തക്ബീര്‍ ധ്വനികള്‍കൊണ്ട് മുഖരിതമായ പെരുന്നാള്പുലരിക്കെന്തൊരു മനോഹാരിതയാണ്. അല്ലാഹുവിന്റെ ഇഷ്ടങ്ങള്‍ പരിഗണിച്ച് നോമ്പുനോറ്റ വിശ്വാസികൾക്കിത് വിജയാഘോഷത്തിന്റെ തക്ബീര്‍ വിളികളാണ്. നന്മകളുടെയും സഹാനുഭൂതിയുടേയും വഴികളിലാണ് സുന്ദര കാഴ്ചകളുള്ളതെന്നനുഭവിച്ചവര്ക്ക് നിര്‍വൃതിയുടെ തക്ബീറുകളാണ്. ഒരുപാടിരട്ടിയായി തിരിച്ചുകിട്ടുന്ന നാളേക്കുവേണ്ടി ഓരോ നന്മകളെയും പെറുക്കിയെടുത്ത് കൂട്ടിവെച്ചവര്‍ക്ക് പ്രതീക്ഷയുടെ തക്ബീറുകളാണ്.
തക്ബീര്‍ തന്നെയാണ് ഈദിന്റെ വലിയ സന്ദേശം. ജഡികേച്ഛകള്ക്കും ഭൗതിക താല്പര്യങ്ങള്ക്കും മീതെ സ്രഷ്ടാവിന്റെ ഇഷ്ടങ്ങളാണ് പ്രധാനമെന്ന് തെളിയിക്കുന്ന പരിശീലനമായിരുന്നു വ്രതം. അത് വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ആഹ്ലാദമാണ് ഈദില് പ്രകടിപ്പിക്കുന്നത്. ഈ ലോകവും ഇവിടത്തെ മനുഷ്യരും ഇതിലെ വിഭവങ്ങളും എല്ലാത്തിലും അക്ബറായവന് (വലിയവന്‍) അല്ലാഹു മാത്രമാണെന്ന പ്രഖ്യാപനമാണത്.
നോമ്പുകാർ നേടിയെടുത്ത കുറെ നന്മകളുണ്ട്. ശവ്വാലമ്പിളി മാനത്ത് കാണുന്നതോടെ ഊരിക്കളയേണ്ടതല്ല ആ സുകൃതങ്ങളൊന്നും. മറ്റൊരു ജീവിതം സാധ്യമാണെന്നു തെളിയിച്ച ദിനരാത്രങ്ങളില്‍ നേടിയെടുത്ത സൂക്ഷ്മതയും ഉദാരമനസ്കതയും കുറെയൊക്കെ ഇനിയും ബാക്കി നിര്‍ത്താനാകണം.
വ്യക്തിയുടെ സംസ്കരണവും അതിലൂന്നിയ ആത്മീയതയും നോമ്പിന്റെ പ്രാഥമിക ലക്ഷ്യങ്ങളാണെങ്കിലും പരസ്പര ബന്ധങ്ങളും കൂട്ടായ്മകളും അതുവഴി സാമൂഹിക സംസ്കരണം കൂടിയാണ് ആരാധനകളുടേതടക്കം ലക്ഷ്യമായി ഇസ്ലാം കാണുന്നത്. ഭൗതികാധികാരങ്ങളുടെ ബലത്തില്‍ അഹന്ത കാണിച്ച അധാര്‍മിക ശക്തികളെ ആദര്‍ശ സംസ്കാരത്തിന്റെ ബലത്തില്‍ മറികടന്ന ബദ്റിന്റെ സ്മരണകള്‍ കൂടിയാണല്ലോ ഓരോ നോമ്പുകാലവും. അതിന്റെ വിജയാഘോഷം കൂടിയായിരുന്നു ആദ്യത്തെ പെരുന്നാള്‍.
പെരുന്നാള്‍, സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റേയും സന്ദര്‍ഭമാണ്. പങ്കുവെക്കുമ്പോഴാണ് സന്തോഷങ്ങള്‍ വലുതാകുന്നത്. സക്കാത്തുല്‍ ഫിത്ർ നല്കി ഇല്ലായ്മയുടെ പ്രയാസങ്ങളനുഭവിക്കുന്നവരുടെ വയറ് നിറയുമെന്നുറപ്പിച്ചാണ് ഓരോരുത്തരും പെരുന്നാള്‍ നമസ്കാരത്തിലേക്കെത്തുന്നത്. പെരുന്നാള്‍ ദിനത്തില്‍ കണ്ടുമുട്ടുന്നവര്‍ പരസ്പരം പ്രാര്‍ഥിച്ചും ആശംസകള്‍ നേര്‍ന്നും ആലിംഗനം ചെയ്യുമ്പോള്‍ ശരീരം മാത്രമല്ല, മനസ്സുകള്‍ കൂടിയാണ് കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. പരസ്പര സന്ദര്‍ശനങ്ങളിലൂടെ ബന്ധങ്ങളും സൗഹൃദങ്ങളും ഊട്ടിയുറപ്പിക്കുന്നത് പെരുന്നാളിന്റെ മറ്റൊരു സൗന്ദര്യമാണ്.
സാമൂഹിക ജീവിതവുമായി ബന്ധമില്ലാത്തതല്ല ഇസ്ലാമിലെ ആരാധനകളും ആഘോഷങ്ങളും. ചുറ്റുമുള്ളവരോട് മാന്യമായി ഇടപെടാനാകാത്തവരുടെ ഉപവാസം പ്രയോജനപ്പെടില്ലെന്നും ആളുകളെ സഹായിക്കാത്ത നമസ്കാരക്കാർക്ക് നാശമാണെന്നും സമ്പത്തിൽ മറ്റുള്ളവർക്കുകൂടിയുള്ള അവകാശങ്ങൾ വകവെച്ചു നൽകാത്തവൻ കഠിനമായി ശിക്ഷിക്കപ്പെടുമെന്നും ഹജ്ജ് ചെയ്യുന്നവർ ഒപ്പമുള്ളവരോട് തർക്കിക്കാതെയും മോശമായി പെരുമാറാതെയും കർമങ്ങൾ ചെയ്യണമെന്നുമെല്ലാം ഉണർത്തുന്നിടത്തൊക്കെ ഈ സാമൂഹികത നിഴലിച്ചു കാണാനാകും. പെരുന്നാൾ നമസ്കാരത്തിന് ഒത്തുകൂടിയവർ പരസ്പരം ആലിംഗനം ചെയ്ത് ആശംസിക്കുകയും പ്രാർഥിക്കുകയും ചെയ്യുമ്പോൾ തളിർക്കുന്നത് സുന്ദരമായ സാമൂഹിക ബന്ധങ്ങളാണ്.
പുതുവസ്ത്രങ്ങളണിഞ്ഞ് നല്ല ഭക്ഷണം കഴിച്ച് പെരുന്നാളാഘോഷിക്കുന്നത് ഇസ്ലാം വിഭാവന ചെയ്യുന്ന ക്ഷേമരാഷ്ട്രത്തിന്റെ പ്രതീകം കൂടിയാണ്. നീതി ഉറപ്പ് ലഭിക്കുന്നിടത്താണ് സമാധാനവും സന്തോഷവും നിലനില്‍ക്കുന്നത്. അനീതിയും വിവേചനങ്ങളുമനുഭവിക്കുന്നവരെ പ്രാര്‍ഥനയിലൂടെ ചേര്ത്തുപിടിക്കാനായാൽ പെരുന്നാളിന് തെളിച്ചം കൂടുതലുണ്ടാകും. ധ്രുവീകരണങ്ങൾകൊണ്ട് അതിര് വരച്ച്, ആഘോഷവേളകളെ മറ്റുള്ളവരുടെ വിശ്വാസങ്ങൾക്കുമേൽ അതിക്രമം കാണിക്കാൻ ദുരുപയോഗിക്കാനുള്ള അവസരങ്ങളാക്കി മാറ്റുന്ന സമകാലിക പശ്ചാത്തലത്തിൽ സൗഹൃദങ്ങളെയും പാരസ്പര്യങ്ങളേയും ആഘോഷിക്കാനായാൽ അതൊരു സർഗാത്മക പ്രതിരോധം കൂടിയായി മാറും തീർച്ച.
മതവിഭാഗങ്ങൾക്കിടയിൽ പൊതുവെ സൗഹൃദം നിലനിൽക്കുന്ന നാടാണ് കേരളം. ആഘോഷ സന്ദർഭങ്ങളിലെ പങ്കുവെക്കലുകൾക്ക് കൃത്രിമത്വങ്ങളില്ലാത്ത സൗന്ദര്യം ഇവിടത്തെ സംസ്കാരമായിരുന്നു. പക്ഷേ, അതൊക്കെ മാറിക്കൊണ്ടിരിക്കുകയാണ്. ധ്രുവീകരണവും വിഭാഗീയതയും വേഗത്തിൽ പടർന്നുകയറുന്ന വർത്തമാനങ്ങൾ ഓൺലൈൻ ഇടങ്ങളിൽ മാത്രമല്ല, ഓഫ് ലൈനിലും നിറയുകയാണ്. ശക്തമായ ചിറ കെട്ടിയില്ലെങ്കിൽ നഷ്ടപ്പെടുന്നത് എല്ലാവരുടേയും സമാധാനമായിരിക്കും.
സഹവർത്തിത്വമെന്നത് വ്യതിരിക്തതകൾ ഇല്ലാതാവുകയെന്നതല്ല. ഓരോ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റേയും വ്യതിരിക്തതകൾ നിലനിർത്തപ്പെടുന്ന തരത്തിൽ ആരോഗ്യകരമായ പങ്കുവെക്കലുകളാണ് നടക്കേണ്ടത്. എല്ലാവരും എല്ലാവരുടേതും ആഘോഷിക്കലല്ല മറിച്ച്, പരസ്പരം മാനിക്കപ്പെടുന്ന അന്തരീക്ഷമുണ്ടാവലാണ് പ്രധാനം. അതോടൊപ്പം ആരോഗ്യകരമായ ഒരു സംവാദ സംസ്കാരം കൂടി വളർന്നുവരേണ്ടതുണ്ട്. ഓരോ മതവും വിശ്വാസവും ഓരോ ആശയം കൂടിയാണ്. ആശയങ്ങളിൽ തെറ്റും ശരിയുമൊക്കെ കാണും. അതൊക്കെ തുറന്ന് സംവദിക്കാനും സ്വീകരിക്കാനും തിരസ്കരിക്കാനും കഴിയുന്ന സമൂഹത്തിലാണ് സഹിഷ്ണുത വേരോടുന്നത്.
ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ച് വംശീയ മുൻ വിധികൾ നിറഞ്ഞ പ്രചാരണങ്ങൾ ഉത്തരവാദപ്പെട്ടവരിൽനിന്നുപോലും വന്നുകൊണ്ടിരിക്കുന്നത് അത്യന്തം ഖേദകരമാണ്. ബോധപൂർവം ഇവിടെ സൃഷ്ടിക്കപ്പെടുന്ന വിദ്വേഷ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്. ഈദുൽ ഫിത്ർ ദിനം ഫാഷിസത്തിന്റെ പ്രത്യക്ഷ ഇരകളായ മുസ് ലിം സമൂഹത്തോടുള്ള ഐക്യദാർഢ്യപ്പെടാനുള്ള അവസരമായി മലയാളി സമൂഹം ഏറ്റെടുക്കുമെങ്കിൽ അത് സമകാലിക കേരളത്തിന്റെ മനോഹരമായ അടയാളപ്പെടുത്തലാകും തീർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.