പി.ടി. തോമസ് കടന്നുപോകുേമ്പാൾ കേരളരാഷ്ട്രീയത്തിൽ ഒരു പ്രത്യേക കാലഘട്ടം അവസാനിച്ച തോന്നൽ. കാരണം, പി.ടിക്ക് തുല്യൻ പി.ടി മാത്രമാണ്. ആദർശവും നിലപാടും മുൻനിർത്തിയുള്ള പോരാട്ടമായിരുന്നു പി.ടിയുടെ രാഷ്ട്രീയജീവിതം. ഏതു പ്രതിസന്ധിക്കുമുന്നിലും നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ, ഒരുപാട് നേതാക്കൾക്കിടയിൽ വ്യത്യസ്തനായി നിന്നു. ശരിയെന്നുതോന്നുന്ന നിലപാടിനുവേണ്ടി എന്തു ത്യാഗം സഹിക്കാനും, പോരാട്ടം നടത്താനും അദ്ദേഹം തയാറായിരുന്നു. ഏതു സ്ഥാനമാനവും നഷ്ടപ്പെടട്ടെ എന്നു ചിന്തിച്ചു. താൻ ഇഷ്ടപ്പെടുകയും തന്നെ ഇഷ്ടപ്പെടുകയും ചെയ്യുന്നവർക്കുവേണ്ടി ഏതു കഷ്ടപ്പാടും സഹിക്കാനുള്ള മനസ്സ്.
നിർഭയത്വത്തിെൻറ പ്രതീകമായിരുന്നു പി.ടി. തോമസ്. പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി സ്ഥാനവും അവസരങ്ങളും നഷ്ടപ്പെടുത്തിയ, ഈ തലമുറയിലെ ഏക നേതാവ് എെൻറ അറിവിൽ പി.ടി. തോമസാണ്. അതുകൊണ്ടാണ് ഞാൻ പി.ടി. തോമസിനെ പകരക്കാരനില്ലാത്ത നേതാവായി കാണുന്നത്. തളരാത്ത മനസ്സിെൻറ ഉടമകളായ ഒരുപാട് നേതാക്കളുണ്ടായിരുന്നു. അവരിൽനിന്നുപോലും വ്യത്യസ്തനായിരുന്നു പി.ടി. കെ.എസ്.യുവിനും യൂത്ത് കോൺഗ്രസിനും കോൺഗ്രസിനുമല്ല, കേരളത്തിനും പൊതുസമൂഹത്തിനും നഷ്ടമാണ് ഈ വേർപാട്.
പി.ടി എനിക്ക് സഹോദരനും അടുത്ത സുഹൃത്തുമായിരുന്നു. എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർഥിയായി പി.ടി എത്തിയ കാലം മുതൽ എനിക്കറിയാം. മഹാരാജാസ് ഒരുകാലത്ത് കെ.എസ്.യുവിെൻറ കോട്ടയായിരുന്നു. പിന്നീട് അവിടെ കെ.എസ്.യു നേരിട്ടത് നഷ്ടങ്ങളുടെ ഘോഷയാത്രയാണ്. പി.ടി മഹാരാജാസിൽ നേതൃത്വം ഏറ്റെടുത്തശേഷമാണ് കെ.എസ്.യുവിന് ഒരു തിരിച്ചുവരവുണ്ടായത്. തിരിച്ചുവരവിന് വേണ്ടിയുള്ള ആ ശ്രമങ്ങൾക്കിടയിൽ പി.ടിക്ക് ഒരുപാട് മർദനം ഏൽക്കേണ്ടിവന്നു. അക്കാലത്ത് എറണാകുളം കേന്ദ്രമാക്കി പ്രവർത്തിച്ചുവന്ന എെന്റ ശ്രദ്ധ പെട്ടെന്ന് പി.ടിയെ ആകർഷിച്ചത് അങ്ങനെയാണ്. ആ പോരാട്ടങ്ങളിലൂടെ വിദ്യാർഥികളുടെ ഹരമായി പി.ടി മാറി. അസാമാന്യ പ്രസംഗപാടവം, കലാസാംസ്കാരിക രംഗത്തുള്ള പ്രത്യേക താൽപര്യം, കോളജ് പഠനകാലത്തുതന്നെ പ്രകൃതിസ്നേഹി. അക്കാലം മുതൽ ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും അടുത്തു; പ്രോത്സാഹിപ്പിച്ചു.
ഞാൻ കെ.പി.സി.സി പ്രസിഡൻറായിരിക്കുേമ്പാഴാണ് പി.ടി. തോമസ് കെ.എസ്.യു പ്രസിഡൻറാകുന്നത്. രണ്ടുമൂന്നു വർഷം ഞങ്ങൾ എറണാകുളം മാസ് ഹോട്ടലിൽ തൊട്ടടുത്ത മുറികളിലെ താമസക്കാരായിരുന്നു. ദീർഘ സംഭാഷണങ്ങൾക്ക് ഞങ്ങൾക്ക് അവസരം കിട്ടി. അപ്പോഴാണ് പരസ്പരം കൂടുതലറിയാൻ ഇടയായത്. പി.ടിയിലെ ആദർശനിഷ്ഠയുള്ള ചെറുപ്പക്കാരനെ എനിക്ക് മനസ്സിലായി. നിർഭയനായ പോരാളിയെ മനസ്സിലായി. മതേതരവിശ്വാസിയെ മനസ്സിലായി. പ്രകൃതിസ്നേഹിയെ മനസ്സിലായി. തളരാത്ത പോരാട്ടവീര്യം മനസ്സിലായി. ഇടുക്കി ജില്ലയിലെ മലയിടുക്കുകളിൽ ഞങ്ങൾ ഒരുപാട് സഞ്ചരിച്ചിട്ടുണ്ട്. എെൻറ ഭാര്യ എലിസബത്ത് തൊടുപുഴക്കടുത്ത നെയ്യശ്ശേരിക്കാരിയാണ്. പി.ടി അധികം അകലെയല്ലാത്ത ഉപ്പുതറക്കാരനും. എെൻറ എല്ലാ പ്രയാസങ്ങളിലും ഒപ്പംനിന്നയാളാണ് പി.ടി. തോമസ്. ഞാൻ തിരിച്ചും അങ്ങനെതന്നെ. കോൺഗ്രസ് നേതാവായി, എം.എൽ.എയായി; എം.പിയായി. ഏതു പദവിയിൽ എത്തിയപ്പോഴും പി.ടി. തോമസ് മാറിയില്ല.
കേരളം ഇന്ന് നേരിടുന്ന ഗുരുതരമായ പല പ്രശ്നങ്ങളിലും പൊതുവായ നിലപാട് സ്വീകരിച്ചു. തനിക്ക് ശരിയെന്നുതോന്നുന്ന നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്തില്ല. പ്രത്യാഘാതങ്ങൾ പ്രശ്നമായില്ല. ഇന്ന് എല്ലാവരും പറയുന്നത്, കേരളം നിലനിൽക്കണമെങ്കിൽ പരിസ്ഥിതിക്കൊത്ത വികസനം വേണമെന്നാണ്. കോളജിൽ പഠിക്കുന്ന കാലം മുതൽക്കേ പ്രകൃതിയെ സ്നേഹിച്ച പി.ടിക്ക് പരിസ്ഥിതിസംരക്ഷണത്തിൽ കക്ഷിരാഷ്ട്രീയം ഉണ്ടായിരുന്നില്ല. പരിസ്ഥിതി സംരക്ഷണത്തിനായുള്ള പോരാട്ടത്തിനിടയിലാണ് അദ്ദേഹത്തിന് രണ്ടാമത് എം.പിയാകാനുള്ള അവസരം നഷ്ടപ്പെട്ടത്. അതൊന്നും പി.ടിയെ തളർത്തിയില്ല. വിവാഹത്തിലും നിലപാടിനുതന്നെയായിരുന്നു വില. അതനുസരിച്ചുള്ള വിവാഹമാണ് നടന്നത്.
രണ്ടു മാസമായി പി.ടി. തോമസ് വേദനയോട് മല്ലടിക്കുകയായിരുന്നു. പല ആശുപത്രികളിലും പോയി. അവസാനമാണ് വെല്ലൂരിൽ എത്തിയത്. രണ്ടു മൂന്നാഴ്ചയായി മരണവുമായി അക്ഷരാർഥത്തിൽ പോരാട്ടത്തിലായിരുന്നു പി.ടി. അദ്ദേഹത്തിെൻറ ജീവൻ രക്ഷിക്കാൻ ലോകവ്യാപകമായി എത്രയോപേർ കാണിക്കുന്ന മനസ്സും സന്നദ്ധതയും അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്.
ഇനി അധിക നാളില്ല എന്ന് ഉറപ്പിച്ച മട്ടിലായിരുന്നു കുറെ നാളുകളായി പി.ടി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മരണം മുന്നിൽക്കണ്ട് എല്ലാ തയാറെടുപ്പുകളും നടത്തിയിരുന്നു. അപ്പോഴും നിർഭയനായിരുന്നു. കാണാൻ എത്തുന്നവരോടെല്ലാം ചിരിച്ചുകളിച്ച് വർത്തമാനം പറഞ്ഞു. അവസാന ശ്വാസം വരെ മനോധൈര്യം. അത്, ജീവിതത്തിലുടനീളം തളരാതെ നടത്തിയ പോരാട്ടങ്ങളുടെ നീക്കിബാക്കി.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.