കോവിന്ദ്​ രാഷ്​ട്രപതിയായാൽ ദലിതർക്കെന്താ...?

രാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്ക് ബി.ജെ.പിയും സഖ്യകക്ഷികളും തങ്ങളുടെ  സ്ഥാനാര്‍ഥിയായി രാം നാഥ് കോവിന്ദ് എന്ന ദലിത് വ്യക്തിത്വത്തെ  പ്രഖ്യാപിച്ചപ്പോള്‍, പ്രതിപക്ഷത്തി​​​​​െൻറ മറുപടി ജഗ്ജീവന്‍ റാമെന്ന ദലിത് പോരാളിയുടെ മകള്‍ മീരാകുമാറായിരുന്നു.  ഒരു മത്സരം എന്നതിനേക്കാളുപരി വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് തങ്ങള്‍ക്ക് സ്വരൂപിക്കാന്‍ കഴിയുന്ന ജനപിന്തുണയുടെ മാറ്റുനോക്കല്‍ ആയാണ് ഭരണപക്ഷവും പ്രതിപക്ഷവും പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കാണുന്നത് . രാം നാഥ് കോവിന്ദ് വിജയിക്കാന്‍ പോകുന്ന ഒരു തിരഞ്ഞെടുപ്പിനെ സവിശേഷമാക്കുന്ന ചില കാര്യങ്ങളിലേക്ക്കൂടി നോക്കേണ്ടിയിരിക്കുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ദലിതരെ സ്ഥാനാര്‍ഥികളാക്കി എന്നത് പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്ന ഒരു കാര്യമാണ്. ‘ഓടുന്ന പട്ടിക്ക് ഒരുമുഴം മുന്‍പേ...’ എന്ന മട്ടില്‍ പ്രതിപക്ഷത്തെ അമ്പരപ്പിച്ചുകൊണ്ട്​ നരേന്ദ്ര മോദി രാം നാഥ് കോവിന്ദിന്‍റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍, മോഡിയെ സൂക്ഷ്മമായി പിന്തുടരുന്ന ആര്‍ക്കും യാതൊരു അത്ഭുതവും തോന്നിയിട്ടുണ്ടാവില്ല. 

 
 

മോദി അധികാരത്തില്‍ ഏറിയ നാള്‍ മുതല്‍ ദലിത് ജനവിഭാഗങ്ങളെ ബി.ജെ.പി കൂടാരത്തിലേക്ക് തെളിക്കാനുള്ള  ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നിരന്തരം നടത്തികൊണ്ടിരിക്കുകയാണ്. ദലിത് സ്വത്വബോധത്തി​​​​​​​​​​െൻറ രാഷ്ട്രീയഅടയാളമായ അംബേദ്‌കറെ ബ്രാഹ്മണ ഹിന്ദുത്വത്തിന്‍റെ വക്താവായി ചിത്രീകരിക്കുന്ന ആർ.എസ്​.എസ്​ നയങ്ങളുടെ ചുവടുപിടിച്ചാണ് മോഡദിയും തന്‍റെ ദലിത് പ്രേമം പ്രകടിപ്പിക്കുന്നത്. അംബേദ്‌കറുടെ ജന്മദിനവും, മഹാപരിത്യാഗദിനവും ആഘോഷമായി കൊണ്ടാടുകയും, അംബേദ്‌കറുടെ ജന്മസ്ഥലമായ മാഹൌ മോദി  സന്ദര്‍ശിക്കുകയും ചെയ്തത് ഒാർക്കുക.  ഭരണഘടനാ ദിനം ആചരിച്ചതും, ലണ്ടനില്‍ അംബേദ്‌കര്‍ താമസിച്ച കെട്ടിടം ഒരു അന്താരാഷ്‌ട്ര മെമ്മോറിയല്‍ ആക്കാന്‍ തീരുമാനിച്ചതും തലസ്ഥാനത്ത് അംബേദ്‌കര്‍ കേന്ദ്രം സ്ഥാപിക്കാന്‍ തറക്കല്ലിട്ടതും  ബോധപൂര്‍വ്വമായ  ശ്രമങ്ങള്‍ തന്നെയായിരുന്നു.  

ഉനയിൽ നടന്ന ദലിതി പ്രക്ഷോഭം
 

 

ഇന്ത്യയിലെ 26 ശതമാനം വരുന്ന ദലിത് ആദിവാസി ജനവിഭാഗങ്ങളെ കൂടെ നിര്‍ത്തുന്നതി​​​​​​​​​​െൻറ രാഷ്ട്രീയ പ്രാധാന്യം  ആരെക്കാളും കൂടുതല്‍ മോദിക്കറിയാം . പ്രത്യേകിച്ചും അഖിലേന്ത്യാതലത്തില്‍ ദലിത് -ആദിവാസി -മുസ്​ലിം രാഷ്ട്രീയ സഖ്യങ്ങള്‍ രൂപപ്പെടാനുള്ള സാഹചര്യത്തില്‍.  ഈ വിശാലമായ രാഷ്ട്രീയ പരിപ്രേക്ഷ്യത്തിലാണ്​ മോദിയും കൂട്ടരും രാം നാഥ് കോവിന്ദിന്‍റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നത്. മോദി കോവിന്ദിനെ കൊണ്ടുവന്നത് ബോധപൂര്‍വ്വമായും മുന്നൊരുക്കത്തോടെയുമായിരുന്നുവെങ്കിൽ പ്രതിപക്ഷം മീരാ കുമാറിനെ കൊണ്ടുവന്നത് ഗത്യന്തരമില്ലാതെയാണ്​. ദലിത് വിരുദ്ധത തങ്ങളില്‍ ആരോപിക്കാനുള്ള ഇടം കൊടുക്കേണ്ട എന്നതിനപ്പുറമുള്ള മറ്റ് യാതൊരു ലക്ഷ്യവും  മീരാകുമാറിന്‍റെ സ്ഥാനാര്‍ഥിത്വത്തിന് നല്‍കേണ്ടതില്ല. 

ഭരണപക്ഷവും പ്രതിപക്ഷവും ദലിത് വ്യക്തിത്വങ്ങളെ സ്ഥാനാര്‍ഥികളാക്കി എന്നതിനപ്പുറം അവരുടെ ദലിത് പ്രേമത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ..? ഈ രണ്ടു സ്ഥാനാര്‍ഥികളും ദലിത് സ്വത്വത്തെ പ്രതിനിധാനം ചെയ്യുന്നുണ്ടോ..? ഇവരുടെ സ്ഥാനാര്‍ഥിത്വവും, വരാന്‍ പോകുന്ന കോവിന്ദിന്‍റെ വിജയവും ദലിത് സമൂഹത്തിന് പ്രത്യക്ഷത്തിലോ പരോക്ഷമായോ എന്തെങ്കിലും ഗുണം നല്‍കാന്‍ പോകുന്നുണ്ടോ..?  എന്നീ കാര്യങ്ങൾ പരിശോധിക്കുന്നത് അനുചിതം ആകില്ലെന്ന് കരുതുന്നു.

 

ബ്രിട്ടീഷുകാര്‍ മുന്നോട്ടുവച്ച, അംബേദ്‌കര്‍ പിന്താങ്ങിയ ദലിത്  ദ്വിവോട്ട് സമ്പ്രദായത്തെ മഹാത്മാഗാന്ധി നിരാഹാരം കിടന്ന് ഇല്ലാതാക്കിയപ്പോള്‍ ദലിത് ആദിവാസി ജനതകള്‍ക്ക് സ്വതന്ത്ര ഇന്ത്യയില്‍ ഉണ്ടാകേണ്ടിയിരുന്ന രാഷ്ട്രീയ കര്‍തൃത്വം  പൂർണമായി ഇല്ലാതാവുകയും, അവര്‍ കേവലം വോട്ടു കുത്തുന്ന യന്ത്രങ്ങൾ മാത്രമായി അധപതിക്കുകയുമായിരുന്നു എന്നതാണ്  നാളിതുവരെയുള്ള തിരഞ്ഞെടുപ്പുകള്‍ വ്യക്​തമാക്കുന്നത്​. ബ്രാഹ്മണ മൂല്യബോധം പുലര്‍ത്തുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ രക്ഷാകര്‍തൃത്വത്തില്‍  രാഷ്ട്രീയ പുറമ്പോക്കിലെ കുടികിടപ്പുകാര്‍ ആയി മാറുക എന്നതായിരുന്നു അവരുടെ വിധി .  അയ്യന്‍ കാളിയില്‍ നിന്നോ, ഫൂലേയില്‍ നിന്നോ, അംബേദ്കറില്‍ നിന്നോ ,പില്‍ക്കാലത്ത് കാന്‍ഷിറാമില്‍ നിന്നോ മായാവതിയില്‍ നിന്നുപോലുമോ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഒരു വലിയ രാഷ്ട്രീയ ശക്തിയായി മാറാന്‍ കഴിയാതെ സ്വയം വന്ധ്യംകരിക്കപ്പെട്ട ആള്‍ക്കൂട്ടങ്ങള്‍ മാത്രമായി ദലിത് ജനതകള്‍ രാഷ്ട്രീയ ഓരങ്ങളിലേക്ക്‌ മാറി നിന്നൂ.

ഭൂപരിഷ്കരണ  നയങ്ങളും ഹരിതവിപ്ലവങ്ങളും വന്‍കിട അണക്കെട്ടുകളും ജലവൈദ്യുത പദ്ധതികളും വന്യമൃഗ സംരക്ഷണ പദ്ധതികളും രാജ്യത്തിന്‍റെ മുഖഛായ മാറ്റിയപ്പോള്‍ അത് ദലിത് ആദിവാസി ജനതകളുടെ കിടപ്പാടവും ജീവിതായോധനങ്ങളും ഇല്ലാതാക്കുകയായിരുന്നു. ഓരോ വികസന പദ്ധതികളും ദലിത് ആദിവാസി ജനവിഭാഗങ്ങളെ കൂടുതല്‍ കൂടുതല്‍ ദുര്‍ബലര്‍ ആക്കി. പില്‍ക്കാലത്ത് നവലിബറല്‍ സാമ്പത്തിക നയങ്ങളും, അനിയന്ത്രിതമായ സ്വകാര്യവത്​കരണവും അവശേഷിക്കുന്ന സംവരണ തുരുത്തുകള്‍ കൂടി ദലിതര്‍ക്ക് അന്യമാക്കി. കഴിഞ്ഞ 70 വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന ഭരണകൂടനിയന്ത്രണത്തിലുള്ള, രാഷ്ട്രീയവും, സാമ്പത്തികവും സാമൂഹ്യവുമായ ദലിത് അന്യവത്​കരണത്തെ ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സഹായിച്ചു കൊണ്ടിരിക്കുന്നവര്‍ തന്നെയാണ് ഇന്ന് ഇന്ത്യയില്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇരിക്കുന്നവര്‍ എന്നതാണ് സത്യം. 

ദലിതരുടെ പ്രശ്നം രാഷ്ട്രീയമ​െലന്നെും അതൊരു സാമൂഹ്യമായ, മതപരമായ പ്രശ്നം മാത്രമാണെന്നും അത് പരിഹരിക്കപ്പെടേണ്ടത് സവര്‍ണ ഹിന്ദുക്കളുടെ മാനസാന്തരത്തിലൂടെ ആയിരിക്കണമെന്നും വാദിച്ച ഗാന്ധിയുടെ പ്രേതം തന്നെയാണ് ഇന്നും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടകള്‍ നിശ്ചയിക്കുന്നത്. തങ്ങളാല്‍ സംരക്ഷിക്കപ്പെടേണ്ട അന്യംനിന്നുപോകുന്ന മൃഗങ്ങള്‍ എന്നതിനപ്പുറം ദലിത് ആദിവാസി ജനതകള്‍ സ്വയം നിര്‍ണയ ശേഷിയുള്ള രാഷ്ട്രീയവ്യക്​തിത്വങ്ങൾ ആണെന്ന് ഇടതുപക്ഷമടക്കമുള്ള ഇന്ത്യയിലെ മുഖ്യധാരയുടെ രാഷ്ട്രീയപാര്‍ട്ടികള്‍ കരുതുന്നില്ല. ഈ പശ്ചാത്തലത്തില്‍ കോവിന്ദും മീരാകുമാറും ദലിതരെ പ്രതിനിധാനം ചെയ്യുന്നില്ല എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ദ്വിവോട്ട് സമ്പ്രദായം നടപ്പിലാക്കിയില്ലെങ്കില്‍ ദലിത് വിരുദ്ധരായ ദലിത് പ്രതിനിധികള്‍ മാത്രമേ ഉണ്ടാകൂ എന്ന് ആശങ്കപ്പെട്ട അംബേദ്കറുടെ ആശങ്കകള്‍ അസ്ഥാനത്തായിരുന്നില്ല എന്നതാണ് നാളിതുവരെയുള്ള ഇന്ത്യന്‍ ജനാധിപത്യത്തിലെ ദലിത് പ്രാതിനിധ്യത്തിന്‍റെ ചരിത്രം  നമ്മെ ഓര്‍മിപ്പിക്കുന്നത്. മീരാ കുമാറും കോവിന്ദും അതിൽ ഒട്ടും അപവാദങ്ങള്‍ അല്ല.  

 

മോദിയുടെ കോവിന്ദ് കുറേക്കൂടി വിശകലനം അര്‍ഹിക്കുന്ന അപകടകാരിയാണ്​. കോണ്‍ഗ്രസ് ഇന്ത്യയുടെ സോഷ്യലിസ്റ്റ് ഘടനയെ നവലിബറല്‍ സാമ്പത്തിക നയംകൊണ്ട്‌ തകര്‍ക്കാന്‍ നോക്കിയപ്പോഴും, മൃദു ഹിന്ദുത്വം കൊണ്ട് മതേതരത്വത്തെ പൊള്ളിച്ചപ്പോഴും പരസ്യമായി സോഷ്യലിസത്തെ തള്ളിപ്പറയാനോ, മതേതരത്വത്തെ ഇകഴ്ത്താനോ  ഭരണഘടനയെ തള്ളിപ്പറയാനോ ശ്രമിച്ചിരുന്നില്ല. എന്നാല്‍, മോദിയു​െട ഭരണം എല്ലതരത്തിലുമുള്ള ജനാധിപത്യ മര്യാദകളേയും തള്ളികളഞ്ഞുകൊണ്ട്‌ ഭരണഘടനയെ മരവിപ്പിക്കുന്ന നിലപാടുകളാണ്​ സ്വീകരിക്കുന്നത് . സ്വകാര്യമുതലാളിത്തത്തെ അതിരുവിട്ട് സഹായിക്കുന്നതില്‍ തുടങ്ങി തെരുവില്‍ ആളുകളെ പശുവിന്‍റെയും, ജാതിയുടേയും, മതത്തിന്‍റെയും, രാജ്യസ്നേഹത്തിന്‍റെയും പേരില്‍ കൊന്നൊടുക്കുന്നതുവരെ നീളുന്ന ജനാധിപത്യ ധ്വംസനങ്ങള്‍ മോദി ഇന്ത്യയുടെ അടയാളങ്ങളായി മാറിയിട്ടുണ്ട്.   ബ്രാഹ്മണ ഹിന്ദുത്വത്തി​​​​​​​​​​െൻറ ക്രൂരതകള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന ദലിതുകളുടെ ജീവിതത്തോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഒരു ഭരണകൂടം ദലിതരില്‍ ഒരാളെ പ്രസിഡണ്ട് സ്ഥാനാര്‍ഥിയായി മുന്നോട്ടു ​െവയ്ക്കുന്നു എന്നത് എത്രമേല്‍ കാപട്യം നിറഞ്ഞതാണെന്ന് പ്രത്യേകം നമ്മള്‍ ഓര്‍ക്കണം. കോവിന്ദ്‌ ബ്രാഹ്മണ ഹിന്ദുത്വവര്‍ഗ്ഗീയ ചൂണ്ടയിലെ ഇര മാത്രമാണ്. അതില്‍ കൊത്താതിരിക്കാനുള്ള രാഷ്ട്രീയ ബോധം ഇന്ത്യയിലെ ദലിത് ആദിവാസി ജനതകള്‍ കാണിക്കും എന്ന് ആശിക്കാം.

ജീവിതം മുഴുവന്‍ ബ്രാഹ്മണ ഹിന്ദുത്വത്തോട് സന്ധിയില്ലാത്ത സമരം ചെയ്ത അംബേദ്‌കര്‍ ആർ.എസ്​.എസ്​ അനുഭാവിയാണെന്ന് പറയുന്ന സംഘി രാഷ്ട്രീയത്തോട് സന്ധിചെയ്യുന്ന, നൂറ്റാണ്ടുകളോളം തങ്ങളുടെ പൂര്‍വ്വികരെ കൊല്ലാക്കൊല ചെയ്ത സവര്‍ണ ഹിന്ദുക്കളോട് തോളൊപ്പം നില്‍ക്കാന്‍ നാണമില്ലാത്ത ദലിതുകളുടെ  കൂട്ടത്തിലല്ല ദലിത് വിമോചനത്തിന്‍റെ സാധ്യതകള്‍ നാം തേടേണ്ടത്. മറിച്ച് ഇന്ത്യയിലെ ദലിത് -ആദിവാസി -മുസ്​ലി -ക്രൈസ്​തവ ജനവിഭാഗങ്ങളുടെ പൊതുവായ വേരുകളെ, ഉറവിടങ്ങളെ  ഹൃദയത്തില്‍ തൊട്ടറിയുന്ന ആളുകളിലാണ്​. അവരുടെ ചരിത്രപരമായ കൂടിച്ചേരലിലാണ്​. അവരില്‍ നിന്നും എത്രയോ അകലെയാണ് കോവിന്ദും, മീരാ കുമാറും. അതുതന്നെയാണ് അവരുടെ സ്ഥാനാര്‍ഥിത്വ യോഗ്യതയും. മുഖ്യധാരാ ബ്രാഹ്മണപാര്‍ട്ടികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ദലിതുകള്‍ക്ക്, ദലിതരുടെ പ്രാതിനിധ്യം അവകാശപ്പെടാന്‍ കഴിയില്ല. അതിനുള്ള യോഗ്യതയും അവര്‍ക്കില്ല. ഉനകള്‍ തുടര്‍ക്കഥയാകുന്ന ഇന്ത്യയില്‍ മോദി നിശബ്ദനായി ഇരിക്കുമ്പോള്‍ കേവലം കോവിന്ദി​​​​​​​​​​െൻറ സ്ഥാനാര്‍ഥിത്വവും അദ്ദേഹത്തി​​​​​​​​​​െൻറ വരാന്‍ പോകുന്ന വിജയവും ദലിത് സമൂഹത്തിന്‍റെ ജീവിതത്തില്‍ കാതലായ യാതൊരു മാറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ല.

Tags:    
News Summary - Ram Nath Kovind is BJP's presidential pick: critical analysis of his dalit Identity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.