പ്രിൻസിപ്പൽ നിയമന അട്ടിമറി: പ്രതി സർക്കാർ തന്നെ

കെ. നൗഫൽ

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മക്ക്​ ഊന്നൽ നൽകുമെന്ന പ്രഖ്യാപനവുമായി അധികാരമേറ്റ രണ്ടാം പിണറായി സർക്കാർ രണ്ടു വർഷം പിന്നിടുമ്പോൾ സംസ്ഥാനത്തെ 16 സർവകലാശാലകളിൽ (കേന്ദ്ര സർവകലാശാല ഒഴികെ) എട്ടെണ്ണത്തിനും സ്ഥിരം വൈസ് ചാൻസലർമാരില്ല. 66 സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 62ലും സ്ഥിരം പ്രിൻസിപ്പൽമാരുമില്ല. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, വിമൻസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, തലശ്ശേരി ഗവ.ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിൽ മാത്രമാണ് സ്ഥിരം പ്രിൻസിപ്പൽമാരുള്ളത്.

സർക്കാറും ഗവർണറും തമ്മിലെ ഏറ്റുമുട്ടലാണ് സർവകലാശാലകളെ ഇൻചാർജ് ഭരണത്തിൽ കൊണ്ടെത്തിച്ചതെങ്കിൽ കോളജുകൾക്ക്​ പ്രിൻസിപ്പൽമാരില്ലാതായതി​ന്റെ സകല ഉത്തരവാദിത്തവും​ സംസ്ഥാന സർക്കാറിനു മാത്രമാണ്​.

യു.ജി.സിയെ നോക്കുകുത്തിയാക്കു​മ്പോൾ

സർവകലാശാലകളിലെയും കോളജുകളിലെയും അക്കാദമിക തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള യോഗ്യത നിശ്ചയിക്കുന്നത് യു.ജി.സിയാണ്. കാലാകാലങ്ങളിൽ പുതുക്കപ്പെടുന്ന ഈ റെഗുലേഷനുകൾ പാലിക്കാൻ സർവകലാശാലകളും സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്ന് സുപ്രീംകോടതി തന്നെ പലതവണ വിധികളിലൂടെ വ്യക്തമാക്കിയിട്ടുമുണ്ട്.

2010ലെയും പിന്നീട് 2018ലെയും യു.ജി.സി റെഗുലേഷനുകളോട് അധ്യാപക സംഘടനകൾ എതിർപ്പറിയിക്കുകയും സർക്കാർ അത്​ മുഖവിലക്കെടുക്കുകയുമായിരുന്നു. ബിരുദ, ബിരുദാനന്തര കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനം എന്ന നിലവിട്ട് ഗവേഷണ സ്ഥാപനങ്ങളായി മാറിക്കൊണ്ടിരിക്കുന്ന കോളജുകളുടെ തലപ്പത്ത് വരേണ്ടത് അക്കാദമിക മികവുള്ളവരാണ്​. മികവ്​ പരിഗണിക്കാതെ സീനിയോറിറ്റി മാത്രം നോക്കി സർക്കാർ തയാറാക്കിയ സ്പെഷൽ റൂൾസ് പ്രകാരം പ്രിൻസിപ്പൽ നിയമനം നടത്തുന്ന രീതിയാണ്​ നിലവിലുണ്ടായിരുന്നത്.

എന്നാൽ 2018ലെ യു.ജി.സി റെഗുലേഷൻ നിലവിൽ വന്നതോടെ പ്രിൻസിപ്പൽ തസ്തിക ഓപൺ തസ്തികയായി മാറി. ബന്ധപ്പെട്ട വിഷയത്തിൽ പി.എച്ച്.ഡിയും 15 വർഷത്തെ അധ്യാപന/ ഗവേഷണ പരിചയവും ഒന്നാമത്തെ പരിഗണനാ ഘടകമായി. അധ്യാപന/ഗവേഷണ മേഖലയല്ലാത്ത ജോലിയിലേക്ക് ഡെപ്യൂട്ടേഷനിൽ പോയിട്ടുണ്ടെങ്കിൽ ആ കാലഘട്ടം പ്രിൻസിപ്പൽ നിയമനത്തിന് പരിഗണിക്കില്ല. യു.ജി.സി കെയർ ലിസ്റ്റിൽ ഉൾപ്പെട്ട (2019 ജൂൺ14ന് മുമ്പുള്ളതെങ്കിൽ പിയർ റിവ്യൂഡ് ജേണൽ) ജേണലുകളിൽ പത്ത് ഗവേഷണ പേപ്പറുകൾ പ്രസിദ്ധീകരിക്കുകയും 110 റിസർച് സ്കോർ നേടുകയും ചെയ്യണമെന്നതും പ്രിൻസിപ്പൽ തസ്തികയിലേക്കുള്ള യോഗ്യതയായി.

സീനിയോറിറ്റിയുടെ ബലത്തിൽ മാത്രം പ്രിൻസിപ്പൽ കസേര കാത്തിരുന്നവർക്ക്​ കനത്ത തിരിച്ചടിയാണ്​ യു.ജി.സി റെഗുലേഷൻ സൃഷ്​ടിച്ചത്​. യോഗ്യത മാനദണ്ഡങ്ങൾ മറികടക്കാനുള്ള ശ്രമങ്ങളെല്ലാം കോടതികളും അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലും നിർവീര്യമാക്കിയതോടെ യു.ജി.സി റെഗുലേഷൻ പ്രകാരം കൈകടത്തലുകളില്ലാതെ പ്രിൻസിപ്പൽ നിയമനത്തിന് കളമൊരുങ്ങിവന്നതാണ്​. അപ്പോഴാണ്​ ചട്ടങ്ങളിൽ വെള്ളം ചേർക്കാനും യോഗ്യത തെറ്റിച്ച്​ നിയമനം നൽകാനും സർക്കാർ മുന്നോട്ടുവരുന്നത്​.

ചട്ടം പൊളിക്കാൻ ഉത്തരവുകളുടെ പെരുമഴ

അധ്യാപന/ ഗവേഷണ സ്വഭാവമില്ലാത്ത ഡെപ്യൂട്ടേഷൻ കാലയളവ് അധ്യാപന പരിചയമായി പരിഗണിക്കാൻ കഴിയില്ലെന്ന വ്യവസ്ഥ സംഘടന നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് തിരിച്ചടിയായി. ഭരണ സംഘടന നേതാക്കൾ അധ്യാപനം വിട്ട് മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിൽ വരെ കയറിക്കൂടിയിരുന്നു. ഇതിനു പുറമെ വിവിധ വകുപ്പുകളിൽ ഡയറക്ടർ, ജോയൻറ് ഡയറക്ടർ പോലുള്ള തസ്തികകളിലും ഒട്ടേറെ കോളജ് അധ്യാപകർ കയറിക്കൂടിയിട്ടുണ്ട്. ഇത്തരം തസ്തികകളിലെ ജോലി കാലയളവ് അധ്യാപന കാലയളവായി പരിഗണിക്കില്ലെന്ന് വ്യക്തമാക്കി 2022 മേയ് 23ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഇവർക്ക് വേണ്ടി ഭേദഗതി ചെയ്ത് 2022 ജൂൺ 21ന് പുതിയ ഉത്തരവിറക്കി.

പിന്നീട് കാണുന്നത് കർശന ഉപാധികളോടെ പരിഗണിക്കേണ്ട ഗവേഷണ ജേണലുകളിലെ പ്രസിദ്ധീകരണ മാനദണ്ഡങ്ങൾ അട്ടിമറിക്കുന്നതാണ്​. ഇതിനായി യു.ജി.സി റെഗുലേഷന് വിരുദ്ധമായി 2023 ജനുവരി അഞ്ചിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പണം കൊടുത്താൽ ലേഖനം പ്രസിദ്ധീകരിക്കുന്ന ജേണലുകൾ, മുൻകാല തീയതിയിൽ ലേഖനം പ്രസിദ്ധീകരിച്ചു നൽകുന്ന ജേണലുകൾ തുടങ്ങിയവയിലെ പ്രസിദ്ധീകരണങ്ങളാണ് ഒട്ടേറെ പേർ പ്രിൻസിപ്പൽ നിയമനത്തിനായി സമർപ്പിച്ചിരുന്നത്.

കോളജ് മാഗസിനിൽ വന്ന ലേഖനം വരെ സമർപ്പിച്ചവരുണ്ട്​. ഭരണാനുകൂല സംഘടന നൽകിയ നിവേദനമാണ്​ ഈ ഉത്തരവിന്​ പ്രേരകം. സംസ്ഥാനത്തെ പല കോളജ് വകുപ്പുകളും സൗകര്യം പോലെ ഇറക്കുന്ന ‘തട്ടിക്കൂട്ട്’ ജേണലുകളിലെ പ്രസിദ്ധീകരണങ്ങൾ പോലും അംഗീകരിക്കാൻ സർക്കാർ ഉത്തരവ് വഴിയൊരുക്കി. ഈ ഉത്തരവിൽ വീണ്ടും ഭേദഗതി വരുത്തി 2023 മാർച്ച് 24നും ഉത്തരവിറക്കി. ഒടുവിൽ ഐ.എസ്.ബി.എൻ, ഐ.എസ്.എസ്.എൻ നമ്പറുള്ള ആനുകാലികങ്ങളിലും ജേണലുകളിലും പ്രസിദ്ധീകരിച്ച ലേഖനങ്ങളും പരിഗണിക്കാമെന്ന്​ 2023 ജൂൺ പത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് കോളജ് വിദ്യാഭ്യാസ ഡയറക്ടർക്ക് കത്തും നൽകി.

43 പേരുടെ പട്ടിക 76 ആയതിങ്ങനെ

പ്രിൻസിപ്പൽ നിയമനത്തിനായി സെലക്ഷൻ കമ്മിറ്റി മുമ്പാകെ വന്ന 110 അപേക്ഷകരിൽ ഒട്ടേറെ പേർ സമർപ്പിച്ചത് പണം നൽകിയാൽ ലേഖനം പ്രസിദ്ധീകരിക്കുന്ന ​​ജേണലുകളിൽ വന്നവയായിരുന്നു. സെലക്ഷൻ കമ്മിറ്റി സൂക്ഷ്മ പരിശോധന നടത്തിയതോടെ അപേക്ഷകരിൽ യോഗ്യരായവർ 43 ആയി ചുരുങ്ങി. പുറത്തായവർ പ്രതിഷേധം ഉയർത്തിയെങ്കിലും സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടികയാണ്​ 2022 ജൂൺ 23ന് ചേർന്ന ഡിപ്പാർട്മെന്‍റൽ പ്രമോഷൻ കമ്മിറ്റി (ഡി.പി.സി)യോഗം അംഗീകരിച്ചത്​.

പി.എസ്.സി അംഗം സി. സുരേഷന്‍റെ ചേംബറിൽ അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയും അന്നത്തെ ഉന്നത വിദ്യാഭ്യാസ അഡീഷനൽ ചീഫ് സെക്രട്ടറിയുമായ ഡോ.വി. വേണു, കോളജ് വിദ്യാഭ്യാസ ഡയറക്ടർ വി. വിഘ്നേശ്വരി എന്നിവരാണ് പങ്കെടുത്തത്. യോഗ്യതയും കോൺഫിഡൻഷ്യൽ റിപ്പോർട്ടും പരിഗണിച്ച ഡി.പി.സി 43 പേരുടെ പട്ടികക്ക് അംഗീകാരം നൽകി. ചട്ടപ്രകാരം ഈ പട്ടിക അന്തിമമാണ്. കോളജ് പ്രിൻസിപ്പൽ നിയമനത്തിനുള്ള അധികാരിയായ കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഈ പട്ടിക നിയമന ശിപാർശയോടെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് കൈമാറി.

ഇതോടെയാണ്​ പട്ടിക അട്ടിമറിക്കാൻ മന്ത്രി നേരിട്ടിറങ്ങുന്നത്. പി.എസ്.സി അംഗം ഉൾപ്പെട്ട സമിതി അംഗീകരിച്ച നിയമനത്തിനുള്ള അന്തിമ പട്ടിക വെറും കരട് പട്ടികയായി പ്രസിദ്ധീകരിക്കാനുള്ള വിചിത്ര നിർദേശമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു ഫയലിൽ രേഖപ്പെടുത്തിയത്. പരാതി പരിഹരിക്കാൻ അപ്പീൽ കമ്മിറ്റി രൂപവത്കരിച്ച് തീർപ്പാക്കിയ ശേഷം നിയമനത്തിനുള്ള ഫയൽ സമർപ്പിക്കാനും മന്ത്രി നിർദേശിച്ചു.

എന്നാൽ ഇത്തരമൊരു വ്യവസ്ഥ യു.ജി.സി ചട്ടത്തിലില്ല. മന്ത്രിയുടെ നിർദേശത്തെ കരട് പട്ടികയായി ഡയറക്ടർ പ്രസിദ്ധീകരിക്കുകയും പുറത്തായവരുടെ പരാതി സ്വീകരിക്കാൻ അപ്പീൽ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. ഈ അപ്പീൽ കമ്മിറ്റി പിന്നീട് മറ്റൊരു സെലക്ഷൻ കമ്മിറ്റിയായി മാറി. ഫലത്തിൽ യു.ജി.സി ചട്ടപ്രകാരം രൂപവത്കരിച്ച സെലക്ഷൻ കമ്മിറ്റി അംഗീകരിച്ച പട്ടിക നിലനിൽക്കെ അതിൽനിന്ന് നിയമനം നടത്താതെ മറ്റൊരു സെലക്ഷൻ കമ്മിറ്റിയുണ്ടാക്കുന്ന നടപടിയിലേക്കാണ് മന്ത്രിയുടെ നിർദേശം കൊണ്ടെത്തിച്ചത്.

അപ്പോഴേക്കും യോഗ്യതയില്ലാതെ പുറത്തായവരെ ഉൾക്കൊള്ളിക്കാൻ ആവശ്യമായ സർക്കാർ ഉത്തരവുകളും കത്തുകളും കൂടി ഇറങ്ങിയിരുന്നു. ഇതോടെ 43 പേർക്ക് പുറമെ യോഗ്യതയില്ലാതെ പുറത്തുപോയ 38 പേരെക്കൂടി സർക്കാർ രൂപവത്കരിച്ച മറ്റൊരു കമ്മിറ്റിയുടെ സഹായത്തോടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇതിൽ വിരമിച്ച അഞ്ചു പേരെ ഒഴിവാക്കി 76 പേരുടെ പട്ടിക തയാറാക്കി. വേണ്ടപ്പെട്ടവരെല്ലാം കയറിയ 76 പേരുടെ പട്ടികയിൽനിന്നുള്ള നിയമനത്തിനായാണ് സർക്കാർ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ മുമ്പാകെ വാദിച്ചത്.

എന്നാൽ ഈ വാദം ട്രൈബ്യൂണൽ തള്ളുകയായിരുന്നു. പുറത്തുപോയവരെ പരിഗണിക്കാൻ വീണ്ടും സെലക്ഷൻ കമ്മിറ്റിയുണ്ടാക്കിയതിനെ ചോദ്യം ചെയ്ത് ഏഴ് അധ്യാപകർ ഇതിനകം ട്രൈബ്യൂണലിൽ എത്തിയിട്ടുണ്ട്. പുതിയ സെലക്ഷൻ നടത്തുമ്പോൾ യോഗ്യരായ മുഴുവൻ പേരിൽനിന്നും അപേക്ഷ ക്ഷണിക്കണമെന്ന് വ്യക്തമാക്കിയ ട്രൈബ്യൂണൽ ഫലത്തിൽ 33 പേരെ ചേർത്തുള്ള 76 പേരുടെ പട്ടിക തള്ളുകയായിരുന്നു.

മന്ത്രിക്ക്​ ഒഴിഞ്ഞുമാറാനാവില്ല

സർക്കാർ സർവിസിൽ പ്രമോഷൻ നടത്തുന്നത് ഡിപ്പാർട്മെൻറൽ പ്രമോഷൻ കമ്മിറ്റി അംഗീകരിച്ച പട്ടികയിൽനിന്നാണ്. പട്ടികയിൽനിന്ന് നിയമനം നടത്താനുള്ള അനുമതി സർക്കാർ നൽകുകയും അതിനനുസൃതമായി ഉത്തരവിറക്കുന്നതുമാണ് രീതി. യു.ജി.സി റെഗുലേഷൻ പ്രകാരം രൂപവത്കരിച്ച ഒരു അക്കാദമിക് സമിതി പരിശോധന നടത്തി തയാറാക്കുകയും ഡി.പി.സി അംഗീകരിക്കുകയും ചെയ്ത പട്ടികയിൽ ഇടപെടുന്ന നടപടിയാണ് മന്ത്രിയിൽ നിന്നുണ്ടായത്.

പരാതി കേൾക്കാനും അതിന് രൂപവത്കരിച്ച സമിതിയെ സമാന്തര സെലക്ഷൻ കമ്മിറ്റിയാക്കിയതും യു.ജി.സി റെഗുലേഷന്‍റെ നഗ്നമായ ലംഘനമാണ്. ഒരു സെലക്ഷൻ കമ്മിറ്റി തയാറാക്കിയ പട്ടിക നിലനിൽക്കെ മറ്റൊരു കമ്മിറ്റിയുണ്ടാക്കി പട്ടിക വിപുലീകരിക്കുന്നതിലേക്ക് നയിച്ചത് മന്ത്രിയുടെ ഇടപെടലാണെന്ന് ഫയലുകൾ വ്യക്തമാക്കുന്നു. തെറ്റായ നടപടിയിലേക്ക് മന്ത്രിയെ നയിച്ചത് ആരെന്ന് മാത്രമേ ഇനി വ്യക്തമാകേണ്ടതുള്ളൂ.

Tags:    
News Summary - Principal appointment fraud: The accused is the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.