്ദേഹത്തെ സ്വാധീനിച്ചതായും കരുതപ്പെടുന്നു. മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും ഒഴിവാക്കി ഇന്ത്യ ഹിന്ദുക്കളുടെയും പുണ്യഭൂമിയും പിതൃഭൂമിയും ആക്കിമാറ്റുന്ന പ്രത്യയശാസ്ത്രമാണ് സവർക്കർ മുന്നോട്ടുവെച്ചത്.

ഹെഡ്‌ഗേവാറിന് ബൗദ്ധികവും പ്രത്യയശാസ്ത്രപരവുമായ ഇൻപുട്ടുകൾ ലഭിച്ചിരുന്നത് രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കെടുക്കില്ലെന്ന് ബ്രിട്ടീഷ് സർക്കാറിന് എഴുതിക്കൊടുത്ത് അന്തമാൻ ജയിലിൽനിന്ന് പുറത്തിറങ്ങിയ സവർക്കറിൽ നിന്നാണ്. 1925ൽ നാഗ്പുരിൽ നടന്ന ആർ.എസ്.എസ് സ്ഥാപക സമ്മേളനത്തിൽ പങ്കെടുത്ത അഞ്ചുപേരിൽ സവർക്കറുടെ ജ്യേഷ്ഠൻ ബാബുറാവു സവർക്കറും ഉണ്ടായിരുന്നു. പിന്നീട് സവർക്കർ തെൻറ സ്വന്തം സംഘടനയായ തരുൺ ഭാരത് സംഘിനെ ആർ.എസ്.എസിൽ ലയിപ്പിക്കുകയും ചെയ്തു.

ആർ.എസ്.എസ് സ്ഥാപിച്ച് രണ്ടു വർഷം പിന്നിടുമ്പോൾ സൈമൺ കമീഷൻ വിരുദ്ധ പ്രതിഷേധം രാജ്യത്താകെ അലയടിച്ചെങ്കിലും ആർ.എസ്.എസിനെ എങ്ങും കാണാനില്ലായിരുന്നു. കുറച്ചു കഴിഞ്ഞ്, 1929 ഡിസംബറിൽ, ലാഹോറിൽ നടന്ന കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിൽ ജവഹർലാൽ നെഹ്‌റു പ്രസിഡന്റായി ദേശീയ പതാക ഉയർത്തുകയും അതിന്റെ ലക്ഷ്യമായി സമ്പൂർണ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി ആചരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ദേശീയ പതാക ഉയർത്തുകയും നാട്ടുകാർ ദേശീയ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

ആർ.എസ്.എസ് സമ്പൂർണ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നതിനാൽ അവർ സ്വാതന്ത്ര്യദിനം ആചരിക്കണമെന്നും എന്നാൽ, ത്രിവർണ പതാകക്കു പകരം കാവി പതാക ഉയർത്തണമെന്നും ഹെഡ്ഗേവാർ നിർദേശിച്ചു.സമാനമായ രീതിയിൽ, വർഷാവസാനം നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ, ഹെഡ്‌ഗേവാർ വ്യക്തിയെന്ന നിലയിൽ ചേരുമെന്നും എന്നാൽ, ഒരു സംഘടന എന്ന നിലയിൽ ആർ.എസ്‌.എസ് വിട്ടുനിൽക്കുമെന്നും തീരുമാനിച്ചു. അദ്ദേഹം ജയിലിൽ പോയത് തന്റെ ദേശീയതവാദിയെന്ന യോഗ്യത നിലനിർത്താനും അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവചരിത്രകാരൻ പറയുന്നതനുസരിച്ച്, ജയിലിലെ കോൺഗ്രസ് പ്രവർത്തകരെ ആർ.എസ്.എസിലേക്ക് ആകർഷിക്കാനുമാണ്.

1937ൽ നിയന്ത്രണങ്ങളിൽനിന്ന് മോചിതനായി ഹിന്ദുമഹാസഭയുടെ അധ്യക്ഷ ചുമതലയേറ്റയുടൻ സവർക്കർ ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ടുവെച്ചു. ഹിന്ദുക്കളും മുസ്‍ലിംകളും രണ്ടു വ്യത്യസ്ത രാഷ്ട്രങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു മഹാസഭയെ അഭിസംബോധന ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ മുസ് ലിം വിരുദ്ധ, കോൺഗ്രസ് വിരുദ്ധ, ഗാന്ധി വിരുദ്ധ വികാരത്താൽ തീക്ഷ്ണമായിരുന്നു.

രണ്ടാം ലോക യുദ്ധം പൊട്ടിപ്പുറപ്പെട്ട വേളയിലെ മഹാസഭയുടെയും ആർ.എസ്എസിന്റെയും നിലപാടുകൾ ശ്രദ്ധിക്കേണ്ടതുണ്ട്: ബ്രിട്ടീഷുകാർ ഇന്ത്യയെ യുദ്ധത്തിൽ പങ്കാളിയായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് പ്രവിശ്യകളിലെ കോൺഗ്രസ് മന്ത്രിസഭകൾ രാജിെവച്ചു. ഉടൻ തന്നെ ആ വിടവ് നികത്താൻ വർഗീയ ശക്തികൾ കുതിച്ചു. മുസ്‍ലിം ലീഗ് സർക്കാർ രൂപവത്കരണത്തിന് സഹകരണം വാഗ്ദാനം ചെയ്തു.

1939 ഒക്ടോബറിൽ ഹിന്ദുമഹാസഭയുടെ പ്രസിഡന്റായിരുന്ന സവർക്കർ, ഹിന്ദുക്കളും ബ്രിട്ടീഷുകാരും സുഹൃത്തുക്കളായിരിക്കണമെന്ന് വൈസ്രോയിയോട് പറയുകയും കോൺഗ്രസ് മന്ത്രിസഭകൾ സ്ഥാനമൊഴിഞ്ഞാൽ ഹിന്ദുമഹാസഭ പകരം നിൽക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു (ലിൻലിത്‌ഗോ, വൈസ്രോയി, സെറ്റ്‌ലാൻഡിലേക്ക്, സ്റ്റേറ്റ് സെക്രട്ടറി, 7 ഒക്ടോബർ 1939, സെറ്റ്‌ലാൻഡ് പേപ്പേഴ്‌സ്, വാല്യം 18, റീൽ നമ്പർ. 6.).

അദ്ദേഹം ഹിന്ദുക്കളോട് സൈന്യത്തിൽ ചേരാൻ ഉപദേശിച്ചു. ഇത് അദ്ദേഹത്തിന്റെ 'ഹിന്ദുത്വത്തെ സൈനികവത്കരിക്കുക' എന്ന മുദ്രാവാക്യവുമായും സൈന്യത്തിൽ മുസ്‍ലിം സാന്നിധ്യം കുറക്കുകയെന്ന ലക്ഷ്യവുമായും യോജിക്കുന്നു. ഈ നയം പിന്തുടർന്ന്, ഹിന്ദു മഹാസഭ പിന്നീട് സർക്കാറുകളിൽ ചേരാൻ തുടങ്ങി, 1942ൽ ക്വിറ്റ് ഇന്ത്യ സമരത്തിന് തുടക്കമിട്ടപ്പോൾ ബ്രിട്ടീഷുകാർ കോൺഗ്രസിനെ ക്രൂരമായി അടിച്ചമർത്തുന്ന സമയത്ത് ഹിന്ദു മഹാസഭ നേതാവ് ശ്യാമ പ്രസാദ് മുഖർജി ബംഗാൾ ഗവൺമെന്റിലെ മന്ത്രിയായിരുന്നു.

സിന്ധിലും വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലും മുസ്‍ലിം ലീഗുമായി കൂട്ടുകക്ഷി സർക്കാറുകൾ രൂപവത്കരിക്കുന്നതിൽ ഹിന്ദു മഹാസഭക്കും ഒരു വിരോധവുമുണ്ടായിരുന്നില്ല. അതിന് മുമ്പ് 1940ൽ തന്നെ പാകിസ്താൻ തങ്ങളുടെ ലക്ഷ്യമായി ലീഗ് പ്രഖ്യാപിച്ചിരുന്നു. ലീഗും മഹാസഭയും കോൺഗ്രസിനെ തങ്ങളുടെ മുഖ്യശത്രുവായി കാണുകയും ബ്രിട്ടീഷുകാരുമായി ചങ്ങാത്തം കൂടാൻ തയാറാവുകയും ചെയ്തു. അതേസമയം തന്നെ ദേശീയവാദികളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.

കൊളോണിയൽ ഇന്ത്യയുടെ പ്രത്യേക പശ്ചാത്തലത്തിൽ, ബ്രിട്ടീഷുകാർക്കെതിരായ എല്ലാ ഇന്ത്യക്കാരും അണിനിരന്നപ്പോൾ പുറംതിരിഞ്ഞുനിന്നവരെ വർഗീയവാദികളും ബ്രിട്ടന്റെ വിശ്വസ്തരും ആയി മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ.


(ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ചരിത്രവിഭാഗം മുൻ പ്രഫസറും നെഹ്റു മെമോറിയൽ മ്യൂസിയം& ലൈബ്രറി മുൻ ഡയറക്ടറുമാണ് ലേഖിക)

നന്ദി : ദ വയർ

Tags:    
News Summary - No, RSS did not participate in the freedom struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.