വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ-വിദേശ നിക്ഷേപം: ആശങ്കകളിൽ വസ്തുതയുണ്ടോ?

ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച പൊതു ബജറ്റിനെ പിൻപറ്റി വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ-വിദേശ മൂലധന നിക്ഷേപത്തെക്കുറിച്ചുള്ള ചർച്ചകൾ ഒരിടവേളയ്ക്കു ശേഷം വീണ്ടും സജീവമായിരിക്കുകയാണ്.1991ലെ സാമ്പത്തിക ഉദാരവൽക്കരണം മുതലിങ്ങോട്ട് സ്വകാര്യ-വിദേശ നിക്ഷേപത്തെ സംശയക്കണ്ണോടെ നോക്കിയാണ് മലയാളി പൊതുബോധത്തിനു ശീലം.

എന്നാൽ, അസ്‌പൃശ്യമായിരുന്ന പല മേഖലകളിലും പിൽക്കാലത്തു സ്വകാര്യ നിക്ഷേപം ഇരുകൈയും നീട്ടി സ്വീകരിച്ച ചരിത്രവും മലയാളികൾക്കുണ്ടെന്നതാണ് രസകരം. എന്നിട്ടും എന്തുകൊണ്ടാവാം മറ്റു പല സംസ്ഥാനങ്ങളും സ്വകാര്യ-കല്പിത സർവകലാശാലകളെ സർവാത്മനാ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ സ്വീകരിച്ചിട്ടും കേരളം നാളിത്രയും ഇത്തരമൊരു സാധ്യതയോടു മുഖം തിരിച്ചു നിന്നത്? എന്തൊക്കെയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആശങ്കകൾ? ഇത്തരം ആശങ്കകൾ വസ്തുതകൾക്ക് നിരക്കുന്നതാണോ? നമുക്ക് പരിശോധിക്കാം.

പ്രധാന വിമർശനങ്ങൾ, ആശങ്കകൾ

സ്വകാര്യ മൂലധന നിക്ഷേപത്തെ എതിർക്കുന്നവർ ഉന്നയിക്കുന്ന ഏറ്റവും ശക്തമായ വിമർശനമാണ് സർക്കാർ നിയന്ത്രണത്തിലല്ലാത്ത പക്ഷം സർവകലാശാലകൾ യാതൊരു തത്വ ദീക്ഷയുമില്ലാതെ പണം മാത്രം മാനദണ്ഡമാക്കി വിദ്യാഭ്യാസക്കച്ചവടം നടത്തുകയും അതുവഴി മാനവ വിഭവശേഷിയുടെ നിലവാരത്തകർച്ചക്കു വഴിമരുന്നിടുകയും ചെയ്യുമെന്നത്. കൂടാതെ വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന സാമൂഹിക നീതിയെ പാടെ അട്ടിമറിച്ചേക്കാം എന്ന ആശങ്കയും ശക്തമാണ്. ഇവയുടെ വരവോടെ പൊതുമേഖല വിദ്യാഭ്യാസ സ്ഥാപനങ്ങൾ കടുത്ത മത്സരം നേരിടേണ്ടി വരികയും കാലക്രമത്തിൽ അടച്ചു പൂട്ടുകയും ചെ​യ്തേക്കാം.

മേല്പറഞ്ഞ വാദഗതികൾ അല്പം ആഴത്തിലുള്ള വിശകലനം ആവശ്യപ്പെടുന്നുണ്ട്. സാധാരണ ഈ വിഷയത്തിലുള്ള ഭൂരിഭാഗം ചർച്ചകളിലും നിറയുന്നത് വിജ്ഞാനത്തിന്റെ ചോദനത്തെ (demand) പറ്റിയുള്ള ചർച്ചകളും വിശകലങ്ങളുമാണ്. അതായത്, നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ നിന്നും വിദ്യാഭ്യസം നേടി തൊഴിലന്വേഷകരാവുന്ന യുവതലമുറയുടെ ജോലി സാധ്യതകളെപറ്റിയുള്ള പ്രതീക്ഷകൾ അല്ലെങ്കിൽ ആശങ്കകൾ. നിലവിലെ സാഹചര്യത്തിൽ ഇവിടേക്ക് കടന്നു വരുന്ന സർവകലാശാലകൾ വിപണി മൂല്യത്തിലധിഷ്ഠിതമായ കോഴ്സുകൾ സൃഷ്ടിക്കുകയും അവ കച്ചവട ചരക്കാക്കുകയും ചെയ്തേക്കാം എന്ന സന്ദേഹം ഇതിനെ എതിർക്കുന്നവർ മുന്നോട്ടു വയ്ക്കുന്നു. എന്നാൽ, ഇത്തരം ഘടനാപരമായ ഒരുമാറ്റം കാലത്തിന്റെ അനിവാര്യതയാണെന്ന് സമർഥിക്കാനാണ് സ്വകാര്യ മൂലധനത്തെ അനുകൂലിക്കുന്നവർ ശ്രമിക്കുന്നത്.

ഈ വിഷയത്തിൽ, അറിവിന്റെ ഉത്പാദനത്തെയും വിതരണത്തെയും (supply) സംബന്ധിച്ച അധികം വിശകലന വിധേയമായിട്ടില്ലാത്ത മറ്റൊരു വശം കൂടിയുണ്ട്. സ്വകാര്യ-വിദേശ മൂലധന നിക്ഷേപം വിദ്യാഭ്യാസത്തിൽ വരുത്തുന്ന മാറ്റങ്ങളെപ്പറ്റിയുള്ള ആശയപരമായ ചർച്ചകൾ നിലവിലെ വിദ്യാഭ്യാസ വ്യവസ്ഥയുടെ ചട്ടക്കൂടുകളെപ്പറ്റി സമഗ്രമായ ഉൾക്കാഴ്ചയുണ്ടെങ്കിൽ മാത്രമേ ശരിയായ ദിശയിൽ മുന്നേറുകയുള്ളു.

സർക്കാർ കുത്തകയും പ്രതിലോമകരം

സർക്കാർ നിയന്ത്രണത്തിലല്ലാത്ത മൂലധന നിക്ഷേപം ചൂഷണങ്ങളിലേക്കും തദ്വാരാ സാമൂഹിക അസമത്വങ്ങളിലേക്കും നയിച്ചേക്കാം എന്നതാണ് കേരള പൊതുബോധത്തിൽ അലിഞ്ഞുചേർന്ന ഏറ്റവും പ്രബലമായ വിചാരധാര. ചരിത്രപരവും സാംസ്കാരികവുമായ വിവിധ ഘടകങ്ങൾക്ക് ഈ ആഖ്യാനങ്ങൾ രൂപവൽകരിക്കുന്നതിൽ ചെറുതല്ലാത്ത പങ്കുണ്ട്. ഇത്തരമൊരാശങ്ക നിലനിക്കുന്നതുകൊണ്ടു തന്നെ കേരളത്തിലെ സാമൂഹികവും സാമ്പത്തികവുമായ ഒട്ടുമിക്ക ഇടങ്ങളും ദശാബ്‌ദങ്ങളായി പ്രത്യക്ഷമായോ പരോക്ഷമായോ സർക്കാർ നിയന്ത്രണത്തിലാണ് നിലനിന്നുപോരുന്നത്. പലപ്പോഴും നാം മറക്കുന്ന ഒരു വസ്തുതയാണ് കമ്പോള വാണിജ്യ കുത്തകവൽക്കരണം പോലെ തന്നെ പ്രതിലോമകരമാണ് സർക്കാർ കുത്തകയും എന്നത്. ഈ പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയാണ് വിജ്ഞാനത്തിന്റെ ഉത്പാദനവും വിതരണവും പഠന വിഷയമാക്കേണ്ടത്.

പ്രശസ്ത സാമ്പത്തിക ശാസ്ത്രഞനും നൊബേൽ പുരസ്‌കാര ജേതാവുമായ മിൽട്ടൻ ഫ്രീഡ്മാൻ ഒരിക്കൽ അഭിപ്രായപ്പെട്ടത് “നയങ്ങളെയും പദ്ധതികളെയും അവയുടെ ഫലങ്ങളേക്കാൾ ഉദ്ദേശ്യലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തുക എന്നതാണ് നമ്മൾ വരുത്തുന്ന ഏറ്റവും വലിയ പിഴവുകളിലൊന്ന്” എന്നാണ്. നെഹ്രുവിയൻ സോഷ്യലിസം ഭാരതത്തിന്റെ ഭഗഥേയം നിർണയിച്ച കാലഘട്ടം മുതൽക്കേ സാമൂഹിക സാമ്പത്തിക ഇടങ്ങളിലെ സർക്കാർ സാന്നിധ്യം തികച്ചും അനിവാര്യമായി കണക്കാക്കപ്പെട്ടു പോന്നിരുന്നു. വിദ്യാഭാസ രംഗത്തും സ്ഥിതി മറിച്ചായിരുന്നില്ല. ഐ.ഐ.ടി, ഐ.ഐ.എം, ചില ചുരുക്കം കേന്ദ്ര സർവകലാശാലകൾ എന്നിവ ഒഴിച്ച് നിർത്തിയാൽ, പ്രവർത്തന സ്വാതന്ത്രത്തിന്റെ അഭാവം ബഹുഭൂരിപക്ഷം വരുന്ന സർവകലാശാലകളെയും കോളജുകളെയും സാരമായി ബാധിച്ചിട്ടുണ്ടെന്നു കാണാം. സാമ്പത്തിക, അക്കാദമിക, ഭരണ നിർവഹണ മേഖലകളിലെ അനിയന്ത്രിതമായ സർക്കാർ ഇടപെടൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്രിയാത്മകതയെയും കാര്യക്ഷമതയെയും സാരമായി ബാധിക്കുകയും ക്രമേണ ഉന്നത വിദ്യാഭ്യാസം കേന്ദ്രീകൃതമായ ഒരു ചട്ടക്കൂട്ടിലേക്കൊതുങ്ങുകയും ചെയ്തു.

കേരളത്തിൽ എന്തുസംഭവിച്ചു?

ഒരു ഘട്ടത്തിൽ വികസിത രാജ്യങ്ങൾ പോലും സാകൂതം നിരീക്ഷിച്ച 'കേരളാ മോഡലിന്റെ' ഉപജ്ഞാതാക്കളായ നമ്മുടെ സംസ്ഥാനം, വികേന്ദ്രീകൃത വിദ്യാഭ്യാസ നയങ്ങളുടെ അഭാവം മൂലം ഉന്നത വിദ്യാഭ്യാസ രംഗത്ത് പിൽക്കാലത്ത് ഏറെ പിന്നിലേക്ക് പോയി. എയ്ഡഡ്, അൺ-എയ്ഡഡ് വ്യത്യാസമില്ലാതെ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന കോളജുകളും അതാതു സർവകലാശാലകളുടെ കീഴിൽ സ്വയം ഭരണവും വലിയൊരളവിൽ വ്യക്തിത്വവും നഷ്ടപ്പെട്ട് വെറും തൊഴിലിടങ്ങളായി പരിണമിച്ചു. അധ്യാപക നിയമനത്തിലുൾപ്പടെ കോഴ കൊടുക്കുന്നതിലും വാങ്ങുന്നതിലും തെറ്റില്ല എന്ന നിലയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തു.

കരിക്കുലം വികസനത്തിലും പാഠ്യപദ്ധതിയിലും കാലാനുസൃതമായ പരിഷ്‌കരണങ്ങൾ അവതരിപ്പിക്കുന്നതിൽ ഈ കേന്ദ്രീകൃത സ്വഭാവം വലിയൊരളവിൽ വിലങ്ങുതടി ആയെന്നു പറയാതെ വയ്യ. കൂടാതെ സർവകലാശാലകൾ അറിവിന്റെ ഉത്പാദന കേന്ദ്രങ്ങളാവുന്നതിനു പകരം അഫിലിയേറ്റഡ് കോളജുകളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടുന്ന സാഹചര്യവും സംജാതമായി.

അതിരുകളില്ലാതെ വളരാൻ വിടുക

ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാകാലങ്ങളായി പിന്തുടർന്ന് വരുന്ന നയങ്ങൾ അധ്യാപകരുടെ പ്രവർത്തന സ്വാതന്ത്രത്തെ പ്രതികൂലമായി ബാധിച്ചു എന്നത് അതിശയോക്തി അല്ല. നിലവിലെ സാഹചര്യത്തിൽ അധ്യാപകർക്ക് പാഠ്യപദ്ധതി തയ്യാറാക്കുന്നതിലോ, നൂതനമായ പരീക്ഷാ മാതൃകകൾ സൃഷ്ടിക്കുന്നതിലോ യാതൊരു പങ്കും വഹിക്കാനില്ല എന്നതാണ് സത്യം. അതിനാൽ തന്നെ നവീനമായ അധ്യാപന രീതികൾ സ്വാംശീകരിക്കുന്നതിലോ വിദ്യാർഥികളുടെ സമഗ്ര വ്യക്തിത്വ വികസനത്തിൽ ശ്രദ്ധ പതിപ്പിക്കുന്നതിലോ അധ്യാപകർ പൊതുവിൽ വിമുഖത കാട്ടുന്നു. തത്‌ഫലമായി വിദ്യാർഥികൾ പലപ്പോഴും ഗൈഡ് ബുക്കുകളെ മാത്രം ആശ്രയിച്ച് ബിരുദധാരികളാവുന്ന അവസ്ഥയുണ്ട്. വിജ്ഞാന ഉൽപാദനത്തെയും വിതരണത്തെയും നിലവിലെ വാർപ്പ് മാതൃകകളിൽ നിന്നും മോചിപ്പിച്ചു അതിരുകളില്ലാതെ വളരാനും വ്യാപിക്കാനും വിടുക എന്നത് മാത്രമാണ് ഇതിനുള്ള ബദൽ മാർഗം.

സാമൂഹിക നീതി ഉറപ്പുവരുത്താൻ ഇടപെടൽ വേണം

സാമൂഹിക നീതി ഉറപ്പാക്കുന്ന കാര്യമെടുത്താൽ, സംവരണം ഒന്ന് കൊണ്ട് മാത്രം പരിഹരിക്കാവുന്നതല്ല സമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ഉന്നമനം. രാജ്യത്തെ പല ഐ.ഐ.ടികളിൽ നിന്നും ഇടയ്ക്കിടെ ഉയർന്നു കേൾക്കുകയും പിന്നീട് വിസ്‌മൃതിയിലാണ്ടു പോവുകയും ചെയ്യാറുള്ള ദലിത് വിദ്യാർഥികളുടെ ആത്മഹത്യകൾ ഈ വസ്തുതയെ അടിവരയിടുന്നുണ്ട്. സാമൂഹിക നീതി കാറ്റിൽ പറത്തിക്കൊണ്ടുള്ള നയങ്ങൾ തീർച്ചയായും ഇന്ത്യ പോലുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. കേരളത്തിന്റെ കാര്യവും മറിച്ചല്ല. പക്ഷേ, ഉയർന്ന ഫീസ് നൽകി പഠിക്കേണ്ടി വരുന്ന ഇത്തരം സർവകശാലകളിൽ, പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള അധ്യാപക, വിദ്യാർഥി പ്രാതിനിധ്യം ഉറപ്പു വരുത്തുക എന്നത് ശ്രമകരമായ ഒരു ഉദ്യമമായിരിക്കും.

സർക്കാർ നിയന്ത്രണത്തിലുള്ള ഐ.ഐ.ടികളിൽ പോലും പിന്നാക്ക വിഭാഗം അധ്യാപകർ ഒളിഞ്ഞോ തെളിഞ്ഞോ നേരിടേണ്ടി വരുന്ന ജാതി വിവേചനം ഒരു യാഥാർഥ്യമായി നമ്മുടെ കണ്മുന്നിൽ തന്നയുണ്ടല്ലോ. പക്ഷെ, അതിനർഥം വിദേശ, സ്വകാര്യ സർവകലാശാലകളെന്ന സാധ്യതയെ പാടേ നിരാകരിക്കുക എന്നതല്ല. മറിച്ച് സർക്കാർ മുൻകൈയെടുത്ത് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൈകോർത്ത് ദലിത്, പിന്നാക്ക സ്റ്റഡി ചെയറുകൾ സ്ഥാപിക്കണം. പിന്നാക്ക വിഭാഗം ഉദ്യോഗാർഥികളെ മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിൽ അധ്യാപകരായും നിയമിക്കണം. കോർപറേറ്റ് കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് കൂടി ഫലപ്രദമായി ഉപയോഗപ്പെടുത്തി മിടുക്കരായ ദലിത്/ പിന്നാക്ക വിദ്യാർഥികളുടെ പഠന ചിലവുകൾ ഏറ്റെടുക്കുകയും ചെയ്താൽ സാമൂഹിക നീതി ഉറപ്പുവരുത്തിക്കൊണ്ടുള്ള വൈജ്ഞാനിക വിപ്ലവം സാധ്യമാണ്. മാത്രമല്ല, പുതിയ സർവകലാശാലകൾ സ്ഥാപിക്കപ്പെടുമ്പോൾ സർക്കാർ, എയ്ഡഡ് കോളജുകളിൽ ഒഴിവു വരുന്ന സീറ്റുകളിൽ സാമൂഹികമായും സാമ്പത്തികമായും പാർശ്വവൽകരിക്കപ്പെട്ട വിദ്യാർഥികളെ പ്രവേശിപ്പിക്കുക വഴി വിദ്യാഭ്യാസ മേഖലക്ക് കൂടുതൽ പ്രാതിനിധ്യ സ്വഭാവം കൈവരാനുള്ള സാധ്യത വളരെ ഏറെയാണ് താനും.

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടുമോ?

മറ്റൊരു സുപ്രധാന വിഷയമാണ് വിദേശ സർവകലാശാലകളുടെ വരവോടെ സർക്കാർ, എയ്ഡഡ് കോളജുകളുടെയും സർവകലാശാലകളുടെയും നിലനിൽപ് അപകടത്തിലാവുമോ എന്ന ആശങ്ക. 1991ൽ നിലവിലുണ്ടായിരുന്ന സാമ്പത്തിക ക്രമത്തെ പൊളിച്ചെഴുതി ഉദാരവൽകരണം നടപ്പിലാക്കിയപ്പോഴും ഇതേ സന്ദേഹങ്ങളും ആശങ്കകളും ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ, മൂന്നു ദശാബ്ദങ്ങൾക്കിപ്പുറവും ആഗോള കുത്തകകൾക്ക് ഇന്ത്യൻ കമ്പനികളെ കെട്ടുകെട്ടിക്കാനായില്ല എന്ന് മാത്രമല്ല, ഏത് ആഗോള ഭീമനൊപ്പവും മത്സരിക്കാനുള്ള ക്ഷമത നമ്മുടെ സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങൾ ഏറെക്കുറെ ആർജിച്ചെടുക്കുകയുണ്ടായി.

മുമ്പ് പ്രസ്താവിച്ച പോലെ വിഞ്ജാനത്തെ സ്വതന്ത്രമാക്കുമ്പോൾ മാത്രമേ വിജ്ഞാനോൽപാദനം കാര്യക്ഷമമാവുകയുള്ളു. വികസിത രാജ്യങ്ങൾ മാത്രമല്ല മറ്റു വികസ്വര രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ പോലും ഇന്ത്യയുടെ ഗവേഷണ-വികസനത്തിനുള്ള നീക്കിയിരിപ്പ് (ജി.ഡി.പി അനുപാതത്തിൽ) തുലോം കുറവാണെന്നു കാണാം. പണദൗർലഭ്യം മൂലം വലയുന്ന കേരളത്തെപ്പോലെയുള്ള സംസ്ഥാനങ്ങൾക്ക് ഗവേഷണ മേഖലയിൽ ചെലവിടാൻ പറ്റുന്ന തുകക്ക് പരിധിയുണ്ട്. ഈ വിടവ് നികത്താൻ ഗവേഷണ മേഖലയിൽ പണം മുടക്കാൻ തയ്യാറുള്ള സ്വകാര്യ-വിദേശ സർവകലാശാലകളുടെ വരവ് സഹായിക്കും.

ഇങ്ങനെ വിലക്കുകളില്ലാത്ത വിജ്ഞാനം ഉൽപാദിപ്പിക്കപ്പെടുകയും കാര്യക്ഷമമായ വിതരണം സാധ്യമാവുകയും ചെയ്യുമ്പോൾ അതിന്റെ ഗുണഭോക്താക്കൾ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടിയാവുമെന്ന് നിസ്സംശയം പറയാം.

നേട്ടം കുട്ടികൾക്കും സംസ്ഥാനത്തിനും

നമ്മുടെ കുട്ടികൾക്ക് ഉപരി പഠനത്തിനായി കടൽ കടക്കേണ്ട എന്ന നേട്ടം മാത്രമല്ല, ആഗോള സർവകലാശാലാ റാങ്കിങ്ങിൽ ആദ്യത്തെ അഞ്ഞൂറിൽ വരുന്ന സർവകലാശാലകളുടെ വരവോടെ മറ്റു വികസ്വര രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കുക വഴി സംസ്ഥാനത്തേക്ക് വലിയ അളവിൽ വിദേശ നാണ്യം വന്നെത്തുന്ന അവസ്ഥയും സൃഷ്ടിക്കപ്പെട്ടേക്കാം.

ഉന്നത വിദ്യാഭ്യസം മെച്ചപ്പെടണമെങ്കിൽ സർക്കാർ ധനസഹായം ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. എന്നിരുന്നാലും അറിവിന്റെ ഉത്പാദനത്തിലും വിതരണത്തിലുമുള്ള സർക്കാർ കുത്തക യുവമനസ്സുകളെ സ്വതന്ത്ര ചിന്തക്കാരായി മാറുന്നതിൽ നിന്നും പരോക്ഷമായെങ്കിലും പിന്തിരിപ്പിക്കുകയും, മാറി വരുന്ന രാഷ്ട്രീയപ്പാർട്ടികളുടെ ആശയ സംഹിതകൾക്കനുസൃതമായി ഏതെങ്കിലും ഒരു പ്രത്യേക ദിശയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തേക്കാം. ഒരു ജനാധിപത്യ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് അനഭിലഷണീയമായിരിക്കുമെന്നത് നിസ്തർക്കമാണ്.

(ദുബൈ ഐ.എം.ടിയിൽ അസി. പ്രഫസറാണ് ആനന്ദ് ബി.

ഐ.ഐ.ടി ഗോവയിൽ അസോ. പ്രഫസറാണ് സുനിൽ പോൾ.

എഴുത്തുകാരുടെ തീർത്തും വ്യക്തിപരമായ അഭിപ്രായമാണ് ലേഖനത്തിന്റെ ഉള്ളടക്കം)

Tags:    
News Summary - Private and foreign Investment in Higher Education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT