ജൂൺ 13ന് പട്നയിൽ നടന്ന പ്രതിപക്ഷ നേതാക്കളുടെ സംഗമം രണ്ടു കാരണങ്ങളാൽ വൻ വിജയമായിരുന്നു. 15 പ്രതിപക്ഷ പാർട്ടികളിൽനിന്ന് 32 നേതാക്കൾ അതിൽ പ​ങ്കെടുത്തുവെന്നതാണ് ഒരുകാരണം. പൊതുപരിപാടിയും സീറ്റ് വിഭജനവും ചർച്ച ചെയ്യാനായി ജൂലൈയിൽ വീണ്ടും ചേരാനായി പ്രതിപക്ഷകക്ഷികൾ തീരുമാനിച്ചുവെന്നത് രണ്ടാമത്തേതും പ്രധാനപ്പെട്ടതുമായ കാര്യം.

കേന്ദ്രത്തിന്റെ ഓർഡിനൻസിനെതിരെ കോൺഗ്രസ് നിലപാടെടുക്കണമെന്ന ആം ആദ്മി പാർട്ടിയുടെ ആവശ്യമാണ് ഈ സംഗമത്തിനിടയിലെ ഏകകല്ലുകടി. എ.എ.പി x കോൺഗ്രസ് വാക്‍യുദ്ധം മാധ്യമങ്ങളിൽ ഏറെ ചർച്ചയാവുന്നുമുണ്ട്. അതിനിയും തുടരുകയും ​ചെയ്തേക്കാം. എന്നാൽ, പ്രതിപക്ഷ കക്ഷികളെ സംബന്ധിച്ചിടത്തോളം അത് യഥാർഥത്തിൽ പ്രധാന വെല്ലുവിളിയേ അല്ല. അവരെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി ഉത്തർ പ്രദേശാണ്.


‘എ.എ.പി x കോൺഗ്രസ്’ വലിയ പ്രശ്നമല്ല

മൂന്നു സംസ്ഥാനങ്ങളിലാണ് കോൺഗ്രസും എ.എ.പിയും പരസ്പരം മത്സരിക്കാറുള്ളത് -ഡൽഹി, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിൽ. പിന്നെ കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലും. തങ്ങൾക്ക് ഹരിയാനയിലും സ്വാധീനമുണ്ടെന്ന് എ.എ.പി അവകാശപ്പെടാറുണ്ടെങ്കിലും പ്രാ​ദേശിക തലത്തിൽ മാത്രമേ അവിടെ വല്ല അനുരണനങ്ങളെങ്കിലും ഉണ്ടാകാറുള്ളൂ.


ലോക്സഭ തെരഞ്ഞെടുപ്പുകളിൽ തരംഗത്തിനൊപ്പം വോട്ടുചെയ്യുന്ന ഇടമാണ് ഡൽഹി. 2009ൽ ഏഴു സീറ്റും ​കോൺഗ്രസ് തൂത്തുവാരിയപ്പോൾ 2014ലും 2019ലും ഏഴു സീറ്റും ബി.ജെ.പിക്കൊപ്പമായിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഓരോ സീറ്റിലും 50 ശതമാനത്തിലേറെ വോട്ടുകളാണ് ബി.ജെ.പിക്ക് അനുകൂലമായി പോൾചെയ്തത്. കോൺഗ്രസും എ.എ.പിയും ഒന്നിച്ചാലും അത് മറികടക്കുകയെന്നത് ശ്രമകരമാകും.

ഗുജറാത്തിലെ മിക്ക സീറ്റുകളുടെയും അവസ്ഥയും അതുതന്നെ. കഴിഞ്ഞ 10 വർഷമായി ഗുജറാത്തിൽ ബി.ജെ.പി കരുത്തരായി തുടരുകയാണ്. കോൺഗ്രസ്-എ.എ.പി ബാന്ധവം ഒരു പരിധിക്കപ്പുറം ബി.ജെ.പിക്ക് പരിക്കേൽപിക്കാനുള്ള സാധ്യത വളരെ കുറവ്.

ഇനി പഞ്ചാബിലേക്ക് നോക്കാം. അവിടെ ഗ്രാമീണ സിഖ് വോട്ടുകളിൽ ബി.ജെ.പിക്ക് സ്വാധീനം വളരെ കുറവാണ്. ശിരോമണി അകാലിദളുമായി കൂട്ടുകൂടിയില്ലെങ്കിൽ 13 സീറ്റിൽ 10ലും ബി.ജെ.പിക്ക് കാര്യമായൊന്നും ചെയ്യാനാവില്ല. ബാക്കി മൂന്നു സീറ്റുകളിൽ -ഹോഷിയാർപൂർ, ഗുർദാസ്പൂർ, അമൃത്സർ- ഗ്രാമീണ സിഖ് വോട്ടർമാരുടെ സഹായമില്ലാതെ ബി.ജെ.പിക്ക് ജയിക്കാനാവില്ലെന്നുറപ്പ്. അതുകൊണ്ട് പഞ്ചാബിലെ മിക്ക സീറ്റുകളിലും മത്സരം ബി.ജെ.പിയിതര പാർട്ടികൾ തമ്മിലാവും. കോൺഗ്രസും എ.എ.പിയും ലോക്സഭ തെരഞ്ഞെടുപ്പിൽ സഖ്യത്തിലേർപ്പെടാതെ പോയാലും ദേശീയ തലത്തിൽ അത് പ്രതിഫലിക്കുന്ന സീറ്റുകളുടെ എണ്ണം വളരെ​ക്കുറച്ചേയുള്ളൂവെന്ന് സാരം.

പ്രധാന സംസ്ഥാനങ്ങളിലെ സഖ്യം

ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ രാജ്യത്ത് മുന്നിലുള്ള സംസ്ഥാനങ്ങൾ ഇവയാണ്. ഉത്തർപ്രദേശ് -80 സീറ്റ്, മഹാരാഷ്ട്ര -48, പശ്ചിമ ബംഗാൾ -42, ബിഹാർ -40, തമിഴ്നാട് -39. ഇതിൽ യു.പി ഒഴികെ മറ്റു സംസ്ഥാനങ്ങളിൽ പ്രതിപക്ഷ കക്ഷികൾക്ക് വിവിധ തലങ്ങളിൽ സുസ്ഥിരമായ സഖ്യങ്ങളും സംവിധാനങ്ങളുമുണ്ട്.

തമിഴ്നാട്ടിൽ ഡി.എം.കെയുടെ നേതൃത്വത്തിൽ സുസ്ഥിരമായ സഖ്യകക്ഷി സർക്കാറുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും പിന്നീടുവന്ന നിയമസഭ തെരഞ്ഞെടുപ്പിലും സഖ്യം മികവുറ്റ ജയമാണ് നേടിയത്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലും സഖ്യം കരുത്തോടെ നിലയുറപ്പിക്കുമെന്നതിൽ സംശയമില്ല.


ബിഹാർ: ജനതാദൾ-യു, ആർ.ജെ.ഡി, ​കോൺഗ്രസ്, സി.പി.ഐ-എം.എൽ, സി.പി.ഐ, സി.പി.എം എന്നീ പാർട്ടികളുടെ പിന്തുണയുള്ള സർക്കാറാണ് നിലവിൽ ഭരണത്തിലുള്ളത്. ആർ.ജെ.ഡി, ജനതാദൾ-യു, കോൺഗ്രസ് എന്നിവർ 2015ൽ സഖ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2020ൽ ആർ.ജെ.ഡിയും കോൺഗ്രസും ഇടതുപാർട്ടികളും ചേർന്ന് തെരഞ്ഞെടുപ്പിനുമുമ്പേ സഖ്യമുണ്ടായിരുന്നു. സഖ്യത്തിലെ എല്ലാ പാർട്ടികൾക്കും പരസ്പര സഹായം ആവശ്യമുണ്ടെന്നിരിക്കേ, ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം പ്രയാസമേറിയ ഒന്നായിരിക്കില്ല.

മഹാരാഷ്ട്ര: ഇവിടെ ബിഹാറിലേതിനേക്കാൾ കുറച്ചുകൂടി തന്ത്രപരമായിരിക്കും സഖ്യങ്ങൾ. ബിഹാറിൽ നിതീഷ് കുമാറിന്റെ കൂറ് മാറിമറിയുന്നതിനിടയിലും സഖ്യകക്ഷികൾക്കിടയിൽ ആ​ശയപരമായ പൊരുത്തം താരതമ്യേന ശക്തമാണ്. മഹാരാഷ്ട്രയിൽ സഖ്യത്തിന്റെ പ്രധാന ഉന്നം 2024ലെ അസംബ്ലി തെരഞ്ഞെടുപ്പാണെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിലും സഖ്യം വീറോടെ മത്സരരംഗത്തുണ്ടാകും.

പശ്ചിമ ബംഗാൾ: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യമില്ലാത്തത് യഥാർഥത്തിൽ പ്രതിപക്ഷത്തിന് ഉപകാരപ്രദമായേക്കും. 2019 ലോക്സഭ തെരഞ്ഞെടുപ്പിലും 2021 നിയമസഭ തെരഞ്ഞെടുപ്പിലും തൃണമൂൽ കോൺഗ്രസിനെ തോൽപിക്കുന്നതിനായി ഇടതുപക്ഷ വോട്ടർമാരിൽ വലിയൊരു വിഭാഗം ബി.ജെ.പിക്ക് വോട്ടു ചെയ്തുവെന്നത് വളരെ വ്യക്തമാണ്. ഇടതുപാർട്ടികൾ മത്സരരംഗത്തുണ്ടാവുകയും സ്വന്തം സ്ഥാനാർഥിയെ നിർത്തുകയും ചെയ്താൽ അത് ബി.ജെ.പിക്ക് തിരിച്ചടിയാകും. ടി.എം.സിക്ക് അതു സഹായകമാവുകയും ചെയ്യും.


സംസ്ഥാനത്ത് കോൺഗ്രസിന് സ്വാധീനമുള്ളത് മധ്യ, ഉത്തര മേഖലകളിലാണ്. താരതമ്യേന മുസ്‍ലിം വോട്ടർമാരുള്ള സീറ്റുകളിലും കോൺഗ്രസ് മികവുകാട്ടുന്നുണ്ട്. എന്നാൽ, ഈ വോട്ടുകൾ ടി.എം.സിക്കും കോൺഗ്രസിനുമിടയിൽ ഭിന്നിച്ചുപോയതിനാൽ ചില സീറ്റുകൾ നഷ്ടമായിട്ടുമുണ്ട്.

ഉത്തർ പ്രദേശ് നിർണായകമാവുന്നത് എന്തുകൊണ്ട്?

യു.പിയിൽ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകളാണ് ബി.ജെ.പി നോട്ടമിടുന്നത്. യു.പിയിൽ മൊത്തം 80 സീറ്റുകളുള്ളതിൽ 64 സീറ്റുകളിലും 2019ൽ ബി.​ജെ.പിയാണ് വിജയിച്ചത്. എസ്.പി-ബി.എസ്.പി-ആർ.എൽ.ഡി സഖ്യം 15 സീറ്റുകളിൽ ജയിച്ചപ്പോൾ കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയാണ് റായ് ബറേലിയിൽ വിജയിച്ചത്.

എസ്.പിയും ബി.എസ്.പിയും ഇപ്പോൾ വേറിട്ട വഴികളിലായതിനാൽ അതിൽനിന്ന് നേട്ടംകൊയ്യാമെന്ന ചിന്തകളിലാണ് ബി.ജെ.പി. പ്രതിപക്ഷ ഐക്യശ്രമങ്ങളോട് വിമർശനാത്മകമായ നിലപാടുമായാണ് നിലവിൽ ബി.എസ്.പി മുമ്പോട്ടുപോകുന്നത്. ബി.എസ്.പി വിട്ടുനിൽക്കുന്നപക്ഷം സമാജ്‍വാദി പാർട്ടി-കോൺഗ്രസ്-രാഷ്ട്രീയ ലോക്ദൾ സഖ്യമാവും ബി.ജെ.പിയെ നേരിടാൻ യു.പിയിൽ രംഗത്തിറങ്ങുക. ആ സഖ്യത്തിന് എസ്.പി-ബി.എസ്.പി സഖ്യത്തിനുള്ളതുപോലെ കരുത്ത് കണക്കുകളിലു​ണ്ടാവില്ല. എസ്.പിയും ബി.എസ്.പിയും ​കൈകോർത്താൽ മുസ്‍ലിം വോട്ടുകളിൽ 80 ശതമാനവും ജാട്ട്, യാദവ വോട്ടുകളിൽ 70 ശതമാനവും അവർക്കനുകൂലമായി മാറുമെന്നാണ് നിഗമനം. എസ്.പിക്കും ബി.എസ്.പിക്കും ഉള്ളതുപോലെ ജാതിവോട്ടുബാങ്ക് കോൺഗ്രസിന് പിന്നിലില്ല.

എങ്കിലും എസ്.പിയാണ് യു​.പിയിലെ പ്രധാന ​പ്രതിപക്ഷ പാർട്ടി. കോൺഗ്രസാവട്ടെ, അസംബ്ലി തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി സംസ്ഥാനത്ത് ലോക്സഭ തലത്തിൽ താരതമ്യേന മികവു കാട്ടാറുണ്ട്. കഴിഞ്ഞ തവണ പക്ഷേ, എസ്.പി-ബി.എസ്.പി-ആർ.എൽ.ഡി മഹാസഖ്യത്തിന്റെ സാന്നിധ്യം കോൺഗ്രസിന് കനത്ത തിരിച്ചടിയായെന്നുമാത്രം.


എസ്.പി-കോൺഗ്രസ്-ആർ.എൽ.ഡി സഖ്യത്തിന് രണ്ടു കാര്യങ്ങൾ അനുകൂലമാവും. ഒന്ന്, ദേശീയ തലത്തിൽ ബി.ജെ.പിക്ക് ബദലാവാനുള്ള സഖ്യമെന്ന് ഉയർത്തിക്കാട്ടാനാവും. എസ്.പി മാത്രമാവുമ്പോൾ അതിന് ദേശീയ ബദലെന്ന പരിവേഷം ഇല്ലാതാവും. കോൺഗ്രസിന് അങ്ങനെയൊരു പരിവേഷമുണ്ടെങ്കിലും യു.പിയിൽ അടിത്തട്ടിൽ കരുത്ത് കുറവാണുതാനും.

രണ്ടാമതായി, ബി.​ജെ.പി വിരുദ്ധ വോട്ടുകൾ സമാഹരിക്കാൻ സഖ്യത്തിന് കഴിയും. നിയമസഭ തെരഞ്ഞെടുപ്പിൽ എസ്.പി നയിച്ച താരതമ്യേന ചെറിയ സഖ്യത്തിന് പോലും 35 ശതമാനത്തോളം വോട്ട് നേടാൻ കഴിഞ്ഞിരുന്നു.

ഏറ്റവും ​വലിയ വെല്ലുവിളി സീറ്റ് പങ്കിടുന്നതാവും. സഖ്യം സാധ്യമാവാൻ കോൺഗ്രസിന് അർഹിക്കുന്ന രീതിയിലുള്ള സീറ്റുകൾ നൽകാൻ എസ്.പി തയാറാകേണ്ടിവരും. 2017 അസംബ്ലി തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും സഖ്യത്തിലേർപ്പെട്ട അവസരത്തിൽ നാലിലൊന്ന് സീറ്റുകൾ എസ്.പി കോൺഗ്രസിന് നൽകിയിരുന്നു.

(Article Courtesy: thequint.com)

Tags:    
News Summary - Opposition Unity: Real Test Isn't 'AAP vs Congress' But Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.