തിരുവനന്തപുരം: ഇത്തവണ അങ്കത്തട്ടിൽ യു.ഡി.എഫുകാർ പ്രത്യേകിച്ച്, കോൺഗ്രസുകാർ പ്രധാനമായും മിസ് ചെയ്യുന്നത് ആരെയാകും? ഉത്തരം ഒന്നു മാത്രം, ഉമ്മൻ ചാണ്ടി. ഐക്യകേരളപ്പിറവിക്കുശേഷം പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞില്ലാത്ത ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. കോൺഗ്രസിന്‍റെ വലിയ ‘ക്രൗഡ് പുള്ളർ’ പുതുപ്പള്ളി പള്ളിമുറ്റത്ത് അന്ത്യനിദ്രയിലാണ്. ആൾക്കൂട്ടത്തിന് നടുവിൽ ജീവിച്ച നേതാവെന്നാണ് ഉമ്മൻ ചാണ്ടിയുടെ വിശേഷണം. മുഖ്യമന്ത്രിയായിരിക്കുമ്പോഴും അല്ലാത്തപ്പോഴും കുഞ്ഞൂഞ്ഞിന്‍റെ ഓഫിസിലും വീട്ടിലും ജനം തിങ്ങിക്കൂടി.
ഉമ്മൻ ചാണ്ടിയുടെ ജനസമ്മതി തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളുടെ തുറുപ്പുചീട്ടായിരുന്നു. പ്രചാരണത്തിൽ എന്തെങ്കിലും പോരായ്മയോ ആവേശക്കുറവോ തോന്നിയാൽ സ്ഥാനാർഥികൾ ആദ്യം വിളിക്കുക ഉമ്മൻ ചാണ്ടിയെയാണ്. ഇവിടെയൊന്ന് വരണം, ഉഷാറാക്കിത്തരണമെന്നുള്ള ആവശ്യം ഉമ്മൻ ചാണ്ടി തള്ളാറുമില്ല. കുഞ്ഞൂഞ്ഞ് എത്തുമ്പോൾ പ്രവർത്തകർ ആവേശഭരിതരാകും. സ്ഥാനാർഥി ഹാപ്പി.
ആവേശമുയർത്തുന്ന പ്രസംഗമോ, പഞ്ച് ഡയലോഗുകളോ അല്ല, ജനമനസ്സ് തൊട്ടുള്ള സംസാരവും ഇടപെടലുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ കരുത്ത്. അങ്ങനെയൊരു നേതാവിന്‍റെ പിൻബലമില്ലാത്ത സാഹചര്യം, അദ്ദേഹത്തിന്‍റെ ഓർമകൾ കത്തിച്ചുനിർത്തി മറികടക്കാനാണ് ശ്രമം. അക്കാര്യത്തിൽ കോൺഗ്രസിനൊപ്പം ഉമ്മൻ ചാണ്ടിയുടെ കുടുംബം ഒറ്റക്കെട്ടായുണ്ട്. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ, മക്കളായ അച്ചു ഉമ്മൻ, മറിയം ഉമ്മൻ എന്നിവർ പ്രചാരണത്തിൽ സജീവമായുണ്ട്. കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് കെട്ടിവെക്കാനുള്ള തുക കൈമാറിയത് മറിയാമ്മ ഉമ്മനാണ്. വടകരയിൽ പത്രിക സമർപ്പിക്കുമ്പോൾ അച്ചു ഉമ്മൻ ഷാഫി പറമ്പിലിനെ അനുഗമിച്ചു. പുതുപ്പള്ളി എം.എൽ.എ കൂടിയായ ചാണ്ടി ഉമ്മൻ എം.എൽ.എ കേരളത്തിലുടനീളം യു.ഡി.എഫ് പ്രചാരണത്തിൽ സജീവമാണ്.
പ്രായത്തിന്‍റെ വയ്യായ്കക്കിടയിലും മറിയാമ്മ ഉമ്മൻ തെരഞ്ഞെടുപ്പ് വേദിയിലെത്തിയതിന് വേറെയും കാരണമുണ്ട്. എ.കെ. ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർഥിയാണ്. കെ. കരുണാകരന്‍റെ മകൾ പത്മജ വേണുഗോപാൽ ബി.ജെ.പിയുടെ താരപ്രചാരകയായും രംഗത്തുണ്ട്. അടുത്തത് ഉമ്മൻ ചാണ്ടിയുടെ മക്കളെന്ന പ്രചാരണം ശക്തമാണ്. സംഘ്പരിവാർ, സി.പി.എം കേന്ദ്രങ്ങളിൽനിന്നുള്ള ആക്ഷേപത്തിന് യു.ഡി.എഫ് വേദികളിൽ സജീവമായി നിന്ന് മറുപടി നൽകുകയാണ് ഉമ്മൻ ചാണ്ടിയുടെ കുടുംബം. പത്തനംതിട്ടയിൽ അനിൽ ആന്‍റണിക്കെതിരെ മത്സരിക്കുന്ന ആന്‍റോ ആന്‍റണിക്കുവേണ്ടിയും ഉമ്മൻ ചാണ്ടിയുടെ കുടുംബം പ്രചാരണ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.