തോക്കുകൾ തോൽക്കുന്നിടത്ത് വാക്കുകളാണ് വിജയിക്കുക എന്ന് പറയാറുണ്ടെങ്കിലും വാക്കുകൾകൊണ്ട് ജയിക്കാൻ കഴിയാത്ത ഭീരുക്കൾ തോക്കുകൊണ്ട് ജയിക്കുന്നതാണ് സാധാരണ കാഴ്ചകൾ. പ്രബുദ്ധ കേരളത്തിലും അത്തരം ഭീരുത്വം തുടരത്തുടരെ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാക്കുന്ന സാമൂഹിക അസ്വസ്ഥതയെ കുറിച്ച് ഞെട്ടലോടെയല്ലാതെ ആലോചിക്കാനാവില്ല. രാഷ്ട്രീയത്തിലെ ആശയാദർശ വ്യത്യാസങ്ങളോട് രഞ്ജിപ്പിലെത്താനോ അല്ലെങ്കിൽ സഹിഷ്ണുത കാണിക്കാനോ അതുമല്ലെങ്കിൽ ജനാധിപത്യപരമായി വിയോജിക്കാനോ കഴിയാത്ത പരാക്രമികളുടെ നാടിന് നൂറുശതമാനം സാക്ഷരതയെന്ന പട്ടം സത്യത്തിൽ നാണക്കേടിേൻറതാണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്ന നാടാണ് നമ്മുടേത്. കഴിഞ്ഞ 17 വർഷത്തിനിടക്ക് 170 പേരാണ് രാഷ്ട്രീയ കാരണങ്ങളാൽ കൊല്ലപ്പെട്ടതെന്ന് പൊലീസ് കണക്കുകൾ പറയുന്നു. അതായത് ഈ 21ാം നൂറ്റാണ്ടിലും ലക്ഷണമൊത്ത പ്രാകൃതരായി നാം വാഴുന്നു എന്ന് സാരം. ഏത് പാർട്ടിക്ക് കൂടുതൽ പ്രവർത്തകരെ നഷ്ടമായി, ആർക്ക് നേട്ടമുണ്ടായി എന്നൊക്കെയുള്ള ചോദ്യങ്ങളെല്ലാം അപ്രസക്തമാക്കുന്ന ഒരു വേളയുണ്ട്. സ്വന്തം അച്ഛനെ, മകനെ, സഹോദരനെ, ഭർത്താവിനെ നഷ്ടമാകുന്ന ഉറ്റവരുടെ കരച്ചിലിനു മുന്നിലാണത്.
ഓരോ രാഷ്ട്രീയ കൊലപാതകവും നഷ്ടപ്പെടുത്തുന്നത് കുറെ നിഷ്കളങ്ക മനുഷ്യരുടെ സ്വപ്നങ്ങളാണ്. ഏത് മരണത്തിനും അത്തരം നഷ്ടങ്ങളുണ്ടാകും. എന്നാൽ രാഷ്ട്രീയ കുരുതികളുടെയും കൊലപാതകങ്ങളുടെയും കണക്കുപുസ്തകത്തിൽ സാധാരണ നഷ്ടങ്ങളല്ല ഉണ്ടാകുന്നത്. മനുഷ്യജീവിതങ്ങളെ കുരുതിക്കുകൊടുത്ത് കക്ഷിരാഷ്ട്രീയത്തിെൻറ കൊടിമരങ്ങളുടെ കടയുറപ്പിക്കാനും നിറം കടുപ്പിക്കാനും ആഗ്രഹിക്കുന്ന ക്രൂരമനസ്സുകളാണ് ഇവിടെ പ്രശ്നം. ഓരോ കൊലപാതകവും ഇടമുറിയാതെ കൈമാറ്റം ചെയ്യപ്പെടുന്ന പ്രതികാരദാഹമാക്കി മാറ്റുകയാണ് ഇവർ ചെയ്യുന്നത്. ഒരാൾ രക്തസാക്ഷിയാകുമ്പോൾ, ബലിദാനിയാകുമ്പോൾ 'നഷ്ടം' എന്ന പാർട്ടികളുടെ കണക്കുപുസ്തകത്തിൽ തീരെ ഇല്ലതന്നെ. ഓരോ മരണവും വേറെ കൊലപാതകങ്ങളുടെ കനലുകൂട്ടി ഒടുങ്ങുകയാണ് അവിടെ. ആധികളും അനുഭവങ്ങളും അരക്ഷിതത്വവും വാതിൽക്കൽ വന്നുനിൽക്കുന്നത് ഉറ്റവർക്കാണ്; കൂടപ്പിറപ്പുകൾക്ക്. സഹപ്രവർത്തകർ, കൂടെ പാർട്ടിയിലുള്ളവർ, പ്രവർത്തകർ എന്നൊക്കെയുള്ള വൈകാരികതകളാവട്ടെ, നേരത്തേ പറഞ്ഞ കണക്കുതീർക്കലുകളുടെ പ്രതികാരമെടുക്കലിെൻറ ആവേശമാണ് എന്നതാണ് യാഥാർഥ്യം.
ഒരു മനുഷ്യജീവനെടുത്തിട്ട് ജയിക്കണമെന്ന് കരുതുന്ന ആദർശങ്ങൾ പൊതുപ്രവർത്തനം നടത്തുന്നത് കാപട്യമല്ലാതെ പിന്നെന്താണ്? പ്രകൃതിനിയമമെന്നോ ദൈവികനിയമമെന്നോ മാനവികനിയമമെന്നോ ഒക്കെ ഓരോരുത്തരുടെയും സൗകര്യങ്ങൾക്കനുസരിച്ച് പരിചയപ്പെടാൻ കഴിയുന്ന ഏത് സാർവത്രിക സങ്കൽപത്തിൽ കാണാനാകും ഇങ്ങനെ മനുഷ്യരുടെ ജീവനെടുക്കുന്നതിനെ പറ്റി? ശിക്ഷകളുണ്ടാകാം, എന്നാൽ നിയമവാഴ്ചയും നീതിപീഠങ്ങളുമുള്ള ഒരു നാട്ടിൽ പാർട്ടികളും നേതാക്കന്മാരും കോടതിയും ആരാച്ചാരുമാകുന്ന വ്യവസ്ഥിതിയുടെ വിലാസം പൈശാചികം എന്നേ പറയാനുള്ളൂ. ജനസേവനത്തിെൻറ മുദ്രകളാകേണ്ട ചെറുപ്പക്കാരെ പോരുകോഴികളാക്കുന്ന രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കണം.
കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിൽ കൈകഴുകാൻ ഒരു പാർട്ടിക്കും സാധ്യമല്ല എന്നതല്ലേ വസ്തുത? കണക്കുകൾ നോക്കുമ്പോൾ എണ്ണത്തിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്നേയുള്ളൂ. എല്ലാവരുടെയും കൈകളിൽ രക്തക്കറ കാണാം. ഒരു രാഷ്ട്രീയക്കൊലയും ഇനിയുണ്ടാകരുതെന്ന തീരുമാനത്തിന് എത്ര സർവകക്ഷി യോഗങ്ങൾ വേണ്ടി വരും? അതൊക്കെ എത്രകാലം നീണ്ടു നിൽക്കുന്ന സമാധാന സന്ധിയാകും? പലപ്പോഴും ഇരകളുടെ മുൻകാല ചരിത്രം മറ്റേതെങ്കിലും രാഷ്ട്രീയ ഏറ്റുമുട്ടലുകളുടേതാണ്. അത് അനുസ്യൂതം തുടരുന്ന വേദനയും വെല്ലുവിളിയുമാണ്. ഓരോ സമാധാനശ്രമവും ഓരോരോ നേതാക്കളുടെയും കക്ഷികളുടെയും നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി തുരങ്കം വെക്കുന്നതാണ് നേർക്കാഴ്ച.
നമ്മൾ വിശ്വസിക്കുന്ന രാഷ്ട്രീയത്തോട് ചേരാത്തവരെയോ നമ്മുടെ നടപ്പിനെ ചോദ്യം ചെയ്യുന്നവരെയോ കായികമായി കീഴ്പ്പെടുത്താനും ഉന്മൂലനം ചെയ്യാനും ഇനിയും തുനിഞ്ഞിറങ്ങാനാണ് ശ്രമമെങ്കിൽ വാളുകൾ തോക്കുകൾക്ക് വഴിമാറുന്ന, വീണ്ടും കാലം കുറെ മുന്നോട്ട് പോയാൽ രക്തരൂഷിതമായ ചേരിപ്പോരുകൾ അരങ്ങുതകർക്കുന്ന നരകമായി ഇവിടം മാറും. സ്വന്തം സംഘത്തിലുള്ളവർ മരിക്കുമ്പോൾ മാത്രം സഹതാപത്തിെൻറ സങ്കടപ്രസംഗങ്ങൾ നടത്തുന്നവരല്ലേ ഇവിടെ എല്ലാവരും? കൊലയാളികൾക്ക് നിയമസഹായം കൊടുക്കുന്ന, ക്വട്ടേഷൻ നടത്തിയതിന് പ്രതികൾക്ക് അനുമോദനങ്ങൾ അർപ്പിക്കുന്ന ഔദ്യോഗികമായി തന്നെ ഗുണ്ടാപ്പടകളെ വാഴിക്കുന്ന സംസ്കാരത്തിെൻറ ഔദാര്യത്തിലാണ് ഇതുപോലുള്ള രാഷ്ട്രീയസംഘട്ടനങ്ങളുടെ ഇരകൾക്ക് 'സംരക്ഷണം' നൽകുന്നതും.
ഓരോ ഇരക്കുവേണ്ടിയും പാർട്ടിക്കാരും മറ്റും പിരിച്ചുനൽകുന്ന കാശുകൊണ്ട് നഷ്ടപ്പെട്ട കുടുംബത്തിന് സമാധാനം വന്നുചേരില്ല. പണിതുനൽകുന്ന വീടുകൾകൊണ്ട് സുരക്ഷിതത്വവും ഉണ്ടാകില്ല. നഷ്ടം നികത്താനാവാത്ത വിടവായി അവിടെ നിറയും. പാർട്ടികൾക്കും നേതാക്കന്മാർക്കും ചില്ലിട്ടുവെക്കാനും പുഷ്പഹാരം ചാർത്താനും ചിത്രങ്ങളാകും. സ്മാരകങ്ങൾ ഉയരുമായിരിക്കും. കുറച്ചുകാലമൊക്കെ അനുസ്മരണങ്ങളും നടക്കുമായിരിക്കും. അപ്പോഴും കൊല്ലപ്പെട്ടവെൻറയും കൊന്നവെൻറയും കൊടികൾ ഇഴചേരുന്നുണ്ടാകും, പുതിയ അധികാര സമവാക്യങ്ങളുണ്ടായെന്നും വരാം. അപ്പോഴും പൊലിഞ്ഞുപോയത് ആർക്കാണ്? ആർക്കു മാത്രമാണ്? ഇതൊന്നും നമ്മുടെ പൊതുബോധത്തിനു അറിയാത്തതല്ലല്ലോ. നമ്മളും ഇങ്ങനെയൊരു ക്രൂരതക്ക് കണ്ടീഷൻ ചെയ്യപ്പെട്ട് കഴിഞ്ഞതുകൊണ്ടല്ലേ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.