തിരുവനന്തപുരം: സ്വകാര്യ നിക്ഷേപത്തിന് പരവതാനി വിരിക്കുന്ന സുപ്രധാന നയം മാറ്റമാണ് സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അതാണ് യോജിച്ച മാർഗമെന്ന് ധനമന്ത്രി കരുതുന്നെന്ന് ബജറ്റിന്റെ ഊന്നൽ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസ രംഗത്ത് സ്വകാര്യമേഖലയെ അനുവദിക്കുന്നതിരെ ഇടത് വിദ്യാർഥി സംഘടനകൾ നയിച്ച പ്രക്ഷോഭത്തിന്റെ ഓർമകൾ മായാതെ നിൽക്കുമ്പോൾ സ്വകാര്യ സർവകലാശാലകൾക്കും വിദേശ സർവകലാശാലകളുടെ കാമ്പസുകൾക്കും അനുമതി നൽകുമെന്ന പ്രഖ്യാപനം ദിശാമാറ്റമാണ്.
വിദേശ സർവകലാശാലകൾക്കായി വാദിച്ച ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാനെ എസ്.എഫ്.ഐ പ്രവർത്തകർ 2016ൽ കൈയേറ്റം ചെയ്തിരുന്നു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനെതിരെയും വൻ പ്രക്ഷോഭമാണ് നടന്നത്. അത്തരം സമരങ്ങളും നിലപാടുകളും തിരുത്തിയാണ് സ്വകാര്യ വിദേശ സർവകലാശാലകൾക്ക് വഴിയൊരുക്കുന്നത്.
നിലവിലെ പ്രതിസന്ധിയെ സാമ്പത്തികമായി നേരിടാൻ ബജറ്റിൽ നടപടികളൊന്നുമില്ല. ചെലവ് ചുരുക്കാൻ ശ്രമം പോലുമില്ല. പുതിയ വികസന പദ്ധതികളും ക്ഷേമപദ്ധതികളും വിരളം. ക്ഷേമ പെൻഷനിൽ നേരിയ വർധനക്കുപോലും തയാറായില്ലെങ്കിലും പല മേഖലകളിലായി കോടികളുടെ അധിക ബാധ്യത അടിച്ചേൽപിച്ചു.
വിനോദസഞ്ചാരം, വ്യവസായം, കായികം മേഖലകളിലേക്ക് കൂടുതൽ സ്വകാര്യ നിക്ഷേപത്തിന് ശ്രമിക്കുന്നതിനൊപ്പം സർക്കാർ ആശുപത്രികൾക്കായി ജനങ്ങളിൽ നിന്ന് പണം സ്വീകരിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി പൂർവ വിദ്യാർഥികളുടെ സഹായം തേടാനുമൊക്കെ ലക്ഷ്യമിടുകയാണ്. സാമ്പത്തിക ശേഷിയുള്ളവർ ആശുപത്രി ബിൽ അടയ്ക്കണമെന്നാണോ ധനമന്ത്രി ഉദ്ദേശിച്ചതെന്ന് വ്യക്തമായിട്ടില്ല.
മൂന്നുവർഷം കൊണ്ട് മൂന്നുലക്ഷം കോടി നിക്ഷേപം കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ബജറ്റ് ഇക്കോ ടൂറിസം പദ്ധതികളിലും മുതിർന്ന പൗരൻമാർക്ക് കെയർ സെന്ററുകളിലും സ്വകാര്യ നിക്ഷേപത്തിന് ശ്രമിക്കുകയാണ്. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോൾ അതിനെ നേരിടാൻ പ്ലാൻ ബിയുണ്ടെന്ന് പറയുന്ന ധനമന്ത്രി അതെന്താണെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം അത് അധിക ബാധ്യതയായി വരുമോ എന്ന് കണ്ടറിയണം.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ചില നടപടികൾ ബജറ്റിൽ തെളിഞ്ഞുകാണാം. റബർ താങ്ങുവിലയിൽ 10 രൂപയുടെ വർധന വന്നു. ശമ്പള പരിഷ്കരണ കുടിശ്ശികയും ഡി.എ കുടിശ്ശികയുമൊക്കെയായി കടുത്ത അതൃപ്തിയിലായ സർക്കാർ ജീവനക്കാരെ തൃപ്തിപ്പെടുത്താനാണ് ഒരു ഗഡു ക്ഷാമബത്തയും പങ്കാളിത്ത പെൻഷൻ പദ്ധതിയിലെ മാറ്റവും.
മനുഷ്യൻ-വന്യജീവി സംഘർഷം നേരിടാൻ നാമമാത്ര തുക മാത്രമേയുള്ളൂ. മാന്ദ്യപാക്കേജ് എന്ന നിലയിൽ റോഡ് വികസനത്തിന് 1000 കോടി, അംഗൻവാടി ജീവനക്കാർക്ക് ഇൻഷുറൻസ് തുടങ്ങി കുറഞ്ഞ പ്രഖ്യാപനങ്ങളേയുള്ളൂ. വരുമാന വർധനക്കായി ഭൂമിയിലും മദ്യത്തിലും ഇക്കുറിയും ധനമന്ത്രി കൈവച്ചു.
സർക്കാറിന് കിട്ടിത്തുടങ്ങിയതോടെ വൈദ്യുതി ഡ്യൂട്ടിയും കൂട്ടി. കോടതി ഫീസുകളുടെ വർധനയും ജനങ്ങൾക്ക് അധിക ബാധ്യതയുണ്ടാക്കും. ഏത് പദ്ധതിയും കിഫ്ബി വഴി എന്ന പല്ലവി മാറി. ഇക്കുറി കിഫ്ബിയിൽ നിന്നും പദ്ധതികളൊന്നുമുണ്ടായില്ല.
ബജറ്റ് എസ്റ്റിമേറ്റ് (കോടി രൂപയിൽ)
റവന്യൂ വരവ് 138655.16
റവന്യൂ ചെലവ് 166501.21
റവന്യൂ കമ്മി (-) 27846.05
മൂലധന ചെലവ് (തനി) (-) 15596.92
വായ്പകളും മുന്കൂറുകളും (തനി) (-) 1086.00
പൊതുകടം (തനി) 35988.28
പൊതുകണക്ക് (തനി) 8500.00
ആകെ കമ്മി (-) 40.69
വർഷാരംഭ രൊക്ക ബാക്കി 119.75
വർഷാന്ത്യ രൊക്ക ബാക്കി 79.06
ഇപ്പോൾ പ്രഖ്യാപിച്ച അധിക ചെലവ് (-) 1420.00
അധിക വിഭവ സമാഹരണം 1067.00
വർഷാന്ത്യ രൊക്ക ബാക്കി (-) 273.94
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.