സമൂഹമാധ്യമങ്ങളിൽ മറയ്ക്കപ്പെടുന്ന ഫലസ്തീൻ

ജനാധിപത്യം പൂത്തുലയുന്ന വിശുദ്ധയിടങ്ങളായാണ് സമൂഹമാധ്യമങ്ങളെ പൊതുവെ കണക്കാക്കാറ്. മുഖ്യധാര മാധ്യമങ്ങൾ സ്ഥാപിതതാൽപര്യങ്ങൾ മുൻനിർത്തി മൂടിവെക്കുന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നതിന്റെ ഒരായിരം കഥകളെങ്കിലും പറയാനുണ്ടാവും. എന്നാൽ, ഒക്ടോബർ ഏഴിന് ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയ ശേഷം സമൂഹമാധ്യമങ്ങളുടെ നിഷ്പക്ഷതയിൽ മാത്രമല്ല അവരുടെ അൽഗോരിതത്തിൽ ഉൾപ്പടെ കൃത്രിമം നടന്നുവെന്ന ആക്ഷേപങ്ങൾ ശക്തമാണ്.

ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ അക്ഷരാർഥത്തിൽ നരനായാട്ടാണ് ഗസ്സയിൽ ഇസ്രായേൽ നടത്തിയത്. നിസ്സഹായരായ ഒരു ജനതക്കുമേൽ തങ്ങളുടെ സൈനിക ശക്തി മുഴുവൻ ഇസ്രായേൽ പ്രയോഗിക്കുകയായിരുന്നു. ഗസ്സയിലെ 23 ലക്ഷം വരുന്ന സാധാരണക്കാരായ മനുഷ്യർക്ക് വെള്ളം പോലും നിഷേധിച്ചായിരുന്നു സൈനിക നടപടി. യുദ്ധമുണ്ടാവുമ്പോൾ പാലിക്കേണ്ട അടിസ്ഥാന മനുഷ്യാവകാശങ്ങളെ പോലും അവർ വിലവെച്ചില്ല. ആശുപത്രികൾക്ക് നേരെയും അഭയാർഥി ക്യാമ്പുകൾ നേരെയും അവർ ബോംബുകൾ വർഷിച്ചു. ഗസ്സയിലെ കുരുന്നുകളെ നിർബാധം കൊലപ്പെടുത്തി. വടക്കൻ ഗസ്സയിൽ നിന്ന് തെക്കൻ മേഖലകളിലേക്ക് പലായനം ചെയ്യണമെന്ന നിർദേശത്തെ തുടർന്ന് കിട്ടിയ വാഹനങ്ങളിൽ യാത്ര തിരിച്ച ജനതക്ക് നേരെയും അവർ നിർബാധം ആക്രമണം അഴിച്ചുവിട്ടു.

എന്നാൽ, ഇസ്രായേലിന്റെ ഈ രക്തരൂഷിതമായ ആക്രമണത്തിന്റെ വാർത്തകൾക്ക് ചിലപ്പോൾ ഫേസ്ബുക്കും, ട്വിറ്ററും, ഇൻസ്റ്റഗ്രാമും ഉൾപ്പെടുന്ന സമൂഹമാധ്യമങ്ങളിൽ പ്രാധാന്യം ലഭിക്കില്ല. അവിടെ ഇസ്രായേൽ ജനത അനുഭവിച്ച ക്രൂരതകളെ കുറിച്ചുള്ള നിറംപിടിപ്പിച്ച വാർത്തകൾക്ക് മാത്രമാവും വലിയ പ്രാധാന്യമുണ്ടാവുക. പശ്ചിമേഷ്യയിൽ എന്താണ് നടക്കുന്നതെന്ന് സമൂഹമാധ്യമങ്ങളിലൂടെ നിങ്ങൾ വിളിച്ച് പറയാൻ ശ്രമിച്ചാലും അത് നടന്നുകൊള്ളണമെന്നില്ല. കാരണം വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുടെ സ്വകാര്യത നയം ലംഘിച്ചതിന്റെ പേരിൽ വിലക്കുകളായിരിക്കും നിങ്ങളെ കാത്തിരിക്കുക. അറബ് വസന്തം ഉൾപ്പടെയുള്ള മേഖലയിലെ ജനാധിപത്യ മുന്നേറ്റങ്ങൾക്ക് ഊർജം പകർന്ന സമൂഹമാധ്യമങ്ങൾ ഇന്ന് സമ്പൂർണ്ണ നിശബ്ദതയിലാണ്.

സമൂഹമാധ്യമങ്ങളിൽ മറയുന്ന ഫലസ്തീൻ

കഴിഞ്ഞയാഴ്ചയാണ് ബെൽജിയൻ ചലച്ചിത്രകാരനായ തോമസ് മാദൻസ് തന്റെ ടി​ക് ടോക് അക്കൗണ്ടിൽ ഒരു മാറ്റം ശ്രദ്ധിച്ചത്. ഫലസ്തീനെ സംബന്ധിക്കുന്ന ഒരു വിഡിയോയാണ് അദ്ദേഹം ടിക് ടോക്കിൽ പോസ്റ്റ് ചെയ്തത്. വംശഹത്യ എന്നർഥം വ​രുന്ന “genocide” എന്ന വാക്കും ചേർത്തായിരുന്നു വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോ ടിക് ടോക്കിലിട്ടതിന് പിന്നാലെ തന്റെ പോസ്റ്റ് ആളുകളിലേക്ക് എത്തുന്നതിന്റെ തോത് കുറഞ്ഞതായി അദ്ദേഹം കണ്ടെത്തി. ദശലക്ഷകണക്കിന് ആളുകളിലേക്ക് വിഡിയോ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായി​ല്ലെന്ന് മാത്രമല്ല വൈകാതെ പോസ്റ്റ് ചെയ്ത വിഡിയോ ആരും കാണാത്ത സ്ഥിതിയുമുണ്ടായി.

 

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ്, യുട്യൂബ്, ടിക്ടോക് പോലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെ ഫലസ്തീൻ അനുകൂല പോസ്റ്റുകളെ തുടർന്ന് സെൻസറിങ് നേരിടുന്ന നൂറുകണക്കിന് ആളുകളിൽ ഒരാളാണ് മാദൻസ്. എഴുത്തുകാർ, മനുഷ്യാവകാശ പ്രവർത്തകർ, ചലച്ചിത്രപ്രവർത്തകർ തുടങ്ങി നിരവധി പ്രമുഖരുടെ ഫലസ്തീൻ അനുകൂല പോസ്റ്റുകളാണ് ഇത്തരത്തിൽ അപ്രത്യക്ഷമാവുന്നത്. ​ഫ്രീ ഫലസ്തീൻ, ഐ സ്റ്റാൻഡ് വിത്ത് ഫലസ്തീൻ എന്ന ഹാഷ്ടാഗുകളോടെയുള്ള പോസ്റ്റുകളും ഫലസ്തീൻ ജനതയോട് ഇസ്രായേൽ സേന നടത്തിയ ക്രൂരതകൾ വിവരിക്കുന്ന പോസ്റ്റുകളുമാണ് ഇത്തരത്തിൽ അപ്രത്യക്ഷമാവുന്നത്.

കമ്യൂണിറ്റി ഗൈഡ് ലൈൻ ലംഘിച്ചുവെന്നതിന്റെ പേരിൽ മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകൾ ഒഴിവാക്കുന്നുവെന്ന പരാതിയും വ്യാപകമായി ഉയർന്നിട്ടുണ്ട്. യു.എസിലെ ലോസ് ആഞ്ചലസിലും സാൻഫ്രാൻസിസ്കോയിലും നടന്ന ഫലസ്തീൻ അനുകൂല റാലികളുടെ വിവരങ്ങൾ പോസ്റ്റ് ചെയ്തപ്പോഴാണ് ഇത്തരത്തിൽ കമ്യൂണിറ്റി ഗൈഡ് ലൈൻ ലംഘിച്ചതിന്റെ പേരിൽ ഇൻസ്റ്റഗ്രാം അവ ഒഴിവാക്കിയത്.

 

പോസ്റ്റുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളോട് അതൊരു ബഗ് മാത്രമാണെന്നായിരുന്നു മെറ്റ വക്താവ് ആൻഡി സ്റ്റോണിന്റെ പ്രതികരണം. പിഴവ് പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്ന് അദ്ദേഹം അൽ ജസീറയോട് പ്രതികരിച്ചിരുന്നു. ഇസ്രായേൽ-ഹമാസ് യുദ്ധത്തെ സംബന്ധിക്കുന്ന വ്യാജ വാർത്തകൾ തടയുകയാണ് ഞങ്ങളുടെ ലക്ഷ്യം. പോസ്റ്റുകൾ ഒഴിവാക്കിയതിൽ യൂസർമാർക്ക് പരാതിയുണ്ടെങ്കിൽ അപ്പീൽ നൽകാൻ സൗകര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ വിഷയത്തിൽ പ്രതികരിച്ചതിന്റെ പേരിൽ ഒരു പോസ്റ്റും ഒഴിവാക്കില്ലെന്നും അതേസമയം, കമ്പനിയുടെ നയങ്ങൾ ലംഘിക്കുന്ന പോസ്റ്റുകൾ പ്ലാറ്റ്ഫോമിൽ അനുവദിക്കാൻ സാധിക്കില്ലെന്നുമായിരുന്നു ഇതുസംബന്ധിച്ച് ടിക് ടോക് പ്രതികരണം.

 സമൂഹമാധ്യമങ്ങളുടെ തലപ്പത്തിരിക്കുന്നവരെല്ലാം സമ്പൂർണമായും ഇസ്രായേൽ അനുകൂല നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്. ഹമാസിന്റെ ആക്രമണത്തിന് ഒരു ന്യായീകരണവും ഇല്ലെന്നായിരുന്നു മെറ്റ സി.ഇ.ഒ മാർക്ക് സൂക്കർബർഗിന്റെ പ്രതികരണം. പാശ്ചാത്യ ലോകത്തിന്റെ നിലപാടുകൾക്കൊപ്പം നിന്ന് ഹമാസിനെ തീവ്രവാദിയാക്കാനായിരുന്നു സൂക്കർബർഗിന്റെ തിടുക്കം.

ഹമാസിന്റെ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചെ എന്നാൽ, ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നരനായാട്ടിൽ പ്രതികരണം നടത്തിയതുമില്ല. സുന്ദർ പിച്ചെയുടെ പ്രസ്താവന വലിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായപ്പോഴാണ് സുന്ദർ പിച്ചെ വിഷയത്തിൽ പ്രതികരിച്ചത്.

 

ഇതിൽ നിന്നും വിഭന്നമല്ല ടെസ്‍ല സി.ഇ.ഒയും ട്വിറ്ററിന്റെ ഉടമസ്ഥനുമായ ഇലോൺ മസ്കിന്റേയും നിലപാട്. ഹമാസിന്റേത് തീവ്രവാദമാണെന്ന നിലപാട് മസ്കും ആവർത്തിച്ചു. ഹമാസുമായി ബന്ധപ്പെട്ട എക്സ് അക്കൗണ്ടുകൾ ഒഴിവാക്കുമെന്ന പ്രഖ്യാപനം കൂടി നടത്തി മസ്ക്. മുതലാളിമാരോടുള്ള കൂറ് ഓരോ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും നിലനിർത്തുന്ന കാഴ്ചയാണ് ഇസ്രായേൽ-ഫലസ്തീൻ വിഷയത്തിൽ കാണുന്നത്. പക്ഷേ ഇതിനെതിരായ ബദൽ പോരാട്ടങ്ങളും ഉയർന്നു വരുന്നുണ്ട്.

സെൻസർഷിപ്പിനെതിരെ പോരാട്ടങ്ങളും ശക്തം

48ഓളം സംഘടനകളാണ് ഫലസ്തീന്റെ ഡിജിറ്റൽ അവകാശങ്ങൾക്ക് വേണ്ടി നിലവിൽ രംഗ​ത്തുള്ളത്. ഫലസ്തീന്റെ ഡിജിറ്റൽ അവകാശങ്ങളെ സമൂഹമാധ്യമ ഭീമൻമാർ മാനിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. ഫലസ്തീന്റെ ശബ്ദത്തിന് മേലുള്ള സെൻസർഷിപ്പിൽ തങ്ങൾക്ക് കടുത്ത ആശങ്കയുണ്ടെന്ന് ഇവർ പുറത്തിറക്കിയ പ്രസ്താവന പറയുന്നു. ഹാഷ്ടാഗുകൾ മറക്കുക, ഉള്ളടക്കം പൂർണമായി ഒഴിവാക്കുക തുടങ്ങിയ ലംഘനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ആക്ടിവിസ്റ്റുകൾ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുടെ സ്വതന്ത്ര്യമായ അഭിപ്രായ പ്രകടനം തടയുന്ന സമൂഹമാധ്യമ ഭീമൻമാരുടെ നടപടികൾക്കെതിരെയും സംയുക്ത പ്രസ്താവനയിൽ രൂക്ഷമായ വിമർശനം ഉയർന്നു.

 ഫലസ്തീന്റെ ഡിജിറ്റൽ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സെവൻ അമലേഹ് എന്ന സംഘടനയുടെ റിപ്പോർട്ട് പ്രകാരം 238 പരാതികളാണ് അവർക്ക് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിരിക്കുന്നത്. ഇതിൽ ഭൂരിപക്ഷവും ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും എതിരെയായിരുന്നുവെന്നും അവർ വ്യക്തമാക്കുന്നു. കൂടുതൽ പേർക്ക് പരാതി നൽകാനുള്ള സൗകര്യം കൂടി ഒരുക്കി സമൂഹമാധ്യമങ്ങളിൽ അവർ പോരാട്ടം ശക്തമാക്കുകയാണ്.

Tags:    
News Summary - Palestine is hidden in social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.