പൂക്കളത്തിലെ പൂക്കൾപോലെ, ചേർന്നുനിൽക്കുമ്പോഴാണ് ഭംഗിയുണ്ടാവുന്നത്. ഇമ്പമുണ്ടാവുന്നത്. കരുത്തുണ്ടാവുന്നത്. ചേർന്നുനിൽക്കലിന്റെ ആ സൗന്ദര്യം ഓർമപ്പെടുത്തുന്നുണ്ട്, ഓരോ ഓണവും. കുട്ടിക്കാലത്തെ ഓണ അനുഭവങ്ങളുടെ സൗരഭ്യം ജീവിതകാലം മുഴുവൻ കൂടെയുള്ളവരാണ് മിക്കവരും എന്നോർക്കുക. മലയാളിയുടെ ഉത്സവമെന്ന നിലക്ക് ഓണത്തിന് ഏറ്റവും വ്യാപ്തിയും സ്വീകാര്യതയുമുണ്ടായ കാലമാണിത്. വീടുകളിൽനിന്ന് പുറത്തേക്കിറങ്ങി ഒരു ഗ്രാമത്തിന്റെ തന്നെ ഉത്സവമായി ഓണം വളരുന്ന കാലമാണ് നമ്മൾ സ്വപ്നം കാണേണ്ടത്.
ഇക്കുറി ഓണത്തിന് പ്രത്യേകമായ സന്തോഷം നമുക്ക് പങ്കുവെക്കാനുണ്ട്. ചന്ദ്രയാൻ മൂന്നിന്റെ വിജയം ഭാരതത്തെ ലോകശാസ്ത്ര രംഗത്ത് ഏറ്റവും മുൻപന്തിയിലെത്തിച്ച ഒരു മഹാസംഭവം ഓർത്തുകൊണ്ടാണ് നാം ഈവർഷം ഓണം ആഘോഷിക്കുന്നത്. ഇത്ര വലിയൊരു വിജയം ഇത്ര കിറുകൃത്യമായി ശാസ്ത്രീയമായ പെർഫക്ഷനോടുകൂടി സാധ്യമാക്കാനായത് വലിയ ഒരു സംഘപ്രവർത്തനത്തിന്റെ ഫലമായാണ്. അനേകം പേർ ഒന്നിച്ച് ഒരു ലക്ഷ്യത്തിനുവേണ്ടി പലതരം പ്രവർത്തനങ്ങൾ നടത്തി അത് ഏകോപിപ്പിക്കുമ്പോൾ ഏതെങ്കിലും ഒരു കണ്ണിക്ക് തകരാറുണ്ടായാൽ മുഴുവൻ പ്രവർത്തനവും തകർന്നുപോവും. ഒരു വലിയ യന്ത്രത്തിന്റെ ഒരു ആണി ഇളകിയാൽ യന്ത്രത്തിന്റെ പ്രവർത്തനം തകരാറിലാവുന്നതുപോലെ. ചന്ദ്രയാൻ രണ്ടിന്റെ പരാജയത്തിൽനിന്ന് പാഠം പഠിച്ചാണ് ഇന്ത്യ ചന്ദ്രയാൻ മൂന്നിന്റെ പ്രവർത്തനം തുടങ്ങിയത്.
ഇപ്പോൾ അത് വലിയ വിജയമായി നമുക്ക് അഭിമാനകരമായ ഒരു മുഹൂർത്തം സമ്മാനിച്ചിരിക്കുന്നു.
ഈ സമയത്ത്, ഈ വലിയ വിജയത്തിനുള്ള അടിത്തറ പാകിയ ചിലരെ നമ്മൾ ഓർക്കേണ്ടതുണ്ട്. ഒന്നാമത്തേത് രാഷ്ട്രത്തിന്റെ ആദ്യ സാരഥി ജവഹർലാൽ നെഹ്രു തന്നെ. അദ്ദേഹത്തിന് ശാസ്ത്രബോധമുണ്ടായിരുന്നു. ശാസ്ത്രത്തിന്റെ പ്രാധാന്യം പറഞ്ഞുകൊടുത്താൽ മനസ്സിലാകുമായിരുന്നു. പറഞ്ഞുകൊടുക്കാൻ ഹോമി ജെ. ഭാഭയെയും വിക്രം സാരാഭായിയെയും പോലെയുള്ള മഹാരഥന്മാർ അദ്ദേഹത്തിന് കൂട്ടുകാരായുണ്ടായിരുന്നു. ചന്ദ്രനിൽ ഒരു പേടകത്തെ ഇറക്കാൻ സാധിച്ചു എന്നു മാത്രമല്ല, അതിലെ ടെക്നോളജിയുടെ വിജയം വിവിധ തലങ്ങളിലുള്ള നമ്മുടെ ടെക്നോളജിയുടെ വളർച്ചക്ക് സഹായിക്കും. അങ്ങനെ ഇന്ത്യയുടെ ശാസ്ത്രം ഏറ്റവും മഹത്തായ ഒരു തലത്തിലേക്ക് ഉയർത്താൻ ഈ വിജയത്തിലൂടെ സാധിച്ചു. ആ വിജയത്തോടു ചേർന്നാണ് നമ്മുടെ ഓണം എത്തിയിരിക്കുന്നത് എന്നത് നമുക്ക് അഭിമാനത്തിന്റെ മുഹൂർത്തം കൂടിയാണ്.
ഇത്രയേറെ പേർ ഒരു മനസ്സോടെ ചേർന്നു പ്രവർത്തിക്കുമ്പോൾ വലിയ വിജയത്തിലേക്ക് എത്തിച്ചേരാൻ കഴിയും എന്ന സന്ദേശം ചന്ദ്രയാൻ വിജയം നമുക്കു തരുന്നുണ്ട്. ഓണവും ഇതുപോലെ ഒരു സംഘപ്രവർത്തനമാക്കി മാറ്റേണ്ട സമയമായി. ഓരോരുത്തരും അവരവരുടെ വീട്ടിൽ ഇരുന്ന് ഓണം ആഘോഷിക്കുന്നതിനുപകരം ഒരു ഗ്രാമത്തിലെ മുഴുവൻ ആളുകളും ഒരു സ്ഥലത്ത് ഒന്നിച്ചുകൂടി, അതൊരു ക്ഷേത്രമോ പള്ളിയോ പള്ളിക്കൂട മൈതാനമോ ഓഡിറ്റോറിയവും പരിസരവുമോ- എല്ലാവർക്കും ചേർന്നിരിക്കാവുന്ന എവിടെയായാലും മതി. അവിടെ എല്ലാവരും ഒത്തുചേർന്ന് സ്നേഹം പങ്കിട്ട് ആഹാരം കഴിച്ച് പാട്ടുപാടി സന്തോഷമായി ഓണം ഉൾക്കൊണ്ടുപോകുന്ന ഒരു കാലം ഞാൻ സ്വപ്നം കാണുന്നു.
വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുവന്ന്, ജാതിയോ മതമോ നിറമോ സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുമിച്ചുകൂടി ആഹ്ളാദിക്കാനും ഒന്നിച്ച് ഭക്ഷണം കഴിക്കാനും ഒന്നിച്ച് ഒരു നല്ല ലോകത്തെ സ്വപ്നം കാണാനും പറ്റുന്ന ഒരു നല്ല ഉത്സവമായി ഓണത്തെ മാറ്റിയെടുക്കണം. അങ്ങനെ ഓണം മാറുമ്പോഴാണ് മാവേലി എന്ന മിത്ത് വിഭാവന ചെയ്യുന്ന തരത്തിൽ, എല്ലാവരും ഒരുപോലെയുള്ള, എല്ലാവരും ചിരിക്കുന്ന, എല്ലാവരും സന്തോഷിക്കുന്ന, കള്ളവും ചതിയുമില്ലാത്ത ഒരു ലോകം യാഥാർഥ്യമാവുകയുള്ളൂ. കള്ളവും ചതിയുമൊക്കെ എന്തിനാണ്? സ്വന്തം കാര്യവും സ്വന്തം വളർച്ചയും മാത്രം ആഗ്രഹിക്കുന്ന ഒരു സമൂഹമുണ്ടാകുമ്പോഴാണല്ലോ. അങ്ങനെ ആഗ്രഹിക്കാത്തവരാണെങ്കിൽ കള്ളവും ചതിയുമെന്തിന്. ചുറ്റുമുള്ളവരുടെ ക്ഷേമത്തെ തന്നെപ്പോലെ തന്നെ കാണുമ്പോഴാണ് ഓണസങ്കൽപം യാഥാർഥ്യമാവുന്നത്. ഒന്നിച്ചുകൂടാനും പരസ്പരം സൗഹൃദം പങ്കിടാനും സ്നേഹിക്കാനും ആഹാരം പങ്കുവെക്കാനും ഉള്ള ഒരു സംസ്കാരം. പങ്കുവെക്കുമ്പോൾ സന്തോഷത്തിന്റെയും ആഹാരത്തിന്റെയും സ്വാദ് വർധിക്കുന്നു എന്നതു കൂടി ഓണം ഓർമപ്പെടുത്തുന്നുണ്ട്. അത് കൂട്ടംചേരുന്നതിലെ ഒരു മാസ്മരികതയാണ്.
‘ഓണത്തിന് ഉറുമ്പിനും കൊടുക്കണം’ എന്നൊരു ചൊല്ലുണ്ട്. അങ്ങനെയൊരു പതിവുമുണ്ടായിരുന്നു പണ്ട്. ഉറുമ്പിനും ‘സദ്യ’യൂട്ടുന്നതു കണ്ടാണ് ഞാൻ വളർന്നത്. ഉറുമ്പിനും പശുവിനും കൂടി ഓണമില്ലെങ്കിൽ പിന്നെയെന്ത് ഓണം എന്നായിരുന്നു അമ്മയുടെ മട്ട്. ആ മനോഭാവമാണ് ശരിയായ ഓണമെന്തെന്ന് എന്നെ പഠിപ്പിച്ചത്.
അതെ; ഓണം കേരളീയരുടെ മഹത്തായ സ്വപ്നമാണ്. പ്രിയപ്പെട്ട മിത്താണ്. കള്ളവും ചതിയുമില്ലാത്ത ഒരു ലോകം. രാജാവും പ്രജകളും ഒരുപോലെയായിരുന്ന ലോകം. സമത്വസുന്ദരമായ ലോകം. സർവോപരി, മനുഷ്യനും പ്രകൃതിയും ഇണങ്ങിക്കഴിഞ്ഞ ഒരു ലോകം -അതായിരുന്നു മാവേലി നാടുവാണ കാലം; അതായിരുന്നു മാവേലിയിസം. മാനവികതയുടെ മഹത്ത്വപൂർണമായ മാതൃക. ഇതുപോലെയൊരു ഉദാത്ത സങ്കൽപം ലോകത്ത് വേറെയേത് ദേശീയോൽസവത്തിനാണുള്ളത്. നൂറ്റാണ്ടുകൾക്കപ്പുറം തന്നെ സകലതിനെയും തുല്യമായിക്കാണാനുള്ള വിശാലമായ ആദർശം സ്വായത്തമാക്കിയവരായിരുന്നു, സ്വപ്നം കണ്ടവരായിരുന്നു, നമ്മൾ മലയാളികൾ. ലോകത്തെ സകല ചരാചരങ്ങൾക്കും സുഖവും സന്തോഷവും ഭവിക്കട്ടെ എന്ന ഉദാത്തമായ സ്വപ്നം. ആ സ്വപ്നം നമുക്ക് ഓരോ വർഷവും പുതുക്കാം. ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിക്കാം. ഈ ലോകത്ത്, ഒരു ‘നല്ല ലോകം’ സൃഷ്ടിക്കാൻ ലോകത്തിന് വിവേകമുണ്ടാക്കാൻ നമ്മുടെ സ്വന്തം ഓണത്തെ സമർപ്പിക്കാം.
എല്ലാവർക്കും ഹൃദയംനിറഞ്ഞ ഓണാശംസകൾ
കേട്ടെഴുത്ത്: എം. കുഞ്ഞാപ്പ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.