ജനുവരി 18ന് ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ രാജ്യത്തിന്റെ 74ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാനുള്ള മുന്നൊരുക്കത്തെക്കുറിച്ച് കേന്ദ്ര സർക്കാർ വക്താവ് വിശദീകരിച്ചിരുന്നു. കർത്തവ്യപഥ് ആയി പരിണാമപ്പെട്ട രാജ്പഥിൽനിന്ന് പരമ്പരാഗത മാർച്ച് പാസ്റ്റിനൊപ്പം സായുധ, അർധ സൈനിക വിഭാഗങ്ങളുടെ ഗ്രാൻഡ് പരേഡ് നടക്കും.
മിലിട്ടറി ടാറ്റൂ ആൻഡ് ൈട്രബൽ ഡാൻസ് ഫെസ്റ്റിവൽ, വീരഗാഥ 2.0, വന്ദേ ഭാരതം നൃത്തമത്സരം, ദേശീയ യുദ്ധസ്മാരകത്തിൽ സേനകളുടെയും കോസ്റ്റ് ഗാർഡിന്റെയും ബാൻഡ്, ഓൾ ഇന്ത്യ സ്കൂൾ ബാൻഡ് മത്സരം, ബീറ്റിങ് ദ റിട്രീറ്റിനോടനുബന്ധിച്ച് േഡ്രാൺ ഷോ എന്നിവ ഉൾപ്പെടെ ഇക്കുറി റിപ്പബ്ലിക് ദിനാഘോഷത്തിൽ ഒട്ടനവധി പുതുമകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതെല്ലാം തീർച്ചയായും അഭിനന്ദനീയം തന്നെ. ഗ്രാൻഡ് പരേഡിൽ ഇന്ത്യൻ സേനയുടെ മിടുക്കും പ്രാപ്തിയും പ്രകടമാകും. സായുധസേനകളുടെ സന്നാഹങ്ങളും കരുത്തും പ്രൗഢിയോടെ പ്രകടിപ്പിക്കപ്പെടും. ഈജിപ്ഷ്യൻ പ്രസിഡന്റാണ് ഇക്കുറി ആഘോഷച്ചടങ്ങുകളിലെ മുഖ്യാതിഥി. രാജ്യമൊട്ടുക്ക് ഇന്ന് പ്രഭാഷണങ്ങളുടെ കുത്തൊഴുക്കായിരിക്കും. സകല രാഷ്ട്രീയക്കാരും വാചാലരാകും.
ഇന്ത്യ റിപ്പബ്ലിക്കായത് 2014നു ശേഷമാണെന്ന് തട്ടിവിടാൻപോലും പലരും മടിക്കില്ല (കുറെയേറെപ്പേർ ആ നുണ വിശ്വസിക്കുകയും ചെയ്യും). എങ്കിലും, ചിലർ ആദ്യത്തെ റിപ്പബ്ലിക് ദിനം 1950 ജനുവരി 26ന് ആണെന്നും ഇന്ത്യയിലെ ജനങ്ങൾ ഭരണഘടനയുടെ കാഴ്ചപ്പാടിലാണ് ജീവിക്കുന്നതെന്നുമുള്ള സത്യം മറക്കാതിരിക്കും.
പല കാരണങ്ങൾകൊണ്ടും ജനുവരി 26 എന്ന ദിവസത്തിന് ഒട്ടേറെ പ്രാധാന്യമുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാളികളും പ്രഥമ സർക്കാറും തിരഞ്ഞെടുത്തു നിശ്ചയിച്ച ദിവസമാണത്. കൊളോണിയൽ ഭരണത്തിൽനിന്ന് മുക്തമാക്കുന്നതിനു മുന്നോടിയായി 1930ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പൂർണസ്വരാജ് പ്രഖ്യാപിച്ചതും അതേ ദിവസമാണ്.
74ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മധ്യേ നിൽക്കവെ നാം ഒന്ന് ഭരണഘടന മറിച്ചുനോക്കണം, അതിന്റെ ആമുഖം സ്പഷ്ടമായി ഇങ്ങനെ പറയുന്നു: ഇന്ത്യയിലെ ജനങ്ങളായ നാം, ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യാനും; അതിലെ പൗരർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും; ചിന്തക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠക്കും ആരാധനക്കുമുള്ള സ്വാതന്ത്ര്യവും; പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കാനും; അവരുടെയെല്ലാപേരുടെയുമിടയിൽ വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും സുനിശ്ചിതമാക്കിക്കൊണ്ട് സാഹോദര്യം പുലർത്താനും സഗൗരവം തീരുമാനിച്ചിരിക്കുന്നു.
സമകാലിക വേദനകളുടെകൂടി മധ്യത്തിൽനിന്നാണ് നാം ഈ ദിനം ആഘോഷിക്കുന്നത്. 2019 ഫെബ്രുവരിയിൽ ഇന്നത്തെ ചീഫ് ജസ്റ്റിസായ ഡി.വൈ. ചന്ദ്രചൂഡ് ബോംബെ ഹൈകോടതിയിൽ നടത്തിയ ജസ്റ്റിസ് കെ.ടി. ദേശായി അനുസ്മരണ പ്രഭാഷണം ഏറെ ശ്രദ്ധേയമാണ്.
ഭരണഘടനാപരമായ ചില വിഷയങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. രാജ്യദ്രോഹം ആരോപിച്ച് ഒരു കാർട്ടൂണിസ്റ്റിനെ ജയിലിൽ അടക്കുകയോ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഒരു ബ്ലോഗർക്ക് ജാമ്യം നിഷേധിക്കുകയോ ചെയ്യുന്ന കാര്യങ്ങളിൽ ഭരണഘടനാപരമായി പ്രവർത്തിച്ചവർക്ക് ഒരുപക്ഷേ തെറ്റുപറ്റിയേക്കാം.
ഒരാൾ കഴിക്കുന്ന ആഹാരത്തിന്റെ പേരിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയാകുമ്പോൾ, മതത്തിന്റെയോ ജാതിയുടെയോ പേരിൽ ഒരാൾക്ക് പ്രണയം നിഷേധിക്കപ്പെടുമ്പോൾ, ദലിത് വിഭാഗത്തിൽ ജനിച്ചുപോയതുകൊണ്ടു മാത്രം വിവാഹ ആഘോഷത്തിനിടെ കുതിരപ്പുറത്തു നിന്നിറങ്ങി നിൽക്കേണ്ടിവരുമ്പോഴൊക്കെ ക്ഷതമേൽക്കുന്നത് ഭരണഘടനക്കാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
അത്തരം സംഭവങ്ങളെക്കുറിച്ചൊക്കെ വായിക്കുകയോ നാം അറിയുകയോ ചെയ്യുമ്പോൾ വിലപിക്കുന്നത് ഭരണഘടനയാണെന്നും അദ്ദേഹം പറഞ്ഞു. 74ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന സമയത്തു തന്നെയാണ് വിദേശിയായ ജീവിതപങ്കാളിയുള്ള സ്വവർഗാനുരാഗി എന്ന കാരണത്താൽ അഭിഭാഷകൻ സൗരഭ് കൃപാലിനെ ഡൽഹി ഹൈകോടതി ജഡ്ജിയാക്കാനുള്ള ശിപാർശയെ എതിർക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെ സുപ്രീംകോടതി കൊളീജിയം വെല്ലുവിളിക്കുന്നതും.
മുൻ ചീഫ് ജസ്റ്റിസ് ബി.എൻ. കൃപാലിന്റെ മകനാണ് വാണിജ്യ നിയമങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള, സ്വവർഗാനുരാഗം കുറ്റകരമല്ലെന്ന സുപ്രീംകോടതി വിധിയിലേക്ക് വഴിതെളിച്ചവരിൽ പ്രധാനിയായ സൗരഭ്. ഇക്കാര്യത്തിൽ കൊളീജിയം പറഞ്ഞത് ഇങ്ങനെയാണ്: ഓരോ വ്യക്തിക്കും അവരുടെ താൽപര്യത്തിനും അഭിരുചിക്കും അനുസരിച്ചുള്ള ലൈംഗിക താൽപര്യം വെച്ചുപുലർത്താനുള്ള ഭരണഘടനാപരമായ അവകാശം സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഉറപ്പുവരുത്തിയിട്ടുള്ളതാണ്.
സ്വവർഗാനുരാഗിയാണെന്ന കാരണത്താൽ ഒരാൾ ജഡ്ജിയാകുന്നതിനെ എതിർക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ നിഷേധമാണ്. സൗരഭ് കൃപാൽ കഴിവും അന്തസ്സും ബുദ്ധിയുമുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ നിയമനം ഡൽഹി ഹൈകോടതിക്ക് മുതൽക്കൂട്ടാവുകയേ ഉള്ളൂ. അദ്ദേഹത്തിന്റെ സ്വഭാവവും പെരുമാറ്റവുമൊക്കെ മറ്റൊരു വശം മാത്രമാണ്.
ഭരണഘടന സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരവും സ്വാതന്ത്ര്യവും നശിപ്പിക്കുന്നവരെ എതിർക്കാനുള്ള ധൈര്യമാണ് 74ാം റിപ്പബ്ലിക് ദിനം ആഘോഷിക്കവെ നാം ആർജിക്കേണ്ടത്. സി.ബി.ഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എൻ.ഐ.എ എന്നിവയെല്ലാം തന്നെ കൂട്ടിലടച്ച തത്തകളായി മാറിയിരിക്കുന്നു.
ആർജവം നഷ്ടപ്പെട്ട പൊലീസ് വിനീതവിധേയരായി സാഷ്ടാംഗം കുനിഞ്ഞുകിടക്കുന്നു. എതിർക്കുന്നവരെ ആദായ നികുതി വകുപ്പിനെ അടക്കം ദുരുപയോഗം ചെയ്തു ഭീഷണിപ്പെടുത്തുന്നു. സത്യത്തിനും നീതിക്കും വേണ്ടി ശബ്ദമുയർത്തുന്ന എല്ലാവർക്കുമെതിരെ ഈ ആയുധങ്ങൾ പ്രയോഗിക്കപ്പെടുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പോലും സർക്കാറിന്റെ സാമ്പത്തികനയ കോപ്രായങ്ങൾക്കു മുന്നിൽ ചകിതരായി നിൽക്കുന്നു.
ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ സർക്കാർ പൂർണമായും തങ്ങളുടെ മടിയിലിരുത്തിക്കഴിഞ്ഞു. ഇൻഫർമേഷൻ കമീഷൻ, ദേശീയ മനുഷ്യാവകാശ കമീഷൻ എന്തിനേറെ ദേശീയ ന്യൂനപക്ഷ കമീഷൻ പോലും പല്ലുകൊഴിഞ്ഞ അവസ്ഥയിലാണ്.
74ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോഴും രാജ്യത്ത് സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരും ആയിക്കൊണ്ടിരിക്കുന്നു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പ്രസിദ്ധപ്പെടുത്തിയ ഓക്സ്ഫാം ഇന്ത്യ റിപ്പോർട്ടിൽ ഇന്ത്യയിലെ ബില്യണയർമാരുടെ എണ്ണം 2020ൽ 102 ആയിരുന്നതിൽനിന്ന് 2022 ആയപ്പോൾ 166 ആയി ഉയർന്നു എന്നു കാണാം.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ 40 ശതമാനവും മൊത്തം ജനസംഖ്യയുടെ ഒരു ശതമാനത്തോളം വരുന്ന ആളുകളുടെ കൈവശമായി മാറിയിരിക്കുന്നു. ഏറ്റവും അടിത്തട്ടിലുള്ള 50 ശതമാനത്തിന്റെ പക്കൽ മൂന്നു ശതമാനം സമ്പത്തേ ഉള്ളൂ. ഇന്ത്യയിലെ നൂറോളം വരുന്ന ധനാഢ്യരുടെ ആകെ സ്വത്ത് 54.12 ലക്ഷം കോടിയാണ്. 18 മാസക്കാലത്തേക്കുള്ള ബജറ്റ് ചെലവിന്റെ അത്രയും തുക വരുമിത്.
രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം മുമ്പ് മറ്റൊരു കാലത്തും ഉണ്ടായിട്ടില്ലാത്തവിധം അടിച്ചമർത്തപ്പെട്ടിരിക്കുന്നു. പല ആഗോള സൂചകങ്ങൾ പ്രകാരവും രാജ്യം അങ്ങേയറ്റം മോശം അവസ്ഥയിലാണുള്ളത്.
1949 നവംബർ 25ന് ഡോ. ബി.ആർ. അംബേദ്കർ ഭരണഘടന അസംബ്ലിയിൽ നടത്തി പ്രഭാഷണത്തിന് ഈ ദിവസത്തിൽ ഏറെ പ്രാധാന്യമുണ്ട്. ജനാധിപത്യം യഥാർഥത്തിൽ പുലരണമെങ്കിൽ ആദ്യമായി ഭരണഘടനാപരമായ മാർഗത്തിലൂടെ അതിവേഗം സാമൂഹിക, സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കണം.
ഭരണഘടനാപരമായ മാർഗങ്ങൾ തുറന്നുകിടക്കുന്ന സാഹചര്യത്തിൽ അങ്ങനെയല്ലാത്ത മാർഗങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഭരണഘടനാപരമല്ലാത്ത അരാജക മാർഗങ്ങളെല്ലാം നമ്മെ പാടെ ചിതറിച്ചുകളയും. ഈ ദിനത്തിൽ പരമപ്രധാനമായി നമുക്ക് ചെയ്യാനുള്ളത് ഭരണഘടനയുടെ എല്ലാ അന്തസ്സത്തയെയും മൂല്യങ്ങളെയും ഉയർത്തിപ്പിടിക്കാൻ ധൈര്യം കാണിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.