പതിയും പത്നിയും രാഷ്ട്രവും

കോൺഗ്രസിന്‍റെ ലോക്സഭ നേതാവ് അധിർ രഞ്ജൻ ചൗധരി രാഷ്ട്രപതിയെ രാഷ്ട്രപത്നി എന്ന് വിശേഷിപ്പിച്ചത് തെറ്റ്. രാഷ്ട്രത്തിന്‍റെ അധിപതി എന്നനിലയിലാണ് രാഷ്ട്രപതി എന്ന വാക്ക് ഉപയോഗിച്ചുവരുന്നത്. ഭരണഘടനപരമായി സർവാധികാര പദവി കൽപിച്ചു നൽകിയിട്ടുള്ള പദവിയാണത്. പദവിയുടെ പേരാണ് രാഷ്ട്രപതി. ആ കസേരയിൽ പുരുഷനോ സ്ത്രീയോ എന്നതല്ല പ്രസക്തം.

ഹിന്ദിയിൽ പതിയെന്നാൽ ഭർത്താവും പത്നിയെന്നാൽ ഭാര്യയുമാണ്. അതുകൊണ്ടാണ് രാഷ്ട്രപത്നിയെന്ന പ്രയോഗം തെറ്റായി മാറുന്നത്. രാഷ്ട്രപതിയെ അങ്ങനെത്തന്നെയാണ് ഏഴരപ്പതിറ്റാണ്ടായി ഇന്ത്യ വിളിച്ചു പോരുന്നത്. അതിനിടയിൽ രാഷ്ട്രപതിയെ ലിംഗപരമായ വിവേചനം വ്യക്തമാക്കുന്നവിധം രാഷ്ട്രപത്നിയായി വിശേഷിപ്പിക്കേണ്ട കാര്യം അധിർ രഞ്ജൻ ചൗധരിക്ക് ഉണ്ടായിരുന്നില്ല.

അത് അവഹേളനമായി മാറുമെന്ന് ഹിന്ദി പണ്ഡിതനല്ലാത്ത, ബംഗാളിയായ തനിക്ക് അത്രമേൽ ബോധ്യമുണ്ടായിരുന്നില്ലെന്ന് വിശദീകരിച്ച് അദ്ദേഹം മാപ്പുപറഞ്ഞിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപദി മുർമുവിന് മാപ്പ് എഴുതിക്കൊടുക്കുകയും ചെയ്തു. രാഷ്ട്രപതിയെ രാഷ്ട്രപത്നിയെന്ന് വിളിച്ച കോൺഗ്രസ് നേതാവിനെതിരായ രോഷം അവിടംകൊണ്ട് മതിയാക്കാൻ ബി.ജെ.പി തീരുമാനിച്ചിട്ടില്ല.

അതേതായാലും, സ്ത്രീ-പുരുഷ സമത്വത്തിലേക്ക് വളരാൻ കൊതിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്, തികച്ചും ലിംഗരഹിതമായൊരു പദം രാഷ്ട്രപതിക്ക് കണ്ടെത്താൻ സ്വാതന്ത്ര്യത്തിന്‍റെ 75 വർഷം പിന്നിട്ടിട്ടും കഴിഞ്ഞില്ല എന്ന യാഥാർഥ്യം മറുപുറത്തുണ്ട്. രാഷ്ട്രപതിയെന്ന പദവിയുടെ പൂർണമായ അന്തഃസത്ത പ്രതിഫലിപ്പിക്കുന്ന മറ്റൊരു പദത്തിന്‍റെ കാര്യത്തിൽ യോജിപ്പിലെത്താൻ ഇടക്കാല നിയമനിർമാണ സഭക്കും കഴിഞ്ഞിരുന്നില്ല.

സ്ത്രീ-പുരുഷ സമത്വത്തിന്‍റെ വായ്ത്താരി എന്തു തന്നെയായാലും, പിന്നെയും പല പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോഴാണ് ഒരു വനിതാ രാഷ്ട്രപതി ഇന്ത്യക്കുണ്ടായത്. പ്രതിഭ പാട്ടീലിനെ രാഷ്ട്രപതിയെന്നാണോ രാഷ്ട്രപത്നിയെന്നാണോ വിളിക്കേണ്ടത് എന്ന് ഭാഷാവിദഗ്ധർക്കും രാഷ്ട്രീയ നേതാക്കൾക്കുമെല്ലാമിടയിൽ ആ ഘട്ടത്തിലും ചർച്ച നടന്നിരുന്നു. രാഷ്ട്രപതിക്ക് രാഷ്ട്രത്തിന്‍റെ ഭർത്താവ് എന്നല്ല, രാഷ്ട്രത്തിന്‍റെ അധിപതി എന്നുതന്നെയാണ് അർഥമെന്ന് ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്തു.

'രാഷ്ട്രപതി'യെന്ന ഹിന്ദി പ്രയോഗത്തിന്‍റെ അർഥാന്തരം ചർച്ച ചെയ്യപ്പെടുന്നത് ബഹുസ്വരമായ ഇന്ത്യയുടെ വ്യത്യസ്തമായ ഭാഷാ സമ്പന്നത കൊണ്ടാണ്. അതേസമയംതന്നെ, രാഷ്ട്രപതിയെന്ന പ്രയോഗത്തിൽ ആൺകോയ്മയുടെ സംശയധ്വനി അതേപടി തുടരുന്നു. പതിക്കും പത്നിക്കും ഉപരിയായി ഭരണഘടനയുടെ കാവലാളിന് കാലത്തിന് യോജിച്ച ലിംഗരഹിതമായൊരു പദം സ്വീകരിക്കേണ്ടത് അതിപ്രധാനമായൊന്നും രാഷ്ട്രീയ പാർട്ടികൾ കാണുന്നില്ല. പ്രസിഡന്‍റ് തുടങ്ങിയ ലിംഗരഹിത പ്രയോഗങ്ങൾ ഹിന്ദി മേൽക്കോയ്മയിൽ വിശ്വസിക്കുന്നവർക്ക് സ്വീകാര്യവുമല്ല.

അധിർ രഞ്ജൻ ചൗധരിയുടെ ഭാഷയിൽ നാക്കുപിഴയാൽ സംഭവിച്ചുപോയ ഒരു തെറ്റ് രാഷ്ട്രീയമായി മുതലാക്കാനുള്ള ബി.ജെ.പി ശ്രമമാണ് കഴിഞ്ഞദിവസങ്ങളിൽ പാർലമെന്‍റിലും പുറത്തും നടന്നത്. രാഷ്ട്രപതിക്ക് മാപ്പ് എഴുതിക്കൊടുത്താൽ പോരാ, പാർലമെന്‍റിൽ മാപ്പു പറയണമെന്ന ആവശ്യവുമായാണ് ബി.ജെ.പി നീങ്ങുന്നത്. ദ്രൗപദി മുർമുവിനെ രാഷ്ട്രപത്നിയെന്നു വിളിച്ചതുവഴി കോൺഗ്രസ് ആദിവാസി സമൂഹത്തെ അപമാനിച്ചുവെന്നുവരെയാണ് വ്യാഖ്യാനങ്ങൾ.

ഗോത്രവിഭാഗങ്ങളിൽനിന്നൊരു വനിത രാജ്യത്തിന്‍റെ പ്രഥമപൗരിയായ ചരിത്രമുഹൂർത്തവും പിന്നിട്ട് ഇന്ത്യ മുന്നോട്ടു നടന്നു കഴിഞ്ഞിരിെക്ക, ഇനിയും ഇന്ത്യയുടെ പരമോന്നത നേതാവിന്‍റെ ജാതിയും കുലവും അടിക്കടി ഓർമിപ്പിക്കുന്നത് പിന്നാക്കവോട്ടിനു വേണ്ടിയുള്ള ബി.ജെ.പിയുടെ അങ്ങേയറ്റത്തെ വ്യഗ്രതയാണ് പച്ചയായി പുറത്തുകൊണ്ടുവരുന്നത്.

ഹാഥറസിലും ഉന്നാവിലുമൊക്കെ ദലിത് യുവതികളോട് അതിക്രൂരത കാട്ടിയ പ്രതികളോട് കാണിച്ച സമീപനം, നിയമനിർമാണസഭകളിൽ വനിത സംവരണം നടപ്പാക്കുന്നതിനോടുള്ള നിലപാട് എന്നിവക്കെല്ലാമിടയിലാണ് ബി.ജെ.പിയുടെ ആദിവാസി-സ്ത്രീ സ്നേഹം. പാർലമെന്‍റിൽ സർക്കാറിനെ വെട്ടിലാക്കിയ പ്രതിപക്ഷത്തെ നേരിടാൻ അധിർ രഞ്ജൻ ചൗധരിയുടെ നാവിൽനിന്ന് വീണുകിട്ടിയ രാഷ്ട്രപത്നി പ്രയോഗം ബി.ജെ.പി പെരുപ്പിച്ചു, അത്രതന്നെ. പാർലമെന്‍റ് സ്തംഭിപ്പിക്കാൻ ഭരണപക്ഷം മുന്നിട്ടിറങ്ങി.

പ്രതിപക്ഷത്തിന്‍റെയും ഭരണപക്ഷത്തിന്‍റെയും രാഷ്ട്രീയലക്ഷ്യങ്ങൾ മാറ്റിനിർത്തുക. എന്താണ് പാർലമെന്‍റിൽ സംഭവിക്കുന്നത്? മഴക്കാലസമ്മേളനം തുടങ്ങിയതു മുതൽ രണ്ടാഴ്ചയായി നടപടികളിലേക്കു കടക്കാനാവാതെ പാർലമെന്‍റ് സ്തംഭിച്ചുനിൽക്കുന്നു. വിലക്കയറ്റപ്രശ്നം ചർച്ചചെയ്തിട്ടുമതി ബാക്കി കാര്യങ്ങൾ എന്നനിലപാടിലാണ് പ്രതിപക്ഷം. ഉടനടി നടപ്പില്ല, സൗകര്യപ്പെടുമ്പോഴേ പറ്റൂ എന്നാണ് സർക്കാറിന്‍റെ മുട്ടാപ്പോക്ക്.

അതിലൊരു വൈകാരിക വിശദീകരണംകൂടി കൊണ്ടുവരാൻ ഭരണപക്ഷം ശ്രദ്ധിച്ചിട്ടുണ്ട്. ധനമന്ത്രി നിർമല സീതാരാമൻ കോവിഡ് ബാധിതയായതിനാൽ, ചർച്ചക്ക് മറുപടി പറയേണ്ട അവർ സഭയിൽ എത്തിത്തുടങ്ങിയിട്ടുമാത്രം ചർച്ച എന്നാണ് സർക്കാർ നിലപാട് എടുത്തത്. കേൾക്കുമ്പോൾ സംഗതി ശരിയാണ്. പക്ഷേ, മന്ത്രിക്ക് അസുഖം വന്നാൽ ബദൽ സംവിധാനം സർക്കാറിന് ഇല്ലേ?

ധനമന്ത്രാലയം സ്തംഭിച്ചു നിൽക്കുകയാണോ? ധനസഹമന്ത്രിമാർക്ക് കാബിനറ്റ് മന്ത്രിക്ക് പകരമായി ചർച്ച കേൾക്കാനാവില്ലേ? ഒരു വകുപ്പുമായി ബന്ധപ്പെട്ട ചർച്ചക്ക് മറ്റൊരു വകുപ്പിന്‍റെ മന്ത്രി മറുപടി പറഞ്ഞ എത്രയോ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതൊക്കെ കണക്കിലെടുത്താൽ സർക്കാറിന്‍റേത് തൊടുന്യായം മാത്രമാണെന്ന് ബോധ്യപ്പെടും. ഒക്കെയും നിൽക്കട്ടെ, ഓരോ ദിവസം കഴിയുന്തോറും പോക്കറ്റിൽനിന്ന് കൂടുതൽ പണം ചോരുമെന്നല്ലാതെ, വിലക്കയറ്റ പ്രശ്നത്തിൽ പാർലമെന്‍റിൽ ചർച്ച നടന്നാൽ ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്ന് ഉത്തമബോധ്യമുള്ളവരാണ് ജനങ്ങൾ.

പ്രതിപക്ഷത്തിന് അവരുടെ ഉത്തരവാദിത്തമുണ്ട്. പ്രശ്നവിഷയങ്ങൾ ഉയർത്താനും പരിഹാരം തേടാനുമുള്ള വേദിയാണ് പാർലമെന്‍റ്. അതിന് സർക്കാർ സമ്മതിക്കുന്നില്ലെന്നു വന്നാൽ പ്രതിഷേധിക്കുകയാണ് അടുത്ത മാർഗം. ജനപ്രതിനിധികളുടെ പ്രതിഷേധം പാർലമെന്‍റിൽ സർക്കാർ അടിച്ചമർത്താൻ ശ്രമിച്ചത് സസ്പെൻഷനിലൂടെയാണ്. 27 എം.പിമാർ രാജ്യസഭയിൽനിന്നും ലോക്സഭയിൽ നിന്നുമായി സസ്പെൻഡ് ചെയ്യപ്പെട്ടു. നടുത്തളത്തിലിറങ്ങി പ്ലക്കാർഡ് പിടിച്ചവരും അല്ലാതെ പ്രതിഷേധിച്ചവരും അക്കൂട്ടത്തിലുണ്ട്.

യഥാർഥത്തിൽ എം.പിമാരുടെ മാന്യത കെടുത്താനുള്ള ശ്രമമാണ് അച്ചടക്ക നടപടി സ്വീകരിക്കുമ്പോൾ സംഭവിക്കുന്നത്. രാഷ്ട്രീയ മാന്യതക്ക് വില കൽപിക്കാതെ പാർലമെന്‍റിലും പുറത്തും ജനപ്രതിനിധികളെ പൊലീസ് മുറയിൽ അച്ചടക്കം പഠിപ്പിക്കുന്ന സർക്കാർശൈലി ഭരണ-പ്രതിപക്ഷ ബന്ധം അങ്ങേയറ്റം മോശമാക്കിയിരിക്കുന്നു. ഏറ്റവുമൊടുവിൽ മന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ബി.ജെ.പി എം.പിമാർ സഭാതലത്തിൽ നേരിട്ട ആക്രമണോത്സുക രീതിയാകട്ടെ, ആ രംഗങ്ങൾ കണ്ട ആരും തള്ളിപ്പറയുംവിധം ജനാധിപത്യ മര്യാദയോടുള്ള കടുത്ത അവഹേളനമാണ്.

പൊലീസ് മുറയും ആക്രമണസ്വഭാവവും തുടരുമ്പോൾതന്നെ, ആരും നിയമത്തിനും ചട്ടത്തിനും അതീതരല്ലെന്ന അകമ്പടിവാചകം ഭരണപക്ഷത്തുനിന്ന് ഉയരുന്നുണ്ട്. നിയമവും ചട്ടവും പരസ്പരാദരവുമൊക്കെ സർക്കാറിനും ബാധകമാണ്. കാർക്കശ്യത്തിന്‍റെ ഇരുമ്പുലക്കകൊണ്ട് പ്രതിപക്ഷത്തെ അടിക്കുകയും പരസ്പര സംഭാഷണത്തിന്‍റെ വഴി അടക്കുകയും ചെയ്യുമ്പോൾ ജനങ്ങൾക്കുമുമ്പിൽ വില്ലന്മാരായി മാറുന്നത് ഭരണപക്ഷമാണ്. പാർലമെന്‍റ് നടത്തുന്നതിൽ ആദ്യത്തെ ഉത്തരവാദിത്തം സർക്കാറിനായിരിക്കെ, അനുനയത്തിന്‍റെ വഴി തുറന്നിടേണ്ടത് സർക്കാറാണ്.

ബി.ജെ.പി എം.പിമാരുടെ എണ്ണക്കൊഴുപ്പിനൊത്ത് ജനാധിപത്യ മര്യാദയും പ്രതിപക്ഷ ബഹുമാനവും ചോർന്നുപോയ ദുഃസ്ഥിതിയാണ് പാർലമെന്‍റിലെ ഇന്നത്തെ കാഴ്ച. പാർലമെന്‍റ് അതിന്‍റെ വിശാലാർഥത്തിൽ നടക്കണമെന്ന താൽപര്യമൊന്നും സർക്കാറിൽ കാണാനില്ല. പാർലമെന്‍റ് നടക്കാൻ പ്രതിപക്ഷ പങ്കാളിത്തമോ മാധ്യമസാന്നിധ്യമോ വേണ്ട. സസ്പെൻഷനിലൂടെ പ്രതിപക്ഷത്തെ അവജ്ഞയോടെ പുറന്തള്ളുന്നു.

കോവിഡ് മഹാമാരിക്കാലം വിട്ട് കാര്യങ്ങൾ പഴയപടിയായി മാസങ്ങൾ പിന്നിട്ടെങ്കിലും, പ്രസ് ഗാലറിയിൽ മാധ്യമപ്രവർത്തകർക്ക് പാർലമെന്‍റിന്‍റെ പ്രസ്ഗാലറി പ്രവേശനത്തിനുള്ള കർക്കശനിയന്ത്രണം കാര്യകാരണങ്ങളില്ലാതെ അതേപടി തുടരുന്നു. ഇതിനെല്ലാമിടയിൽ നടത്തിയെടുക്കുന്നത് ബി.ജെ.പി അജണ്ടകളും കോർപറേറ്റ് താൽപര്യങ്ങളുമാണ്. ഏറ്റവുമൊടുവിലത്തെ മന്ത്രിസഭ യോഗത്തിൽ ഉണ്ടായ തീരുമാനവും അതിനു തെളിവ്.

പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എൻ.എല്ലിനെ പുനരുദ്ധരിക്കാനെന്ന പേരിൽ മുടക്കുന്ന സഹസ്രകോടികളുടെ ഗുണഭോക്താവ് ആരാണ്? ബി.എസ്.എൻ.എൽ സ്ഥാപിച്ച 4ജി അടിസ്ഥാനസൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയത് അംബാനിയാണെങ്കിൽ, 5ജിക്കായി കോടികൾ മുടക്കി തയാറാക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ ചൂഷണം ചെയ്യുന്നത് അദാനിയായിരിക്കുമെന്ന് വ്യക്തം.

ബി.ജെ.പി അധികാരത്തിൽ വന്നശേഷമുള്ള എട്ടു വർഷത്തിനുള്ളിൽ ലോകത്തെ അതിസമ്പന്നരിൽ നാലാമനായി മാറാൻ ഒരാൾക്ക് കഴിഞ്ഞത് ഇന്ത്യയുടെ പൊതുസ്വത്ത് സർക്കാർ ഒത്താശയിൽ ചൂഷണം ചെയ്തതിലൂടെ മാത്രമാണ്. ഇത്തരം കോർപറേറ്റ്-സർക്കാർ ഒത്തുകളിയിലൂടെ നേടിയെടുക്കുന്ന സുസ്ഥിരതയാണ് വിലക്കയറ്റം പോലുള്ള ജനകീയ പ്രശ്നങ്ങളോട് മുഖംതിരിക്കാൻ സർക്കാറിന് അഹന്ത നൽകുന്നത്.

നാളെ ആഗസ്റ്റ് പിറക്കുകയാണ്. 15ാം നാൾ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം. ആഘോഷം പൊടിപൂരമാകും. കാലപ്പഴക്കംചെന്ന പാർലമെന്‍റ് മന്ദിരത്തിനു പകരം പുതിയതൊന്ന് ഉയർന്നുവരുന്നുമുണ്ട്. പക്ഷേ, പുതിയ മന്ദിരത്തിൽ ഓജസ്സുറ്റതിനു പകരം ജീർണിച്ച ജനാധിപത്യത്തിന്‍റെ ഗൃഹപ്രവേശനമാണോ നടക്കുന്നത്? 75 വർഷംകൊണ്ട് ജനാധിപത്യത്തിന്‍റെ ഏത് ഉത്തുംഗശൃംഗത്തിലാണ് നാം? അതോ, അഗാധ ഗർത്തത്തിലോ? പതിക്കും പത്നിക്കുമപ്പുറം രാഷ്ട്രത്തിനു മുന്നിലുള്ള ചോദ്യം അതാണ്.

Tags:    
News Summary - Pathi, Pathni and Nation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.