സി.പി.എമ്മുകാരും ബി.ജെ.പിക്കാരും കോൺഗ്രസുകാരും തമ്മിലെ അടിയും ഇടിയും തമ്മിൽതല്ലും നിത്യസംഭവമായ കണ്ണൂരിൽ ഈ ദലിത് കുട്ടികളെ മർദിക്കുകയും അപമാനിക്കുകയും ചെയ്തതിൽ മൂന്നു പാർട്ടിയുടെയും പ്രവർത്തകരുണ്ടായിരുന്നു: എല്ലാവരും മേൽജാതിക്കാർ
പരാതിക്കാർ ദലിതരാണെങ്കിൽ കേസെടുക്കുന്നതിലും ശരിയാംവിധത്തിൽ അന്വേഷിക്കുന്നതിലും പൊലീസ് പുലർത്തുന്ന അമാന്തം ഇന്ത്യയുടെ എല്ലാ കോണുകളിലുമുണ്ടാവാറുണ്ട്. ജാതി കൊടികുത്തി വാഴുന്ന നാടുകൾ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല കേരളത്തിലെ അനുഭവങ്ങളും. കുറ്റാരോപിതരായ എതിർ കക്ഷികളേക്കാൾ ഏമാന്മാർക്ക് സംശയം പരാതിക്കാരെയാണ്.
പട്ടികജാതി-വർഗ പീഡന നിരോധന നിയമപ്രകാരം കേസേ എടുക്കില്ല, അങ്ങനെ നിർബന്ധമുണ്ടെങ്കിൽ പരാതിക്കാർ കോടതിയെ സമീപിക്കണം. അങ്ങനെ അനുകൂല വിധിയും സമ്പാദിച്ചാണ് കണ്ണൂരിൽ പലപ്പോഴും പൊലീസ് കേസുപോലും എടുക്കുക.
കഴിഞ്ഞവർഷത്തെ വിഷുക്കാലത്ത് നടന്ന സംഭവമാണ്. എളയാവൂർ റൂറൽ വർക്കേഴ്സ് കോളനിയിൽനിന്നുള്ള ഒരാൺകുട്ടിയും രണ്ട് പെൺകുട്ടിയും ബൈക്കിൽ കറങ്ങുന്നു. മൂവർ സംഘത്തിൽ രണ്ടുപേർ സഹോദരങ്ങളാണ്. തൊട്ടടുത്ത കാവിനു മുന്നിലെത്തിയപ്പോൾ അവിടെനിന്ന് സെൽഫിയെടുക്കാൻ ഇവർക്ക് താൽപര്യം. ബൈക്ക് നിർത്തി സെൽഫി എടുക്കുന്നതിനിടെ നാലംഗ സംഘം അരികിൽ വന്നു.
എവിടെനിന്നാണ് വന്നതെന്ന് ചോദിക്കുന്നു. കോളനിയിൽ നിന്നുള്ളവരാണെന്നറിഞ്ഞതോടെ ചോദ്യകർത്താക്കളുടെ ജാതിരക്തം തിളച്ചു. തൊട്ടടുത്തുള്ള പൂട്ടിക്കിടക്കുന്ന കോൺഗ്രസ് ഓഫിസിലേക്ക് ഇവരെ മർദിച്ചും വലിച്ചിഴച്ചും കൊണ്ടുപോയി. പെൺകുട്ടികളോട് അത്യന്തം മോശമായി പെരുമാറി. മർദനത്തിനിടെ ആൺകുട്ടി വിളിച്ചതുപ്രകാരം രണ്ട് സുഹൃത്തുക്കൾ അവിടേക്കെത്തി.
ക്രൂരമായ മർദനങ്ങൾക്കൊടുവിൽ പൊലീസെത്തിയാണ് ഇവരെ രക്ഷിച്ചത്. മർദിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ മർദിച്ചതിന് പോക്സോ വകുപ്പ് ചുമത്തണമെന്ന് ബന്ധുക്കൾ ചൂണ്ടിക്കാണിച്ചെങ്കിലും പൊലീസ് ഗൗനിച്ചില്ല.
സി.പി.എമ്മുകാരും ബി.ജെ.പിക്കാരും കോൺഗ്രസുകാരും തമ്മിലെ അടിയും ഇടിയും തമ്മിൽതല്ലും നിത്യസംഭവമായ കണ്ണൂരിൽ ഈ ദലിത് കുട്ടികളെ മർദിക്കുകയും അപമാനിക്കുകയും ചെയ്തതിൽ മൂന്നു പാർട്ടിയുടെയും പ്രവർത്തകരുണ്ടായിരുന്നു: എല്ലാവരും മേൽജാതിക്കാർ.
കുട്ടികളെ മർദിച്ചത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്ന് കാര്യങ്ങൾ കൈവിട്ടുപോകും എന്ന നിലവന്നതോടെ ഒരു കൗണ്ടർ കേസ് കെട്ടിച്ചമച്ചു അക്രമികൾ. മർദനം സഹിക്കാനാവാതെ ആൺകുട്ടി വിളിച്ചുവരുത്തിയ സുഹൃത്തുക്കളിൽ ഒരാൾ മുസ്ലിം ആയിരുന്നു. അതോടെ ആയുധങ്ങളുമായി കാവ് ആക്രമിക്കാൻ വന്നുവെന്ന, ഉത്തരേന്ത്യൻ സംഘ്പരിവാർ ഫോർമുലയിലുള്ള കൗണ്ടർ പരാതിയാണ് ഇവർക്കെതിരെ ചുമത്തിയത്.
മൂന്ന് ആൺകുട്ടികളും റിമാൻഡിലായി. പെൺകുട്ടികളെ അപമാനിക്കുകയും മർദിക്കുകയും ചെയ്തവർ സ്റ്റേഷൻ ജാമ്യത്തിൽ നെഞ്ചുംവിരിച്ച് ഇറങ്ങിപ്പോയി. പട്ടികജാതി സംഘടനകളുടെ ഇടപെടലിൽ അടുത്തിടെ കേസിൽ പോക്സോ വകുപ്പ് ചേർത്തെങ്കിലും പട്ടികജാതി വർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാൻ വിസ്സമ്മതിച്ചു പൊലീസ്. കണ്ണൂരുകാരനായ പൊലീസ് മന്ത്രി ഇതൊക്കെ അറിഞ്ഞിട്ടുണ്ടോ എന്തോ?
കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭവിതയുടെ അനുഭവം പറയാം. വീട്ടിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ട് അയൽവാസിയുമായി തർക്കമുണ്ടാകുന്നു. ആധാരത്തിൽ വഴിയുണ്ട്. പക്ഷേ, അയൽവാസികൾ അത് അംഗീകരിക്കാതെ വഴി തടസ്സപ്പെടുത്തി. അടിപിടിയായി, കേസായി. 2020 നവംബറിലാണ് സംഭവം.
പുലയ വിഭാഗക്കാരിയായ ഭവിതയും പിതാവും നൽകിയ പരാതിയിൽ കേസെടുക്കാൻ മടിച്ച പൊലീസ് രണ്ടര മണിക്കൂറാണ് ഇവരെ ചോദ്യം ചെയ്ത് അതു മുഴുവൻ കാമറയിൽ പകർത്തിയത്: കുറ്റവാളികളോടെന്ന മട്ടിലായിരുന്നു പെരുമാറ്റം. എതിർകക്ഷികളെ ചോദ്യം ചെയ്യുമ്പോൾ കാമറയില്ല, കർശന നിലപാടുമില്ല. പട്ടികജാതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ഹരജി തലശ്ശേരി സെഷൻസ് കോടതിയുടെ പരിഗണനയിലാണിപ്പോൾ.
കാടാച്ചിറ സ്വദേശി മഹേഷിന്റെ അനുഭവം മറ്റൊന്നാണ്. അയൽവാസിയുമായുണ്ടായ വാക്കുതർക്കത്തിൽ ജാതിപ്പേര് വിളിച്ച് അപമാനിക്കപ്പെട്ടു. ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി നൽകിയപ്പോൾ നുണപരിശോധനക്ക് തയാറാണെന്ന് എഴുതി വാങ്ങിയശേഷമാണ് കേസെടുക്കാൻ തയാറായത് -അങ്ങനെ നിബന്ധന വെക്കുന്നത് നിയമവിരുദ്ധമാണെങ്കിലും ദലിതുകളോട് അതൊക്കെയാവാം എന്ന നിലപാടാണ് പൊലീസിന്.
നമുക്ക് ജാതിയില്ല എന്നൊക്കെപ്പറഞ്ഞ് മനുഷ്യച്ചങ്ങലകളും കോട്ടകളുമെല്ലാം കെട്ടുമെങ്കിലും സ്കൂൾ തലംതൊട്ട് കുട്ടികളെ ജാതിയിൽ ബന്ധിച്ചാണ് വളർത്തിയെടുക്കുന്നത്.
ഒന്നരപ്പതിറ്റാണ്ടിനിടക്ക് ദലിതർ ഇരകളായ ഒരുഡസൻ ദുരൂഹമരണങ്ങളാണ് ജില്ലയിൽ നടന്നത്. എത്ര പരാതിയും വിവാദവും വന്നാലും പല മരണവും ആത്മഹത്യയാക്കി മാറ്റുന്നുവെന്നാണ് ദലിത് സംഘടനകളുടെ പരാതി. ഇതിൽ പ്രണയ കൊലപാതകവും സംശയിക്കുന്നു.
കുറ്റിക്കോൽ സ്വദേശിയായ പുലയ യുവാവ് തീയ വിഭാഗത്തിൽപെട്ട പെൺകുട്ടിയുമായി പ്രണയത്തിലായി. സി.പി.എം പ്രാദേശിക നേതാവിന്റെ ബന്ധുവാണ് യുവാവ്. കുറച്ചുനാളുകൾക്കുശേഷം യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്ന് പറഞ്ഞ് കേസ് പൊലീസ് അവസാനിപ്പിച്ചു.
ആർട്ടിസ്റ്റ് സുനിൽ കുമാറിന്റെ മരണമാണ് അടുത്തത്. കൂത്തുപറമ്പ് മൂന്നുപെരിയയിൽ 2018 ഫെബ്രുവരി അഞ്ചിനാണ് സംഭവം. ബാനർ എഴുതുന്നതിനിടെ കുഴഞ്ഞുവീണുവെന്നാണ് ഔദ്യോഗിക ഭാഷ്യം. കഴുത്ത് മുറുക്കിയുള്ള ബലപ്രയോഗം നടന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും. ദലിത് പ്രവർത്തകരുടെ സമ്മർദഫലമായി കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ആറുവർഷമായിട്ടും കേസ് എങ്ങുമെത്തിയിട്ടില്ല.
സി.ഐ.ടി.യു അംഗമായിരുന്ന അഴീക്കൽ സ്വദേശിയായ പുലയ യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചത് 2003ൽ. മേൽജാതിക്കാരിയായ പെൺകുട്ടിയുമായി പ്രണയമുണ്ടായിരുന്നു. താമസിയാതെ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. ദേഹമാസകലം മർദനമേറ്റ പാടുകളോടെയാണ് കരക്കാട് സ്വദേശിയായ 26കാരനെ മരിച്ച നിലയിൽ കണ്ടത്. ഇതിനു പിന്നിലും പ്രണയമുണ്ടായിരുന്നു.
ഇതും പൊലീസ് കണക്കിൽ ആത്മഹത്യ. കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിലെ 28കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവവും ആത്മഹത്യയാക്കി പൊലീസ്. പഴയങ്ങാടിയിലെ 23കാരനെ വാഹനം കയറ്റിക്കൊന്ന സംഭവം വാഹനാപകടമാക്കിയെന്നാണ് പരാതി. ഇങ്ങനെ ഒട്ടേറെ മരണങ്ങൾ. പട്ടികജാതി, വനിത, മനുഷ്യാവകാശ, ബാലാവകാശ കമീഷനുകളുടെ ഇടപെടലുകൾ അനിവാര്യമാണെന്ന് പറയുന്നു മേഖലയിലെ ദലിത് പ്രവർത്തകർ.
പയ്യന്നൂർ മേഖലയിലെ സ്കൂളിൽ ഒരു സംഭവം അൽപം പഴയതാണെങ്കിലും അതിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല. വിദ്യാർഥികളോട് അധ്യാപകൻ ചോദ്യം ചോദിച്ചു. ബ്രാഹ്മണ കുടുംബത്തിൽ നിന്നുള്ള കുട്ടി ഉത്തരം പറഞ്ഞു.
ഉത്തരം പറയാൻ പറ്റാതെ പോയ പുലയ കുട്ടിയോട് ബ്രാഹ്മണ കുട്ടിയുടെ കാൽ തൊട്ട് നെറുകയിൽ വെക്കാൻ കൽപിച്ചത് പുരോഗമന പ്രസ്ഥാനത്തിന്റെ യൂനിയൻ നേതാവ് കൂടിയായ അധ്യാപകനായിരുന്നു. കൊടികളുടെ നിറം മങ്ങി കാവിയാവുന്നതിന്റെ കാരണമെന്തെന്നതിന് കൂടുതൽ വിശദീകരണം തേടിപ്പോകേണ്ടതില്ലല്ലോ.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.