അറിഞ്ഞ് നിറഞ്ഞുണ്ടോണം

ഓണനാളി​ന്റെ ഹൃദയമാണ്​ വൈവിധ്യമാർന്ന വിഭവങ്ങൾ നിറഞ്ഞ ഓണസദ്യയെന്നുപറയാം. സ്വാദിനൊപ്പം ആരോഗ്യവും ഉറപ്പാക്കുന്ന ഓണസദ്യ ഒരു ദിവസം ഒരു വ്യക്തിക്ക് വേണ്ടുന്ന എല്ലാ പോഷകങ്ങളും അടങ്ങുന്ന കംപ്ലീറ്റ് ന്യുട്രീഷ്യൻ പ്ലാറ്ററാണ്​. ആറുനാട്ടിൽ നൂറുവിധത്തിലാണ് സദ്യയുടെ ചിട്ടവട്ടങ്ങളും വിഭവങ്ങളുടെ ഒരുക്കങ്ങളുമെങ്കിലും എല്ലാറ്റിനും ഒരു അടിസ്ഥാന സ്വഭാവമുണ്ട്. ഉപ്പേരി, പപ്പടം, പായസം, സാമ്പാർ, അവിയൽ, കാളൻ, ഓലൻ, തോരൻ, പരിപ്പ്, പച്ചടി, അച്ചാർ എന്നിങ്ങനെയുള്ള വിഭവങ്ങളെ മാറ്റിനിർത്തി ഒരു സദ്യ അസാധ്യവും അപൂർണവുമാണ്​. ആരോഗ്യമുള്ള, ദേഹാധ്വാനം ചെയ്യുന്ന ആളുകളെ സംബന്ധിച്ചിടത്തോളം സദ്യയിലെ ഈ വിഭവങ്ങളൊന്നുംതന്നെ ഒഴിവാക്കേണ്ടവയല്ല. കായികാധ്വാനമില്ലാത്ത, അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണശീലവും വ്യാപകമായതോടെയാണ്​ പല വിഭവങ്ങളുടെയും അളവ് നിയന്ത്രിക്കേണ്ടിവരുന്നത്​. പൂർവികരുടെ കാലംതൊട്ടേ സദ്യ എന്നാൽ വാഴയിലയിലാണ്. വാഴയിലയിൽ പോളിഫെനോൾ അടങ്ങിയ മെഴുക് പൂശുണ്ട്​. ചൂടുള്ള ഭക്ഷണം ഇലയിൽ വിളമ്പു​മ്പോൾ ആ മെഴുക് ഭക്ഷണത്തിൽ ലയിച്ച് രുചിയും സൗരഭ്യവും വർധിപ്പിക്കുന്നു.

സദ്യയിലെ പതിവ്​ വിഭവങ്ങളുടെ വിശേഷം നോക്കാം:

ചോറ്​

തവിടോടുകൂടിയുള്ള അരികൊണ്ടുള്ള ചോറിൽ ബി. കോംപ്ലക്സ് വൈറ്റമിനുകളായ തയമിൻ, റൈബോഫ്​ ലവിൻ, നിയായൻ എന്നിവയും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ടുതന്നെ ഇത് സാവധാനം നമ്മുടെ രക്തത്തിലെ പഞ്ചസാരയെ ഉയർത്തുന്നു. അതു കൊണ്ടുതന്നെ പ്രമേഹരോഗികൾക്കും ജീവിതശൈലി രോഗമുള്ളവർക്കും ഇത് ഗുണം ചെയ്യും. എന്നിരുന്നാലും അളവ് നിയന്ത്രിച്ച് കഴിക്കാൻ ശ്രദ്ധിക്കുക.

പരിപ്പ്

സദ്യയിലെ ഒരു പ്രധാന വിഭവമാണ് പരിപ്പുകറി. സസ്യാധിഷ്ഠിത പ്രോട്ടീനി​ന്റെ നല്ല ഉറവിടമാണിത്​. പരിപ്പിലുള്ള പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മർദം കുറക്കാൻ സഹായിക്കുന്നു.

അവിയൽ

പലതരത്തിലെ പച്ചക്കറികളും തേങ്ങയും തൈരും ചേർത്ത് തയാറാക്കുന്ന അവിയൽ സദ്യയിലെ കേമനാണ്. ഇതിലുള്ള നാരുകൾ ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. വൈറ്റമിനുകളുടെ കലവറയാണിത്​.

കിച്ചടി

വെള്ളരിക്ക, ബീറ്റ്റൂട്ട് എന്നിവയാണ് സാധാരണയായി കിച്ചടിക്ക് ഉപയോഗിക്കാറ്. വെള്ളരിക്ക ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാൻ സഹായിക്കുന്നു. പൈനാപ്പിൾ കിച്ചടിയും ഇപ്പോൾ സദ്യയിലുൾപ്പെടുത്താറുണ്ട്. പൈനാപ്പിളിലുള്ള സ്രൊമിലയ്ൻ എന്ന ഘടകം ദഹനപ്രശ്നങ്ങൾ നീക്കുന്നു. ബീറ്റ്റൂട്ടിൽ ഫോളിക് ആസിഡ്, അയേൺ, സിങ്ക് എന്നിവയുണ്ട്.

പുളിശേരി/കാളൻ

കാളനിൽ ചേർക്കുന്ന പുളിച്ച മോര് ദഹനപ്രശ്നങ്ങൾക്കുള്ള പ്രതിവിധിയാണ്. മനുഷ്യശരീരത്തിന് ഗുണകരമായ ബാക്ടീരിയ മോരിലുണ്ട്.

ഓലൻ

ഓലൻ മറ്റൊരു പ്രധാനവിഭവമാണ്. കുമ്പളങ്ങ, വൻപയർ എന്നിവ ഉൾപ്പെടുന്നതിനാൽ പ്രോട്ടീൻ, ഫൈബർ എന്നിവ ധാരാളം ലഭിക്കുന്നു. മലബന്ധം, മൂത്രാശയ രോഗം എന്നിവ കുറക്കുന്നു. വിരശല്യത്തിനും നല്ലത്​.

എരിശേരി

ഇതിലെ കേന്ദ്രവസ്​തുവായ മത്തങ്ങയിൽ കരാറ്റിൻ, പൊട്ടാസ്യം, മെഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. വൈറ്റമിൻ എ കാഴ്ചശക്തി വർധിപ്പിക്കുന്നു.

സാമ്പാർ

രുചിയുടെ കാര്യത്തിൽ മാത്രമല്ല ആരോഗ്യപരമായും ഏറെ ഗുണമുണ്ട്​ സാമ്പാറിന്​. പലതരം പച്ചക്കറികൾ അടങ്ങിയതിനാൽതന്നെ മലബന്ധം അകറ്റുന്നു. പരിപ്പ് പ്രോട്ടീൻ സമ്പുഷ്ടമാണ്. കായം ദഹന പ്രശ്നങ്ങൾ കുറക്കുന്നു. മല്ലി പ്രമേഹരോഗികൾക്ക് നല്ലതാണ്.

കുറുക്കുകാളൻ

നേന്ത്രക്കായ, ചേന, ജീരകം, കുരുമുളക്, തൈര് എന്നിവ ചേർത്ത് തയാറാക്കുന്ന കാളൻ അഥവാ കുറുക്കുകാളൻ സദ്യയിലെ പ്രധാനപ്പെട്ട ഒരു വിഭവമാണ്. ഇത്​ വാത,പിത്ത, കഫ അസുഖങ്ങൾ കുറക്കുന്നു, ഹോർമോൺ വ്യതിയാനങ്ങളെയും നിയന്ത്രിക്കുന്നു. പ്രോബയോട്ടിക് ഭക്ഷണമായ തൈരിൽ ദഹനത്തിന് ഗുണകരമായ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്.

അച്ചാർ

വീട്ടിലുണ്ടാക്കുന്ന ഉപ്പും മെഴുക്കും കുറഞ്ഞ, കൃത്രിമ നിറങ്ങളോ കൂട്ടുകളോ ചേർക്കാത്ത അച്ചാറുകളാണ്​ ഉപയോഗിക്കേണ്ടത്​.

കൂട്ടുകറി

ചേന, കടല എന്നിവയാണ്​ മുഖ്യചേരുവകൾ. ദഹന പ്രശ്നങ്ങൾക്കും മലബന്ധത്തിനും ചേന നല്ലതാണ്. നാരു കൾക്കുപുറമെ പൊട്ടാസ്യം, കാത്സ്യം, മെഗ്നീഷ്യം എന്നിവയും ധാരാളം വൈറ്റമിനുകളും അടങ്ങിയിട്ടുണ്ട്. കടലയാക​ട്ടെ പ്രോട്ടീൻ കലവറയാണ്​.

പായസം

പലനിറത്തിലും സ്വാദിലുമുള്ള പായസം ഇപ്പോൾ സദ്യയിൽ കാണാറുണ്ട്. പാൽപായസവും ശർക്കരപ്പായസവുമാണ് പണ്ടുമുതൽക്കേ കാണാറുള്ളത്. ശർക്കര ചേർത്ത് തയാറാക്കുന്ന പായസത്തിൽ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം എന്നിവ ധാരാളമുണ്ട്. പാൽപായസത്തിൽ കാത്സ്യം, പ്രോട്ടീൻ, ഫോസ്ഫറസ് എന്നിവയും അടങ്ങിയിരിക്കുന്നു. പച്ചക്കറികളും പഴവർഗങ്ങളും ചെറുധാന്യങ്ങളുമുപയോഗിച്ചും പായസം തയാറാക്കാം.

പണ്ടുകാലങ്ങളിൽ വിശേഷ ദിവസങ്ങളിൽ മാത്രമായിരുന്നു വിഭവസമൃദ്ധമായ സദ്യ. എന്നാൽ, ഇന്ന്​ ഓണക്കാലമായാൽ ജോലിസ്ഥലത്തും താമസസ്ഥലത്തും ഓരോരോ അസോസിയേഷനുകളിലും ആഘോഷങ്ങളും സദ്യയും ഉണ്ടാകും. ഗൾഫ്​ നാടുകളിലെ മലയാളികൾക്കിടയിൽ ഓണാഘോഷങ്ങളും സദ്യയും ക്രിസ്​മസ്​ കാലംവരെ തുടരും. ജീവിതശൈലി രോഗമുള്ളവരും അമിതവണ്ണമുള്ളവരും മിതമായ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.

(കോഴിക്കോ​ട്ടെ ക്ലിനിക്കൽ ന്യുട്രീഷ്യനാണ്​

ലേഖിക)

Tags:    
News Summary - Onam 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.